സലില മുല്ലൻ
നിറവെളിച്ചത്തിലൂടെ
ഞരമ്പില്‍ കുത്തിവയ്ക്കുന്ന വിഷം.
വിഷക്കായ കഴിച്ചു ആത്മഹത്യ ചെയ്ത കര്‍ഷകന്‍
കിടക്ക കിട്ടാതെ സര്‍ക്കാര്‍ ആശുപത്രിയില്‍
ജീവനൊടുക്കിയ രാധ
വണ്ടി കേറി മരിച്ച ഭിക്ഷക്കാരന്‍
എത്ര വേണമെങ്കിലുമുണ്ട്
പത്രത്തിലിടം കാണാതെ..
കൂത്തിച്ചിയാട്ടത്തിനു
ആനയുമംബാരിയും...
മാധ്യമങ്ങള്‍ക്കുല്സവവും...
തിമിരം കെട്ടിയ കണ്ണിനെ
കണ്ണട വച്ചു കോരന്‍ വെല്ലു വിളിച്ചത്
അതെ കാഴ്ച്ചയുടെ ഉള്‍വിളിയില്‍...
റേഷന്‍ കടയില്‍ തിരിയേണ്ട കണ്ണ്
ഫാഷന്‍ തെരുവില്‍ മതിമറന്നു.
വാഴയിലക്കറ പുരണ്ട നഖങ്ങള്‍
പുതുനിറം പേറി,
കണ്ടത്തില്‍ ജടകെട്ടിയ മുടി
ഷാമ്പുവില്‍ നനച്ചു
കണ്ണാടി പറയുന്നത് വായിച്ചു.
ഗ്യാസ് എത്തിക്കാത്ത കെട്ടിയവനെ പിരാകി
അത്താഴം വയ്ക്കാന്‍ മറന്നു പുതിയൊരമ്മ.
അടുപ്പില്‍ ചാരത്തില്‍
ചേരയിഴയുന്നു.
വാഴകള്‍ വാടി മറിയുന്നു.
വാര്‍ത്തകള്‍ പലതു വന്നു മറയുന്നു.
നഗരത്തിനിതുല്സവം;
ആരാന്റെ ഉടലുകളുടെ ഇളകിയാട്ടം.
പടിഞ്ഞാറിന്റെ കെണിയെന്നു
നാലു കോളം ചമച്ചു
രതിസുഖം നുകര്‍ന്നാ പത്രാധിപര്‍,
ഭാര്യയെ എഴുന്നള്ളിച്ചാ
വേദിയിലേക്ക്...
