തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര


ടി. എസ്‌. വിശ്വൻ
ചിന്ത, തണ്ണീർമുക്കം, ആലപ്പുഴ

തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര എന്നു കേൾക്കുമ്പോൾ ആദ്യം തമാശയായി തോന്നാം. എന്നാൽ യാഥാർത്ഥ്യം ബോധ്യപ്പെടുമ്പോൾ നമ്മുടെ കേരകർഷകർ നീരയെ മാത്രമല്ല തെങ്ങിനെയും സ്നേഹിക്കാൻ മുന്നോട്ടു വരും. നീര ചെത്തി എടുക്കാൻ പാകമായ എല്ലാ തെങ്ങുകളും നീര ഉത്പാദനത്തിന്‌ നൽകാൻ അവർ തയ്യാറാകും. നീരയുടെയും മൂല്യവർദ്ധിത ഉൽപന്നങ്ങളുടേയും വിലയെ ആശ്രയിച്ച്‌ തെങ്ങുടമകൾക്ക്‌ നല്ല തോതിൽ 'പാട്ട'വും ലഭിക്കും. തെങ്ങിൽ നിന്നും നീര ശേഖരിക്കുന്നതിന്‌ വിദഗ്ദ്ധ പരിശീലനം ലഭിക്കുന്ന നീര ടെക്നീഷ്യന്മാർ ദിവസേന രണ്ടുതവണ തെങ്ങിൽ കയറി ഇറങ്ങുന്നതുകൊണ്ട്‌ കീടരോഗ ബാധകളെ അപ്പോഴപ്പോൾത്തന്നെ തിരിച്ചറിയാനും പ്രതിരോധിക്കാനും സാധിക്കും. നീരയുടെ സംസ്ക്കരണം ഏറ്റെടുക്കുന്ന ഉത്പാദക കമ്പനി (ഇജഇ)കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതോടെ നീര ചക്കര, നീര പഞ്ചസാര തുടങ്ങിയവ വിപണിയിൽ സുലഭമാവും.
കേരളത്തിൽ കള്ളുവ്യവസായവു മായി ബന്ധപ്പെട്ട്‌ ചെത്താൻ തെങ്ങില്ല എന്നു പറയുന്നത്‌ പൂർണ്ണമായും ശരിയല്ല. പാലക്കാടും തൃശ്ശൂരും കോഴിക്കോട്ടും തെങ്ങിൻ തോട്ടങ്ങൾ ധാരാളം കാണാം. മറ്റു പ്രദേശങ്ങളിൽ വീട്ടുവളപ്പുകളിലും ചുറ്റിനുമുള്ള പുരയിടങ്ങളിലുമാണ്‌ തെങ്ങു കൃഷിയുള്ളത്‌. അത്തരം സ്ഥലങ്ങളിൽ തെങ്ങു ചെത്താൻ നൽകുന്നതിൽ കുടുംബത്തിന്റെ വൈമനസ്യം പ്രകടമാണ്‌. മദ്യമെന്നനിലയിൽ അവയോടുള്ള മനോഭാവം, തെങ്ങുകളിൽ ചെമ്പൻ ചെല്ലി കൂടുതലായെത്താൻ സാദ്ധ്യത തുടങ്ങിയവ കാരണങ്ങളാണ്‌. ആവശ്യമായ വളപ്രയോഗമോ ജലസേചനമോ ലഭിക്കാതെ നിൽക്കുന്ന തെങ്ങുകളിൽ ചെത്തിയൊരുക്കുന്ന പൂങ്കുലയിൽ നിന്നും മധുരനീർ ആവശ്യത്തിന്‌ ലഭിക്കാറില്ല. തെങ്ങു ചെത്തും കള്ളു വിൽപനയും കുറഞ്ഞു വരാനുള്ള കാരണങ്ങളും, മേൽ പറഞ്ഞവയാണ്‌.
അൽപം പോലും വീര്യമില്ലാത്ത ഒരു പാനീയമാണ്‌ വീട്ടുവളപ്പിലെ തെങ്ങിൽ നിന്നും നീര ടെക്നീഷ്യന്മാർ ശേഖരിക്കുന്ന നീര എന്നു ബോധ്യപ്പെട്ടാൽ തെങ്ങു ചെത്തുന്നതിലുള്ള കർഷകരുടെ വൈമനസ്യം ഇല്ലാതാവും. ലളിതവും ശാസ്ത്രീയവുമായ മാർഗ്ഗങ്ങളിലൂടെ ആറു മാസം വരെ നീര സൂക്ഷിക്കാനുമാവും. ഇരുന്നൂറോ ഇരുന്നൂറ്റമ്പതോ മില്ലിലിറ്റർ നീര ഇതരപാനീയങ്ങളെപ്പോലെ പായ്ക്ക്‌ ചെയ്ത്‌ കുപ്പികളിൽ ലഭിക്കുമെന്നു കണ്ടാൽ നമ്മുടെ സ്ത്രീകളും കുട്ടികളും വരെ വാങ്ങി കഴിക്കും. ലഭിക്കാവുന്നതിൽ വെച്ച്‌ ഏറ്റവും പോഷക സമ്പുഷ്ടമായ ഒരു പാനീയമെന്ന്‌ നീരയെ ശാസ്ത്ര ലോകം അംഗീകരിച്ചിട്ടുണ്ട്‌.
നീരയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ചക്കര (ജാഗറി) യുടെ മഹത്വം രാഷ്ട്രപിതാവായ മഹാത്മജി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ഇപ്രകാരമുണ്ടാക്കുന്ന ചക്കര നാൽപതു ഗ്രാം വീതം ദിവസേന ഉപയോഗിച്ചിരുന്നതായും അദ്ദേഹം എഴുതിയിട്ടുണ്ട്‌. നൂറ്റിപ്പന്ത്രണ്ടു വർഷം മുമ്പ്‌ - തെങ്ങും പനയുമെല്ലാം ചെത്തുന്നതിന്‌ നിയന്ത്രണം വരുന്നതിനു മുമ്പ്‌ - കേരളത്തിലെ വീട്ടമ്മമാർ ഏർപ്പെട്ടിരുന്ന ഒരു പ്രധാന കൈത്തൊഴിൽ മേഖലയായിരുന്നു ചക്കര നിർമ്മാണം. അന്നു ചക്കരയ്ക്ക്‌ കരിപ്പെട്ടി എന്ന പേരും പ്രചാരത്തിലുണ്ടായിരുന്നു. അന്ന്‌ പനയിൽ നിന്നും തെങ്ങിൽ നിന്നും കരിപ്പെട്ടി നിർമ്മാണത്തിന്‌ ശേഖരിച്ചിരുന്ന മധുരകള്ള്‌ 'അക്കാനി' എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. വൃത്തിയും വെടിപ്പുമുള്ള പാത്രങ്ങളിലാണ്‌ തൊഴിലാളികൾ അക്കാനി ശേഖരിച്ചിരുന്നത്‌. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അക്കാനിയും കരിപ്പെട്ടിയും ഉത്പാദിപ്പിച്ചിരുന്നു. ഏറെപ്പേർക്കു തൊഴിൽ ലഭിച്ചിരുന്ന ഗ്രാമീണ വ്യവസായമായും വികസിച്ചിരുന്നു. എന്നാൽ വർദ്ധിച്ചു വന്ന മദ്യാസക്തി ലഹരിക്കുവേണ്ടി കള്ളിന്റെയും ചാരായത്തിന്റെയും പിന്നാലെയായി. നമ്മുടെ നിയമങ്ങളും അവയ്ക്കു പരിരക്ഷ നൽകി. സ്വാതന്ത്ര്യസമര ഘട്ടത്തിൽ അക്കാനിയിൽ നിന്ന്‌ ചക്കര നിർമ്മാണ വ്യവസായത്തെ പുനരുദ്ധരിക്കാൻ ഗാന്ധിജി പല ശ്രമങ്ങളും നടത്തിയതായി ചരിത്രത്തിൽ സൊ‍ാചനയുണ്ട്‌. ഈ വസ്തുതകൾ മനസ്സിലാക്കുമ്പോൾ ഇന്നു നീര ഉത്പാദിപ്പിക്കാനും നീരയിൽ നിന്നും മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കാനും ലൈസൻസ്‌ നാളികേര ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ലഭിച്ചതു ഒട്ടും നിസ്സാര കാര്യമല്ല. അതിനു വേണ്ടി ഏറ്റവുമധികം സഹായിച്ചിട്ടുള്ള നാളികേര വികസന ബോർഡ്‌ ഒരു ചരിത്രദൗത്യമാണ്‌ നിർവ്വഹിച്ചിരിക്കുന്നത്‌.
നീരയ്ക്ക്‌ അംഗീകാരവും, ശാസ്ത്രീയമായി നീര ഉത്പാദിപ്പിക്കാൻ പഠിച്ചിറങ്ങുന്ന ടെക്നീഷ്യന്മാരും മാത്രം പോര ഉത്പാദനത്തിനാവശ്യമായ തെങ്ങുകളും ഉണ്ടാവണം. നാളികേര ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും നീരയ്ക്കു പറ്റിയ തെങ്ങിനങ്ങളുടെ നഴ്സറികൾ ആരംഭിക്കണം. ഇക്കാര്യത്തിൽ നാളികേര വികസന ബോർഡിന്റെ സഹായങ്ങളും ലഭിക്കും. കുറിയയിനങ്ങളും നെടിയയിനങ്ങളും സങ്കരയിനങ്ങളുമെല്ലാം നീര ഉത്പാദിപ്പിക്കാൻ പറ്റിയവയാണ്‌. നല്ല പരിചരണങ്ങൾ നൽകി വളർത്തിയാൽ കുറിയയിനങ്ങളും സങ്കരയിനങ്ങളും 3 - 4 വർഷത്തിനുള്ളിലും, നെടിയയിനങ്ങൾ 6 - 7 വർഷത്തിനുള്ളിലും നീര ഉത്പാദിപ്പിക്കാൻ പാകമാകും. തൈകളുടെ അകലം, നടുന്ന കുഴി, നടാൻ തെരഞ്ഞെടുക്കുന്ന തൈകളുടെ ഗുണമേന്മ, കരുത്ത്‌, ചേർക്കേണ്ട അടിവളം, തുടർന്നു ചെയ്യേണ്ട മേൽ വളങ്ങൾ, ജലസേചനം, കീടരോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയവ ജാഗ്രതയോടെ പാലിച്ചാൽ മാത്രമേ നല്ല പരിചരണമാവൂ. നിലവിലുള്ള തെങ്ങുകളുടെ കാര്യത്തിൽ പോലും നമ്മുടെ പരിചരണം ഒട്ടും ആശാവഹമല്ലെന്ന്‌ തിരിച്ചറിയണം. നാളികേര വികസന ബോർഡിന്റെ വിവിധ പദ്ധതികളിലൂടെ വളങ്ങളും മറ്റും നൽകുന്നത്‌ കൃത്യമായി ഉപയോഗിച്ചു തുടങ്ങിയ കുറേപ്പേർ ഇക്കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്
ട്‌.
നാളികേരത്തിന്റെ വിലയിൽ വന്ന അപ്രതീക്ഷിത വർദ്ധനവുമൂലം തെങ്ങിനെ സംരക്ഷിക്കാൻ തയ്യാറാകുന്ന കർഷകരുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ട്‌. യഥാസമയം വിളവെടുക്കാനും സംരക്ഷിക്കാനും പരിശീലനം നേടിയ ചങ്ങാതിമാർ ഉണ്ടായതും കർഷകർക്ക്‌ ആശ്വാസകരമാണ്‌. ഇപ്പോൾതന്നെ നീര ഉത്പാദിപ്പിക്കുന്നതിൽ പരീക്ഷണങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്നത്‌ ആറുമാസം നീര ഉത്പാദനവും ആറുമാസം നാളികേരം ഉത്പാദനവുമായി ക്രമീകരിക്കണമെന്നാണ്‌. നീരയും കരിക്കും ഉത്പാദനം തുടങ്ങിയാൽ കൊപ്ര, കയർ വ്യവസായങ്ങൾ തകരുമെന്ന്‌ ആശങ്കപ്പെടുന്നവർക്ക്‌ മറുപടിയാണ്‌ മുകളിൽ പറഞ്ഞ നിർദ്ദേശം. തെങ്ങിന്റെ പരിചരണവും മരുന്നു വയ്ക്കലുമെല്ലാം പഠിച്ചവരാണ്‌ നീര ടെക്നീഷ്യന്മാർ. രണ്ടു നേരം തെങ്ങിൽ കയറി ഓരോ ഓലമടലുമായി നിത്യ സമ്പർക്കം പുലർത്തുന്ന ടെക്നീഷ്യന്മാർക്ക്‌ യഥാസമയം കീടരോഗങ്ങൾ കണ്ടെത്താനും പ്രതിരോധപ്രവർത്തനങ്ങൾ നടത്താനുമാകും. എല്ലാം കണക്കിലെടുത്തു മുന്നേറാൻ കേര കർഷകരും താങ്ങും തണലുമായി ഉത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും ഉത്പാദക കമ്പനിയും പ്രവർത്തിക്കണം. അപ്പോൾ, തെങ്ങിന്റെ രക്ഷയ്ക്ക്‌ നീര ഒരു സങ്കൽപമല്ല തികച്ചും യാഥാർത്ഥ്യമാവും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?