19 Sept 2014

മുരളി – ചില സ്വാര്‍ത്ഥസ്മൃതികള്‍


രാം മോഹൻ പാലിയത്ത്



ആറേഴു വര്‍ഷം മുമ്പ് കെ. പി. കെ. വേങ്ങരയുടെ ഷാര്‍ജയിലെ വീട്ടില്‍ വെച്ച് ആദ്യമായും അവസാനമായും കണ്ട രാത്രിയില്‍ അതിനും ഒന്നൊന്നരക്കൊല്ലം മുമ്പ് വായിച്ച എന്റെ ഒരു കവിത മുരളി ഓര്‍മിച്ചു. മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച എറണാകുളത്തിന്റെ ഓര്‍മയ്ക്ക് എന്ന കവിത. എന്റെയൊരു കവിത ശ്രദ്ധിച്ചു എന്നറിഞ്ഞതുകൊണ്ടല്ല അപ്രശസ്തവും അപ്രധാനവുമായ രചനകളില്‍പ്പോലും കണ്ണെത്തുന്ന വിധം സൂക്ഷ്മമാണല്ലോ അദ്ദേഹത്തിന്റെ സാഹിത്യപ്രേമം എന്ന അറിവാണ് എനിക്ക് ഏറെ അത്ഭുതമായത്.

ആ കവിത വായിച്ചപ്പോള്‍ അത് സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചതായി മുരളി പറഞ്ഞു. അത് കുറച്ചു പേരെ വായിപ്പിച്ചെന്നും അത് സ്റ്റേജില്‍ അവതരിപ്പിക്കണമെന്ന ആഗ്രഹം അവരോടെല്ലാം പറഞ്ഞെന്നും എന്നെങ്കിലും അത് ചെയ്യുമെന്നും മുരളി പറഞ്ഞു. കടമ്മന്റെ ഒരു പശുക്കുട്ടിയുടെ മരണം എന്ന കവിത മുരളി സ്റ്റേജില്‍ അവതരിപ്പിച്ചിരുന്നത് ഞാനപ്പോളോര്‍ത്തു.

ഒന്നു രണ്ട് ബക്കാഡി കുപ്പികള്‍ കാലിയായി. പ്രധാനമായും കവിതയായിരുന്നു ഞങ്ങളുടെ വിഷയം. കുമാരനാശാന്റെ ഒരു പാട് വരികള്‍ മത്സരിച്ച് ഞങ്ങള്‍ ചൊല്ലി. അദ്ദേഹം ഒരു ഈരടി പാടും. ഞാനടുത്തത്. ചിന്താവിഷ്ടയായ സീതയായിരുന്നു ഞങ്ങളുടെ ഫേവറിറ്റ്. ഇടയ്ക്ക് ആശാന്റെ ഒരു അനുതാപം എന്ന കവിതയിലെ മൂന്ന് ശ്ലോകങ്ങള്‍ ഞാന്‍ ചൊല്ലി. അമ്മ മരിച്ചപ്പോള്‍ ആശാന്‍ എഴുതിയ കവിത. അദ്ദേഹത്തിന് അത് പരിചിതമായിരുന്നില്ല.

അമ്മയുടെ മരണമാണല്ലൊ ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദു:ഖം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഞാനത് ചൊല്ലിയത്.

പ്രത്യക്ഷക്ഷണമാത്മഭോഗസദൃശം ഭാവിച്ചിടും ഭാവിയെ
സ്മൃത്യാരൂഡസുഖാസുഖങ്ങളില്‍ നിറം തേയ്ക്കും തനിയ്ക്കൊത്തപോല്‍
മര്‍ത്യന്‍ നീണ്ടൊരു കാലതന്തു നടുവേ നില്‍ക്കുന്നു ചൂടൊന്നു പോല്‍
മധ്യം കത്തിയെഴും ശലാകയുടെ രണ്ടറ്റത്തുമെത്തുന്നു താന്‍.

കൈവിട്ടെന്‍ സമുദായകൃത്യഭരമെല്ലാം വേഗമമ്മയ്ക്കുഞാന്‍
കൈവല്യാവഹമായ വൃത്തിയൊടണഞ്ഞുള്‍ത്തീകെടുത്തീടുവാന്‍
ഹാ! വാഞ്ച്ഛിച്ചു ഹതാശനായി നിമിഷം നീട്ടായ്ക കൃത്യം ബുധന്‍
ദൈവത്തിന്‍ ഗതി നാഗയാന കുടിലം നീര്‍പ്പോളയിജ്ജീവിതം.

ശോകത്താലിഹശോകസംഗതി സമാധാനം തരുന്നില്ലെനിയ്ക്കേ-
കുന്നീല ചിരാനുഭുതരസമിധ്യാത്മബോധം സുഖം
ഹാ! കഷ്ടം സുഖമല്ല താന്‍ സുഖവുമില്ലൈകാന്തികം സൌഖ്യമീ-
ലോകപ്രീതിദശാനിബന്ധിനി ഉപാസിയ്ക്കുന്നു ദു:ഖത്തെ ഞാന്‍.

ഉടനെ അദ്ദേഹം ശങ്കരാചര്യരുടെ ആ പ്രശസ്തമായ ശ്ലോകം ചൊല്ലി. അമ്മയെപ്പറ്റിയുള്ള ശ്ലോകം. അതെനിക്കറിയില്ലായിരുന്നു. എന്നാല്‍ അതിന് കുഞ്ഞിക്കുട്ടന്‍ തമ്പുരാനുണ്ടാക്കിയ പരിഭാഷ എനിക്കറിയാമായിരുന്നു:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ രുചി കുറയും കാലമേറെച്ചടപ്പും
പൊയ്ക്കോട്ടേ കൂട്ടിടേണ്ട മലമതിലൊരുകൊല്ലം കിടപ്പും
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലിപോലും
തീര്‍ക്കവൊല്ലെത്ര യോഗ്യന്‍ മകനുമതുനിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍.

ബക്കാഡിയും കവിതയും രാത്രിയും ചേര്‍ന്നുള്ള ത്രികോണ അവിഹിതത്തിന്റെ ലഹരി ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

ആ ഉയരങ്ങളില്‍ എവിടെയോ വെച്ച് എന്റെ കവിതയിലെ ചില വരികള്‍ ചൊല്ലി അങ്ങേര് എന്നെ വട്ടാക്കി. “പത്രമാപ്പീസുകളുടെ കലൂരേ, ട്രാവല്‍ ഏജന്‍സികളുടെ രവിപുരമേ… അല്ലെ രാം മോഹന്‍?”

പാട്ടുകാര്‍ പിന്നെ പാട്ടുകളിലേയ്ക്കു കടന്നു. ഭരതന്റെ പാര്‍വതിയിലെ കുറുനിരയോ എന്ന ജയചന്ദ്രന്‍ പാടിയ ഗാനം ഞാന്‍ ആരോടോ റിക്വസ്റ്റ് ചെയ്തപ്പോള്‍ മുരളിയ്ക്ക് അത്ഭുതം. ‘ഭരതേട്ടന്‍’ എപ്പോഴും പാടാറുണ്ടായിരുന്ന പുള്ളിയുടെ പ്രിയപ്പെട്ട പാട്ടയിരുന്നത്രെ അത്.
എല്ലാറ്റിനുമുപരിയായി ഞങ്ങളെ രണ്ടുപേരെയും ആഭിചാരം ചെയ്തത് ഒരേ ബാധ തന്നെയാണെന്ന തിരിച്ചറിവായിരുന്നു പ്രധാനം. ആശാന്റെ കവിത.

പിന്നീട് യാഹൂ ചാറ്റില്‍ ചിലപ്പോള്‍ ഞങ്ങള്‍ കണ്ടുമുട്ടി. ശങ്കരാച്യരുടേയും കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റേയും ശ്ലോകങ്ങള്‍ പരസ്പരം എഴുതിക്കൈമാറാമെന്ന വാഗ്ദാനങ്ങള്‍ പാലിയ്ക്കാതെ കിടന്നു.

ഒരിയ്ക്കല്‍ എന്നെങ്കിലും ‘എറണാകുളത്തിന്റെ ഓര്‍മയ്ക്ക്’ എന്ന പേരില്‍ ഒരു കളക്ഷന്‍ ഇറക്കുകയാണെങ്കില്‍ അത് മുരളിയെക്കൊണ്ട് പ്രകാശനം ചെയ്യിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.

സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ രാവണനെയല്ല സി. ജെ. തോമസിന്റെ ദാവീദിനേയാണ് മുരളിച്ചേട്ടന്‍ അഭിനയിച്ചു കാണാന്‍ കൊതി എന്ന് പറയണമെന്നുണ്ടായിരുന്നു.

ചകോരം, മീനമാസത്തിലെ സൂര്യന്‍, നീയെത്ര ധന്യ, ധനം… എന്റെ പരിമിതമായ സിനിമാനുഭവങ്ങളില്‍ അതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ സുക്ഷ്മാഭിനയ മാസ്റ്റര്‍പീസുകള്‍ എന്നും പറയണമെന്നുണ്ടായിരുന്നു.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...