24 May 2014

വിലകൊടുത്താൽ ഓർമ്മകൾ ലഭിക്കും

എം.കെ.ഹരികുമാർ


ഈയിടെ ഒരു സാഹിത്യകാരൻ  എന്നോടു പറഞ്ഞു, അദ്ദേഹത്തെ വിമർശിച്ചവർ ഉണ്ടാക്കിയ മുറിവുകളിൽ നിന്ന് ഇനിയും മോചിതനായിട്ടില്ലെന്ന്. എനിക്ക് സഹതാപം തോന്നി. കുട്ടികളായിരിക്കുമ്പോൾ നമുക്ക് പലതിനോടും തോന്നുന്ന വികാരം ഇതുപോലെയാണ്. പരിസരം നോക്കാതെ  കരയും. വില കൂടിയ സാധനങ്ങൾ എടുത്തു നോക്കും. ചിലതു താഴെയിട്ടു ഉടയ്ക്കും. മുതിരുമ്പോൾ അങ്ങനെ ചെയ്യില്ല.കാരണം നാം ഓരോന്നിന്റെയും ആഴം മനസ്സിലാക്കും. എന്നാൽ ചിലർ അപ്പോഴും കുട്ടികളായിരിക്കും.കൂട്ടുകൂടി നടന്നിട്ടു ,കള്ള് മേടിച്ച് കൊടുക്കാത്തതിനു കത്തിയെടുത്ത് കുത്തുന്നവരുണ്ട്.

എഴുത്തുകാർ പക്ഷേ, സ്വന്തം കഥയേക്കാൾ ഉയരണം. കാരണം, എഴുതിക്കഴിയുമ്പോൾ അവർ എല്ലാറ്റിനും പുറത്താണ്.അവരെ ഒരു കഥാപാത്രം വീഴ്ത്തരുത്.ഒരുപാടു കഥകളും നോവലുകളും എഴുതിക്കഴിഞ്ഞവർക്ക് അതിന്റേതായ കരുത്ത് ഉണ്ടാകേണ്ടതല്ലേ? തനിക്ക് ലഭിക്കുന്ന പൂച്ചെണ്ടുകളും വിമർശനങ്ങളും ഒരുപോലെ താങ്ങാനുള്ള ശേഷി അവരുടെ തോളിനുണ്ടാകണം. പത്തോ പതിനഞ്ചോ വർഷങ്ങൾക്കു മുൻപ് ഒരാൾ തന്റെ കഥ കൊള്ളില്ലെന്ന് പറഞ്ഞതിന്റെ പേരിൽ , അതു ഓർമ്മയിൽ സൂക്ഷിച്ചുവച്ച് ഇടയ്ക്കിടയ്ക്ക് തന്റെ ദംഷ്ട്രകൾക്ക് തേയ്മാനം സംഭവിച്ചിട്ടില്ല എന്ന് ഉറപ്പാക്കുന്നത് ഒരു രോഗ ലക്ഷണമാണ്.ഇതിൽ നിന്ന് രക്ഷനേടാൻ കഴിയാത്തത് ഒരാളുടെ ബുദ്ധിപരമായ പരാജയം മാത്രമല്ല, നൂതനമായ പ്രമേയങ്ങളും സമസ്യകളും അന്വേഷിച്ചിറങ്ങാനുള്ള കഴിവുകേടാണ് വ്യക്തമാക്കുന്നത്.ലോകത്തിനൊപ്പം വളരാൻ കഴിയാത്തവരെല്ലാം ഭൂതകാലത്തിന്റെ പൊട്ടിയ ചില്ലികൾ ഉയർത്തിപ്പിടിച്ച് കരഞ്ഞുകൊണ്ടിരിക്കും.




വാക്കുകളെ  ചിരപരിചിതമാക്കുന്ന പ്രക്രിയയാണ് ഇന്നുള്ളത്.മാധ്യമങ്ങൾ അതാഘോഷിക്കുകയാണ്.അർത്ഥം സമ്പൂർണമായി നഷ്ടപ്പെട്ടുകഴിഞ്ഞു. ഒരു കൃതിയും ഇന്നു വ്യാഖ്യാനിക്കപ്പെടുന്നില്ല.
ആശയാനന്തര കാലത്തിന്റെ നിർവ്വികാരതയാണ് സാഹിത്യരംഗത്തുള്ളത്.അതുകൊണ്ടാണ്  ഏതൊരാൾക്കും
ഏതു പുരസ്കാരത്തിനും പദവിക്കും അർഹതയുണ്ടാവുന്നത്.മികവ് ഒരു മാനദണ്ഡമേയല്ലാതായിത്തീർന്നു.
എല്ലാ അനുഭവങ്ങളും വിപണിയിലേക്കു വരുകയാണ്.അതു നല്ലതുമാണ്.വായനക്കാരനു എന്തും തിരഞ്ഞെടുക്കാമല്ലൊ.വായനക്കാരനാ
കട്ടെ, ക്ലാസിസത്തിന്റെ കേന്ദ്രത്തിൽ നിന്ന് ചരടു പൊട്ടിച്ച് ഒരു ഗതികിട്ടാത്ത പ്രേതമാകാൻ വിധിക്കപ്പെടുകയാണ്.അവൻ തന്റെ സാഹിത്യമുണ്ടാക്കാൻ വിധിക്കപ്പെട്ടിരിക്കയാണ്.അവന്റെ മുമ്പിലുള്ള എഴുത്തുകാരെല്ലാം ഒന്നുകിൽ ഭൂതകാലത്തിലേക്ക് പിന്മാറുകയോ , അല്ലെങ്കിൽ വിനാശകരമായ മൗനത്തിലേക്ക് പ്രവേശിച്ച് അസഹ്യമായ രുചിബോധരാഹിത്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നു.
വായനക്കാരൻ എന്തിനുവേണ്ടി വായിക്കണം? അവനു എഴുത്തുകാരില്ലാതായി.പൂർവ്വകാ
ലത്തിന്റെ വിലയിരുത്തലുമില്ലാതായി.സാഹിത്യം  എന്ന മാധ്യമത്തിന്റെ ഭൂതകാലത്തെ അപനിർമ്മിക്കാനോ , അവിടെയുള്ള അപര്യാപ്തതകൾക്ക് പരിഹാരം കാണാനോ ശ്രമിക്കുന്നതിനു പകരം , അവനവൻ എന്ന വിവേചനരഹിതമായ ഭൂതകാലത്തെയാണ് പലരും തിരിച്ചു വിളിച്ചുകൊണ്ടുവരുന്നത്.അവനവൻ എന്ന ഭൂതകാലം ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രമായി ഇന്നും നിലനിൽക്കുന്നു.ഇതു തകർക്കാൻ കഴിവുള്ള ഒരാളെയും കാണാനില്ല.സ്വന്തം അനുഭവങ്ങളുടെ സഞ്ചയത്തെ സ്വത്വമെന്നും ദേശമെന്നും വിളിച്ചുകൊണ്ട് ആധികാരികത നൽകുകയാണ്.ഇത് ക്ലാസിസത്തിന്റെ തുടർച്ചതന്നെയാണ്. താൻ എന്ന കേന്ദ്രം, തന്നിലേക്ക് മാത്രം പ്രവഹിക്കുന്ന ലോകം, താൻ തുറന്നു വിടുന്ന ലോകം എന്നിങ്ങനെ ബാഹ്യലോകത്തിന്റെ ചലനാത്മകതയെ നിഗ്രഹിക്കുന്ന ക്ലാസിക്കൽ സമീപനമാണിത്.

 എഴുത്തുകാരൻ ഇപ്പോഴും തന്നിൽ തന്നെ കേന്ദ്രീകരിക്കുകയാണ്- ബാക്കിയെല്ലാം അവനു  അന്യമാണ്.ഒരു പ്രപഞ്ചവീക്ഷണമില്ലാത്തതിന്റെ കുഴപ്പമാണിത്. ലോകം നഷ്ടപ്പെടാനേ ഇത് ഉപകരിക്കൂ. സമകാലിക ലോകവും ഭാവിലോകവും നഷ്ടമായവർക്ക് പിന്നെയുള്ളത് കുശുമ്പും പരിഭവവും മാത്രമായിരിക്കും.അവർക്ക് എത്തിപ്പിടിക്കാൻ ഒരിടം ഉണ്ടായിരിക്കില്ല.അവർ നിമിഷം തോറും താഴ്ന്നു താഴ്ന്നു പോകും;അവനവനെ കൂടുതൽ പ്രതിബിംബിച്ചു കാണുവാൻ വേണ്ടി.എഴുത്തുകാരന്റെ ലോകവീക്ഷണരാഹിത്യം വായനക്കാരനെ ചിതറിച്ചിരിക്കയാണ്.അവൻ സ്വന്തം വായനയുടെ കഠിനപരീക്ഷണങ്ങളിലൂടെ കടന്നു പോകുകയാണ്.നഷ്ടപ്പെട്ട ലോകങ്ങളിൽ നിന്ന് ഒരു സാഹിത്യത്തെ അവനു കണ്ടെത്തേണ്ടിവരുന്നു.
ജീവിതത്തെ തിരയാൻ ഒന്നുമില്ലെന്ന ധാരണയിൽ അസ്തിത്വത്തിന്റെ രഹസ്യങ്ങളുടെ അറ അടച്ചിട്ടശേഷം  പലരും ഓർമ്മകളിലേക്ക് തിരിഞ്ഞിരിക്കയാണ്.വാക്കുകളിൽ വിശ്വാസമേയില്ല.വാക്കുകളുടെ രുചിഭേദങ്ങൾ , നിഴലുകൾ, ധ്വനികൾ, ചായങ്ങൾ,എല്ലാം അജ്ഞാതമായി തുടരുന്നു.ഏകപക്ഷീയവും രേഖീയവുമായ പിന്തുടർച്ചകളിലാണ്  എഴുത്തുകാർ . അവർക്കു സാമ്പ്രദായികമായ രൂപത്തെ ഒന്ന് നവീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.രൂപത്തെ അതേപടി അനുസരിക്കുന്നു.പ്രമേയത്തെ ആവർത്തിക്കുന്നു.ഭാഷ പുരാതനവും,  ഉപയോഗിച്ച് വഴങ്ങിക്കൊടുക്കാൻ ശീലിച്ചതുമാണ്. ഇവിടെ എഴുത്തുകാരന്റെ റോൾ എന്താണ്?
ഒന്നും തന്നെ അലോസരപ്പെടാത്തവിധം  ബധിരമായ മനസ്സ് എവിടെയും നിറയാൻ കാരണമിതാണ്. ഒന്നും  നിർവ്വചിക്കാൻ ത്രാണിയില്ല.മറ്റുള്ളവർ നിർവ്വചിച്ചതെല്ലാം അതേപടി ഏറ്റുപാടുകയാണ്.

സ്വന്തമായ ഒരാശയലോകം വേണ്ടേ? കുറേ മനുഷ്യരുടെ അനുഭവം പകർത്തിയാൽ മതിയോ?മനുഷ്യാനുഭവങ്ങളെ എങ്ങനെ വ്യാഖ്യാനിക്കും?വൈക്കം മുഹമ്മദ് ബഷീറിന്റെ ;ഒരു മനുഷ്യൻ’ എന്ന കഥയിൽ പാവപ്പെട്ട ഒരുവൻ വിവസ്ത്രനായി കാപ്പിക്കടയിൽ നിന്നപ്പോൾ , അവന്റെ പോക്കറ്റടിച്ച യുവാവു തന്നെ സഹായത്തിനു പണം നൽകുന്നു. ഒരു പോക്കറ്റടിക്കാരനിലും മനുഷ്യന്റെ ഉന്നതമായ  ചില ഗുണങ്ങൾ ബാക്കിയുണ്ടെന്ന് ബഷീർ ഓർമ്മിപ്പിച്ചു.

Ads by Keep NowAd Options
അത് ബഷീറിന്റെ ഒരു വ്യാഖ്യാനമാണ്.അതായത്, നമ്മൾ മറ്റൊരാളെ ദ്രോഹിച്ച് പണമുണ്ടാക്കുന്നുവെന്നിരിക്കട്ടെ.എന്നാൽ അയാൾ തന്നെ നമ്മുടെ മുൻപിൽ കഷ്ടപ്പെടുമ്പോൾ നാം സഹായത്തിനെത്തണമെന്ന് അദ്ദേഹം പറയുന്നു. ഇത് എപ്പോഴും പ്രസക്തമാവുന്നുണ്ടോ? വിവസ്ത്രനാകുന്ന ഒരാൾ ഈ ലോകത്തിലെ വേഗതയേറിയ ആളുകളുടെ മുന്നിൽ ഒരു വസ്തുപോലുമല്ല. നാം അറിയാതെ ലോകം മാറിയിരിക്കുന്നു.വല്ലാത്ത ക്രൂരത ഒരു സംസ്കാരമായി കെട്ടിപ്പൊക്കുന്നു; ആർക്കുവേണ്ടി? ആർക്കും ക്രൂരത കൊണ്ട് ഒരു ലാഭവുമില്ല.എന്നാൽ നാം ക്രൂരതയിൽ അഭിരമിക്കുന്നു. ഇത് മറവിയുടെ ആനുകൂല്യമാണ്.മറക്കുന്നതാണ് ലാഭമെന്ന തത്വശാസ്ത്രം പ്രചരിക്കുന്നു. കൂടെ പഠിച്ചവരെ , സുഹൃത്തുക്കളെ , പ്രണയിച്ചവരെ മറക്കാം. അപ്പോൾ അവരുടെ ഓർമ്മകൾ ശല്യം ചെയ്യാൻ വരില്ല.പകരം നമുക്ക് ഉത്തേജനം നൽകുന്ന ഓർമ്മകൾ സൃഷ്ടിച്ച് അതിൽ ലയിക്കാം.

വിലകൊടുത്താൽ ഓർമ്മകൾ ലഭിക്കും.ഒരാളെ വെറുതെ ഉപദ്രവിച്ചാൽ , ആ ഓർമ്മകൾ സ്വന്തമാകും.വിലകൂടിയ എന്തെങ്കിലും വാങ്ങി , ബഹുജനങ്ങളുടെ  ഇടയിൽ പ്രദർശിപ്പിച്ചാൽ , അതിൽ നിന്ന് കുറേ ഓർമ്മകൾ ഉല്പാദിതമാകും.വാങ്ങൽ ഓർമ്മയെ സൃഷ്ടിക്കാനുള്ള വഴിയാണ്. വാങ്ങുന്നതെല്ലാം ഉപയോഗിക്കാനല്ല;ഓർമ്മകൾ ഉല്പാദിപ്പിക്കനാണ് പ്രയോജനപ്പെടുന്നത്.ഇന്ന് എല്ലാം ഉപഭോഗത്തിന്റെ ഓർമ്മകളായി രൂപാന്തരപ്പെടുന്നു.പ്രണയിക്കു
ന്നത്, നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ ഓർക്കാനാണ്. അതുകൊണ്ട്  അതിൽ വിജയമോ പരാജയമോ ഇല്ല.പരാജയത്തിന്റെയോ നിരാശയുടെയോ ഓർമ്മകൾ വേഗം തുടച്ചുനീക്കപ്പെടുകയാണ്.ഓർമ്മ ജയത്തിന്റേതായി മാറി.അതുകൊണ്ട് ജയിക്കാൻ വേണ്ടി  എന്തും ചെയ്യാൻ നിർബന്ധിതമാവുന്നു.




എഴുത്തുകാർ എല്ലാറ്റിനെയും സാമാന്യവത്കരിക്കുന്നവരാകരുത്.
ഒരാൾക്കൂട്ടത്തെ കാണുന്നപോലെ പൊതുവായി ഒന്നിനെയും നോക്കാൻ പാടില്ല.പന്നികൾ പോലും വ്യത്യസ്തരാണ്.ഒരാളെപ്പോലെ മറ്റൊരാളില്ല. രാഷ്ട്രീയത്തിൽ ഒരാളെപ്പോലെയാണ് മറ്റുള്ളവരെല്ലാം. സൂക്ഷ്മവ്യതിയാനമാണ് സാഹിത്യത്തിന്റെ കാതൽ.സിനിമയും രാഷ്ട്രീയവും നമ്മെ കൂട്ടമായി കാണുന്നു.എന്നാൽ നാം കൂട്ടമല്ല;ഒന്നിനൊന്ന് വ്യത്യസ്തരാണ്.ആ വ്യത്യസ്തതയിലാണ് ഈ ലോകവുമായി ആശയവിനിമയം നടത്തി ജീവിക്കുന്നത്.. ചിലപ്പോൾ , നമുക്ക് നമ്മെപ്പറ്റിയുള്ള ചിന്ത  വെറും വിഡ്ഢിത്തമായിരിക്കും.എന്നാൽ വിഡ്ഢിത്തത്തിന്റെ ആ മറ പ്രകൃതി തന്നെ നൽകിയതായിരിക്കും.സ്വന്തം കഴിവുകളെ നിസ്സാരമാക്കിയും നേട്ടങ്ങളെ തള്ളിക്കളഞ്ഞും സ്വയം മലിനീകരിക്കുന്നവരിൽ ഈ മറ പ്രകടനാത്മകമായിത്തീരുന്നു.മനുഷ്യനു ഒറ്റയ്ക്ക് സാധൂകരിക്കാൻ ഈ മറ ആവശ്യമാണ്.അവനെ സാമാന്യവത്കരിക്കാനും ഇതാവശ്യമാണ്.
ഇന്നത്തെ കഥകളിൽ , ഒരു വിഭിന്നവ്യക്തിയില്ല, ചരിത്രമില്ല.ടൈപ്പ് ആക്കപ്പെട്ട ചില കഥാപത്രങ്ങളെ കാണാം; അല്ലെങ്കിൽ സാധാരണ വ്യക്തിയെ വെറുതെ മിത്താക്കി അവിശ്വസനീയമാക്കുന്നു.കൃത്രിമമാ
യ സങ്കൽപ്പമുണ്ടാക്കി , അതിനനുസരിച്ച്  കഥയെ നിക്ഷേപിക്കുകയാണ് പലരും.അസ്തിത്വത്തിന്റെയോ , ചരിത്രത്തിന്റെയോ ഒരു കണികപോലും നമുക്ക് ലഭിക്കുകയില്ല.
നിത്യവും കാണാത്ത എന്തെങ്കിലും നേരിടാൻ കഥാകാരനു കഴിയണം.അതിൽ കഴമ്പുണ്ടാകണം.ഫാഷനോ സ്റ്റൈലോ മാത്രം പോരാ.ഒരു പുതിയ സൗന്ദര്യ ദർശനം വേണം.കലയുടെ അടങ്ങാത്ത ജ്ഞാനം ഉണ്ടായിരിക്കണം.ഒരു പുഴുവിനെപ്പോലും  നവീനമായി കാണാനുള്ള ആന്തര പ്രേരണ വേണം..ഏത് യാഥാർത്ഥ്യവും കലയ്ക്ക് വേണ്ടി റദ്ദ് ചെയ്യപ്പെടണം.പുതിയ ചരിത്രവും പുതിയ മിത്തും ചേർന്ന് അസാധാരണമായ സന്ദർഭങ്ങൾ ഉണ്ടാകണം.അത് നമ്മുടെ അസ്തിത്വത്തിന്റെ ഉറച്ചുപോയ മൺ തിട്ടകൾ തകർക്കുന്നതാവണം.


 യഥാർത്ഥ എഴുത്തുകാരൻ പ്രത്യക്ഷത്തിലുള്ള എല്ലാ വസ്തുക്കളെയും ഉപകരണമാക്കുകയും അപ്രത്യക്ഷതയെ വിളിച്ചുവരുത്തുകയുമാണ് ചെയ്യുന്നത്.അതായത്, നിലവിലുള്ള ഒന്നിലും അയാൾ തൃപ്തനല്ല. ഒരു കാലഘട്ടത്തിലെ രാഷ്ട്രീയ പ്രവർത്തനമോ സാമൂഹ്യപ്രശ്നമോ വിവരിച്ചതുകൊണ്ട് ഈ തോടുഭേദിക്കൽ സംഭവിക്കുന്നില്ല.അറിയാത്തതിനെക്കുറിച്ചുള്ള ചിന്തയിൽ  സ്വയം ഒഴുകിപ്പോകാനും അതു കണ്ടെത്തുന്നതിനുവേണ്ടി എല്ലാറ്റിനെയും ത്യജിക്കാനും തയ്യാറാവണം.
ഇന്നു ത്യാഗം എന്നു പറഞ്ഞാൽ പലർക്കും മനസ്സിലാവില്ല. എല്ലാം , നമുക്കാവശ്യമില്ലെങ്കിലും നേടണമെന്ന ചിന്തയാണ് മിക്കവരെയും ഗ്രസിച്ചിരിക്കുന്നത്.ഏകാഗ്രതയില്ലാതാകാൻ കാരണം ഈ മോഹങ്ങൾ തന്നെയാണ്.മൗനം ഒരു ഉൽപ്പന്നമാക്കിയെടുക്കാൻ കഴിയണം. അതായത്, മൗനത്തിൽ നിന്ന് നാം സത്യത്തെപ്പറ്റിയുള്ള അപേക്ഷികതകളിൽ  എത്തണം.


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...