മുദ്രാവാക്യങ്ങളുടെ ശ്മശാനം

പി.കെ.ഗോപി

ആയിരം കാതം അകലെ നിന്നാവാം
ആത്മാവിനോടു ചേർത്തു നിർമിച്ച
കൂട്ടിൽ നിന്നാവാം
ഏതോ നിലവിളി നിരന്തരം കേൾക്കുന്നു.

പാതാളത്തിൽ നിന്നാവാം
പാനപാത്രത്തിൽ നിന്നാവാം
ഏതോ തിരയടി നിലയ്ക്കാതെ കേൾക്കുന്നു.

മുന്തിരി വള്ളികളിൽ നിന്നാവാം
മുലപ്പാലിൽ നിന്നാവാം
ഏതോ ഏങ്ങലടി എപ്പോഴും കേൾക്കുന്നു.

ആളൊഴിഞ്ഞ ഭൂതലത്തിലാവാം
അരങ്ങോഴിഞ്ഞ വാനിടത്തിലാവാം
നാളിതുവരെ ഉദിക്കാത്ത
നക്ഷത്രങ്ങളുടെ ചോരക്കാടുകൾ
പടർന്നു കയറുന്നു. 

ചുരുളഴിഞ്ഞ
സിരകളുടെ പത്തികളിലാവാം
വഴി മറന്ന
ചിതലുകളുടെ പുറ്റുകളിലാവാം
വിഷമുറഞ്ഞ ആരുടെയോ
ദുഷ്ടതകൾ
നിശ്ചലമായി കിടക്കുന്നു.

സ്വയം തുറന്ന
മിഴികളുടെ ഒപ്പുകടലാസിൽ
ഒന്നും പതിയാത്തതെന്തെന്ന്‌
വിശദീകരിക്കാനാവാതെ
നട്ടം തിരിയുമ്പോൾ,
നഷ്ടപ്പെട്ടവന്റെ മുറിവുകളിൽ നിന്ന്‌
വാക്യങ്ങൾ ചവച്ചുപേക്ഷിച്ച്‌
മുദ്രകൾ മാത്രം
വാൾത്തലകളോടു സന്ധിചെയ്യാനാവാതെ
വഴിവിളക്കുകൾക്കു മുമ്പിൽ
ചിതറിക്കിടക്കുന്നു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?