23 Apr 2014

നാളികേര വൈവിധ്യവത്ക്കരണത്തിലൂടെ വിലസ്ഥിരത



ഡോ. എം. അരവിന്ദാക്ഷൻ
നാളികേര വികസന ബോർഡിന്റെ
മുൻ ചെയർമാൻ (1994-97)
കേരള കാർഷിക സർവ്വകലാശാലയുടെ ഡയറക്ടർ (റിസർച്ച്‌) ആയിരുന്നു.

കർഷകനെ സംബന്ധിച്ചിടത്തോളം പരാതി ഇല്ലാത്ത വിലയാണ്‌ ഇന്ന്‌ നാളികേരത്തിനു ലഭിക്കുന്നത്‌.  ഏറെ നാളുകൾക്കു ശേഷമാണ്‌ നാളികേരത്തിന്‌ ഇത്തരത്തിൽ വില ഉയരുന്നത്‌. അതേ സമയം തന്നെ വിലയിലെ വൻ ഉയർച്ച താഴ്ച്ചകൾ  ഏതു ഉത്പന്നത്തെ സംബന്ധിച്ചിടത്തോളവും അഭികാമ്യവുമല്ല. ഇതു പറയാൻ കാരണം ഇന്ന്‌ നാളികേരത്തിന്റെ മൂല്യ വർധിത ഉത്പ്പന്നങ്ങൾക്ക്‌ നാം വലിയ പ്രാധാന്യം നൽകുന്നുണ്ട്‌. പക്ഷെ, കുറെ നാൾ മുമ്പു വരെ കാർഷിക മേഖലയിലെ ഏറ്റവും വിലകുറഞ്ഞ അസംസ്കൃത വസ്തുവായിരുന്നു നാളികേരം. തുടർന്നിങ്ങോട്ട്‌ അതിന്റെ വിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ്‌ നാം കാണുന്നത്‌. ഇന്ന്‌ നാളികേരം പോലെ വിലയിൽ ഏറ്റവുമധികം കയറ്റിറക്കങ്ങളുള്ള മറ്റൊരു ഉത്പ്പന്നവുമില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ നാളികേരത്തിന്റെ മൂല്യവർധിത ഉത്പ്പന്നങ്ങൾ ഉണ്ടാക്കിയാൽ മാർക്കറ്റിൽ ഉയർന്ന വിലയ്ക്കു മാത്രമെ വിൽക്കാനാവൂ. പക്ഷെ, നാളികേര വില  താഴ്‌ന്നാലും ഈ ഉത്പന്നങ്ങൾ വില കുറച്ച്‌ വിൽക്കാൻ ഉത്പാദകർക്ക്‌ സാധിക്കില്ല. വില കൂടിയാലും കുറഞ്ഞാലും പായ്ക്കറ്റിൽ പ്രിന്റ്‌ ചെയ്തിരിക്കുന്ന വില മാറ്റാൻ സാധിക്കില്ലല്ലോ. വെളിച്ചെണ്ണയുടെ വില കൂടിയാൽ ആളുകൾ മറ്റ്‌ സസ്യ എണ്ണകൾ വാങ്ങി പകരം ഉപയോഗിക്കാൻ തുടങ്ങും. പക്ഷെ, മൂല്യ വർധിത ഉത്പ്പന്നങ്ങളുടെ കാര്യത്തിൽ അങ്ങനെ നടക്കില്ല. ആളുകൾ അതിന്റെ ഉപയോഗത്തിൽ നിന്ന്‌ പാടെ അങ്ങു പിന്മാറും. അത്‌ വ്യവസായികളുടെ നിലനിൽപിനെ ബാധിക്കും. എനിക്ക്‌ പരിചയമുള്ള ഒരു കമ്പനി ഉണ്ടായിരുന്നു. റീജന്റ്‌ അഗ്രോ പ്രോഡക്ട്സ്‌ - നാളികേരത്തിന്‌ അഞ്ചു രൂപ വിലയുള്ളപ്പോഴാണ്‌ അവർ ഫാക്ടറി തുടങ്ങിയത്‌. ആറു രൂപയും ഏഴു രൂപയും വില വന്നപ്പോഴും പിടിച്ചു നിന്നു, പക്ഷെ എട്ടു രൂപയായപ്പോൾ കമ്പനി പൂട്ടി.
നമ്മുടെ തേങ്ങ വെളിച്ചെണ്ണ മാർക്കറ്റ്‌ വളരെ പരിമിതമാണ്‌. സത്യത്തിൽ കേരളീയർ മാത്രമെ വെളിച്ചെണ്ണ പാചകത്തിന്‌ ഉപയോഗിക്കുന്നുള്ളൂ. മറ്റുള്ളവർക്ക്‌ ഇതിന്റെ രുചി അത്ര പിടിക്കില്ല. കോയമ്പത്തൂർ വരെ ചട്നിയിൽ നാളികേരത്തിന്റെ രുചി ഉണ്ടാവും. അതുകഴിഞ്ഞാൽ പൊട്ടുകടലയാണ്‌. ഇതര ഉത്പ്പന്നങ്ങളായ തൂൾ തേങ്ങ, തേങ്ങാപ്പാൽ, കോക്കനട്‌ പൗഡർ മുതലായവയുടെ മാർക്കറ്റ്‌ കേരളത്തിൽ  ഇനിയും സ്ഥിരമായിട്ടില്ല.
ഇവിടെയൊക്കെയാണ്‌ കേന്ദ്ര ഇടപെടൽ വേണ്ടത്‌.  സബ്സിഡി നൽകണം. അങ്ങനെ ഉത്പ്പന്നം പ്രമോട്ടു ചെയ്യണം. നാളികേരത്തിന്‌ വില കൂടുന്ന അവസരത്തിൽ നിർമാതാക്കൾക്ക്‌  സബ്സിഡി നൽകുന്നതിനെ കുറിച്ച്‌ ഗവണ്‍മന്റ്‌ ആലോചിക്കണം. അല്ലെങ്കിൽ അവയുടെ നിലനിൽപ്‌ അപകടത്തിലാകും. കാരണം ഇൻഡസ്ട്രിക്ക്‌ ഈ വില താങ്ങാൻ സാധിക്കില്ല. വ്യവസായങ്ങൾ നിന്നു പോയാൽ അതോടെ അടുത്ത ഘട്ടത്തിൽ നാളികേരത്തിന്റെ വില ഇടിയും. അത്‌ വീണ്ടു ഉയരാൻ വളരെ കാലതാമസം ഉണ്ടാകും.
നാളികേരത്തിന്റെ വില ഉയരുമ്പോൾ ഉത്പാദക കമ്പനികൾക്ക്‌ മറ്റ്‌ ഉൽപ്പന്നങ്ങൾ  എടുത്ത്‌ മൂല്യ വർധനവ്‌ നടത്താനുള്ള സംവിധാനം ഉണ്ടെങ്കിലേ നിലനിൽക്കാനാവൂ. കാരണം വലിയ വില കൊടുത്ത്‌ നാളികേരം വാങ്ങാനുള്ള ശേഷി കമ്പനിക്ക്‌ ഉണ്ടാവണമെന്നില്ല. കർഷകരുടെ ഉത്പ്പാദക കമ്പനികളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണം. ഇത്‌ നമ്മുടെ നാളികേര കർഷകർ  ചർച്ച ചെയ്യേണ്ടതാണ്‌.
ഇപ്പോൾ  നാളികേര കർഷകർ  സംഘടിതരാണ്‌. കൃഷിയെ കുറിച്ചുള്ള കാഴ്ച്ചപ്പാടു തന്നെ മാറിയിട്ടുണ്ട്‌. എന്നാൽ, ഇതിനൊപ്പം കേരളത്തിലെ വ്യാപാരികൾ ഉണർന്നിട്ടില്ല.  മറ്റൊരു കാര്യം, ഇവിടെ ഉത്പ്പാദനച്ചെലവ്‌ ഇപ്പോഴും കൂടുതലാണ്‌. അതു കുറച്ചുകൊണ്ടു വരണം. എങ്കിൽ മാത്രമെ വില സ്ഥിരതയെക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കാനാവൂ. വെളിച്ചെണ്ണയ്ക്ക്‌ ഇപ്പോൾ നല്ല മാർക്കറ്റാണ്‌. കൊപ്ര വേണമെങ്കിൽ ഇപ്പോഴും സൂക്ഷിച്ചു വയ്ക്കാം.  മറ്റ്‌ നാളികേര ഉത്പ്പന്നങ്ങൾക്കൊന്നും കേരളത്തിൽ ഇപ്പോൾ ഇത്ര വലിയ മാർക്കറ്റ്‌ ഇല്ല. എന്നാൽ നമ്മുടെ അയൽ രാജ്യമായ ശ്രീലങ്കയിലും മറ്റും അവരുടെ എല്ലാ നാളികേര ഉത്പന്നങ്ങൾക്കും നല്ല ആഭ്യന്തര വിപണിയുണ്ട്‌. ഒപ്പം അവർ അന്താരാഷ്ട്ര വിപണിയിലേയ്ക്കും അവ യഥേഷ്ടം കയറ്റി അയക്കുന്നു.  അതിനാൽ ആദ്യം ചെയ്യേണ്ടത്‌ നമ്മുടെ മൂല്യ വർധിത ഉത്പന്നങ്ങൾക്ക്‌ ആഭ്യന്തര മാർക്കറ്റിൽ ഡിമാന്റ്‌ ഉറപ്പാക്കുക എന്നതാണ്‌.  നാളികേരത്തിന്റെ വില നിലവാരത്തിൽ വലിയ കയറ്റിറക്കങ്ങൾ ഉണ്ടാകുന്നതിനെ നേരിടാൻ
1.    രാജ്യവ്യാപകമായ വിൽപന ശൃംഖല ഒരുക്കുക.
2.    ഉപഭോക്താക്കളുടെ ഉയർന്ന സ്വീകാര്യത നേടുക.
3.    വിപണിയുടെ ആവശ്യകത അനുസരിച്ച്‌ ഉത്പാദനം ക്രമീകരിക്കുക
4.    മാന്യവും സ്ഥിരവുമായ വിലയ്ക്ക്‌ ഉൽപന്നങ്ങൾ തുടർച്ചയായി ലഭ്യമാക്കുക.

ഇക്കാര്യങ്ങൾക്ക്‌ ഊന്നൽ നൽകണം. ഈ ശ്രമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടു പോകണ്ടേതുണ്ട്‌. മൂല്യവർദ്ധനവിനും വൈവിധ്യവത്ക്കരണത്തിനും പ്രാധാന്യം നൽകണം.
ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം തമിഴ്‌നാട്ടിൽ വരൾച്ചമൂലം ഉത്പാദനം കുറഞ്ഞതാണ്‌. കർണാടകത്തിൽ നിന്നുള്ള ഉത്പാദനവും ഗണ്യമായി കുറഞ്ഞു. കോയമ്പത്തൂരിനടുത്ത്‌ എട്ടിമല പ്രദേശത്ത്‌ കാണാം തെങ്ങുകൾ ഉണങ്ങി നിൽക്കുന്ന കാഴ്ച്ച. അപ്പോൾ ഉത്പാദനം സ്ഥിരപ്പെടുത്തണമെങ്കിൽ നമുക്ക്‌ ഒരു നയം വേണം. ജലസേചനം കൂട്ടണം. പക്ഷെ തമിഴ്‌നാടു പോലെ 600 അടി താഴ്ച്ചയിൽ നിന്നു ജലം വലിച്ചെടുത്ത്‌ നാളികേര കൃഷി നടത്തുന്ന ഒരു സംസ്ഥാനത്ത്‌ ഇനിയുമെങ്ങനെ ജലസേചനം കൂട്ടാനാവും. ഇതേക്കുറിച്ച്‌ നല്ല പഠനം നടക്കണം.
കരിക്കിന്‌ ഇപ്പോൾ 20 -25 രൂപ വിലയുണ്ട്‌. ഇത്‌ മാന്യമായ വില തന്നെ.  ഇതര നാളികേര ഉത്പ്പാദക രാജ്യങ്ങൾ ചെയ്യുന്ന പോലെ കരിക്ക്‌ എങ്ങനെ വിദേശ വിപണിയിലേയ്ക്ക്‌ കയറ്റുമതി ചെയ്യാമെന്ന്‌ നാം ചിന്തിക്കണം. നീര ഉത്പ്പാദനമാണ്‌ നമ്മുടെ അടുത്ത ലക്ഷ്യം. മാർക്കറ്റിംങ്ങ്‌ എളുപ്പമായിരിക്കും. ഇതിന്റെ ഉത്പ്പാദനത്തിന്‌ വലിയ സാധ്യതകൾ ഉള്ള ജില്ലകൾ കേന്ദ്രീകരിച്ചാവട്ടെ ആദ്യ ഘട്ടത്തിൽ നീരയുടെ ഉത്പ്പാദനവും സംസ്കരണവും. പരിമിതികൾ മുൻകൂട്ടി കണ്ട്‌ വിലനിലവാരം ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച്‌ ബോർഡിൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ നടക്കണം. കാരണം ഇപ്പോൾ കർഷകരുമായി ബോർഡിന്‌ നല്ല ബന്ധമാണ്‌ ഉള്ളത്‌. കരിക്കു തന്നെ കൃത്യമായ വിലയ്ക്ക്‌ സ്ഥിരമായി വിൽക്കാൻ മാർക്കറ്റ്‌ കണ്ടെത്തിയാൽ കർഷകർ നേരിടുന്ന വിലസ്ഥിരതാ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നാണ്‌ എനിക്കു തോന്നുന്നത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...