19 Jul 2014

ആദായം സുസ്ഥിരമാക്കാൻ സംയോജിത നാളികേര കൃഷി


ടി. കെ. ജോസ്‌  ഐ എ എസ്

ചെയർമാൻ,നാളികേര വികസന ബോർഡ്

നാളികേരത്തിന്‌ ഭേദപ്പെട്ട വില നിലവിലുള്ള സാഹചര്യത്തിൽ കേരകർഷകർക്ക്‌ ലഭിക്കുന്ന വരുമാനം മെച്ചപ്പെടുത്തുന്നതിനും വരുമാനസ്ഥിരത ഉറപ്പ്‌ വരുത്തുന്നതിനും വേണ്ട കാര്യങ്ങളെക്കുറിച്ച്‌ ചർച്ച ചെയ്യുകയാണ്‌ ഈ ലക്കം ഇന്ത്യൻ നാളികേര ജേണൽ. നാളികേര മൂല്യവർദ്ധനവിനുവേണ്ടി കർഷകർ ഏറ്റെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌ മുൻലക്കങ്ങളിൽ ചർച്ച ചെയ്യുകയുണ്ടായി. തെങ്ങുകൃഷിയിൽ വളരെ പ്രാധാന്യമുള്ളതും നമ്മുടെ മികച്ച കർഷകർക്ക്‌ അറിവുള്ളതമായ സംയോജിത നാളികേരകൃഷി  വരുമാന സ്ഥിരത നേടുന്നതിനുള്ള മുഖ്യ ഉപാധികളിൽ ഒന്നായി കാണുന്നു. അത്‌ വ്യാപകമാക്കേണ്ടത്‌ ആവശ്യമാണ്‌. ലഭ്യമായ ഭൂമിയുടെ വിസ്തൃതി വർദ്ധിക്കുന്നില്ല.  തലമുറ തോറും  കൈവശമുള്ള ഭൂമി വിഭജിക്കപ്പെടുകയും  ആളോഹരി കൃഷി ഭൂമിയുടെ ലഭ്യത ചുരുങ്ങി വരുകയും ചെയ്യുന്നു. അതിനാൽ കൈവശമുള്ള ഭൂമിയിൽ നിന്ന്‌ പരമാവധി വരുമാനം നേടുന്നതിന്‌ ഉതകുന്ന രീതികളും സംവിധാനങ്ങളും അവലംബിച്ചെങ്കിൽ മാത്രമേ തെങ്ങുകൃഷി  ആദായകരമാവൂ. ഭൂമി വാങ്ങി കൃഷി ആരംഭിക്കാൻ ഇന്ന്‌ കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനത്തും കർഷകർക്ക്‌ സാധിക്കാത്ത സാഹചര്യമാണ്‌. തങ്ങളുടെ നിലവിലുള്ള കൃഷിഭൂമിയിൽ നിന്നു ലഭിക്കുന്ന വരുമാനമിച്ചം കൊണ്ട്‌ കൂടുതൽ കൃഷിഭൂമി വാങ്ങാൻ കഴിയുന്ന ഒരു വിളയും നിലവിൽ ഇല്ല എന്നുള്ളതാണ്‌ വാസ്തവം. മറ്റ്‌ മേഖലകളിൽ നിന്ന്‌ പണം സ്വരൂപിച്ച്‌ കൊണ്ടുവന്ന്‌ ഭൂമി വാങ്ങി കാർഷിക വൃത്തിയിലേക്ക്‌ വരുന്നവരുടെ അംഗസംഖ്യയും കുറഞ്ഞുവരുന്നു. ഇതര ധനാഗമ മാർഗ്ഗങ്ങൾ ഉള്ളവർ കഴിയുന്നത്ര  കൃഷിയെ അവഗണിക്കുന്ന കാലഘട്ടം കൂടിയാണിത്‌. ഉയരുന്ന ഉത്പാദനച്ചെലവ്‌, വിലയിലെ വൻ വ്യതിയാനങ്ങൾ, ലാഭക്ഷമമല്ലാത്ത വിപണി, ലാഭപ്രതീക്ഷയില്ലാത്ത വിളകൾ ഇതൊക്കെക്കൂടി ചേരുമ്പോൾ ഭൂമി വാങ്ങി കൃഷിയിൽ മുതൽമുടക്കാൻ തയ്യാറുള്ളവർ വിരളം. തൊഴിലാളികളുടെ ലഭ്യതക്കുറവും കാലാവസ്ഥാ വ്യതിയാനങ്ങളുമൊക്കെ ഇതിന്‌ ആക്കം കൂട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ്‌ നാളികേര കൃഷിയുടെ മേഖലയിൽ ഇടവിളകൾ എന്ന ആശയത്തെ കാലാനുസൃതമായി നാം നോക്കികാണേണ്ടത്‌. ഇത്‌ സംബന്ധിച്ച്‌ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും അനുഭവ സമ്പന്നരായ കർഷകരുടെ   ആശയങ്ങളും ഒരുമിച്ച്‌ പങ്കുവെയ്ക്കുക എന്നതാണ്‌ ഈ ലക്കത്തിന്റെ ഉദ്ദേശ്യം.


മറ്റേത്‌ തോട്ടവിളകളേയും അപേക്ഷിച്ച്‌ നാളികേര കൃഷിയിൽ  ഇടവിളകൾക്കും സംയോജിത കൃഷിക്കുമുള്ള സാദ്ധ്യതകൾ കൂടുതലാണ്‌. ഒരേക്കറിൽ വളരുന്ന ശരാശരി 70 തെങ്ങുകളുടെ പുതുവേരുകളിൽ 90 ശതമാനവും അവയുടെ ചുവട്ടിൽ നിന്ന്‌ 2 മീറ്റർ വ്യാസാർദ്ധത്തിനുള്ളിലാണ്‌ സ്ഥിതി ചെയ്യുക. ഇത്‌ കണക്കാക്കുമ്പോൾ കൃഷിഭൂമിയുടെ 22 ശതമാനം സ്ഥലം മാത്രമേ തെങ്ങുകൾ ഉപയോഗിക്കുന്നുള്ളൂ.  അതുപോലെ തന്നെ കൃഷിഭൂമിയിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ കേവലം 40 ശതമാനത്തിൽ താഴെയും ഉപയോഗപ്രദമായ ജലത്തിന്റെ 20 ശതമാനത്തിൽ താഴെയും മാത്രമേ തെങ്ങിന്‌ ആവശ്യമുള്ളൂ. മണ്ണ്‌, സൂര്യപ്രകാശം,ജലം എന്നീ മൂന്ന്‌ അടിസ്ഥാന ഘടകങ്ങൾ ഇത്രയധികം മിച്ചമുള്ള തെങ്ങിൻ തോട്ടത്തിൽ ദീർഘകാല - ഹ്രസ്വകാല ഇടവിളകളും വാർഷിക, സീസണൽ ഇടവിളകളും ഒരേപോലെ കൃഷി ചെയ്യാവുന്ന ബഹുതല ബഹുവിള സമ്പ്രദായം അവലംബിക്കുന്ന നിരവധി കർഷകർ ഇന്നുണ്ട്‌.  നാളികേര വികസന ബോർഡും കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനവും കാർഷിക സർവ്വകലാശാലയും ഇത്തരം കാര്യങ്ങളിൽ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്‌. വളരെ അനുകൂല ഫലമാണ്‌ സംയോജിത കൃഷി രീതിയിലൂടെ കർഷകർക്ക്‌ ലഭ്യമാകുന്നത്‌ എന്നാണ്‌ ഈ പഠനങ്ങളിൽ തെളിയിച്ചിട്ടുള്ളത്‌. നല്ലപങ്ക്‌ കേരകർഷകരും ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര താൽപര്യം എടുക്കാത്തതിന്റെ കാരണമെന്ത്‌? പ്രദർശന കൃഷിയിടം പോലുള്ള പദ്ധതികളിലൂടെ മാതൃക കൃഷിത്തോട്ടങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുക്കുന്ന രീതി നാളികേര വികസന ബോർഡ്‌ നടപ്പാക്കിയിട്ടുണ്ട്‌. സംസ്ഥാന കൃഷി വകുപ്പും ഇതിന്‌ മുൻകൈ എടുത്തിട്ടുണ്ട്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിലും ഇത്തരം പദ്ധതികൾ കാണുന്നു. പക്ഷേ ഇത്‌ പ്രവൃത്തി പഥത്തിലേക്ക്‌ കൊണ്ടുവന്ന്‌ വിജയം കാണുന്നതിന്‌ നമുക്ക്‌ ഇനിയും കൂട്ടായി യത്നിക്കേണ്ടിയിരിക്കുന്നു.
നാളികേര വികസന ബോർഡിന്റെയും കേന്ദ്ര, സംസ്ഥാന, തദ്ദേശ ഗവണ്‍മന്റുകളുടെയും പദ്ധതികൾ തെങ്ങുകൃഷിയിടങ്ങളിലേക്ക്‌ ഏകോപിപ്പിച്ചാൽ തെങ്ങുകർഷകർക്ക്‌ മാത്രമല്ല സംസ്ഥാനത്തിനും പച്ചക്കറി,ഫലവർഗ്ഗങ്ങൾ, ക്ഷീരോത്പാദനം എന്നീ രംഗങ്ങളിൽ കുറവ്‌ അനുഭവിക്കുന്ന കേരള സമൂഹത്തിനും വലിയ അനുഗ്രഹമായിരിക്കും. ബഹുവിള രീതിയിൽ കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ ഒരുപക്ഷേ നാളികേരവില കുറഞ്ഞാലും മറ്റുൽപന്നങ്ങളിൽ നിന്നും ലഭിക്കുന്ന ആദായം കർഷകരെ സംബന്ധിച്ചിടത്തോളം സ്ഥിരവരുമാനത്തിന്റെ ഘട്ടത്തിലേക്ക്‌ കടക്കുന്നതിന്‌ സഹായകരമാണ്‌.  തമിഴ്‌നാട്ടിലെ നിരവധി കർഷകർ മാതൃക കൃഷിയിട പദ്ധതി പ്രകാരം തെങ്ങിന്‌ ഇടവിളയായി ജാതിയും കൊക്കോയും കൃഷി ചെയ്യുകയുണ്ടായി. വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്തരം ഇടവിളക്കൃഷിയെ പ്രോത്സാഹിപ്പിച്ചപ്പോൾ  പൊള്ളാച്ചിയിലും ഉടുമൽപേട്ടയിലുമുള്ള കർഷകർ പോലും സംശയത്തോടെയാണ്‌ അതിനെക്കണ്ടിരുന്നത്‌. തെങ്ങിന്റെ ഉത്പാദനം അത്രയും കുറഞ്ഞുപോകില്ലേ എന്നതായിരുന്നു അവരുടെ ആശങ്ക. പക്ഷേ, 2013ൽ നിരവധി കർഷകർ  നാളികേര വികസന ബോർഡിൽ നേരിട്ടെത്തി, തങ്ങളുടെ തോട്ടത്തിൽ തെങ്ങിൽ നിന്നുള്ള വരുമാനത്തിന്റെ രണ്ടും മൂന്നും മടങ്ങ്‌ ജാതിയിൽ നിന്നും രണ്ട്‌ മടങ്ങുവരെ കൊക്കോയിൽ നിന്നും വരുമാനം ലഭിച്ചു എന്ന സാക്ഷ്യം നൽകുകയുണ്ടായി. 2013 എന്നത്‌ നാളികേരത്തിന്‌ ഏറ്റവും വിലയിടിഞ്ഞ കാലവും ആഗോളതലത്തിലും ഇന്ത്യയിലും ജാതിക്കക്ക്‌ ഏറ്റവും മികച്ച വില ലഭിച്ച കാലവും കൊക്കോയ്ക്ക്‌ കഴിഞ്ഞ 10 വർഷമായി സ്ഥിരവിലയുള്ള കാലവുമായിരുന്നു. മൂന്ന്‌ പ്രധാന വിളകളിൽ ഒന്നിന്‌ ബംമ്പർ വിലയും  മറ്റൊന്നിന്‌ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വിലയും മറ്റൊന്നിന്‌ സ്ഥിരവിലയും ലഭിക്കുന്നു. മൊത്തത്തിൽ തരക്കേടില്ലാത്ത ആദായം. ഇതിനിടയിൽ പൈനാപ്പിളും പച്ചക്കറികളും പുൽകൃഷിയും  കൂടി ചെയ്യുന്ന കർഷകരുമുണ്ട്‌. ക്ഷീരവികസനത്തിനുവേണ്ടി പുൽക്കൃഷി നടത്തുന്നതിനാൽ  ഉപോൽപന്നമായ ബയോഗ്യാസ്‌ സ്ലറി ഉപയോഗിച്ച്‌  മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിച്ച്‌ അടുത്തപടിയായി ജൈവകൃഷിയിലേക്ക്‌ തിരിയുകയും ചെയ്ത  കേരകർഷകർ കേരളത്തിലും ധാരാളമുണ്ട്‌.
ബഹുവിള സംയോജിത കൃഷി എന്നാൽ മണ്ണും സൂര്യപ്രകാശവും ജലവും പരമാവധി ഉപയോഗപ്പെടുത്തി കർഷകർക്കും മണ്ണിനും വിളകൾക്കും അനുകൂലമായ  വ്യവസ്ഥ രൂപപ്പെടുത്തുക എന്നതാണ്‌. മിശ്ര വിള, ബഹുവിള രീതി പൈന്തുടരുന്ന തെങ്ങിൻതോട്ടത്തിൽ സ്വഭാവികമായും ഏകവിള സമ്പ്രദായത്തിൽ തെങ്ങുകൃഷി ചെയ്യുന്നതിനേക്കാൾ മണ്ണിന്റെ ഫലപുഷ്ടിയും ജൈവസാന്നിദ്ധ്യവും വിളലഭ്യതയും കൂടുന്നതായി കാണുന്നുണ്ട്‌.  ചെറുകിട നാമമാത്ര കർഷകരും ചിന്നിച്ചിതറിക്കിടക്കുന്ന  തെങ്ങിൻ തോപ്പുകളുമാണ്‌ കേരളത്തിലെ തെങ്ങുകൃഷിയുടെ ചിത്രം. അതുകൊണ്ട്‌ മറ്റ്‌ വിളകൾ ഇടവിളയായി കൃഷി ചെയ്യുന്നതിനെക്കുറിച്ച്‌ നമുക്ക്‌ ചിന്തിക്കുവാൻ സാധിച്ചിരുന്നില്ല.  ചില കർഷക കൂട്ടായ്മകളുടെ യോഗത്തിൽ അവരുടെ സ്ഥലത്ത്‌ തെങ്ങിനേക്കാൾ കൂടുതൽ വിഷക്കായകൾ വളരുന്ന ചെടികൾ വളരുന്നതെന്ത്‌ എന്ന്‌ ചോദിച്ചപ്പോൾ നഞ്ച്‌ കലക്കുവാൻ കായലുകളിലും പുഴയിറമ്പുകളിലും ഇതിന്‌ ആവശ്യമുണ്ട്‌ എന്ന ആലസ്യത്തോടെയുള്ള മറുപടിയാണ്‌ ലഭിച്ചതു. കൈവശമിരിക്കുന്ന ഭൂമിയുടെ യഥാർത്ഥമൂല്യവും അതിൽ നിന്ന്‌ ലഭ്യമാക്കാവുന്ന യഥാർത്ഥവരുമാനവും പലരും അറിയുന്നില്ല. ഇവിടെയാണ്‌ നമ്മുടെ തൃത്താല കർഷക കൂട്ടായ്മകൾ മുഖ്യപങ്ക്‌ വഹിക്കേണ്ടത്‌.  2014 വർഷം കേന്ദ്രസർക്കാർ ഇയർ ഓഫ്‌ ഫാർമർ പ്രോഡ്യൂസേഴ്സ്‌  ഓർഗനൈസേഷൻ - കർഷകരുടെ കൂട്ടായ്മകളുടെ വർഷം - ആയി ആചരിക്കുമ്പോൾ ഏറ്റവും ഉചിതമായി കേരകർഷകർക്ക്‌ ഏറ്റെടുക്കാവുന്ന വിഷയമാണ്‌ കൂട്ടായ്മകളിലൂടെ  പരമാവധി സംയോജിത നാളികേര കൃഷി പ്രോത്സാഹിപ്പിക്കുക എന്നുള്ളത്‌.
 ഇതിനുള്ള മാതൃകകൾ ഓരോ ജില്ലയിലും  നാളികേരോത്പാദക സംഘങ്ങളും  ഫെഡറേഷനുകളും കണ്ടെത്തുകയും അവരെ സമൂഹത്തിന്‌ പരിചയപ്പെടുത്തുകയും വേണം. ഈ തോട്ടങ്ങളിലെ പ്രായോഗിക അനുഭവങ്ങൾ മറ്റുള്ളവർക്കും പ്രചോദനമാകണം. ഇത്തരം അഞ്ചോ പത്തോ മാതൃകകൾ ഓരോ ജില്ലയിലും നമുക്ക്‌ ഉണ്ടാവണം. കേരളത്തിൽ ദൗർലഭ്യം നേരിടുന്ന പച്ചക്കറിയിനങ്ങളും, പാലും ഉത്പാദിപ്പിക്കുന്നതിന്‌ തെങ്ങിൻതോപ്പുകൾ ഒരു പരീക്ഷണശാലയായി മറ്റിക്കൂടെ? നിലവിൽ തെങ്ങുകൃഷി ചെയ്യുന്ന ഭൂമിയുടെ നാലിലൊന്നെങ്കിലും ഇടവിളയായി പച്ചക്കറികൾക്കായി മാറ്റിവെയ്ക്കാൻ കഴിഞ്ഞാൽ, കുറെ സ്ഥലത്തെങ്കിലും  കൊക്കൊയും ഇടവിളയായി കൃഷി ചെയ്യാൻ കഴിഞ്ഞാൽ, തീറ്റപ്പുൽ വളർത്തുന്നതിൽ അൽപ്പം കൂടി ശ്രദ്ധകൊടുക്കുവാൻ കഴിഞ്ഞാൽ, നമ്മുടെ ഗ്രാമീണ സമ്പട്‌ ഘടന വളരുക മാത്രമല്ല, സുരക്ഷിതമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും നമുക്കിവിടെ ലഭ്യമാക്കാനും കഴിയും. തനിയെ ശ്രമിച്ചാൽ അതു വിഷമമാണ്‌. പക്ഷേ, കർഷക കൂട്ടായ്മകൾക്ക്‌ മുൻകൂട്ടി ആസുത്രണം ചെയ്ത്‌ തയ്യാറെടുത്ത്‌ വിത്തുകൾ ശേഖരിച്ച്‌ വിഎഫ്പിസികെ, ഹോർട്ടികോർപ്പ്‌ തുടങ്ങിയ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന്‌  വിൽപനയ്ക്കുകൂടിയുള്ള സംവിധാനം ആവിഷ്ക്കരിച്ചാൽ കൂടുതൽ ഗുണകരമാവും എന്നതിൽ സംശയമില്ല. പലപ്പോഴും കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി ചെയ്യുന്നതിലല്ല, മറിച്ച്‌ വിപണനം നടത്തുന്നതിലാണ്‌  പരാജയം സഭവിക്കുന്നത്‌.  വിപണിയുടെ ചാഞ്ചാട്ടങ്ങളിൽ അവർക്ക്‌ പലപ്പോഴും ലാഭകരവും ന്യായവുമായ വില ലഭിക്കാറുമില്ല.  മുൻകൂട്ടി ആസൂത്രണം ചെയ്ത്‌ സമയബന്ധിതമായി വിളവെടുത്താൽ വിലകുറഞ്ഞ അവസരങ്ങളിൽ വിളയുടെ ലഭ്യത കുറച്ച്‌ വർഷം മുഴുവൻ മികച്ച വില ലഭിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കുവാൻ കഴിയും. പരസ്പരം ആലോചിച്ച്‌ ആസൂത്രണം ചെയ്ത്‌ ഇന്നത്തെ ആധുനിക കാർഷിക സങ്കേതങ്ങളും വിവരസാങ്കേതിക വിദ്യയും  പ്രയോജനപ്പെടുത്തി കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും ഉത്പാദിപ്പിക്കുവാൻ കഴിയുന്ന പച്ചക്കറികളും അവയുടെ അളവും കൃത്യമായി പ്രവചിക്കാൻ പോലും സാധിക്കും. ഈ രംഗത്ത്‌ നമ്മുടെ ഉത്പാദക കമ്പനികൾക്കും ഫെഡറേഷനുകൾക്കും സംഘങ്ങൾക്കും വലിയൊരു പങ്ക്‌ ഉണ്ട്‌. വിലസ്ഥിരതയ്ക്കും വരുമാനസ്ഥിരതയ്ക്കുമുള്ള മാർഗ്ഗങ്ങളിലൊന്നായി ഇത്തരം ഇടവിള കൃഷിയെ നമുക്ക്‌ കാണുവാൻ കഴിയണം. ഇതിനു വേണ്ടത്‌ മികച്ചയിനം വിത്തുകളും തൈകളുമാണ്‌. നമ്മുടെ ഉത്പാദക സംഘങ്ങളും ഫെഡറേഷനുകളും മികച്ച തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച്‌ ചർച്ച ചെയ്തിരുന്നു. അത്തരം നഴ്സറികളിൽ ഇടവിളക്കൃഷിക്കും സംയോജിതകൃഷിക്കും ആവശ്യമായ മറ്റ്‌ നടീൽവസ്തുക്കൾ കൂടി ഉത്പാദിപ്പിക്കാൻ കഴിഞ്ഞാലോ? അതും വരുമാനമാർഗ്ഗമായി നമ്മുടെകർഷക കൂട്ടായ്മകൾക്ക്‌ മാറ്റിയെടുക്കുവാൻ സാധിക്കില്ലേ?


 നാളികേര മേഖലയിൽ ഗുണമേന്മ കൂടിയ, ഉത്പാദനക്ഷമത (ഉത്പാദനക്ഷമതയെന്നാൽ കേവലം നാളികേരത്തിന്റെ മാത്രമല്ല കരിക്കിന്റെ ഉത്പാദനവും നീരയുടെ ഉത്പാദനവും ഒരുപോലെ) വർദ്ധിപ്പിക്കാൻ കഴിയുന്ന മികച്ചയിനം തെങ്ങിൻ തൈകളുടെ ഉത്പാദനം വളരെ പരിമിതമാണിന്ന്‌. കാൽനൂറ്റാണ്ടായി തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിന്‌ ടിഷ്യുകൾച്ചർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങൾ ചെറിയ തോതിൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ വലിയ മുന്നേറ്റം സാദ്ധ്യമായിട്ടില്ല. നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ സിപിസിആർഐ, ഐസിഎആർ, ഡിപ്പാർട്ടുമന്റ്‌ ഓഫ്‌ ബയോടെക്നോളജി (ഡിബിടി) ആകഞ്ഞഅഇ എന്നീ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ട്‌ ഈ മേഖലയിൽ നാമൊരു വലിയ മുന്നേറ്റം സൃഷ്ടിക്കേണ്ടതുണ്ട്‌ എന്ന കാര്യത്തിൽ സംശയമില്ല. തീർച്ചയായും ഇക്കാര്യത്തിലും നാളികേര വികസന ബോർഡ്‌ മുൻകൈ എടുക്കുകയാണ്‌. ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച്‌ അസിസ്റ്റന്റ്‌ കൗൺസിൽ  (ആകഞ്ഞഅഇ) ഡിപ്പാർട്ടുമന്റ്‌ ഓഫ്‌ ബയോടെക്നോളജി എന്നിവ ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യവികസിപ്പിക്കുന്നതിന്‌ കർഷകർക്കും കർഷക കൂട്ടായ്മകൾക്കും വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കുപോലും ഇപ്പോൾ സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്‌. നമ്മുടെ അടുത്ത അഞ്ച്‌ വർഷക്കാലത്തെ ലക്ഷ്യം ലോകത്തിൽ ലഭ്യമായ ഏറ്റവും മികച്ച ടിഷ്യുകൾച്ചർ സാങ്കേതിക വിദ്യയിലൂടെ ഏറ്റവും മികച്ച തെങ്ങിൽ നിന്ന്‌ അതിന്റെ സമാനഗുണങ്ങളുള്ള  ലക്ഷക്കണക്കിന്‌ തൈകൾ ഉത്പാദിപ്പിക്കുവാൻ കഴിയുമോ എന്നതാണ്‌. തെങ്ങിന്റെ ചങ്ങാതിക്കൂട്ടവും ഉത്പാദക കൂട്ടായ്മകളും നീരയ്ക്കുവേണ്ടി നാം ഏറ്റെടുത്ത പ്രവർത്തനങ്ങളും പോലെ തന്നെ  ടിഷ്യുകൾച്ചർ തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള പരിശ്രമവും നാളികേര ബോർഡ്‌ മുന്നോട്ടുവെയ്ക്കുകയാണ്‌. ഇത്തരത്തിലുള്ള തെങ്ങിൻ തൈകൾ നാളികേര കൃഷിക്കു മാത്രമല്ല, നാടിന്റെ സമ്പട്‌ വ്യവസ്ഥയ്ക്കും വലിയൊരു വാഗ്ദാനമായിരിക്കും.
സംയോജിത നാളികേര കൃഷിയുടെ അടുത്തപടിയാണ്‌ സുരക്ഷിത ഭക്ഷണവും, പരിസ്ഥിതി സൗഹൃദ കൃഷിയും  ഈ രണ്ട്‌ മേഖലകളിലും നമ്മുടെ കർഷക കൂട്ടായ്മകൾ വേണ്ടത്ര ശ്രദ്ധ ചെലുത്തി മുന്നേറണമെന്ന്‌ കൂടി അഭ്യർത്ഥിക്കുന്നു.
നാളികേര വികസന ബോർഡിന്റേയും കർഷക കൂട്ടായ്മകളുടേയും നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ കൂടി അറിയിക്കട്ടെ. നീര മാസ്റ്റർ ടെക്നീഷ്യന്മാർക്കുള്ള പരിശീലനം ആലുവയിലും കളമശ്ശേരിയിലുമായി തുടരുന്നു.  തെങ്ങിന്റെ കൂടുതൽ ചങ്ങാതിമാരെ കണ്ടെത്തി പരിശീലനം ലഭ്യമാക്കുന്നതിന്‌  ശ്രദ്ധിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. നീര ടാപ്പിംഗിന്‌  അനുമതി ലഭിച്ച 17 ഫെഡറേഷനുകളിൽ തെങ്ങിന്റെ മാർക്കിംഗ്‌ നടന്നുവരുന്നു.  ബാക്കിയുള്ള 156 ഫെഡറേഷനുകൾക്കും ലൈസൻസ്‌ നൽകുവാൻ മാർച്ച്‌ 5 ന്റെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നെങ്കിലും തെരഞ്ഞടുപ്പ്‌ പെരുമാറ്റച്ചട്ടം മൂലം സർക്കാർ ഉത്തരവ്‌ ഇറങ്ങിയിരുന്നില്ല; അതും മെയ്‌ രണ്ടാം പകുതിയോടെ ഇറങ്ങിക്കഴിഞ്ഞു. ഫെഡറേഷനുകൾ നീര ടാപ്പിംഗിനായി തെങ്ങുകൾ മാർക്ക്‌ ചെയ്യുന്ന നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 12 ഉത്പാദക കമ്പനികളും അവരുടെ പ്രോജക്ടുകൾ നാളികേര വികസന ബോർഡിൽ സമർപ്പിക്കുകയും,  ബോർഡിന്റെ ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌ പ്രോജക്ട്‌ അപ്രോ‍ാവൽ കമ്മറ്റി ഈ പദ്ധതികൾ സസൂഷ്മം പഠിച്ച്‌ അർഹതയ്ക്കനുസരിച്ചുള്ള സബ്സിഡി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്‌. കേരളത്തിൽ ആദ്യത്തെ നീര സംസ്ക്കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം കൊല്ലം ജില്ലയിലെ കൈപ്പുഴയിൽ മെയ്മാസം 19-ന്‌ നടന്നുകഴിഞ്ഞു.  മറ്റ്‌ 11 ഉത്പാദക കമ്പനികളും മത്സര ബുദ്ധിയോടെ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...