പീതൻ കെ വയനാട്  
------------------------------ --  
കൂട്ടു വന്നൊരാൾ പറഞ്ഞു 
നിങ്ങൾ അറു പഴഞ്ചൻ!
ആകാശത്തിനു കീഴെ നിങ്ങളുടെ 
വഴികളെല്ലാം ഒരേയൊരിടത്ത് 
സന്ധിക്കുന്നതു പോലെ തോന്നുന്നു. 
പെരുവഴിയിൽ നിന്ന് തിരിഞ്ഞു 
നോക്കുമ്പോൾഎനിക്കും തോന്നുന്നു 
വഴിയറിയാത്ത ഞാനെത്ര പഴഞ്ചൻ.
ഞാൻ നടന്ന വഴികളെല്ലാം 
ഒരേ വഴികളായി തോന്നുന്നു.  
ഓരോ വഴികളും ഞാൻ നടക്കുമ്പോൾ
കാലുകളെ പുണർന്നത് വളരെ 
കരുണയോടെയായിരുന്നു .
അതു കൊണ്ട് ഞാനറിഞ്ഞില്ല,
വഴിയിൽ  മുള്ളുണ്ടാകുമെന്ന്
ഇപ്പോൾ കാണുന്നു കാണാതെ പോയവ,
ഉരഗങ്ങളുടെ ഇണചേരൽ 
ചുറ്റിപ്പിണഞ്ഞുയരുന്ന പാമ്പുകളുടെ 
ഒന്നായ ഉടൽ പെരുമകൾ.
എന്റെ പാമ്പും ഇഴഞ്ഞിഴഞ്ഞ്  
ഒരിണ പാമ്പിനെ തിരയുകയാണിപ്പോൾ.
തുണികളുടെ വിലക്കുകളില്ലാതിരുന്ന 
എദന്റെ ഏടുകളിൽ എടുത്തണിയാൻ 
ഇനിയെനിക്ക് ഇലകളുടെ 
ഒരിതിഹാസം ബാക്കിയുണ്ട്,
പഴുത്തധികമായ  ഒരു പഴവും. 
മുള്ളുകളുള്ള വള്ളിപ്പടർപ്പിൽ 
ഇഴഞ്ഞേറി ഞാനെൻറെ വഴികളിപ്പോൾ 
വ്യത്യസ്തമാക്കുകയാണ്.
ഒരു മുള്ള് എൻറെ തൊണ്ടയിൽ 
വിലങ്ങനെ കുടുങ്ങിയിട്ടുണ്ട്,
ആ മുള്ള് സോപാനത്തിന്റെ 
ശ്രുതി വേഗങ്ങളെ തുളച്ച് 
കുത്തിക്കയറുന്നു....!
------------------------------ --