മഴ പെയ്യട്ടെ; മദ്ദളം കൊട്ടട്ടെ.

എം.തോമസ്‌ മാത്യു

ഇടവപ്പാതി തിമിർത്തുപെയ്ത്‌ പുഴകളും തണ്ണീർത്തടങ്ങളും നിറഞ്ഞു കവിയേണ്ട കാലം; മിഥുനം കഴിഞ്ഞാൽ കർക്കിടകത്തിന്റെ വരവായി. പഞ്ഞമാസത്തിന്റെ ഓർമ്മകൾ പഴയ മനസ്സുകളിൽ തെളിയുന്നുണ്ടാവണം. കൃഷിപ്പണിയെല്ലാം ഒതുക്കി ഒതുങ്ങിക്കൂടുന്ന കാലമാണിത്‌. സമ്പന്നർ സുഖചികിത്സയ്ക്കു തിരഞ്ഞെടുക്കുന്ന സമയം; പണ്ടൊക്കെ പാടത്ത്‌ പണിയെടുക്കുന്ന കന്നുകാലികൾക്കും ഉണ്ടായിരുന്നു സുഖ ചികിത്സ. ആ കാലമെല്ലാം പോയി. കൃഷിപ്പണി മണ്ടന്മാർക്ക്‌ വിധിച്ചിട്ടുള്ളതാണെന്ന്‌ നമ്മൾ തീരുമാനിച്ചുറച്ചിട്ട്‌ കാലമേറെയായി. പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും, ഞാനുണ്ണും എന്ന അലസതയും അലംഭാവവും മൊത്തമായി നാം ഏറ്റെടുത്തിരിക്കുന്നു. തമിഴർ നമ്മളോളം ബുദ്ധിയില്ലാത്തവനായതു കൊണ്ട്‌ നമുക്കു വേണ്ട ഭക്ഷണവിഭവങ്ങളും അവർ ഉണ്ടാക്കിക്കൊള്ളട്ടെ എന്ന വിചാരം മൂത്തിരിക്കുന്നു. രണ്ടുനാൾ തമിഴ്‌നാട്ടിൽ നിന്ന്‌ ലോറി വന്നില്ലെങ്കിൽ അടുക്കള പൂട്ടാം എന്ന സ്ഥിതി അഭിമാനത്തോടെ നാം ഉണ്ടാക്കിയിരിക്കുന്നു. എല്ലാ കരണങ്ങളിലും സ്വസ്ഥം ഗൃഹഭരണം എന്ന്‌ എഴുതി യാതൊരു ജോലിയും ചെയ്യാതെ, കഴിയുമെങ്കിൽ കുംഭ തലോടിത്തരാൻ ഒരു ശിങ്കിടിയേയും നിയമിച്ച്‌, ചാരുകസേരക്കയ്യിൽ കാലുരണ്ടും കയറ്റി വച്ച്‌ കിടപ്പോ ഇരുപ്പോ എന്ന്‌ ശങ്കിക്കാവുന്ന ഒരു പടുതിയിൽ വിശ്രമിക്കുന്ന തറവാടിത്തത്തിന്റെ ഗംഭീരചിത്രം അഭിമാനോദ്ധതമായ മനസ്സോടെ സൂക്ഷിക്കുന്നവരാണല്ലോ കേരളീയർ. മലർന്നു കിടന്നു തുപ്പരുത്‌ എന്ന്‌ പഴഞ്ചൊല്ലുള്ളതിനാൽ തലചരിച്ച്‌ ഇടതുവശത്തേക്ക്‌ ഒരുക്കി വച്ചിരിക്കുന്ന കോളാമ്പിയിലേക്കു തുപ്പുക എന്ന സ്വയം ചെയ്യേണ്ട പണി മറ്റൊരാളെ ഏൽപിക്കാൻ കഴിയാത്തതിലുള്ള ദുഃഖം ദൈവത്തോടുള്ള പരിഭവമായി പരദേവതാപൂജയിലെ പിശുക്കുകൊണ്ട്‌ പകരം വീട്ടി തൃപ്തിപ്പെടുന്നതാണ്‌ ഈ തറവാടിത്തം.
    തറവാട്ടു മുതൽ അമ്മാവനറിയാതെ കട്ടുവിറ്റ്‌ സ്വന്തം നേരം പോക്കുകൾക്ക്‌ പണമുണ്ടാക്കിയിരുന്ന അനന്തവപ്പടയുടെ പാരമ്പര്യവും തറവാട്ടുമഹിമയുടെ വാഴ്ത്തുപാട്ടുകളിലുണ്ട്‌. പാണന്മാർക്ക്‌ അതും പാടാതെ വയ്യല്ലോ. ആ പാരമ്പര്യം നാം ഇപ്പോൾ ആഘോഷമായി നിലനിർത്തുന്നത്‌ പ്രകൃതിയെത്തന്നെ മുച്ചൂടും കൊള്ളയടിച്ച്‌ നശിപ്പിച്ചിട്ടാണ്‌. നദീ തടങ്ങളിൽ ഒരു തരി മണൽ അവശേഷിക്കരുത്‌ എന്ന്‌ നാം തീരുമാനിച്ചിരിക്കുന്നു. 'മരാള മിഥുനം മേവും മണൽത്തിട്ടയും' എന്ന്‌ ഇനിമേൽ ഒരു കാളിദാസനും എഴുതേണ്ടി വരില്ല. ഒടുക്കം കൊണ്ട്‌ നദികളെല്ലാം ചത്തൊടുങ്ങി. നദികൾക്കും മരിക്കാം എന്നത്‌ ഇന്നത്തെ അനുഭവശത്ത്യമാണ്‌. എല്ലാ മാലിന്യങ്ങളും ഒഴുക്കാനുള്ളതാണ്‌ പുഴകൾ എന്ന നിലപാട്‌ വൻകിട ഫാക്ടറികളും സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട്‌ യമുനയിൽ കാളിയനുണ്ട്‌ എന്നല്ല, യമുന തന്നെയാണ്‌ കാളിയൻ എന്ന അവസ്ഥ വന്നുഭവിച്ചു. അരക്കാതം നടന്നിട്ടാണെങ്കിലും വൈകുന്നേരത്തെ കുളി പുഴയിൽ എന്നതായിരുന്നല്ലോ പണ്ടത്തെ രീതി. അതിന്റെ സുഖമൊന്നു വേറെ. ആ ഓർമ്മയിൽ ഏതെങ്കിലും പുഴയിൽ ഇറങ്ങിക്കുളിക്കാമെന്നു കരുതിയാൽ തീർന്നു. എല്ലാ സുഖങ്ങളും. വിഷം കുടിച്ചു ചത്തു പൊങ്ങുന്ന മത്സ്യക്കൂട്ടങ്ങൾ. "ആറ്റിലേക്കച്യുതാ ചാടൊല്ലേ ചാടൊല്ലേ" എന്ന കവിത പാടിക്കൊണ്ടിരിക്കുന്നു. മുണ്ഡനം ചെയ്യപ്പെട്ട മലകൾ കാണാൻ കൊള്ളുകയില്ല എന്നറിയുന്ന നമ്മുടെ സൗന്ദര്യബോധം ആദ്യം മരം മുറിക്കുക, വൈകാതെ മലയിടിക്കുക എന്ന തത്ത്വം മടികൂടാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു
. കുറ്റം പറയാമോ? എല്ലാ കുന്നുകളും നിരന്നുവരും, എല്ലാ കുഴികളും നികന്നുവരും എന്നല്ലേ പാഠം. വേദപാഠങ്ങൾ അനുസരണയോടെ പാലിക്കേണ്ടവരല്ലേ നമ്മൾ. ഇല്ല, ഇക്കാര്യത്തിൽ അലംഭാവമില്ല. സഹ്യാദ്രിക്കൂടങ്ങളെയും കടയോടെ പറിച്ചെടുത്ത്‌ കൊണ്ടുവരാൻ പാകത്തിൽ മിടുക്കും ശക്തിയുമുള്ള യന്ത്രങ്ങൾ നാട്ടിൽ സുലഭം. അവയെല്ലാം ചിട്ടയോടെ കർമ്മനിരതമായിരിക്കുന്നു. തലപ്പൊക്കം കൊണ്ട്‌ ഇനി മലയും അഹങ്കരിക്കേണ്ട; ചതുപ്പുകളൊന്നും ഇനി ആരുടെ മുമ്പിലും കിഴിഞ്ഞു നിൽക്കുകയും വേണ്ട. എല്ലാ തണ്ണീർത്തടങ്ങളും നികത്തി അംബരചുംബികൾ നിർമ്മിച്ച്‌ മനുഷ്യമഹത്ത്വ പ്രഘോഷണത്തിന്‌ നിയോഗിച്ചിരിക്കുന്നു. അവയങ്ങനെ ഉയർന്നു നിൽക്കട്ടെ. പതിനാറാം നിലയിൽ നിന്നു താഴോട്ടു നോക്കി മണ്ണിൽ ചവുട്ടി നടക്കുന്ന കൃമിപ്രായരെ കണ്ട്‌ അഭിമാനം വളർത്താൻ ആർക്കാണ്‌ ആഗ്രഹം തോന്നാത്തത്‌. അയഥാർത്ഥ സ്വപ്നങ്ങൾ ഇന്നില്ല; ഏത്‌ അസാദ്ധ്യതയേയും സിദ്ധവത്കരിക്കാൻ കഴിയുന്ന തന്ത്രമന്ത്രങ്ങൾ നാം സ്വായത്തമാക്കി ചിരിക്കുന്നു. പണ്ട്‌ ചാത്തൻസേവ കൊണ്ട്‌ സാധിച്ചിരുന്നതായി പറയപ്പെട്ടിരുന്ന എന്തും ഇപ്പോൾ സാധിതമാണ്‌. അതിനുവേണ്ട കുട്ടിച്ചാത്തന്മാരെ ഉത്പാദിപ്പിച്ച്‌ വിപണി നിറച്ചിരിക്കുന്നു. നിങ്ങൾക്ക്‌ ഉത്തരധ്രുവത്തിൽ എന്തുനടക്കുന്നു എന്ന്‌ അറിയണമോ, ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിൽ കുറച്ചെടുത്ത്‌ ആർക്കെങ്കിലും കൊടുക്കണമോ, ഉറക്കം കെടുത്തുന്ന ഏതെങ്കിലും അപ്സരോരമണിയെ അനാവൃതയാക്കണമോ-എന്തും ആഗ്രഹിക്കൂ. അരനിമിഷം കൊണ്ട്‌ എന്തും നടക്കും; നടത്താം. നിങ്ങളുടെ അയൽവക്കത്തു പാർപ്പുറപ്പിച്ച്‌ സ്വൈര്യം കെടുത്തുന്ന ശത്രുവിനെക്കുറിച്ച്‌ ഒരു മിഥ്യാപവാദം മാലോകരുടെ ചെവിയിൽ എത്തിക്കുകയാണോ വേണ്ടത്‌? ശങ്കിക്കേണ്ട, ഏതാനും ബട്ടണുകളിലൂടെ പതുക്കെ, വളരെ പതുക്കെ, വിരലോടിച്ചാൽ മതി. കാര്യം നടന്നിരിക്കും. അരമണിക്കൂർ കഴിയുമ്പോൾ തലയിൽ മുണ്ടിട്ടു നടക്കുന്ന അയൽക്കാരൻ നിങ്ങളുടെ കണ്ണിനു കർപ്പൂരമായി അവതരിക്കും!!
    മഴ പെയ്യട്ടെ; മദ്ദളം കൊട്ടട്ടെ. നമുക്കിങ്ങനെ ഇരിക്കാം. അതുവേണോ ഇതുവേണോ എന്ന ശങ്ക വേണ്ട. രണ്ടും ഒരുമിച്ച്‌ സ്വന്തമാക്കിക്കൊള്ളു. ഇങ്ങനെ സ്വന്തമാക്കി പാഞ്ഞു നടന്ന്‌ പേ പിടിക്കുന്നതിനിടയിൽ ആത്മാവു നഷ്ടപ്പെട്ടല്ലോ, ഈ നേടിവച്ച ചരക്കുകൾക്കിടയിൽ മറ്റൊരു ചരക്കായി തീർന്നല്ലോ എന്നു പരിതപിക്കരുത്‌. അഥവാ, പരിതാപമെവിടെ! അതിനെവിടെ സമയം?

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ