19 Oct 2014

രണ്ടു കവിതകൾ



 അന്‍വര്‍ ഷാ ഉമയനല്ലൂര്‍
പരിണാമം

ക്ഷണസൂനജാലംകണക്കിവിടെ സകലരും

പുലരേണമെന്നകമെയറിയുന്നുവെങ്കിലും;

മതിവരുന്നില്ലിവിടെ നല്‍കാവ്യലോകമേ,

ജീവിതം! കൊതിയേറ്റിടുന്നതെന്നറിയുന്നു

സുഖമേകിടുന്നയീ വരികള്‍ക്കുമേലെയും

പതിയെത്തളര്‍ന്നുവീണെങ്കിലും; ഖിന്നമാം-

മുഖമിന്നമര്‍ത്തിവച്ചൊന്നു ചുംബിക്കുവാന്‍

തോന്നിടുന്നാ പ്രണയസ്മരണയിന്നീവിധം

ഇടനെഞ്ചിലറിയാതുയരുന്ന കാവ്യമായ്

കനവിന്റെ നൊമ്പരം പരിണമിച്ചെങ്കിലും

പുലരിപോലോര്‍മ്മയിലെന്നും തുടിക്കുന്ന

നിമിഷമൊന്നകലെനിന്നിന്നുമുണര്‍ത്തുന്നു:

"ജന്മാന്ത്യകാലംവരേയ്ക്കുമിഹ ജീവിതം

കദനഞാണിന്മേല്‍ക്കളിതന്നെയെങ്കിലും

സഹനമോടൊപ്പ,മപരന്റെ രോദനം

പരിഹരിച്ചീടുന്നതാം നിന്റെ കാവ്യകം

ഹൃത്താളസാമ്യം തുടിക്കയാലൊരുപുതിയ-

ചിന്തയെക്കൊത്തിയെടുത്തു പറക്കുകില്‍

ഇനിവരും വാസര-രാവുകളോരോന്നും

മധുരമായ് പരിണമിച്ചീടുമീ,വഴിയിലും"

ജീവിതം നുകരാനുണര്‍ത്തുമോ,രീവരം;

ജാതകംപരതിയാല്‍ കാണില്ലയെങ്കിലും;

കാലം നിറംചേര്‍ത്തെഴുതിയ പൂര്‍വ്വകം-

പാടെ നുണഞ്ഞപോലല്ല,യെന്നാകിലും

മോഹമോടൊരു സുഖം, സരസമായീവിധം

തനുവിനോടിന്നുമുണര്‍ത്തുന്നിതിന്‍ രസം

മതിയായതില്ലെന്നുരചെയ്തനന്തരം;

ജീവിതത്തെയെടുത്തണിയിക്കെ-മന്മനം

പാടുന്നു കാവ്യമൊന്നലിവോടെ-തല്‍ക്ഷണം-

പാറുന്നു പരിണമിച്ചീടുമെന്‍ യൗവ്വനം!!



ഓര്‍മ്മിളംതുടിപ്പുകള്‍

എണ്ണിയാല്‍ത്തീരാത്ത കഥകളാലന്നെത്ര

വര്‍ണ്ണങ്ങള്‍ ചാലിച്ചിരുന്നുളളിലെന്നമ്മ

വ്യഥകളാല്‍തിരുകരളിലായന്നു കവിതകള്‍

നിര്‍ണ്ണയമതുപോല്‍ രചിച്ചിരുന്നാ,നന്മ

താരാട്ടുമൂളി തോളത്തെടുത്തെന്നെയും

കൊണ്ടുനടന്നനാള്‍ പ്രകൃതിതന്നീണമായ്

കനിവിന്റെയോരോതുടിപ്പുകള്‍ കാട്ടിയെന്‍

സുദിനഹര്‍ഷങ്ങളന്നൊന്നായ് പകര്‍ത്തിയും

അകമേനിരത്തേണ്ടയനുകമ്പതന്‍ കിരണ-

മിമ്പമോടെന്നെയുണര്‍ത്തിയും തന്വിയാള്‍

സുമവിരല്‍തുമ്പിനാല്‍ മലയാളമാ,മെളിമ-

യീ, നെറ്റിമേല്‍ച്ചാര്‍ത്തിയലിവോടണച്ചതും

സ്മേരചൈതന്യം തുളുമ്പുമാ വദനത്തില്‍

ഗ്രാമനൈര്‍മ്മല്യമന്നണയാതെ കാത്തതും

നെഞ്ചോടുചേര്‍ത്താദ്യ വിദ്യാലയത്തിലേയ്-

ക്കെന്നെയുംകൊണ്ടു നനഞ്ഞുനടന്നതും

പാടവരമ്പുകള്‍ക്കിരുവശത്തായ് നിന്നു-

കാലികള്‍ കൗതുകംപൂണ്ടു കരഞ്ഞതും

തിരികെട്ട ബാലാര്‍ക്കനിന്നുമോര്‍മ്മിപ്പിക്കെ

തെന്നലായാരോ തലോടുന്നു പിന്നെയും

മുന്നിലായൊരുദുരിത സന്താപമൂലയില്‍

നാമംജപിച്ചിരിക്കുന്നു മുത്തശ്ശിയും!

ചടുലമായ് മോഹമെരിച്ചുതീര്‍ക്കുന്നുവോ;

പൊടിതട്ടി തെളിയിച്ചെടുക്കാതെ-കാലവും!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...