വെള്ളം കൊട


 പീതൻ കെ വയനാട്
പന്തങ്ങളഞ്ചെട്ടു കെട്ടിയുണ്ടാക്കി 
പന്തിരു കുലത്തിലെ കീഴാള മക്കൾ
അന്തിയാകുമ്പോളിളയ്ക്കാനിരിയ്ക്കാൻ,
ആണ്ടു ബലിയ്ക്കുള്ളൊരാലയൊരുക്കി.
പ്ലാവിൻറെ തായ്ത്തടി കൊത്തിയടുക്കീ-
ട്ടിത്തിരി നാളം പകർന്നു ചിരാതിൻ,
രാവു പുതയ്ക്കും തണുപ്പകറ്റീടാൻ 
ഉച്ചയ്ക്കേ കത്തും കനൽ ചിത കൂട്ടി.
കർക്കിടക  കറു കറുത്ത വാവി-
ലിത്തിരി വെട്ടം തെളിയ്ക്കുവാനെള്ളി-
ന്നെണ്ണയൊഴിച്ചു തിരിയിട്ടു വച്ചു,
പണ്ടൊക്കെ പോയോരൊക്കെ വരൂലോ.....?
ചില്ലു വിളക്കിൻ കരിക്കറ മായ്ച്ചു 
മണ്ണെണ്ണ വേണ്ടുന്ന പോലെ നിറച്ചു, 
ചേലിൽ വിരിപ്പിട്ടിരിപ്പിടമാക്കി 
പാതിരി പണ്ടേ വരുന്നോരഥിതി.
.
തൊട്ടു തീണ്ടാത്തവർക്കേറെയകലെ
കെട്ടിയൊരുക്കിയ കൈയ്യാലയ്ക്കുള്ളിൽ,
പൂജാദി ദ്രവ്യങ്ങൾ പൂജയ്ക്കൊരുക്കി 
പൂജ്യർക്കു വേണ്ടുന്ന ഭോജ്യം വിളമ്പി.
വെള്ളം*കൊടയ്ക്കൊരു,കോമരമുണ്ട്  
കുരുതിയ്ക്കു കോഴീടെ ചോരച്ചാലുണ്ട്  
വെള്ളിടി വെട്ടുന്ന തീ തോറ്റമുണ്ട്
കള്ളിപ്പാല പൂവിൻ പൂമണമുണ്ട്.
അപ്പൂപ്പനപ്പൂപ്പനപ്പൂപ്പനാരോ...
ആടിയുറയുന്നോരര മണി ചെത്തം,
അച്ഛനലക്കി വെളുപ്പിച്ച കോറ, 
ചുറ്റിയുടുത്തു കുനിഞ്ഞു വണങ്ങി!
തുള്ളിയുറഞ്ഞു തുടി കൊട്ടിടുമ്പോൾ 
ഉള്ളിലുദിയ്ക്കുമരുളപ്പാടൊക്കെ 
തുള്ളിയ്ക്കൊരു കുടമെന്ന പോൽ നാവാൽ, 
വള്ളിയ്ക്കു തെറ്റാതെ ചൊല്ലും പരേതർ.
വാക്കിൻറെ മൂർച്ചകൾ വാൾമുന കാട്ടി  
വല്ല്യോരും കുട്ട്യോളും വന്ദിച്ചു നില്ക്കെ, 
ഉള്ളു നടുക്കിയുരയ്ക്കുമാത്മാക്കൾ
നല്ലോണ മസ്ഥിത്തറ കാത്തിടേണം! 
പിന്നീടൊരാണ്ടേയ്ക്കു പേടിച്ചിടേണ്ട 
പിഞ്ചു മനസ്സിനും പിൻ ബലമാകും, 
വെള്ളം കൊട,കുടി കെങ്കേമമാകും 
വെള്ളരി പ്രാക്കൾ വിളങ്ങി മടങ്ങും.
കാറ്റുലച്ചറ്റൊരു വന്മരം പോലെ
നെറ്റിയിലിറ്റിയ ചോരയൊലിയ്ക്കെ, 
നെഞ്ചിലൂടാളിയ പന്തം കെടുത്തി 
തുള്ളിയടങ്ങിയ കോമരക്കോലം 
   
ആകാശ ചോട്ടിലടങ്ങാ കിതപ്പോ-
ടാടിയുലഞ്ഞു കുടിച്ചു കുടങ്ങൾ,
കൊരിയെടുക്കുന്ന കോട്ടിയ പാള 
കീറി, കിണറ്റിലേയ്ക്കിറ്റുന്നു വെള്ളം.
കേറാ മലയിൽ കിലുങ്ങും മണികൾ, 
കേൾവിപ്പഴമകൾ കേൾപ്പിച്ച കേളി....
കൊട്ടി തളരുന്നു കോമൻറെ കൂട്ടർ,
കുട്ട്യോളില്ലിന്നിറ്റു വെള്ളം കൊടുക്കാൻ!
................................................................. 
*കീഴാളരുടെ കർക്കിട വാബലി .
വെച്ചു സേവിയ്ക്കുന്ന പരേതർക്കുള്ള 
'വെള്ളം കൊട'-ശ്രാദ്ധമൂട്ട്,വടക്കൻ
കേരളത്തിൽ ഇതിന്'ആത്തു വച്ചു
കൊടുക്കൽ' എന്നു പറയും.  കീഴാളർക്ക് 
ഊട്ടാനും അവകാശ മുണ്ടായിരുന്നില്ല!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?