27 Jun 2014

അശ്ലീല സാഹിത്യവും കോടതിവിധിയും



മാമ്പുഴ കുമാരൻ
    സാഹിത്യത്തിൽ ശ്ലീലാശ്ലീലങ്ങളെ വ്യവച്ഛേദിച്ചു നിർണ്ണയിക്കാൻ സാർവ്വലൗകികവും സാർവ്വകാലികവുമായ മാർഗ്ഗരേഖയില്ല. പ്രകരണം വെളിവാക്കാതെ വാക്യങ്ങളോ, വാക്കുകളോ ഉദ്ധരിച്ച്‌ വിശ്വസാഹിത്യത്തിലെ വിളിപ്പെട്ട കൃതികളെപ്പോലും അശ്ലീലകുറ്റം ചുമത്തി 'കരിമ്പട്ടികയിൽ പെടുത്താം;' എഴുത്തുകാരനെ കോടതികയറ്റാം. വ്യാസനും വാല്മീകിയും കാളിദാസനും എഴുത്തച്ഛനും, സൊഫോക്ലീസും, ഷേക്സ്പിയറും, ഓസ്ക്കാർ വൈൽഡും, ബാൽസാക്കും, വാൾട്ട്‌ വിറ്റ്മാനും-പട്ടിക ഇനിയും നീട്ടാം- അശ്ലീലപ്രയോക്താക്കളാണെന്ന്‌ വിധി കൽപ്പിക്കാം.
    മഹാഭാരതമെന്ന ഇതിഹാസത്തിലും അശ്ലീലം കണ്ടെത്താം. കുരുക്ഷേത്രയുദ്ധഭൂമിയിൽ കണവന്റെ രക്താഭിഷിക്തമായ കൈത്തണ്ട മടിയിൽ ചേർത്തുവച്ച്‌ 'പൂരിച്ചശോകാൽ ഭൂരിശ്രവസ്സിൻ പ്രണയിനി' കേഴുന്നു.
'അയംരശനോൽകർഷി
പീനസ്തന വിമർദ്ദനഃ
നാഭീരുജഘന സ്പർശി
നീവീവിസ്രം സനകര'-
(ഇടയ്ക്കരഞ്ഞാണു കണക്കുതീർപ്പതും തടിച്ച തൈകൊങ്കകൾ ഞെക്കിടുന്നതും തുടയ്ക്കുമേലോട്ട്‌ തലോടി നീ വിവേർപ്പെടുത്തഴിയ്ക്കുന്നതുമായ കയ്യിതാ)
    പ്രകരണം വ്യക്തമാക്കാതെ ഉദ്ധരിക്കുമ്പോൾ, ഉദ്ധ്യതശ്ലോകം ആകമാനം അശ്ലീലമെന്നേ ആരും പറയൂ. പക്ഷെ, സാഹിത്യദർപ്പണക്കാരൻ-വിശ്വനാ
ഥകവിരാജൻ-വിധിച്ചു 'ഇവിടെ, ശൃംഗാരം കരുണരസത്തെപോഷിപ്പിക്കുന്നു.'
    വ്യാസഭാരതം ആരണ്യപർവ്വത്തിൽ വിസ്തരിച്ച്‌ ഉപപാദിക്കുന്ന 'കർണ്ണോത്പത്തികഥ'യിലും അശ്ലീലം ആരോപിക്കാം. വിരാഗിയെന്ന്‌ ബഹുധാവിശേഷിക്കപ്പെടുന്ന തുഞ്ചത്ത്‌ ആചാര്യൻ 'ഉരസിജവു മിരുതുടകളാൽ മറച്ച്‌' ഇരിക്കുന്നു എന്ന്‌ അശോകവനികയിലെ സീതയുടെ വാങ്മയ ചിത്രം വരയ്ക്കുമ്പോൾ അത്‌ അശ്ലീലസ്പൃഷ്ടമാണെന്ന്‌ പുരോഭാഗികൾ വിധിക്കുമല്ലോ.

ആധുനിക മലയാളസാഹിത്യം

    ആധുനിക മലയാള സാഹിത്യത്തിൽ 'അശ്ലീല വാങ്മയങ്ങൾ സുലഭമായിട്ടുണ്ടെന്ന്‌ സദാചാര പ്രവക്താക്കൾ പണ്ടേ പഴി പറഞ്ഞിട്ടുണ്ട്‌. മഹാകവി വള്ളത്തോളിന്റെ 'രാധയുടെ കൃതാർത്ഥത'യിൽ 'വേഷയികത്വം' ആരോപിച്ചിട്ടുണ്ട്‌ പ്രോഫ.മുണ്ടശ്ശേരി. മഹാകവിയുടെ വിലാസലതിക ആ പേര്‌ അന്വർത്ഥമാക്കും വിധം ആദ്യന്തം ശ്യംഗാരഭാവവിതം തന്നെയാണ്‌, സംശയമില്ല. നവരസങ്ങളിൽ വെച്ച്‌ മഹാകവിക്ക്‌ ഏറെ പ്രിയങ്കരം ശ്യംഗാരരസം തന്നെയാകുന്നു. ക്ഷേത്ര ദർശനത്തിനുപോകുന്ന നായർ സ്ത്രീയെ 'വിലാസിനി' എന്നത്രെ മഹാകവി വിശേഷിപ്പിച്ചതു. 'ഈശ്വരൻ ഒരു കയ്യിൽ കലാവിദ്യയും മറ്റേതിൽ സദാചാരവുമായി എഴുന്നള്ളി വന്ന്‌ അതിൽ ഏതെങ്കിലും ഒന്ന്‌ എടുത്തുകൊള്ളുവാൻ അരുളി ചെയ്താൽ താൻ കലാവിദ്യയാണ്‌ കൈക്കൊള്ളുക' എന്ന്‌ മഹാകവി പട്ടാംഗം പറഞ്ഞിട്ടുണ്ട്‌. (ഇതിനെച്ചൊല്ലി മഹാകവിയെ കുട്ടികൃഷ്ണമാരാർ കണക്കിന്‌ പരിഹസിക്കുകയും ചെയ്തു-'സനാതനധർമ്മം-അഥവാ ശാശ്വതമൂല്യം'മാരാരുടെ ലേഖനം)
    ഒരു നൂറ്റാണ്ടിനുമുമ്പ്‌ 'ഡോറിയൻ ഗ്രേയുടെ ചിത്രം' (picture of Dorian Gray)എന്ന നോവലിന്റെ ആമുഖത്തിൽ ഓസ്കാൽ വൈൽഡ്‌ സാഹിത്യകൃതികളെ, സാന്മാർഗ്ഗികം, അസാന്മാർഗ്ഗികം എന്നിങ്ങനെ ഇനം തിരിക്കുന്ന നിരൂപണ പദ്ധതിയെ പരിഹസിച്ചുതള്ളി. വാസ്തവത്തിൽ സാഹിത്യസൃഷ്ടികളെ വിലയിരുത്തുമ്പോൾ രൂപശിൽപ്പത്തിനാണ്‌ പ്രാധാന്യം കൽപ്പിക്കേണ്ടത്‌, (Books are well written or badly written) ഇതത്രേ ഓസ്ക്കാർ വൈൽഡിന്റെ മതം.
    മനുഷ്യാത്മാവിന്റെ ഉദ്ധ്യതിക്ക്‌ സാധകമാം വിധം സദ്ഭാവങ്ങളെ ഉണർത്തി ഉയർത്തുകയാണ്‌ ഉൽക്കൃഷ്ടകലയുടെ ധർമ്മം എന്ന സ്വീക്വൻസിയുടെ കലാദർശനം തനിക്ക്‌ സ്വീകാര്യമല്ലെന്ന്‌ അർത്ഥം. 

മലയാളത്തിൽ ചങ്ങമ്പുഴയുഗം
    മുപ്പതുകളുടെ തുടക്കത്തിലാണ്‌ ചങ്ങമ്പുഴ കാവ്യരംഗത്ത്‌ പ്രവേശിച്ചതു. ചങ്ങമ്പുഴ കവിതകളിലെ മുഖ്യപ്രമേയം പൊതുവെ പറയാം-പ്രേമമാണ്‌. പ്രഥമ കൃതിയായ ബാഷ്പാഞ്ജലിയിലും, തൊള്ളായിരത്തി മുപ്പത്തി അഞ്ചിൽ പ്രസിദ്ധപ്പെടുത്തിയ ഹേമന്ത ചന്ദ്രികയിലും, മാദകവും മോദകവുമായ 'പ്രേമഭാവന നിറഞ്ഞു നിൽക്കുന്നു' ആ പ്രേമ സങ്കൽപ്പത്തിൽ, 'വൈഷയീകത്വം' ആരോപിക്കപ്പെട്ടു; ഖണ്ഡനവിമർശനങ്ങൾ ഉയർന്നു. ഹേമന്ത ചന്ദ്രികയിലെ പ്രേമഗീതങ്ങൾക്കെതിരെ പി.കെ.പരമേശ്വരൻനായർ ആവനാഴിയിലെ അമ്പുകളെല്ലാം വിക്ഷേപിച്ചു. ആ ചരിത്രം ചങ്ങമ്പുഴ പിൽക്കാലത്ത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇ.വി.യുടെ വിധി കൽപ്പന
    ഖണ്ഡനവിമർശനങ്ങളെ കാലേകൂട്ടി വിഭാവനം ചെയ്ത ഇ.വി.കൃഷ്ണപിള്ള ബാഷ്പാഞ്ജലിയുടെ അവതാരികയിൽ, ചങ്ങമ്പുഴയുടെ പ്രേമസങ്കൽപ്പത്തെ ആത്മീയമെന്ന്‌ വിശേഷിപ്പിച്ചു! 'വിലക്ഷണങ്ങളായി ശാരീരികബന്ധങ്ങളിലേക്ക്‌ ഒരിക്കലും താഴാതെ പ്രൗഢമധുരമായി നിൽക്കുന്ന പ്രണയപ്രതിപാദനങ്ങളാണ്‌ ബാഷാപാഞ്ജലിയിലെ കവിതകളെ'ന്ന്‌ ഇ.വി.ചങ്ങമ്പുഴക്കവിതകളെ വിശേഷിപ്പിച്ചപ്പോൾ 'രോമാഞ്ചം കൊള്ളും നിന്റെ ഹേമാംഗകങ്ങൾ തോറും, മാമക കരപുടം വിഹരിക്കുമ്പോൾ' എന്ന്‌ പാടിയ ചങ്ങമ്പുഴ ഞെട്ടിത്തരിച്ചിട്ടുണ്ടാകും.

നവോത്ഥാനയുഗം
    പുരോഗമനസാഹിത്യപ്രസ്ഥാനം മലയാള സാഹിത്യത്തിൽ നവോത്ഥാനത്തിന്റെ ഉദയംകുറിച്ചു എന്നത്‌ ചരിത്രസത്യമത്രെ. മനുഷ്യകഥാനുഗായിയായ സാഹിത്യകാരൻ, മനുഷ്യജീവിതത്തെ സാകല്യേന പഠിക്കുമ്പോൾ ജീവിതത്തിലെ സമസ്ത തലങ്ങളും ചിത്രീകരിക്കാൻ ബാധ്യസ്ഥനാണ്‌ എന്ന്‌ പുരോഗമനസാഹിത്യം പ്രവചിക്കുന്നു. ഇക്കാരണത്താൽ പുരോഗമനസാഹിത്യകാരന്മാരെ നവോത്ഥാനയുഗത്തിന്റെ പഥപ്രദർശകരെന്ന്‌ വിശേഷിപ്പിക്കാം. അവർ ഒഴിവോ മറവോ കൂടാതെ മനുഷ്യജീവിതത്തെ, സമഗ്രമായി ചിത്രീകരിച്ചു. സാഹിത്യം നീതിസാരശ്ലോകങ്ങളാൽ ഒതുങ്ങണം എന്ന്‌ അവർ കരുതിയില്ല.
    ആ കാലത്ത്‌ വായനക്കാരെ ഞെട്ടിക്കുകയും, ചില പൊഴുത്‌ പ്രകോപിപ്പിക്കുകയും, ചെയ്ത ഏതാനും കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ചങ്ങമ്പുഴയുടെ ആശ്രമമൃഗം എന്ന കവിത, (പ്രേമയം സ്വവർഗ്ഗരതി), കേശവദേവിന്റെ 'മറവിൽ' (മനുഷ്യനും നായയും തമ്മിലുള്ള ലൈംഗികവേഴ്ച), തകഴിയുടെ 'അവരുടെ സമുദായസേവനം,' (നിത്യകന്യകമാരും, വിധവകളുമായ സ്ത്രീകൾ അവിവാഹിതരായ യുവാക്കളുടെ ലൈംഗികാവശ്യങ്ങൾ സാധിച്ചുകൊടുക്കണം എന്നാണ്‌ കഥയുടെ സന്ദേശം) പൊൻകുന്നം വർക്കിയുടെ 'വിത്തുകാള', 'ട്യൂഷൻ,' പൊറ്റക്കാടിന്റെ 'കള്ളപ്പശു' ബഷീറിന്റെ 'ശബ്ദങ്ങൾ' എന്നീ കഥകളും, ഒളപ്പമണ്ണയുടെ 'ആവർത്തനം' എന്ന കവിതയുടെ സദാചാര പ്രവാചകരെ, അരിശം കൊള്ളിച്ചു! 'അവരുടെ സമുദായസേവനം' പ്രസിദ്ധീകരിച്ചതിനുശേഷം, ഏതാനും ദിവസങ്ങൾ പൊതുജനത്തെ ഭയന്ന്‌ തകഴി പുറത്തിറങ്ങിയില്ലത്രെ!'ത്യാഗത്തിനു പ്രതിഫലം'-(തകഴിയുടെ പ്രഥമനോവൽ) വായിച്ച്‌  ധർമ്മരോഷം കൊണ്ട എം.ജി. കേശവപിള്ള 'കേസരി സദസ്സിൽ വച്ച്‌, നോവൽ കീറി തകഴിയുടെ മുഖത്ത്‌ എറിഞ്ഞു!'
    'ശബ്ദങ്ങൾ' സാഹിത്യമാണെങ്കിൽ, ചേർത്തല പൂരപ്പാട്ട്‌ ഭഗവദ്ഗീതയാണെന്നും, ശബ്ദങ്ങൾ എഴുതിയ ബഷീർ സാഹിത്യകാരനാണെങ്കിൽ താൻ മഹാത്മാഗാന്ധിയാണെന്നും പ്രോഫ.ഗുപ്തൻനായർ അമ്ളരൂക്ഷ പരിഹാസം ചൊരിഞ്ഞു (മംഗളോദയം മാസിക)
    ഈ നിരൂപണങ്ങൾക്ക്‌ പ്രത്യാഖ്യാനമായി കേശവദേവ്‌ 'ഹൃദയത്തിന്റെ വിശപ്പ്‌' എന്ന ലേഖനമെഴുതി (ജയകേരളം വാരികയിൽ).

മണിപ്രവാളയുഗം

    'നവോത്ഥാനയുഗത്തിന്റെ കാഹളവാദനം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതികൾ, വാസ്തവത്തിൽ, പഴയ മണിപ്രവാളസാഹിത്യത്തിന്റെ കിളിരം തന്നെയല്ലേ? എന്താണ്‌ മണിപ്രവാളസാഹിത്യ സംസ്കാരത്തിന്റെ സ്വഭാവം.
    പതിമൂന്ന്‌ പതിന്നാല്‌ നൂറ്റാണ്ടുകളിൽ മലയാളമണ്ണിൽ കിളുർത്ത വിഷക്കൂണുകളാണ്‌, വാസ്തവത്തിൽ മണിപ്രവാളസാഹിത്യം എന്ന്‌ പറയാം - അവ രചനാ ഭംഗിക്ക്‌ കേൾവിപ്പെട്ടവയാണ്‌. രചനാഭംഗി തികഞ്ഞ ചന്ദ്രോത്സവകൃതികളെ പരാമർശിക്കെ, സാഹിത്യചരിത്രത്തിൽ, ആർ.നാരായണപണിക്കർ  പറഞ്ഞു. 'കൊടിയ വിഷം വമിക്കുന്ന സർപ്പത്തെ വലിയ പത്തൽ കൊണ്ടുതന്നെ തല്ലണം -(ആർ.നാരായണപ്പണിക്കരുടെ സാഹിത്യ ചരിത്രം)
    'കാമദഹനം ചമ്പു' എന്ന കാവ്യത്തിൽ കാമദഹനത്തിനുശേഷമുള്ള ലോകാവസ്ഥ ചിത്രീകരിക്കപ്പെടുന്നു.
'സാരസ്യത്തിനു ചേർന്നൊരുത്തനു
മിരിപ്പീലേതു, മമ്മേനകാ-
ഗാരേനാലുമണി പ്രവാളമുയരെ ചൊല്ലീതുമില്ലാരുമേ
പാരിൽ കീർത്തിമികൂർത്ത മന്നവർ
മരിച്ചാഹന്തചൊല്ലും വിധൗ-
'നാരീണാം കഥ' പോലുമില്ല പര
ലോകാധീ ശശൃംഗാടകേ-
    മന്നവരെ രസിപ്പിക്കാൻ 'നാരീണാം കഥ' പാടുക! അതായിരുന്നു മണിപ്രവാള കവികളുടെ കുലവൃത്തി! മണിപ്രസ്ഥാനത്തിന്റെ 'മാനിഫെസ്റ്റോ' എന്ന്‌ കുട്ടികൃഷ്ണമാരാര്‌ വിശേഷിപ്പിച്ച 'ലീലാതിലക'ത്തിൽ 'ആറ്റിൽ കിടന്നു കുളിക്കുന്ന കന്യകമാരുടെ 'നഗ്നമേനി വർണ്ണിക്കുന്ന കവി, സംശയമില്ല, ഒരു കാലഘട്ടത്തിലെ ജീർണ്ണസംസ്കാരത്തിന്റെ വിശ്വസ്ത പ്രതിനിധിയത്രെ.
    അശ്ലീലം-ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലം.
    ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പാശ്ചാത്യനാടുകളിൽ കിളുർത്ത സാഹിത്യത്തിൽ ഗണ്യമായി ഒരു വിഭാഗം-വിശിഷ്യ നാടകങ്ങൾ-ആരെയും അമ്പരപ്പിക്കുകയും പിന്നെപ്പിന്നെ 'അറപ്പിക്കുകയും, ചെയ്യുന്നവിധം അശ്ലീലം നിറഞ്ഞവയായിരുന്നു. സംസ്കാര ഭദ്രമായ സമൂഹം പാലിച്ചുപോന്ന വിധിനിഷേധങ്ങൾ ജീവിതത്തിന്റെ പൂർണ്ണതയെക്കുറിക്കുന്നു, അർദ്ധനാരീശ്വരസങ്കൽപ്പം (അത്‌ അർത്ഥവത്തായ പ്രതീകമാണ്‌.) 'ശിവശക്ത്യായുക്തോയദി ഭവതി ശക്തഃ പ്രഭുവിതും. നചേദേവം ദേവോനഖലുകുശലഃ സ്പന്ദിതു മപിഃ എന്ന സൗന്ദര്യ ലഹരീവാക്യം ശ്രദ്ധേയമത്രെ. ശിവൻ ശക്തിയോടു ചേർന്നാൽ മാത്രമേ പ്രപഞ്ചനിർമ്മിതിക്ക്‌ ശക്തനാകൂ എന്നത്രെ ഇതിന്റെ പൊരുൾ. കാമ്യകർമ്മങ്ങളഖിലം ഉപേക്ഷിച്ച സന്യാസിപോലും, വൈവാഹിക ജീവിതത്തിൽ ലൈംഗീക ബന്ധം ഏറെ പ്രധാനമെന്ന്‌ അനുശാസിക്കുന്നു. (പരമഹംസ യോഗാനന്ദയുടെ 'ഡി വൈൻ റൊമാൻസ്‌' എന്ന ഗ്രന്ഥം)

സി.ജെ.തോമസ്സും ശൃംഗാര സരസ്വതിയും

    'മിതമായ അഭിപ്രായങ്ങൾപോലും അമിതമായ രീതിയിൽ പറഞ്ഞെത്തിക്കുന്ന നിരൂപകനായ സി.ജെ.തോമസ്സ്‌ (വിശേഷണം പ്രോഫ.എം.എൻ.വിജയന്റേത്‌) ശൃംഗാരസരസ്വതി എന്ന ലേഖനത്തിൽ  എഴുതി, കേരളത്തിലെ കാലാവസ്ഥയാണ്‌ കാമോദീപകങ്ങളായ കാവ്യങ്ങളുടെ പിറവിക്ക്‌ മുഖ്യകാരണമെന്ന്‌. പെണ്ണ്‌ എന്നുകേൾക്കുമ്പോൾ കവിയുടെ ഞരമ്പുകളിൽ രക്തം ചൂടാകും എന്നത്രെ സി.ജെ.യുടെ അഭ്യൂഹം. പാശ്ചാത്യകവിതകളിൽ പ്രേമം സൗമ്യവും ദീപ്തവുമാകുന്നു.'
    സി.ജെ.പറയാറുണ്ടത്രെ, തനിക്ക്‌ പിടിപിടീന്നാണ്‌ ആശയങ്ങൾ വരുന്നതെന്ന്‌' അത്‌ അപൂർവ്വ സിദ്ധി തന്നെ. പക്ഷേ, 'പിടിപിടീന്നു വരുന്ന ആശയം' മഥിച്ച്‌ നാരും വേരും തിരിച്ച്‌ അവതരിപ്പിക്കാൻ സി.ജെ.മെനക്കെടാറില്ല. അത്‌ ആ പ്രതിഭയുടെ ദൗർബല്യമത്രെ.
    സി.ജെ.തുടർന്നുപറഞ്ഞു. പാശ്ചാത്യഭാഷകളിൽ പ്രേമം 'മധുരവും സൗമ്യവുമായ ഭാവം കൈക്കൊള്ളുന്നു. ഉദാഹരണം സ്ഷീൻബേണിന്റെ My love is like a red rose എന്ന കാവ്യഭാഗം.

കവി പ്രതിഭ കാലാവസ്ഥ
    കവി പ്രതിഭയും കാലാവസ്ഥയും തമ്മിൽ ജന്യജനകബന്ധമുണ്ടെന്ന മതം ഒരു നുള്ള്‌ ഉപ്പു കൂടാതെ വിഴുങ്ങാൻ വയ്യ. മറിച്ച്‌ കവി പ്രതിഭയെ കാലത്തിന്റെ ചൈതന്യം -Spirit സ്വാധീനിച്ചേക്കാമെന്നു പറയാം. ഉദാഹരണം ഷേക്സ്പിയർ നാടകങ്ങൾ. അവ സാമാന്യേന 'ധീരസാഹസികത'യുടെ ചേതന ഉൾക്കൊള്ളുന്നു.
    കാലാവസ്ഥയെ ഈ പ്രകരണത്തിൽ ഒഴിവാക്കുകയാണ്‌ വിവേകിത. വേഡ്സ്‌ വർത്തിന്റെ കവിതകളിൽ പ്രകൃതി ആരാദ്ധ്യദേവതയാണ്‌. മനുഷ്യന്‌ ഉത്തമചിന്തയേകുന്ന വിശുദ്ധിയാണ്‌ പ്രകൃതി. അപ്പോൾ മണിപ്രവാളകാര്യങ്ങളിൽ മാദകമായ കാമം നുരയുന്നതിന്‌ കാരണമെന്ത്‌? ഉത്തരം വ്യക്തം-കാമമെന്നല്ല, ഏതു വികാരവും വ്യക്തിഗതം വിട്ട്‌, ചർവ്വണോപരമാകുമ്പോഴേ രസനീയമാകൂ.(മുനിയുടെ ശോകമല്ല, കവിയുടെ ശോകമാണ്‌ ആദികാവ്യത്തിന്റെ പിറവിക്ക്‌ ബീജധാനം ചെയ്തത്‌.)

ഡി.എച്ച്‌.ലോറൻസും ജെയിംസ്‌ ജോയസ്സും

    'സാഹിത്യത്തിലെ അശ്ലീല'ത്തെ അധികരിച്ചുള്ള ചർച്ചകളിൽ ഇന്നും പ്രാധാന്യേന പ്രസക്തമാകുന്ന കൃതികളാണ്‌ ഡി.എച്ച്‌.ലോറൻസിന്റെ 'ലേഡി ഷാറ്റർലിയുടെ കാമുകനും' ജെയിംസ്‌ ജോയസ്സിന്റെ 'യുളിനസ്സും' 'അശ്ലീല' ചർച്ചയിൽ തന്റെ നിലപാട്‌ വ്യക്തമാക്കുകയാണ്‌ 1929-ൽ ഡി.എച്ച്‌. ലോറൻസ്‌ എഴുതിയ ലേഖനത്തിൽ ഉന്നയിക്കുന്ന യുക്തിബദ്ധമായ പ്രശ്നങ്ങൾ മുൻവിധികൂടാതെ ചർച്ച ചെയ്യേണ്ടവയാണ്‌. (A purpose of lady chatterly's Lover) പ്യഷ്ഠം എന്ന പദം അശ്ലീലം, മുഖം എന്ന പദം സഭ്യം -ഈ വിധം മനുഷ്യശരീരത്തെ വകതിരിക്കുന്നത്‌ ഏതുവിധം നീതിമത്ക്കരിക്കപ്പെടുന്നു-ലോറൻസ്‌ ഉന്നയിക്കുന്ന പ്രശ്നം യുക്തിബദ്ധമാണ്‌. മനുഷ്യശരീരത്തിലെ ചില അംഗങ്ങൾ മാത്രം അശ്ലീലമെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നതിൽ അർത്ഥമില്ല എന്നു തന്നെയാണ്‌ ലോറൻസിന്റെ നിഗമനം. വാസ്തവത്തിൽ വാക്കുകൾക്ക്‌ പാതിത്യമേതുമില്ല; അവ വിശുദ്ധമാണ്‌. മനുഷ്യമനസ്സ്‌ എന്ന ഈജിയൻ തൊഴുത്ത്‌ വെടിപ്പാക്കുക; ശ്ലീലം ശ്ലീലവിചാരണ പിന്നെ പ്രസക്തമാകുകയില്ല.
    ജെയിംസ്‌ ജോയ്സിന്റെ 'യുളിസസ്സ്‌' എന്ന ബൃഹദ്‌ കൃതി പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ സദാചാരത്തിന്റെ സൂക്ഷിപ്പുകാർ ആകൃതിക്ക്‌ എതിരെ ഉറഞ്ഞുതള്ളി. യുളിസസ്സ്‌ നിരോധിക്കണമെന്ന്‌ പൊതുജനം വിധി കൽപ്പിച്ചു. ഗ്രന്ഥത്തിന്റെ വിതരണം നിരോധിക്കപ്പെടുകയും ചെയ്തു.
    1933 ഡിസംബർ ആറാം തീയതി യുളിനസ്സിന്‌ എതിരെയുള്ള നിരോധന കൽപ്പന നീക്കി കൊണ്ട്‌ ഡിസ്ട്രിക്റ്റ്‌ കോടതി വിധി കൽപ്പിച്ചു. ജോൺ എം.വുൾസി (Woolsey) എന്ന ന്യായാധിപന്റെ വിധി ഗ്രന്ഥ പ്രസാധനരംഗത്ത്‌ ശ്രദ്ധേയമായ നാഴികകല്ല്‌ (Landmark) തന്നെയാണ്‌. വായനക്കാരിൽ കാമവികാരം ഉദ്ദേ‍ീപിക്കുക എന്ന മുഖ്യലക്ഷ്യത്തോടെ എഴുതപ്പെടുന്ന കൃതികൾ (Written for the purpose of exploiting obscentity) മാത്രമാണ്‌ അശ്ലീലമെന്ന്‌ വിശേഷിപ്പിക്കപ്പെടുക - കോടതി വിധിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...