19 Jul 2014

സമ്മിശ്ര തെങ്ങുകൃഷി ആദായകരം; ആനന്ദദായകവും


രമണി ഗോപാലകൃഷ്ണൻ*, ശ്രീജിത പി. എസ്‌.**
* ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി -11
** പ്രോജക്ട്‌ മാനേജർ, സിഐടി വാഴക്കുളം

വ്യത്യസ്തത്തകളും സവിശേഷതകളും കൊണ്ട്‌ വേറിട്ടു നിൽക്കുന്ന വിളയാണ്‌ തെങ്ങ്‌. മറ്റു വിളകളുമായി ഇണങ്ങിച്ചേർന്നു വളരാനുള്ള സന്മനസ്സു തന്നെയാണ്‌ ഈ സവിശേഷതകളിൽ ഏറ്റവും മുൻപന്തിയിൽ. മറ്റു തോട്ടവിളകളായ തേയില, കാപ്പി, ഏലം, റബ്ബർ എന്നിവയ്ക്കില്ലാത്ത ഈ സവിശേഷത തെങ്ങിനെ വിളകളുടെ രാജാവാക്കുന്നു.  വളർച്ചയുടെ ഏതു ഘട്ടത്തിലും ഈ സാഹോദര്യം കാത്തുസൂക്ഷിച്ചുകൊണ്ട്‌ വിളകളുടെ സംഗമത്തിനു വേദിയൊരുക്കുന്ന തെങ്ങിൻ തോപ്പിനെ ഒരു സമത്വസുന്ദര സാമ്രാജ്യത്തിനോടല്ലേ ഉപമിക്കേണ്ടത്‌?  തെങ്ങ്‌ അടിസ്ഥാനമാക്കിയുള്ള വിള സമ്പ്രദായത്തിന്റെ ഗുണഫലങ്ങൾ അറിഞ്ഞും അനുഭവിച്ചും ഗവേഷണഫലങ്ങൾ തെളിയിച്ചും പരിചയ സമ്പന്നരാണ്‌ നമ്മൾ. നാൾക്കുനാൾ കുറഞ്ഞുവരുന്ന ഭൂവിസ്തൃതി സൃഷ്ടിക്കുന്ന ആഘാതത്തോട്‌ മനുഷ്യൻ പകരം വീട്ടുന്നത്‌ ഉത്പാദന ക്ഷമത വർദ്ധനവ്‌ എന്ന തന്ത്രത്തിലൂന്നിയാണ്‌.  വിളകളെ അടിസ്ഥാനപ്പെടുത്തിയും ഭൂമിയെ അടിസ്ഥാനപ്പെടുത്തിയുമെല്ലാം ഉത്പാദന ക്ഷമതയുടെ കണക്കെടുക്കുന്നു. ഒരു വൃക്ഷത്തിൽ നിന്നും പരമാവധി വിളവ്‌ അഥവാ തുണ്ടു ഭൂമിയിൽ നിന്നും പരമാവധി വിളവ്‌. ഈ പശ്ചാത്തലത്തിലാണ്‌ 98 ശതമാനം കൃഷി ഭൂമിയും അരയേക്കറിൽ താഴെയുള്ള കേരളത്തിലെ തെങ്ങിൻതോപ്പുകളും അവയുടെ ഉത്പാദനക്ഷമതയും ചർച്ചാവിഷയമാകുന്നത്‌.
കേരളത്തിൽ ഏകദേശം 42 ലക്ഷം കൃഷിയിടങ്ങളുണ്ടെന്നാണ്‌ കണക്ക്‌. ശരാശരി കൃഷിഭൂമി 50 സെന്റും.  8 ലക്ഷം ഹെക്ടറിൽ വ്യാപിച്ചു കിടക്കുകയാണ്‌ ഇവിടുത്തെ തെങ്ങുകൃഷി.  തെങ്ങും അധിഷ്ഠിത വിളകളുടേയും ആദായം മാത്രം ജീവിതവൃത്തിക്ക്‌ താങ്ങാകുന്ന പരശ്ശതം കുടുംബങ്ങളുണ്ടിവിടെ.  ഇതിന്‌ സുഗമമായ പാത തെളിക്കാൻ തെങ്ങിൻതോപ്പിലെ അനുകൂല സാഹചര്യം വഴിയൊരുക്കുന്നുമുണ്ട്‌.
തെങ്ങിന്റെ വളർച്ചയുടെ പ്രത്യേകതയും ശരീരഘടനയും, മേൽവിതാനവും തമ്മിലുള്ള അകലവും, ജീവിത ദൈർഘ്യവുമെല്ലാം തെങ്ങിനോടൊപ്പം സമ്മിശ്രവിളകളും സ്വീകരിക്കാൻ പ്രാപ്തമാക്കുന്നു.  എന്നാൽ ലക്കും ലഗാനുമില്ലാത്ത കൃഷിരീതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന ശാസ്ത്ര സത്യവും നമ്മുടെ മുന്നിലുണ്ട്‌. കടയ്ക്കൽ നിന്നും രണ്ടു മീറ്ററിനുള്ളിലുള്ള വേരു പടലങ്ങളുടെ കേന്ദ്രീകരണവും തെങ്ങുകൾ തമ്മിൽ 7.5 മീറ്റർ അകലവുമെല്ലാം തെങ്ങിൻ തോപ്പിൽ മണ്ണ്‌, വെള്ളം, വെളിച്ചം തുടങ്ങി എല്ലാ പ്രകൃതി വിഭവങ്ങളും പൂർണ്ണമായി വിനിയോഗിക്കപ്പെടാതെ പോകുന്ന അവസ്ഥ സംജാതമാകുന്നു. ഈ സാഹചര്യം അനുകൂല ഘടകമാക്കിയാണ്‌ ഇടവിളകൾ തെങ്ങിൻ തോപ്പിൽ സ്ഥാനം പിടിക്കുന്നത്‌. ഇത്തരം വിള മിശ്രിതത്തിന്റെ ഗുണഫലങ്ങൾ നിരവധിയാണ്‌.  മണ്ണിലെ സൂക്ഷ്മജീവികളുടെ അധികവളർച്ച, ഫലഭൂയിഷ്ഠത വർദ്ധനവ്‌, കളനിയന്ത്രണം, മുഖ്യവിളയ്ക്കു ലഭിക്കുന്ന അധിക ശ്രദ്ധ,  പ്രകൃതി വിഭവങ്ങളുടെ സൂക്ഷ്മവിനിയോഗം, വൈവിദ്ധ്യമാർന്ന ഉൽപന്ന ലഭ്യത, സാമ്പത്തിക ഭദ്രത എന്നിങ്ങനെ പോകുന്നു സംയോജിത കൃഷിരീതിയുടെ മാഹാത്മ്യം.
തെങ്ങിന്റെ വളർച്ചയുടെ മൂന്നുഘട്ടങ്ങളിലും അതായത്‌ കായ്ക്കുന്നതിനുമുള്ള അഞ്ചു വർഷക്കാലവും (കുറിയയിനങ്ങൾക്കിത്‌ മൂന്നുവർഷമാണ്‌) 5 വർഷത്തിനും 20 വർഷത്തിനുമിടയിലുള്ള ചെറുപ്രായവും 20 വർഷത്തിനുശേഷമുള്ള പ്രായപൂർത്തിയായ ഘട്ടത്തിലും നാണാത്തരം ഇടവിളകൾ കൃഷി ചെയ്യാം. ഇതിൽ ഓലയുടെ വിതാനം തറനിരപ്പിൽ കൂടുതൽ വ്യാപിച്ചു കിടക്കുന്ന ഇളം പ്രായത്തിൽ മാത്രമാണ്‌ ഇടവിളകൾ തെരഞ്ഞെടുക്കുന്നതിൽ പരിമിതികളുള്ളത്‌. 
കിഴങ്ങുവർഗ്ഗങ്ങൾ, സുഗന്ധ വ്യഞ്ജനവിളകൾ,  പയറുവർഗ്ഗങ്ങൾ എണ്ണക്കുരുവിളകൾ, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ, ദീർഘകാല സുഗന്ധവിളകൾ എന്നിങ്ങനെ എല്ലാ ഇനത്തിലും പെട്ട വിളകൾ തെങ്ങിൻ തോപ്പിന്‌ അനുയോജ്യമാണെന്നാണ്‌ തെങ്ങ്‌ അടിസ്ഥാന കൃഷി രീതികൾക്ക്‌ പ്രാമുഖ്യമേറാൻ കാരണം.


ചെറിയ ഭൂമിയിൽ നിന്ന്‌ വലിയ ആദായം
എറണാകുളം വളയൻചിറങ്ങര കരിഞ്ഞനംകുടത്ത്‌ വീട്ടിൽ അരവിന്ദൻ വെറും 58 സെന്റ്‌ തെങ്ങിൻതോപ്പിലെ ആദായംകൊണ്ട്‌ കാർഷിക വൃത്തിക്ക്‌ പുതിയ മാനം നൽകുകയാണ്‌.  തന്റെ കൃഷിയിടത്തിൽ വിളകളെ എങ്ങനെ സമന്വയിപ്പിക്കാമെന്ന്‌ കാട്ടിക്കൊടുക്കുകയാണ്‌ അരവിന്ദൻ. കുടുംബത്തിന്റെ എല്ലാ ചിലവും കഴിഞ്ഞ്‌ വർഷം തോറും ഒരു ലക്ഷത്തിലധികം മിച്ചം വയ്ക്കുന്ന അരവിന്ദൻ തന്റെ കൃഷിയിടത്തിൽ ദീർഘകാല വിളകളും ഹ്രസ്വകാല വിളകളും പരീക്ഷിച്ചിരിക്കുന്നു. ജാതിയും കുരുമുളകും ആദ്യത്തെ വിഭാഗത്തിലും ഇഞ്ചി, മഞ്ഞൾ, പാവൽ, പയർ, ചേമ്പ്‌, ചേന എന്നിങ്ങനെയുള്ള വിളകൾ രണ്ടാമത്തെ വിഭാഗത്തിലും ഉൾപെടുന്നു.
വളക്കൂറുള്ള ചുവപ്പ്‌ മണൽ കലർന്ന പശിമരാശി മണ്ണ്‌  അരവിന്ദന്റെ തെങ്ങിൻ തോപ്പിലെ അടിസ്ഥാന അനുകൂലഘടകമാണ്‌.  25 തെങ്ങുകളാണ്‌ മേൽപ്പറഞ്ഞ ഇടവിളകൾ ഉൾക്കൊള്ളുന്ന പുരയിടത്തിലെ അടിസ്ഥാന വിള. ശരാശരി 84 നാളികേരമാണ്‌ ഈ തോട്ടത്തിലെ വാർഷിക ഉത്പാദനക്ഷമത.  വർഷത്തിൽ 2100 ലധികം നാളികേരം വിളവെടുക്കുന്ന അരവിന്ദൻ ഇത്‌ ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്‌. തേങ്ങയ്ക്കു ഇന്നു ലഭിക്കുന്ന മുന്തിയ വിലതന്നെ ഈ ഉത്സാഹത്തിനു കാരണം.  "സ്ഥിരമായി അനുഭവങ്ങൾ പങ്കുവയ്ക്കുകയും സെമിനാറിലും ചർച്ചകളിലും പങ്കെടുക്കുകയും ചെയ്യുന്ന ആളാണ്‌ ഞാൻ. തേങ്ങയൊഴിച്ചുള്ള ഭാഗങ്ങളെല്ലാം തെങ്ങിനു തന്നെ തിരികെ നൽകണകമെന്ന തത്വം മലപ്പുറത്തെ ഒരു കർഷകനിൽ നിന്നും ലഭിച്ച അറിവാണ്‌.  ഇതു ഞാൻ അക്ഷരം പ്രതി പാലിക്കുന്നു. തേങ്ങയൊഴികെയുള്ള തൊണ്ട്‌, ഓല, കൊതുമ്പ്‌ ഇവയെല്ലാം തെങ്ങിൻ തടത്തിൽ പുതയിടുകയാണ്‌ പതിവ്‌. എന്നിരുന്നാലും രാസവളപ്രയോഗത്തിനും അമാന്തിക്കാറില്ല. ശരാശരി വളപ്രയോഗത്തിനു ശുപാർശ ചെയ്യുന്ന എൻ.പി.കെ വളങ്ങളും കുമ്മായവുമെല്ലാം യഥാസമയം തടം തുറന്ന്‌ ഇടുകയും കാലവർഷത്തിനുമുൻപ്‌ തടം മൂടുകയും ചെയ്യും." 10-15 കിലോ മണ്ണിര കമ്പോസ്റ്റിനു പുറമെ ഒരു കിലോ കുമ്മായവും ഒന്നര കിലോ ഫാക്ടംഫോസും ഒരു കിലോ പൊട്ടാസും അര കിലോ മഗ്നീഷ്യം സൾഫേറ്റും തെങ്ങോന്നിന്‌ നൽകാറുണ്ട്‌. ജൈവവള നിർമ്മാണത്തിന്‌ ഒരു യൂണിറ്റ്‌ നിർമ്മിച്ചിട്ടുണ്ട്‌. 11500 രൂപ മുടക്കി നിർമ്മിച്ച യൂണിറ്റിന്‌ 3500 രൂപ കൃഷി വകുപ്പിന്റെ സബ്സിഡി ലഭിച്ചതും പ്രോത്സാഹനമായി. നനയും യഥാസമയം നടത്തും.  പരിപാലനത്തിന്റെ മികവ്‌ തോട്ടത്തിന്റെ ആദായത്തിലും പ്രകടമാകുന്നു.
സംയോജിത കൃഷിയ ​‍ിലെ പ്രാവീണ്യം അരവിന്ദനെ ആത്മ (അഠങ്ങഅ) തെരഞ്ഞെടുത്ത 10 മികച്ച കർഷകരിലൊരാളാക്കിയിരുന്നു. വെജിറ്റബിൾ ആന്റ്‌ ഫ്രൂട്ട്‌ പ്രോമോഷൻ കൗൺസിൽ നടത്തിയ പാവലിന്റെയും പയറിന്റെയും ജൈവ കൃഷിയിലെ മികവ്‌ മാതൃഭൂമി ചാനൽ അവരുടെ കൃഷിഭൂമി പരിപാടിയിൽ പ്രക്ഷേപണം ചെയ്തതും അരവിന്ദൻ അഭിമാനത്തോടെ ഓർക്കുന്നു. ദൂരദർശന്റെയും ആകാശവാണിയുടെയും കാർഷിക പരിപാടികളുടെ സ്ഥിരം ക്ഷണിതാവാണ്‌ അരവിന്ദൻ. തന്റെ തെങ്ങുകളുടെ ആരോഗ്യവും രോഗരഹിത അവസ്ഥയും കണ്ട്‌ ഒരിക്കൽ നാളികേര വികസന ബോർഡ്‌ 'എലൈറ്റ്‌' തെങ്ങുകളായി പരിഗണിച്ച്‌ വിത്തു തേങ്ങ ശേഖരണത്തിന്‌ തെരെഞ്ഞെടുത്തിരുന്നു എന്നതും ചാരിതാർത്ഥം തരുന്നു. ആവശ്യം കഴിഞ്ഞുള്ള നാളികേരം വി.എഫ്‌.പി.സി.കെ യുടെ വേങ്ങോലയിലെ സ്വാശ്രയ വിപണിവഴി വിറ്റഴിക്കുന്നു. നാളികേരമൊന്നിന്‌ 22 രൂപ വില ലഭിക്കുന്നുണ്ട്‌. ഈ വിലനിലവാരം പിടിച്ചു നിർത്താൻ സാധിച്ചാൽ എല്ലാവരും തെങ്ങുകൃഷിയിലേക്കു തന്നെ മടങ്ങിവരും - ശുഭാപ്തി വിശ്വാസത്തോടെ അരവിന്ദൻ പറഞ്ഞു.
കുടുംബത്തിലെ എല്ലാവരുടേയും അദ്ധ്വാനമാണ്‌ ഇന്നീകാണുന്ന വിജയത്തിനാധാരമെന്നാണ്‌ അരവിന്ദന്റെ ഭാക്ഷ്യം. "ഞങ്ങൾ വീട്ടാവശ്യത്തിന്‌ പച്ചക്കറി, മുട്ട, പാൽ, പാചകവാതകം, വെളിച്ചെണ്ണ, തേങ്ങ ഇതിനൊന്നിനും പണം മുടക്കുന്നില്ല. എല്ലാം സ്വന്തം കൃഷിയിടത്തിലെ ഉൽപന്നങ്ങൾ തന്നെ". ഇതിനായി രണ്ടു മുന്തിയയിനം പശുക്കൾ, 5 മലബാറി ആടുകൾ, കോഴി എന്നിവയും വളർത്തുന്നു. അമ്മയും എഞ്ചിനീയറിംഗിനു പഠിക്കുന്ന മകനും  ഭാര്യയുമടങ്ങുന്നതാണ്‌ അരവിന്ദന്റെ കുടുംബം.  ഒന്നേകാൽ ഏക്കർ റബ്ബർ തോട്ടമുണ്ടെങ്കിലും തെങ്ങിൻ തോപ്പിനു നൽകുന്ന ശ്രദ്ധയും പരിഗണനയും ഇതിനു ഇപ്പോൾ നൽകുന്നില്ലായെന്നതാണ്‌ വാസ്തവം; കാരണം ഒന്നു മാത്രം. വൈവിദ്ധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളുടേയും മെച്ചപ്പെട്ട ആദായത്തിന്റെയും  ഉറവിടം തെങ്ങിൻ തോപ്പുതന്നെ. മറ്റു കൃഷിഭൂമികളിൽ സാധിക്കാത്ത വിള സമന്വയവും സംരംഭകത്വവും ഇവിടെ സാധ്യമാകുന്നു.
എനിക്ക്‌ കേരകർഷകരോട്‌ ഒരു അപേക്ഷയുള്ളത്‌ അവരുടെ തെങ്ങുകൾ നല്ലവണ്ണം പരിചരിക്കുകയും പുതിയതു വയ്ക്കാൻ ഇടമുള്ളവർ നല്ലയിനം തൈകൾ വച്ചുപിടിപ്പിക്കുകയും വേണമെന്നാണ്‌.
അരവിന്ദൻ - ഫോൺ : 8547257472
മഹത്തരം; ഈ കർഷക മനസ്സ്‌
എറണാകുളം ആലുവയിലെ സൗത്ത്‌ വാഴക്കുളത്തെ കർഷകനാണ്‌ വർഗ്ഗീസ്‌ പി. ജെ.  വിദ്യാഭ്യാസം കൊണ്ട്‌ മെക്കാനിക്കൽ എൻജിനീയർ 1970-ൽ മണിപ്പാൽ എൻജിനീയറിംഗ്‌ കോളേജിൽ നിന്നാണ്‌ ബിരുദമെടുത്തത്‌. 70-​‍ാം വയസ്സിൽ എത്തി നിൽക്കുന്ന വർഗ്ഗീസിന്‌ അന്നുമിന്നും കൃഷിയോടുള്ള കമ്പമേറെ.  സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുള്ള തോന്നലിൽ കെൽട്രോൺ ടിവിയ്ക്ക്‌ ബോഡിയുണ്ടാക്കി നൽകിയിരുന്ന ഓർമ്മകളും അദ്ദേഹം അയവിറക്കി.
മൂന്ന്‌ ആൺമക്കളുടെ വിദ്യാഭ്യാസ ചിലവിനും കുടുംബം പോറ്റാനും മൂന്നര ഏക്കർ ഫലഭൂയിഷ്ടമായ ഭൂമി കൈവശമുള്ള താനെന്തിന്‌ മറ്റു തൊഴിലന്വേഷിക്കുന്നു എന്ന തിരിച്ചറിവ്‌ പിന്നീട്‌ കുറച്ചൊന്നുമല്ല വർഗ്ഗീസിനെ തുണച്ചതു. മൂന്നര ഏക്കർ കൃഷി ഭൂമി ഇന്ന്‌ തെങ്ങ്‌ അധിഷ്ഠിത വിള സമ്പ്രദായം അനുവർത്തിക്കുന്ന മാതൃക തോട്ടമാണ്‌. 125  തെങ്ങിനോടൊപ്പം ജാതി, കമുക്‌, പച്ചക്കറി വിളകൾ, പൈനാപ്പിൾ ഇവയെല്ലാമുണ്ട്‌.  തെങ്ങുകളെല്ലാം  7-8 വർഷം മാത്രം പ്രായം.  ഓടക്കാലി, നേര്യമംഗലം ഫാമുകളിൽ നിന്നും വാങ്ങിയ നെടിയ ഇനങ്ങളും സ്വന്തമായുത്പാദിപ്പിച്ച സങ്കരയിനങ്ങളും ഇതിലുൾപ്പെടുന്നു.
പയർ, വാഴ, കപ്പ, ചേമ്പ്‌, കാച്ചിൽ, മഞ്ഞൾ ഇവയെല്ലാം വിളശേഖരത്തിലുൾപ്പെടുന്നെങ്കിലു
ം തന്റെ ചെറുപയർ കൃഷിയെപ്പറ്റി പറയുന്നതിലാണ്‌ വർഗ്ഗീസിന്‌ താൽപര്യം കൂടുതൽ.
"അഞ്ചു വർഷം മുൻപ്‌ കടയിൽ നിന്നു വാങ്ങിയ കുറച്ച്‌ ചെറുപയർ വിത്തായി പരീക്ഷിച്ചതു വൻ വിജയമായി. ഒരു കിലോ ചെറുപയർ വിതയ്ക്കാൻ ഒരേക്കർ ഭൂമി വേണം. ഇതിൽ നിന്നും 30 കിലോ പയർ 45 ദിവസം കൊണ്ടു ലഭിയ്ക്കും. എന്റെ കൃഷി കപ്പയുടേയും വാഴയുടേയും ഇടയ്ക്കാണ്‌.  മൂടോടെ പിഴുത്‌ ടെറസ്സിലിട്ടുണങ്ങി കുടഞ്ഞെടുക്കുന്ന പയർ അത്യധികം സ്വാദിഷ്ടമാണ്‌".
എന്തുവില ലഭിക്കും ചെറുപയറിന്‌ വിപണിയിലെന്ന ചോദ്യത്തിനുള്ള ഉത്തരം കേട്ട എനിക്ക്‌ ചെറുപയറിന്റെ സ്വാദ്‌ അനുഭവിച്ച പ്രതീതിയായിരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും  ആലുവ ഗവണ്‍മന്റ്‌ ആശുപത്രിയിലെ 400 ഓളം രോഗികൾക്ക്‌ ഉച്ചഭക്ഷണം നൽകുന്നുണ്ട്‌. ഈ പയറും ഒപ്പം പറമ്പിലെ കപ്പയും പച്ചക്കറികളും നാളികേരവും എല്ലാം ഈ ആവശ്യത്തിനാണ്‌ ഉപയോഗപ്പെടുത്തുന്നത്‌.
തന്റെ ഉദ്ദ്യമങ്ങൾക്കെല്ലാം പിന്നിൽ നെടുംതൂണായി പ്രവർത്തിക്കുന്ന 63 കാരി ജോളിയാണ്‌ വർഗ്ഗീസിന്റെ ഭാര്യ.  മൂന്നു ആൺമക്കൾ വിദ്യാസമ്പന്നരും ഉദ്ദ്യോഗസ്ഥരുമാണെങ്കിലും കൃഷി ഏറെ താൽപര്യമുള്ളവർ തന്നെ.  മൂത്ത മകൻ ലണ്ടനിൽ ഫിസിയോതെറാപ്പിസ്റ്റ്‌, രണ്ടാമത്തെയാൾ ആസ്ത്രേലിയയിൽ എൻജിനീയർ, മൂന്നാമൻ പാലക്കാട്‌ ബി.പി.എൽ ടെലികോം പ്രൈവറ്റ്‌ ലിമിറ്റഡിൽ മെഡിക്കൽ എക്യുപ്‌മന്റ്‌ വിഭാഗത്തിൽ ക്വാളിറ്റി കൺട്രോളറാണ്‌.  പെൺമക്കളില്ലാത്തതിന്റെ അഭാവം സ്നേഹസമ്പന്നരായ മൂന്ന്‌ മരുമക്കളിലൂടെ പരിഹരിച്ചുകിട്ടി.  കുടുംബത്തിന്റെ ഈ സന്തോഷമാണ്‌ രോഗികൾക്കും അശരണർക്കും ആഹാരം നൽകി സൽക്കർമ്മങ്ങൾ ചെയ്യാൻ പ്രേരകമാകുന്നത്‌. അതുകൊണ്ടു തന്നെ വാർഷിക വരുമാനത്തിന്റെ കണക്കെടുക്കാറില്ല.
ഈ ജീവത വിജയത്തിന്‌ നിദാനമാകുന്നത്‌ തന്റെ തെങ്ങിൻ പുരയിടവും അതിൽ നിന്നുള്ള ആദായവുമാണെന്ന്‌ പറയാൻ വർഗ്ഗീസ്‌ അഭിമാനമുണ്ട്‌. മറ്റൊരു കൃഷിയിലും സാധ്യമാകാത്ത സമ്മിശ്രകൃഷി സമ്പ്രദായം തെങ്ങിൻതോപ്പിൽ സാധ്യമാകുന്നുവേന്നതാണ്‌ തെങ്ങിനെ വേറിട്ടതാക്കുന്നത്‌.  രാസവളങ്ങളില്ലാതെയുള്ള കൃഷിയും മനസ്സിനു സംതൃപ്തി യേകുന്നു. പറഞ്ഞു നിർത്തുമ്പോൾ തെങ്ങിൻ തോപ്പിൽ ഏറ്റവും അനുയോജ്യമായ ഇടവിള വാഴയാണെന്ന്‌ തന്റെ പൂവൻ വാഴകൃഷിയിലെ അനുഭവം പങ്കുവെച്ച്‌ പറയാനും മറന്നില്ല, വർഗ്ഗീസ്‌.
വർഗീസ്‌. 0484-2677206

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...