Skip to main content

തെങ്ങിൻ തോപ്പിൽ ഇടവിളകളുടെ പ്രസക്തിഡോ.വി.കൃഷ്ണകുമാർ
പ്രിൻസിപ്പൽ ശയന്റിസ്റ്റ്‌, സിപിസിആർഐ, പ്രദേശിക കേന്ദ്രം, കായങ്കുളം

ഉത്പ്പാദന ചെലവു കുറച്ച്‌ ഉത്പാദനം വർധിപ്പിച്ചാൽ  മാത്രമെ കൃഷിയിൽ ലാഭമുണ്ടാക്കാനാവൂ.  നമ്മുടെ രാജ്യത്തെ  80 ശതമാനം നാളികേര കൃഷിയിടങ്ങളും ശരാശരി 0.22 ഹെക്ടർ വിസ്തൃതിമാത്രമുള്ളവയാണ്‌. ഇത്തരം ചെറിയ കൃഷിയിടങ്ങളിൽ നിന്ന്‌ ലഭിക്കുന്ന തുഛമായ വരുമാനം ചെറിയ കുടുംബങ്ങൾക്കു പോലും ഉപജീവനത്തിന്‌ അപര്യാപ്തമാണ്‌. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള സുസ്ഥിരമായ തൊഴിലും ഇത്‌ അവർക്ക്‌ നൽകുന്നില്ല. തെങ്ങുകൃഷിയിലെ ഏകവിള സമ്പ്രദായം വളരെ കുറഞ്ഞ ഉത്പാദനക്ഷമതയും തുഛമായ വരുമാനവും മാത്രമെ കർഷകർക്കു നൽകുന്നുള്ളു.
7.5 മീറ്റർ അകലത്തിൽ തെങ്ങുകൾ കൃഷി ചെയ്യുമ്പോൾ അതിൽ 75 ശതമാനം കൃഷിസ്ഥലവും ഉപയോഗശൂന്യമായി പാഴാവുകയാണ്‌. അനുയോജ്യമായ വിളകൾ കൃഷി ചെയ്ത്‌ ഈ കൃഷിസ്ഥലം ഫലപ്രദമായി വിനിയോഗിച്ചാൽ അതിൽ നിന്ന്‌ ചെറുതല്ലാത്ത വരുമാനം ഉറപ്പ്‌. തെങ്ങിന്റെ ആകൃതിയും ഇലകളുടെ വിതാനിപ്പും മൂലം കുറച്ച്‌ സൂര്യപ്രകാശം മാത്രമെ കൃഷിയിടത്തിലെ മണ്ണിൽ പതിക്കുന്നുള്ളു. തെങ്ങിന്റെ ഈ പ്രത്യേകത മൂലം സൂര്യപ്രകാശം, മണ്ണ്‌, ജലം, അധ്വാനം എന്നിവയുടെ ലഭ്യത ഫലപ്രദമായി വിനിയോഗിച്ച്‌ തെങ്ങിൻ പുരയിടങ്ങളിൽ ലാഭകരമായ രീതിയിൽ ഇടവിളകൾ കൃഷി ചെയ്യാം.
നാളികേര തോട്ടങ്ങളിൽ വിള വൈവിധ്യവത്ക്കരണത്തിന്‌ ഇന്ന്‌ വലിയ പ്രസക്തിയാണുള്ളത്‌. അതുപോലെ വരുമാനം വർധിപ്പിക്കാനുള്ള ഏറ്റവും നല്ല   മാർഗ്ഗമായി, തിരശ്ചീന- ലംബ  സ്ഥലം ഒരുപോലെ  ഉപയോഗപ്പെടുത്തുന്ന മിശ്രവിള സമ്പ്രദായം ചൂണ്ടിക്കാണിക്കപ്പെടുന്നു.  ചെറുകിട നാളികേര കർഷകർ പരമ്പരാഗതമായ കൃഷി രീതികളുടെ ഭാഗമായോ, വർധിച്ചു വരുന്ന സ്ഥലവിനിയോഗ സമ്മർദ്ദ ഫലമായോ അതുമല്ലെങ്കിൽ കടുംകൃഷിയിലൂടെ പരമാവധി സ്ഥലത്ത്‌ നിന്ന്‌  ആദായം  ഉണ്ടാക്കുന്നതിനോ അവരുടെ തെങ്ങിൻ തോപ്പുകളിൽ ഇടവിളകൾ കൃഷി ചെയ്യുന്നു.
നാളികേരാധിഷ്ഠിത വിള സമ്പ്രദായത്തിൽ വിവിധ വിളകൾ കൃഷി ചെയ്യുമ്പോൾ പരിപാലനത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്‌. എങ്കിൽ മാത്രമെ ലഭ്യമായ വിഭവങ്ങളിൽ നിന്നുള്ള പരമാവധി വരുമാനം കർഷകന്‌ ഉറപ്പാക്കാൻ സാധിക്കുകയുള്ളു. സൂര്യപ്രകാശത്തോടും തണലിനോടുമുള്ള പ്രതികരണം അടിസ്ഥാനമാക്കി വിളകളെ പൊതുവെ നാല്‌ വിഭാഗങ്ങളായി തരം തിരിക്കാം. (പട്ടിക -1). നാളികേര തോപ്പുകളിൽ ലഭിക്കുന്ന  സൂര്യപ്രകാശത്തിന്റെ അളവു മനസിലാക്കി വേണം കൃഷി ചെയ്യാനുള്ള വിവിധ ഇടവിളകൾ തെരഞ്ഞെടുക്കാൻ. 
തെങ്ങുകളുടെ പ്രായം, വലിപ്പം, ഇടയകലം, ഓലകളുടെ വിരിവ്‌ എന്നിവ കണക്കിലെടുത്തു വേണം ഇടവിളകൾ പരിഗണിക്കാൻ.  തൈകൾ നടുന്നതു മുതൽ തെങ്ങുകൾ പൂർണവളർച്ചയെത്തി (8-9 വർഷം) ഓലകൾ വിരിയുന്നതു വരെ കൃഷിയിടത്തിൽ ധാരാളം സൂര്യപ്രകാശം ലഭിച്ചേക്കാം. ഈ കാലയളവിൽ പരസ്പരം മത്സരിക്കാത്ത വിവിധ വിളകൾ തെങ്ങിൻ തോപ്പിൽ കൃഷി ചെയ്യാം.
അടുത്ത ഘട്ടത്തിൽ  അതായത്‌ 9- 25 വർഷം വരെ തെങ്ങിൻ തോപ്പിൽ മണ്ണിൽ സൂര്യപ്രകാശ ലഭ്യത വളരെ കുറവായിരിക്കും. ഈ സമയത്ത്‌ നിഴലിൽ വളരുന്ന ഇടവിളകൾ കൃഷിചെയ്യുകയാണ്‌ ഉത്തമം. തെങ്ങുകൾ 25 വർഷത്തെ വളർച്ച പിന്നിട്ടാൽ വീണ്ടും മണ്ണിലേയ്ക്ക്‌ കൂടുതൽ സൂര്യപ്രകാശം അരിച്ചിറങ്ങിവരും. അപ്പോൾ മുതൽ വാർഷിക വിളകൾ തെങ്ങിൻ തോട്ടങ്ങളിൽ കൃഷി ചെയ്യാം. മഴയുടെ അളവ്‌, ജലസേചന സൗകര്യം, മണ്ണിന്റെ സ്വഭാവം, വേണ്ടിവരുന്ന അധ്വാനം, കർഷകരുടെ ആവശ്യങ്ങൾ, വിപണിയിലെ ഡിമാന്റ്‌ തുടങ്ങിയ ഘടകങ്ങൾ കൂടി കണക്കിലെടുത്തു വേണം തെങ്ങിൻ തോട്ടങ്ങളിലെ ഇടവിളകൾ തെരഞ്ഞെടുക്കാൻ. ഓരോ വർഷവും ഇടവിളകളിൽ വിളചംക്രമണം നടത്തിയാൽ അത്‌ വിളവും വരുമാനവും വർധിക്കാൻ സഹായിക്കും.
1.    പച്ചക്കറികൾ - ചീര, പച്ചമുളക്‌, പാവൽ, പടവലം, കുമ്പളം, തക്കാളി, വഴുതന, ചേമ്പ്‌, മത്തൻ, പയർ.
2.    പഴവർഗ്ഗങ്ങൾ - വാഴ, പൈനാപ്പിൾ, പപ്പായ, പേര, ചെറുനാരകം, മാതളനാരകം, സപ്പോട്ട.
3.    തീറ്റപ്പുല്ല്‌ - ഹൈബ്രിഡ്‌ നേപ്പിയർ, ഗിനിയ ഗ്രാസ്‌, സ്റ്റൈലോസാന്തസ്‌,  കൗപീ, ബജറ നേപ്പിയർ.
4.    ഔഷധ, സുഗന്ധവിളകൾ - ചിറ്റാടലോടകം, കരിംകുറിഞ്ഞി, നാഗദന്തി, വെറ്റിവർ, തിപ്പലി, കച്ചോലം, പാച്ചോളി.
5.    പുഷ്പ വിളകൾ - ഹെലിക്കോണിയ, ആന്തൂറിയം, മുല്ല, ബന്തി, സൂര്യകാന്തി.
6.    സുഗന്ധ വൃക്ഷ വിളകൾ - ഇഞ്ചി, മഞ്ഞൾ, വാനില, കുരുമുളക്‌,ജാതി, കറുവ, ഗ്രാമ്പു.
7.    കിഴങ്ങുവിളകൾ - കപ്പ, ചേമ്പ്‌, ചേന, കാച്ചിൽ, മധുരക്കിഴങ്ങ്‌, കൂവ.
8.    പയർ വർഗ്ഗവിളകൾ - ചെറുപയർ,  ഉഴുന്ന്‌, പച്ചപ്പയർ, കടല, തുവര.
9.    പാനീയവിളകൾ - കൊക്കോ, കാപ്പി
10.    ഇതര വിളകൾ - മൾബറി, ശീമക്കൊന്ന, വെറ്റില, മുരിങ്ങ, കരനെല്ല്‌.
വ്യത്യസ്ത വേരുപടല സ്വഭാവമുള്ള വിളകൾ നിശ്ചിത അകലം പാലിച്ചു വേണം കൃഷി ചെയ്യുവാൻ. ഇങ്ങനെ ചെയ്താൽ മാത്രമെ വെള്ളം വളം മറ്റു പോഷകങ്ങൾ എന്നിവ വേണ്ടത്ര അളവിൽ ഓരോ വിളകൾക്കും ലഭിക്കുകയുള്ളു. കുരുമുളക്‌ ഒഴികെയുള്ള വിളകൾ തെങ്ങിന്റെ തടത്തിൽ നിന്നു കുറഞ്ഞത്‌ രണ്ടു മീറ്റർ അകലം പാലിച്ചു വേണം നടുവാൻ. വളവും വെള്ളവും ഓരോന്നിനും അതിന്റേതായ മാനദണ്ഡങ്ങളനുസരിച്ച്‌ പ്രത്യേകം നൽകണം. വിളവെടുപ്പിനു ശേഷം ഇവയുടെ അവശിഷ്ടങ്ങൾ സിംഹഭാഗവും തെങ്ങിൻ തോപ്പിൽ വളമായി  വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. ഇതു വഴി  പുറമെനിന്നു  വിലകൊടുത്തു വാങ്ങുന്ന വളത്തിന്റെ അളവ്‌ ഒരു പരിധി വരെ സാധിക്കും. ഇടവിളകളുടെ പരിപാലനം കൃത്യമാണെങ്കിൽ അതു നാളികേര ഉത്പാദനം വർധിപ്പിക്കുമെന്നതിൽ സംശയമില്ല.  ഏതാനും മിശ്രവിളകളുടെ പരിപാലന മുറകൾ  പട്ടിക രണ്ടിൽ.
വേണ്ടത്ര പോഷകാംശങ്ങൾ ഇല്ലാത്തതും ജല ആഗിരണശേഷി കുറഞ്ഞതുമായ  തീരപ്രദേശത്തെ മണൽ കലർന്ന മണ്ണിൽ ചീര, മത്തൻ, കുമ്പളം പോലുള്ള പച്ചക്കറികളും വാഴ, പൈനാപ്പിൾ പോലുള്ള പഴവർഗ്ഗവിളകളും  തെങ്ങുകൾക്കൊപ്പം ഇടവിളകളായി കൃഷി ചെയ്യാം. ഇതിനായി മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനു ചകിരി നിരത്തുക, കൊയർ പിത്ത്‌ ഉപയോഗിക്കുക തുടങ്ങിയ  നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌. ഇടവിളകളിൽ നിന്നുള്ള അധിക വരുമാനം കൂടാതെ, അത്‌ മൊത്തത്തിൽ തെങ്ങുകളുടെ ഉത്പാദനക്ഷമതയും വർധിപ്പിക്കും. മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന ചേന, മരച്ചീനി, കാച്ചിൽ തുടങ്ങിയ കിഴങ്ങു വർഗ ഇടവിളകളിൽ ചേനയാണ്‌ ഏറ്റവും ലാഭകരം. ഇതിൽ തന്നെ ഗജേന്ദ്ര ഇനത്തിനാണ്‌ കൂടുതൽ വിളവ്‌, നല്ല രുചിയുമുണ്ട്‌.
ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം സ്വദേശി ദ്വാരകയിൽ ശ്രീ.തങ്കപ്പന്‌ 3.5 ഏക്കർ നാളികേര കൃഷിയുണ്ട്‌. അതിനൊപ്പം അദ്ദേഹം വിവിധ ഇനം കിഴങ്ങുവിളകളും, സുഗന്ധവിളകളും, വാഴകളും ഇടവിളയായി  കൃഷിചെയ്യുന്നു. തങ്കപ്പന്റെ അഭിപ്രായത്തിൽ റോബസ്റ്റ, ഞാലിപ്പൂവൻ എന്നിവയാണ്‌ നാളികേര തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യാൻ യോജിച്ച വാഴകൾ. അതുപോലെ ചേനയും ചേമ്പുമാണ്‌ അനുയോജ്യമായ കിഴങ്ങുവർഗ്ഗങ്ങൾ. വിളവെടുപ്പു കഴിഞ്ഞാലും ദീർഘനാൾ ഇവ സംഭരിച്ചു വയ്ക്കാൻ സാധിക്കും. തോട്ടത്തിലെ വിവിധ വിളകളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച്‌ വെർമികമ്പോസ്റ്റ്‌ നിർമ്മിച്ച്‌ തോട്ടത്തിൽ തന്നെ ഉപയോഗിക്കുകയാണ്‌ ഈ കർഷകന്റെ ശൈലി.
എറണാകുളം ജില്ലയിലെ ശ്രീ. ജോസ്ഫ്‌ പൂവത്തുശേരി തന്റെ 1.25 ഏക്കർ തെങ്ങിൻ പുരയിടത്തിൽ 70 ജാതി മരങ്ങളാണ്‌ ഇടവിളയായി പരിപാലിക്കുന്നത്‌.  ജാതിക്കായും പത്രിയും വിറ്റ്‌ പ്രതിവർഷം ഒന്നര ലക്ഷം രൂപ ആദായമുണ്ടാക്കുന്നുണ്ട്‌ ഈ കർഷകൻ. വേനലിൽ തെങ്ങിനു നൽകുന്ന നനയും, തോട്ടത്തിലെ ഭാഗികമായ തണലും ജാതിക്ക്‌ ഉത്തമമാണ്‌ എന്ന്‌ ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
മലപ്പുറം ജില്ലയിലെ ബിപി അങ്ങാടിയിലുള്ള ശ്രീ.വെട്ടം മുഹമ്മദ്‌ തന്റെ പത്ത്‌ ഏക്കർ തെങ്ങിൻ പുരയിടത്തിൽ നാളികേരാധിഷ്ഠിത മാതൃകാ കൃഷി രീതി വളരെ വിജയകരമായി നടത്തുന്ന കർഷകനാണ്‌. ആധുനിക സാങ്കേതിക വിദ്യയുടെ പൈന്തുണയോടെയാണ്‌ കൃഷി. 600 തെങ്ങ്‌, 200 കവുങ്ങ്‌, 150 ജാതി, 4000 നേന്ത്രവാഴ കൂടാതെ ചേന ചേമ്പ്‌ ഉൾപ്പെടെ വിവിധ കിഴങ്ങുവിളകളും പച്ചക്കറികളുമാണ്‌ മുഹമ്മദിന്റെ സമ്മിശ്രകൃഷി. ഒരു ഹെക്ടറിൽ 150 തെങ്ങ്‌ എന്ന കണക്കിലുള്ള കൃഷി ഇതര ഇടവിളകളുടെ വളർച്ചക്ക്‌ അനുയോജ്യമായ പ്രകൃതിദത്ത സാഹചര്യങ്ങൾ ഒരുക്കുന്നു എന്നാണ്‌ മുഹമ്മദിന്റെ കൃഷിഅനുഭവം.
കേരള ഗവണ്‍മന്റിന്റെ 2009 -10 വർഷത്തെ കേരകേസരി അവാർഡ്‌ ജേതാവ്‌ കോഴിക്കോട്‌ ജില്ലയിലെ ആനക്കാം പൊയിൽ സ്വദേശി ശ്രീ. എംഎം ഡൊമിനിക്കിന്‌ 12 ഏക്കർ തെങ്ങിൻ പുരയിടമുണ്ട്‌. തെങ്ങുകൾ തമ്മിൽ 12 മീറ്ററാണ്‌ അദ്ദേഹം തന്റെ കൃഷിയിടത്തിൽ പാലിച്ചിരിക്കുന്ന അകലം. മിശ്രവിളകളായി ഗ്രാമ്പു, ജാതി, കൊക്കോ എന്നിവയും കിഴങ്ങുവർഗ്ഗ വിളകളും ഔഷധസസ്യങ്ങളുമാണ്‌ ഡൊമിനിക്‌ പരിപാലിക്കുന്നത്‌. കൃഷിയിടത്തിലെ അവശിഷ്ഠങ്ങൾ ഉപയോഗിച്ച്‌ വെർമികമ്പോസ്റ്റ്‌ നിർമ്മിച്ച്‌ കൃഷിയിടത്തിൽ തന്നെ വളമായി ചേർക്കുന്ന ജൈവകൃഷി രീതിയാണ്‌ അദ്ദേഹത്തിന്റേത്‌.
കൊല്ലം ജില്ലയിലെ ചവറ, കോട്ടക്കകം ശ്രീ.ജെ.വിജയൻപിള്ള തന്റെ ആറര ഏക്കർ തെങ്ങിൻ തോപ്പിൽ സമ്മിശ്രകൃഷിയാണ്‌ അവലംബിക്കുന്നത്‌.  ഈ വർഷത്തെ കർഷക ശ്രീ അവാർഡ്‌ ജേതാവാണ്‌.  തൊഴുത്തു നിറയെ പശുക്കളെ വളർത്തി അവയുടെ ചാണകം മാത്രമാണ്‌ വിജയൻപിള്ള കൃഷിയിൽ ഉപയോഗിക്കുന്ന വളം. പശുക്കൾക്കു നൽകാനുള്ള തീറ്റപ്പുള്ളാണ്‌ മുഖ്യ ഇടവിള. കൂടാതെ വിവിധ കിഴങ്ങുവർഗങ്ങൾ, വാഴ, പച്ചക്കറികൾ എന്നിവയും തെങ്ങിൻതോപ്പിൽ കൃഷിചെയ്ത്‌ അധിക വരുമാനം ഉണ്ടാക്കുന്നു.
പാലക്കാട്‌ ജില്ലയിലെ കാറൽമണ്ണ സ്വദേശി ശ്രീ. ശ്രീകുമാരൻ ഏഴ്‌ ഏക്കർ വരുന്ന തന്റെ തെങ്ങിൻ തോട്ടത്തിൽ കിഴങ്ങുവർഗങ്ങൾ, ( ചേന, ചേമ്പ്‌, മരച്ചീനി, കൂവ) സുഗന്ധവിളകൾ(ഇഞ്ചി,മഞ്ഞൾ) കൊക്കോ, 1000  വാഴകൾ (നേന്ത്രൻ,കണ്ണൻ,കദളി,ഞാലിപ്പൂ
വൻ,മൈസൂർപൂവൻ) എന്നിവയാണ്‌ ഇടവിളകളായി കൃഷിചെയ്തു വരുന്നത്‌. 
തണൽ ഇഷ്ടപ്പെടുന്ന വിള എന്ന നിലയിൽ കൊക്കോ തെങ്ങിൻതോട്ടങ്ങളിൽ  കൃഷിചെയ്യാൻ വളരെ യോജിച്ചതാണ്‌. തെങ്ങുമായി ഒരു തരത്തിലും ജലത്തിന്റെയോ, വളത്തിന്റെയോ കാര്യത്തിലൊന്നും മത്സരിക്കാത്ത സസ്യം കൂടിയാണ്‌ കൊക്കോ. കോഴിക്കോട്‌ ജില്ലയിലെ മരുതോങ്കര സ്വദേശി ശ്രീ.പി.വൈ ജോസ്‌ തന്റെ ഒന്നര ഏക്കർ തെങ്ങിൽ 200 കൊക്കോയാണ്‌ കൃഷി ചെയ്തിട്ടുള്ളത്‌. കൊക്കോ കായ്‌ വിറ്റ്‌ പ്രതിവർഷം ഏകദേശം ഒന്നേകാൽ ലക്ഷം രൂപ അദ്ദേഹം നേടുന്നു.
ഉപസംഹാരം
നാളികേരാധിഷ്ഠിത കൃഷി സമ്പ്രദായം ഭക്ഷ്യസുരക്ഷയും ഭക്ഷ്യപര്യാപ്തത്തയും നൽകുന്നു. ജീവകങ്ങൾ , ധാതുക്കൾ തുടങ്ങിയവയടങ്ങിയ പോഷാകാഹാരം, കൃഷിയിട വൈവിധ്യവത്ക്കരണത്തിലൂടെ തൊഴിലവസരങ്ങൾ, പാരിസ്ഥിതിക സന്തുലിതാവസ്ഥ, പരിസ്ഥിതി സംരക്ഷണം തുടങ്ങി നേട്ടങ്ങൾ എത്ര. തെങ്ങിനൊപ്പം ഇടവിളകൾ കൃഷി ചെയ്യുന്നതിലൂടെ കൂടുതൽ ഭക്ഷ്യവസ്തുക്കളും കാർഷിക വിഭവങ്ങളും  ഉത്പ്പാദിപ്പിക്കുന്നു എന്നു മാത്രമല്ല, അത്‌  നഗര / ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നു. അതെ സമയം ഇത്തരത്തിലുള്ള കൃഷി രീതി കൂടുതൽ തൊഴിലവസരങ്ങളും ജീവിതമാർഗ്ഗങ്ങളും സൃഷ്ടിക്കുന്നു, കൃഷിയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നു, ആളുകളുടെ ക്രയശേഷി ഉയർത്തുന്നു, ചുരുക്കത്തിൽ കാർഷിക സമൂഹത്തിലെ ദാരിദ്ര്യം തന്നെ ഇല്ലാതാക്കുന്നു. ഈ മേഖലയിൽ വിജയം കൊയ്ത കർഷകർ സമൂഹത്തിന്റെ പ്രചോദനവും സംരംഭക മാതൃകകളുമായി മാറുന്നു. നാളികേര കൃഷിയെ വരും കാലങ്ങളിൽ അഗ്രിബിസിനസ്‌ വഴിത്താരയിലേയ്ക്കു കൊണ്ടുവരാനും അതിലൂടെ കൂടുതൽ ആസ്തിയും മൂലധനവിഭവവും സൃഷ്ടിക്കാനും സാധിക്കുമെന്നതിൽ സംശയമില്ല.
ഡോ. കൃഷ്ണകുമാർ. 9387100119

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…