19 Jul 2014

പൂവൻ‌കുട്ടി



സുനിൽ എം എസ്


"അമ്മേ, പൂവൻ‌കുട്ട്യേ കണ്ടോ?” വാതിൽക്കൽ നിന്നുകൊണ്ട് ശ്രീക്കുട്ടി ചോദിച്ചു.

അതിമനോഹരിയായ ഒരു ബാർബീ ഡോളിനെ ഒരു കുഞ്ഞിനെയെന്നപോലെ അവൾ കൈകളിലെടുത്തിരുന്നു. അവളുടെ കൈകളിൽ ബാർബിക്കുഞ്ഞ് കണ്ണടച്ചു കിടന്നുറങ്ങി.

ചോദിയ്ക്കുന്നതിന്നിടയിൽ ശ്രീക്കുട്ടി ബാർബിക്കുഞ്ഞിന്റെ ശിരസ്സ് മെല്ലെ ഉയർത്തി. ശിരസ്സുയരുന്നതിനനുസരിച്ച് ബാർബിക്കുഞ്ഞിന്റെ മിഴികൾ മെല്ലെ തുറന്നു വന്നു. ശിരസ്സു ചായ്ക്കുമ്പോൾ ഇമകൾ മെല്ലെ അടയ്ക്കുകയും ശിരസ്സുയരുമ്പോൾ അവ തുറക്കുകയും ചെയ്യുന്ന സുന്ദരിപ്പാവ.


ബാർബിക്കുഞ്ഞ് ഉറങ്ങിയെഴുന്നേറ്റോ?” പാചകത്തിന്റെ തിരക്കിനിടയിൽ അമ്മ ശ്രീക്കുട്ടിയെ പാളി നോക്കി.

കൊറേ നേരായി എഴുന്നേറ്റട്ട്. കെടത്തിയാൽ അപ്പത്തന്നെ ഒറങ്ങിപ്പോകും. എഴുന്നേൽ‌പ്പിച്ചു നിർത്ത്യാ കണ്ണു തൊറക്കും.
ശ്രീക്കുട്ടി അമ്മയുടെ അടുത്തേയ്ക്കു ചെന്ന് ബാർബിക്കുഞ്ഞിനെ കാണിച്ചുകൊടുത്തു. ചായുമ്പോളത് ഉറങ്ങുകയും നിവരുമ്പോളത് ഉണരുകയും ചെയ്തു.

ശ്രീക്കുട്ടി അടുത്തേയ്ക്കു വരുന്നതുകണ്ട് അമ്മ പ്രഷർകുക്കർ അടച്ചു വച്ചു. കൈകളിലെ നനവ് ശ്രീക്കുട്ടിയുടെ ഉടുപ്പിലാകാതിരിയ്ക്കാൻ വേണ്ടി കൈത്തണ്ടകൊണ്ട് അവളെ അമ്മ ചേർത്തു നിർത്തി, മൂർദ്ധാവിൽ ചുംബിച്ചു.
നല്ല പാവ. ഇനി മോളങ്ങടു പൊക്കോ.

നല്ല കുഞ്ഞിപ്പാവ.സവാള അരിഞ്ഞുകൊണ്ടിരുന്ന ഭവാനിവല്യമ്മ ബാർബിക്കുഞ്ഞിന്റെ നീലക്കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ടു പറഞ്ഞു.
ശ്രീക്കുട്ടിയെപ്പോലെ തന്നെ ണ്ട് ട്ടോ.

ശ്രീക്കുട്ടിയ്ക്ക് ഭവാനിവല്യമ്മയെ ഇഷ്ടമാണ്. മുൻപ് എവിടേയ്ക്കെങ്കിലുമൊക്കെ പോകുന്നതിനിടയ്ക്ക് നടന്നു കാലു കഴയ്ക്കുമ്പോൾ ഭവാനിവല്യമ്മ എടുത്തുയർത്തി കൊണ്ടുപോകുമായിരുന്നു. എത്രദൂരം വേണമെങ്കിലും ശ്രീക്കുട്ടിയെ ഭവാനിവല്യമ്മ എടുത്തുകൊണ്ടു നടക്കുമായിരുന്നു. വല്യമ്മയുടെ കൈ കഴയ്ക്കുകയേയില്ല. അമ്മയാണെങ്കിൽ, എടുത്തുകൊണ്ട് അല്പം നടന്നു കഴിയുമ്പോഴേയ്ക്കും ക്ഷീണിയ്ക്കും. അമ്മ പറയും, ‘
അമ്മേടെ കൈ കഴച്ചു. ഇനി മോള് പതുക്കെ നടക്ക്.

ഇപ്പോൾ ശ്രീക്കുട്ടി വലുതായതുകൊണ്ട് ആരെങ്കിലും എടുത്തുകൊണ്ടു നടക്കേണ്ടതില്ല. യൂകേജിയിലേയ്ക്ക് അമ്മയുടെ കൂടെ നടന്നു പോകുകയും നടന്നു വരികയും ചെയ്യുന്നു. അധികം താമസിയാതെ ഒന്നാംക്ലാസ്സിലേയ്ക്കു പോകാനുള്ളതാണ്.

ഇന്നലെ പപ്പയുടെ വരവു പ്രമാണിച്ചു വന്നിരിയ്ക്കുന്നതാണ് ഭവാനിവല്യമ്മയും മാധവൻ വല്യച്ഛനും.

മുത്തശ്ശിയുടെ മുന്നിൽ, മേശപ്പുറത്ത് ഏലക്കായ്, കരയാമ്പൂ,
കറുകപ്പട്ട. മുത്തശ്ശി അവ നന്നാക്കിക്കൊണ്ടിരിയ്ക്കുന്നു. പപ്പ ഇന്നലെ എത്തിയിരിയ്ക്കുന്നതു കൊണ്ട് ഇന്നുച്ചയ്ക്ക് ഊണു കുശാലായിരിയ്ക്കും. അമ്മയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്. ആകെ തിരക്കു തന്നെ. അടുക്കളയിൽ വ്യത്യസ്തങ്ങളായ മണങ്ങളും പരന്നിരിയ്ക്കുന്നു.

ശ്രീക്കുട്ടി കറുകപ്പട്ടയുടെ ചെറിയൊരു കഷ്ണമെടുത്തു വായിലിട്ടു ചവച്ചു. അതിന്റെ മധുരമുള്ള എരിവ് അവൾക്കിഷ്ടമാണ്.


മുത്തശ്ശി കണ്ടോ, പൂവൻ‌കുട്ട്യേ?”

വാവയങ്ങ്ട് പൊറത്തു പോയിക്കളിച്ചോ. ഇവിടെ ഗ്യാസും കുക്കറുമൊക്കെ ണ്ട്.

ബാർബിക്കുഞ്ഞിനെ തലോടിക്കൊണ്ട് ശ്രീക്കുട്ടി അനുസരണയോടെ അടുക്കളയിൽ നിന്നു പുറത്തേയ്ക്കു നടന്നു. എങ്കിലും വാതിൽക്കലെത്തിയപ്പോൾ അവൾ തിരിഞ്ഞു നിന്നു വീണ്ടും ചോദിച്ചു, “അമ്മേ,
പൂവൻ‌കുട്ടിയെ കണ്ടോ?”

അമ്മയും ഭവാനിവല്യമ്മയും മുത്തശ്ശിയും പരസ്പരം നോക്കി.

അമ്മ തെരക്കിലാ. ഇപ്പൊ വിളിയ്ക്കണ്ടാ. വാവ പൊക്കോളൂ. അപ്രത്തു പോയി കളിയ്ക്ക്.
മുത്തശ്ശി വീണ്ടും ഉപദേശിച്ചു.

മുത്തശ്ശി കണ്ടോ പൂവൻ‌കുട്ട്യേ?”

പാവം ശ്രീക്കുട്ടി, എത്ര തവണ ചോദിച്ചു! മുത്തശ്ശിയ്ക്കു തന്നെ സഹതാപം തോന്നി. പൂവങ്കോഴികളൊക്കെ ഇടയ്ക്കോരോ പോക്കു പോകും. നാടു ചുറ്റാൻ. അങ്ങനെ പോയിട്ട് ണ്ടാകും.
മുത്തശ്ശി പൂവൻ‌കുട്ടിയുടെ അസാന്നിദ്ധ്യത്തിന്റെ കാരണം വിശദീകരിച്ചു.

ഇന്നലെ രാത്രീം കൂടി പെട്ടീല് ഇരിയ്ക്കണ് ണ്ടായിരുന്നു. രാത്രി ചോറു തിന്നേം ചെയ്തിരുന്നു.

മുൻപ് പച്ചക്കറിയിട്ടു വയ്ക്കാനുപയോഗിച്ചിരുന്ന പ്ലാസ്റ്റിക്കിന്റെ ഒരു തുറന്ന പെട്ടിയുണ്ട്. അതിനു മൂടിയില്ല. പൂവൻ‌കുട്ടി വന്നതിനു ശേഷം അതിലാണ് അവന്റെ വാസം. ആ പെട്ടി അവന്റെ വീടാണ്.

കുറേ നാൾ മുൻപ് ഇതുപോലൊരു ദിവസം ഭവാനിവല്യമ്മ വന്നപ്പോൾ ഒരു കാർഡ്ബോർഡു പെട്ടിയിലാക്കി കൊണ്ടു വന്നതാണു പൂവൻ‌കുട്ടിയെ. ഓട്ടോയിലുള്ള യാത്രയ്ക്കിടയിൽ പെട്ടിയ്ക്കുള്ളിലെ ഇത്തിരിപ്പോന്ന കോഴിക്കുഞ്ഞിന്റെ ജീവൻ നിലനിൽക്കാൻ വേണ്ടി കാർഡ്ബോർഡു പെട്ടിയുടെ നാലുവശത്തും ചെറിയ ദ്വാരങ്ങളുണ്ടാക്കിയിരുന്നു.


ഭവാനിവല്യമ്മ കാർഡ്ബോർഡു പെട്ടി തുറക്കുന്നതും കാത്ത് അക്ഷമയോടെ ശ്രീക്കുട്ടി നോക്കിയിരിയ്ക്കുമ്പോൾ പെട്ടിയുടെ ഒരു ദ്വാരത്തിലൂടെ തീരെച്ചെറിയ ഒരു കൊക്കു പുറത്തേയ്ക്കു നീണ്ടുവന്നു. അതു കണ്ടപ്പോഴേ ശ്രീക്കുട്ടിയ്ക്ക് അതിനെ ഇഷ്ടമായി.


പെട്ടി തുറന്നു മെല്ലെ ചരിച്ചപ്പോൾ അതിൽ നിന്ന് അരുമയായൊരു കോഴിക്കുഞ്ഞു നിലത്തിറങ്ങി കുഞ്ഞിച്ചുവടുകൾ വച്ചു.

ആകാംക്ഷയോടെ തല ചരിച്ച് ചുറ്റുമുള്ളവരുടെ മുഖത്തേയ്ക്കു നോക്കി. ശ്രീക്കുട്ടിയുടെ കണ്ണുകളിലേയ്ക്ക് കൂടുതൽ തവണ നോക്കി.

അന്നു തുടങ്ങിയതാണ് അവരുടെ ചങ്ങാത്തം.


കോഴിക്കൂടില്ലാതിരുന്നതിനാൽ ഉപയോഗിയ്ക്കാതിരുന്നിരുന്ന നീല പ്ലാസ്റ്റിക് പെട്ടി കോഴിക്കുഞ്ഞിന്റെ താമസത്തിനായി കിട്ടി.

വർക്കേരിയയുടെ ഒരു മൂലയ്ക്ക് പ്ലാസ്റ്റിക്ക് പെട്ടി വച്ചു. മുത്തശ്ശിയുടെ നിർദ്ദേശാനുസരണം, അതിൽ പഴയ പേപ്പറുകൾ വിരിച്ചു. പെട്ടിയ്ക്കകത്ത്, ഒരറ്റത്തായി, അല്പം ഉയരത്തിൽ കുറുകെ ഏതാനും ചുള്ളിക്കമ്പുകൾ വച്ചു. ദിവസങ്ങൾ കഴിഞ്ഞില്ല,
കോഴിക്കുഞ്ഞ് ആ കമ്പുകളിൽ ചാടിക്കയറി നിൽക്കാൻ തുടങ്ങി. ഇടയ്ക്കിടെ കാഷ്ഠിയ്ക്കാനും. കാഷ്ഠം വീണ പേപ്പർ ശ്രീക്കുട്ടി ദിവസേന മാറ്റി.

കോഴിക്കുഞ്ഞിന്റെ ഉത്തരവാദിത്വം മുഴുവനും ശ്രീക്കുട്ടിയുടെ ചുമലിലായിരുന്നു. തീറ്റകൊടുക്കലും പെട്ടി വൃത്തിയാക്കലും വെള്ളം വച്ചുകൊടുക്കലുമെല്ലാം ശ്രീക്കുട്ടി തന്നെ ചെയ്തു.

കോഴിക്കുഞ്ഞ് അല്പം വലുതായപ്പോൾ അതു പൂവനാണെന്നു തെളിഞ്ഞു. അതോടെ അതിന് പൂവൻ‌കുട്ടിയെന്ന പേരും വീണു.


പൂവൻ‌കുട്ടീഎന്നു ശ്രീക്കുട്ടി നീട്ടി വിളിച്ചാൽ അവനോടി വരും.

ഇരുട്ടായിത്തുടങ്ങുമ്പോൾ അവൻ വർക്കേരിയയുടെ വെറുതേ ചാരിയിട്ടിരിയ്ക്കുന്ന വാതിലിന്നിടയിൽ തല കടത്തി അതിലൂടെ പതുക്കെ ഉടലും കടത്തി വാതിൽ തുറന്ന് അകത്തു കടന്ന് പ്ലാസ്റ്റിക് പെട്ടിയിൽ കയറിയിരിയ്ക്കും. കുറേ നേരം ചുറ്റുപാടുമൊക്കെ നോക്കിയിരുന്ന് പതുക്കെ ഉറക്കം തൂങ്ങാൻ തുടങ്ങും.


മഴ നനഞ്ഞാണു വരവെങ്കിൽ
,
വരാന്തയുടെ അറ്റത്തു നിന്ന്, ശരീരമാസകലം കുടഞ്ഞ്, മയിൽ‌പ്പീലിപോലെ വർണ്ണശബളമായ ഓരോ തൂവലും എണ്ണപുരട്ടി മിനുക്കിയശേഷമാണ് അകത്തു കയറുക.

വർക്കേരിയയുടെ വാതിൽ അടച്ചിരിയ്ക്കുകയാണെങ്കിൽ,
പൂവൻ‌കുട്ടി വാതിലിന്റെ ഗ്രില്ലിൽ കൂടി അകത്തേയ്ക്കു നോക്കി നിശ്ചലനായി നിൽക്കും. വാതിൽ തുറന്നു കിട്ടും വരെ അതേ നില്പു നിൽക്കും. പ്രൌഢഗംഭീരനായി.

ശ്രീക്കുട്ടിയുടെ ഊണു കഴിയുമ്പോൾ ഒരു പിടി ചോറ് പൂവൻ‌കുട്ടിയുടെ മുൻപിൽ വച്ചിരിയ്ക്കുന്ന തളികയിൽ വച്ചു കൊടുക്കും. ഇടയ്ക്കവൾ ഉള്ളംകൈയിലും ചോറു വച്ചു കൊടുക്കും. മയക്കത്തിൽ നിന്നുണർന്ന് ചോറിൻ വറ്റുകൾ ഓരോന്നായി അവൻ കൊത്തിത്തിന്നും. കൊക്ക് അവളുടെ കൈയ്യിൽ സ്പർശിയ്ക്കുക പോലുമില്ല. അതാണവന്റെ അത്താഴം. ഇടയ്ക്കിടെ അവൻ തലയുയർത്തി ശ്രീക്കുട്ടിയെ ഉറ്റു നോക്കും.

രാത്രിയേറെച്ചെന്ന്, വർക്കേരിയയിലെ ലൈറ്റു കെടുത്തിക്കഴിയുമ്പോൾ അവൻ ചുള്ളിക്കമ്പുകളിൽ കയറി കാലുകൾ മടക്കിയിരുന്ന്,
കണ്ണുകളടച്ച് ഉറക്കം തുടങ്ങും.

രാത്രി ശ്രീക്കുട്ടിയെങ്ങാനും ഉണർന്ന് അടുക്കളയിലേയ്ക്കു വരേണ്ടി വന്നാൽ, അടുക്കളവാതിൽ തുറന്ന് പൂവൻ‌കുട്ടിയെ ഒന്നു
തൊട്ടുതലോടിയ ശേഷമേ വീണ്ടും പോയിക്കിടക്കാറുള്ളു.

ഇന്നലെ രാത്രി കിടക്കും മുൻപ് പൂവൻ‌കുട്ടി പതിവു പോലെ ഉറങ്ങാൻ വട്ടം കൂട്ടുന്നതു കണ്ട ശേഷമാണ് ശ്രീക്കുട്ടി വർക്കേരിയയിൽ നിന്നു പോന്നത്.

വെളുപ്പിനു തുടങ്ങും,
പൂവൻ‌കുട്ടിയുടെ കൂകൽ. ഇടവിട്ടിടവിട്ടു കൂകിക്കൊണ്ടിരിയ്ക്കും. ഇവനുള്ളതുകൊണ്ട് അലാറത്തിന്റെ ആവശ്യമില്ലെന്നു മുത്തശ്ശി പറയും.

നേരം വെളുത്തു കഴിയുമ്പോൾ മുത്തശ്ശിയോ അമ്മയോ എഴുന്നേറ്റ് വർക്കേരിയയിൽ നിന്നു പുറത്തേയ്ക്കുള്ള വാതിൽ തുറന്നു പുറകുവശത്തെ മുറ്റത്തേയ്ക്കിറങ്ങും. അവരോടൊപ്പം പൂവൻ‌കുട്ടിയും മുറ്റത്തേയ്ക്കിറങ്ങും. പുരയിടം മുഴുവനും നടപ്പും തിരച്ചിലും തുടങ്ങും.

ശ്രീക്കുട്ടി ഉണർന്നെഴുന്നേറ്റു വന്നാൽ ആദ്യം തന്നെ പൂവൻ‌കുട്ടിയുടെ പരിചരണമാണു ചെയ്യുന്നത്. അവളുടെ ഇളംപ്രായത്തിനേക്കാൾ കൂടുതൽ പക്വതയോടെ, ശ്രദ്ധയോടെ,
ഉത്തരവാദിത്വത്തോടെ അവളതു ചെയ്യുന്നത് അമ്മയും മുത്തശ്ശിയും നോക്കി നിൽക്കും.

പഴയൊരു മൺകലത്തിൽ തവിടുണ്ട്. അതിനടുത്തു തന്നെ പ്ലാസ്റ്റിക്കിന്റെ ഭരണിയിൽ ഗോതമ്പും. കൂടെ ഒരു മൺചട്ടിയും. ഒരു ചെറു തളികയാണ് അളവു പാത്രം. മൂന്നു തളിക തവിടും, ഒരു തളിക ഗോതമ്പും, അവ കുഴയ്ക്കാൻ പാകത്തിനു വെള്ളവും. അതാണ് അതിന്റെ കണക്ക്. മൂന്നുംകൂടി ചട്ടിയിലിട്ട് കൈകൊണ്ടു കുഴച്ചു ചേർക്കുന്നു. അടുക്കളമുറ്റത്തിറങ്ങി ശ്രീക്കുട്ടി നീട്ടി വിളിയ്ക്കും, “
പൂവൻ‌കുട്ടീ...

പൂവൻ‌കുട്ടി പറന്നു വരും.

ഇന്നും പതിവുപോലെ വിളിച്ചിരുന്നു. പക്ഷേ പൂവൻ‌കുട്ടി വന്നില്ല.

പിന്നീടും പല തവണ വിളിച്ചിരുന്നു. പൂവൻകുട്ടി വന്നില്ല. രാവിലെ കുഴച്ചു വച്ച തവിടും ഗോതമ്പും അതേപടി ഇരിയ്ക്കുന്നു. കാക്ക കൊത്തിത്തിന്നാതിരിയ്ക്കാൻ വേണ്ടി അത് വർക്കേരിയയ്ക്കകത്തേയ്ക്കു കയറ്റി വച്ചു. ഉറുമ്പും ഈച്ചയും വരാതിരിയ്ക്കാൻ വേണ്ടി അലൂമിനിയം മൂടി കൊണ്ടു മൂടിവച്ചിട്ടുമുണ്ട്.

ശ്രീക്കുട്ടി നീട്ടി വിളിച്ചാൽ അവൻ എവിടെയുണ്ടെങ്കിലും ഓടി വരാറുള്ളതാണ്. മുത്തശ്ശി പറഞ്ഞതു പോലെ അവൻ നാടു ചുറ്റാൻ പോയിട്ടുണ്ടാകും. ഇതാദ്യമായാണ് അവൻ നാടു ചുറ്റാൻ പോയിരിയ്ക്കുന്നത്. ഈ ചുറ്റുവട്ടത്ത് എവിടെയുണ്ടായിരുന്നെങ്കിലും അവൻ എത്തിയേനേ.

ഈയ്യിടെ കിഴക്കേലെ സാബുച്ചേട്ടന്റെ കല്യാണം നടന്നു. വൈകീട്ട് അമ്മയുമൊത്ത് ശ്രീക്കുട്ടി ടീപാർട്ടിയിൽ പങ്കെടുത്തു. അവൾ പന്തലിലിരുന്നു പലഹാരങ്ങൾ കഴിച്ചുകൊണ്ടിരിയ്ക്കുന്നതിന്നിടയിൽ, ദാ വന്നു നിൽക്കുന്നു, പൂവൻ‌കുട്ടി അവളുടെ മുന്നിൽ.


അവൻ ആളുകളുടെ ഇടയിൽ തലയുയർത്തി അവളേയും നോക്കിക്കൊണ്ടു നിൽക്കുന്നു.


ദേ, കോഴി. അതിനെ ഓടിയ്ക്ക്.ആരോ വിളിച്ചു പറഞ്ഞു. ശ്രീക്കുട്ടി വേഗം എഴുന്നേറ്റ് വാ, പൂവൻ‌കുട്ടീഎന്നു പറഞ്ഞ് അവനെ വിളിച്ചുകൊണ്ടു വീട്ടിലേയ്ക്കു നടന്നു. അവൻ അവളുടെ പിന്നാലെ നടന്നുപോയി. അമ്മയും അവരുടെ കൂടെപ്പോന്നു.

എത്ര ആൾക്കൂട്ടത്തിന്നിടയിലും പൂവൻകുട്ടി അവളെ തിരിച്ചറിയും എന്ന് അപ്പോൾ തെളിഞ്ഞു. അതുകൊണ്ട് അവൾ വിളിച്ചാൽ അവൻ വരും. ശ്രീക്കുട്ടിയ്ക്ക് ഉറപ്പാണ്.

വർക്കേരിയയിൽ ചെന്നു നോക്കി. ആളെത്തിയിട്ടില്ല. തവിടും ഗോതമ്പും കുഴച്ചു ചട്ടിയിൽ മൂടി വച്ചിരുന്നത് അതേപടി ഇരിയ്ക്കുന്നു.

പപ്പടെ കുട്ടി എവിടെ?”
പപ്പ. പപ്പ ഇന്നലെയാണ് ഗൾഫിൽ നിന്നെത്തിയത്. രണ്ടു വർഷത്തിനിടയിൽ ഇതാദ്യമായാണു പപ്പ ലീവിനു വരുന്നത്. അതുകൊണ്ടു തന്നെ വീട്ടിലാകെ തിരക്കാണ്. ഒരുത്സവപ്രതീതി.

മാധവൻ വല്യച്ഛനും ഭവാനിവല്യമ്മയും ഇന്നലെ രാവിലേ തന്നെ എത്തിയിരുന്നു.
പപ്പയെ എയർപോർട്ടിൽ നിന്നു കൊണ്ടുവരാൻ മാധവൻ വല്യച്ഛനാണു പോയിരുന്നത്.

പപ്പ വന്നപാടെ ശ്രീക്കുട്ടിയെ കോരിയെടുത്തുമ്മ വച്ചു. പെട്ടി തുറന്ന് ബാർബിക്കുഞ്ഞിനെ എടുത്തു കൊടുത്തു. ശ്രീക്കുട്ടി പാവക്കുട്ടിയെ നോക്കി നിന്നു പോയി. അതിന് അത്ര ചന്തം. കണ്ണെഴുതിയതു പോലുള്ള കൺപീലികൾ. ചുവന്ന ചുണ്ടുകൾ. പട്ടുടുപ്പ്. പിന്നെ,
ചായുമ്പോഴുള്ള ഉറങ്ങലും നിവരുമ്പോഴുള്ള ഉണരലും. ശരിയ്ക്കും കുട്ടികളെപ്പോലെ.

മാധവൻ വല്യച്ഛൻ വരുന്നത് ശ്രീക്കുട്ടി കാത്തിരിയ്ക്കാറുണ്ട്. വല്യച്ഛൻ പടിഞ്ഞാപ്പുറത്തുള്ള ചന്ത്രക്കാരൻ മാവിൽ നിന്നു മാങ്ങ പൊട്ടിച്ചു തരും. പഴുത്ത മാങ്ങ ഉടച്ച്, വലിച്ചു കുടിയ്ക്കാൻ രസമാണ്. വല്യച്ഛൻ വരുമ്പോൾ മാത്രമേ കൊതിതീരെ മാമ്പഴ
മങ്ങനെ വലിച്ചുകുടിയ്ക്കാൻ കിട്ടാറുള്ളു.

ഭവാനിവല്യമ്മ വെറും കയ്യോടെ വരാറില്ല. ഉപ്പേരിയോ ശർക്കരപുരട്ടിയോ ചക്ക വറുത്തതോ എന്തെങ്കിലുമൊന്നുണ്ടാകും വല്യമ്മയുടെ കൈയ്യിൽ.

ഇന്നലെ വല്യച്ഛനും വല്യമ്മയും വന്നപ്പോൾ കൊണ്ടുവന്നത് വരിക്കച്ചക്കയായിരുന്നു. വലിയൊരു വരിക്കച്ചക്ക. ഓട്ടോയിൽ ചക്കച്ചറം വീഴാതിരിയ്ക്കാൻ വേണ്ടി മുറിഞ്ഞ തണ്ടിന്റെ അറ്റത്ത് ചകിരിവച്ച്, വാഴയിലകൊണ്ടു പൊതിഞ്ഞ് വാഴനാരുകൊണ്ടു കെട്ടിയിരുന്നു. അതിന്റെ എവിടെയോ ഒന്നു തൊട്ടതേയുള്ളു,
വിരലിൽ ചക്കച്ചറമായി.

വരിക്കച്ചക്ക അങ്ങനെ തന്നെയിരിയ്ക്കുന്നു. പഴുത്തു വരുന്നേയുള്ളു. പഴുത്ത വരിക്കച്ചക്കയ്ക്ക് നല്ല മധുരമാണ്. ചക്ക തിന്നാൻ ധൃതിയായി.

പപ്പടെ കുട്ടിയെന്താ ഇവിടെ വന്നു വിഷാദിച്ചിരിയ്ക്കണത്?”
അടുക്കളയിൽ നിന്ന് വർക്കേരിയയിലേയ്ക്കുള്ള ചവിട്ടിന്മേലിരുന്നുകൊണ്ട് മുറ്റത്തേയ്ക്കു നോക്കിയിരിയ്ക്കുമ്പോൾ പപ്പ വന്ന് ശ്രീക്കുട്ടിയെ റാഞ്ചിയെടുത്തു കൊണ്ടുപോയി.

പപ്പ കുറച്ചു സീഡികൾ കൊണ്ടു വന്നിട്ടുണ്ട്. ടോം ആന്റ് ജെറി, മിക്കി മൌസ്, ഡൊണാൾഡ് ഡക്ക്...ടോമിന്റെ മണ്ടത്തരങ്ങൾ കണ്ട് ശ്രീക്കുട്ടി ഇന്ന
ലെ ചിരിച്ചു മണ്ണു കപ്പിയിരുന്നു. അതെത്ര കണ്ടാലും മതിയാവില്ല. പപ്പ വീണ്ടും ടോം ആന്റ് ജെറി ഇട്ടു തന്നു. ശ്രീക്കുട്ടി അതു കണ്ടു രസിച്ചിരുന്നു.

എല്ലാവരും വരൂ. ദാ, ഊണു റെഡി.
അമ്മ അനൌൺസു ചെയ്തപ്പോഴാണ് ഊണിന്റെ സമയമായെന്നറിഞ്ഞത്.

ഊണുമുറിയിലേയ്ക്ക് ഓടിച്ചെന്നു. ഊണുമേശമേൽ നിറയെ വിഭവങ്ങൾ. നല്ല മണം. വേഗം കൈകഴുകിത്തുടച്ചു വന്നു.


ശ്രീക്കുട്ടിയെ പപ്പ തൊട്ടടുത്തു പിടിച്ചിരുത്തി.


ഉം‌....നല്ല വാസന.ശ്രീക്കുട്ടിയുടെ വായിൽ വെള്ളമൂറി.

അമ്മയും ഭവാനി വല്യമ്മയുമൊഴികെ മറ്റെല്ലാവരും ഇരുന്നു. പപ്പ, ശ്രീക്കുട്ടി, മാധവൻ വല്യച്ഛൻ,
മുത്തശ്ശി. എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് അമ്മയും വല്യമ്മയും കഴിയ്ക്കാറ്.

അതിനിടയിൽ ശ്രീക്കുട്ടി മാധവൻ വല്യച്ഛനോടു ചോദിച്ചു. വല്യച്ഛാ,
വല്യച്ഛൻ പൂവൻ‌കുട്ടിയെ കണ്ടോ?”

വല്യച്ഛൻ അവനെ കണ്ടു കാണാൻ വഴിയില്ല. എങ്കിലും ശ്രീക്കുട്ടി ഉത്കണ്ഠകൊണ്ടു ചോദിച്ചു പോയതാണ്.

വല്യച്ഛനു മറുപടി പറയാൻ കഴിയുന്നതിനു മുൻപ് മുത്തശ്ശി ഇടയിൽക്കടന്നു പറഞ്ഞു, “ഞാൻ പറഞ്ഞില്ലേ, വാവേ
, പൂവൻ‌കോഴികള് ഇടയ്ക്ക് നാടു ചുറ്റാൻ പോകാറുണ്ടെന്ന്. അങ്ങനെ പോയിട്ടുണ്ടാകും.

വല്യച്ഛൻ കണ്ടോ?” ശ്രീക്കുട്ടി പിന്നെയും ചോദിച്ചു.

മാധവൻ വല്യച്ഛൻ അവളുടെ നിഷ്കളങ്കമായ മുഖത്തേയ്ക്കു നോക്കി. പിന്നെ മുത്തശ്ശിയെ നോക്കി. മുത്തശ്ശി വേണ്ടെന്ന ഭാവത്തിൽ തല കുലുക്കി. ഭവാനിവല്യമ്മ കണ്ണു ചിമ്മിക്കാണിച്ചു. അമ്മ മ്ലാനമായ മുഖത്തോടെ നിന്നു. പപ്പ ആഹാരം കഴിയ്ക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.

വല്യച്ഛൻ എല്ലാവരോടുമായി പറഞ്ഞു. എനിയ്ക്ക് കുട്ട്യോളോടു നുണ പറയാൻ പറ്റില്ല.വലിയച്ഛൻ ശ്രീക്കുട്ടിയുടെ നേരേ തിരിഞ്ഞു. വാവേടെ പപ്പ വന്നതല്ലേ. പപ്പയ്ക്ക് ഉച്ചയ്ക്ക് നല്ല ഭക്ഷണം കൊടുക്കണ്ടേ.വലിയച്ഛന്റെ ശബ്ദത്തിൽ നിസ്സഹായത കലർന്നു. ഒരാഴ്ച്ചേയി, തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവു നിന്നിട്ട്. നാട്ടിലെങ്ങും ഒറ്റ നല്ല കോഴിയെ
പ്പോലും കിട്ടാനില്ല. അതുകൊണ്ട് വല്യച്ഛൻ വാവേടെ പൂവങ്കോഴിയെ പിടിച്ചു കൊന്നു. ഇതൊക്കെ അതിന്റെ ഇറച്ചിയാ.

ശ്രീക്കുട്ടിയുടെ മുഖം പെട്ടെന്നു മങ്ങിയതു വല്യച്ഛൻ കണ്ടു. വാവയ്ക്ക് എത്ര പൂങ്കോഴിയെ വേണം
? എത്രെണ്ണം വേണങ്കിലും വല്യച്ഛൻ കൊണ്ടെത്തരാം. ട്ടോ.

മൊരിഞ്ഞ സവാളയും മല്ലിയിലയും വിതറിയിരിയ്ക്കുന്ന, ഇളം മഞ്ഞ നിറമുള്ള ചിക്കൻ ബിരിയാണി. കിസ്മിസ്,
അണ്ടിപ്പരിപ്പ്...അവയ്ക്കിടയിലൂടെ പുറത്തേയ്ക്ക് ഉന്തിനിൽക്കുന്ന കാല്. ചിക്കൻ കാല്...പൂവൻ‌കുട്ടിയുടെ മുറിഞ്ഞ കാല്...

ബിരിയാണിപ്പാത്രത്തിൽ മിഴി നട്ടുകൊണ്ട് ശ്രീക്കുട്ടി കസേരയിൽ നിന്നൂർന്നിറങ്ങി. ഇടത്തുകൈയിലുണ്ടായിരുന്ന ബാർബിക്കുഞ്ഞ് താഴെ വീണു. അവളതു ശ്രദ്ധിയ്ക്കാതെ ഊണു മേശയിൽ നിന്നകന്നു നിന്നു.


അവളമ്മയെ നോക്കി. മുത്തശ്ശിയെ നോക്കി. പപ്പയെ നോക്കി. വീണ്ടും ബിരിയാണിപ്പാത്രത്തിൽ നോക്കി.


പാവം പൂവൻ‌കുട്ടിയുടെ കാല്...

അവൾ മെല്ലെ അടുക്കളയിലേയ്ക്കു നടന്നു. വാതിൽ തുറന്ന് വർക്കേരിയയിലേയ്ക്കുള്ള ചവിട്ടിറങ്ങി. പൂവൻ‌കുട്ടിയുടെ പ്ലാസ്റ്റിക് പെട്ടിയുടെ വക്കിൽ പിടിച്ച് അതിനടുത്ത് കുന്തിച്ചിരുന്നു. പെട്ടിയ്ക്കകത്തേയ്ക്കുറ്റു നോക്കി.

പൂവൻ‌കുട്ടിയുടെ ഒരു തൂവൽ പെട്ടിയിൽ കിടന്നിരുന്നു. വിവിധ വർണ്ണങ്ങൾ കലർന്ന,
അഴകൊഴുകുന്ന ഒരു തൂവൽ. അവൾ ആ തൂവൽ കൈയ്യിലെടുത്തു തലോടി.

പൂവൻ‌കുട്ടി. പാവം പൂവൻ‌കുട്ടി. എത്ര തവണ അവൾ പൂവൻ‌കുട്ടിയുടെ പുറത്തു തലോടിയിരിയ്ക്കുന്നു! എത്ര തവണ പൂവൻ‌കുട്ടി അവളുടെ ഉള്ളംകൈയ്യിൽ നിന്ന് തീറ്റ കൊത്തിത്തിന്നിരിയ്ക്കുന്നു! എത്ര തവണ അവൻ വന്ന് തല ചരിച്ച്
അവളുടെ മുഖത്തേയ്ക്കു നോക്കി നിന്നിരിയ്ക്കുന്നു!

പൂവൻ‌കുട്ടിയുടെ ഓർമ്മകൾ അവളുടെ മനസ്സിലേയ്ക്കിരച്ചു വന്നു.

ഓർത്തോർത്തി
രിയ്ക്കെ അവൾ കരയാൻ തുടങ്ങി. കൈയ്യിലിരിയ്ക്കുന്ന തൂവലിലേയ്ക്കു നോക്കിക്കൊണ്ടവൾ കരഞ്ഞു.


കരയുന്നതിന്നിടയിൽ പെട്ടിയിൽ പൂവൻ‌കുട്ടിയുടെ ചെറുതൂവലുകളുണ്ടായിരുന്നത് ഓരോന്നായി പെറുക്കിയെടുത്തു.


അവളുടെ തേങ്ങലിന്റെ ശബ്ദം കേട്ട് പപ്പയും അമ്മയും വല്യമ്മയും മുത്തശ്ശിയും മാധവൻ വല്യച്ഛനും വർക്കേരിയയിലേയ്ക്കിറങ്ങി വന്നു.

ആർത്തലച്ചു വന്ന കണ്ണീർമഴയിലൂടെ അവൾ അവരോരോരുത്തരേയും നോക്കിക്കൊണ്ടു വിതുമ്പി
, “
പൂവൻ‌കുട്ടി...

അവർ നിർന്നിമേഷരായി നോക്കി നിന്നു.

ഊണുമേശപ്പുറത്ത് ബിരിയാണിച്ചിക്കൻ ചൂടാറി തണുത്തു വിറങ്ങലി
ച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...