ഭൂമിവാതുക്കലിന്റെ സൂര്യരശ്മികൾക്ക്‌ പറയുവാനുള്ളത്‌...അനഘേഷ്‌ രവി
 നശ്വരങ്ങളായ അക്ഷരങ്ങളുടെ പരിമിതികൾക്കകത്തുനിന്നുകൊണ്ട്‌ വിരചിതമായ അനശ്വതയുടെ നേർക്കാഴ്ചകളുടെമുഖമുള്ള സൃഷ്ടിയാണ്‌ ശ്രീജിത്ത്‌ മൂത്തേടത്തിന്റെ ഭൂമിവാതുക്കൽ സൂര്യോദയം  എന്ന ലഘു നോവൽ

നശ്വരങ്ങളായ അക്ഷരങ്ങളുടെ പരിമിതികൾക്കകത്തുനിന്നുകൊണ്ട്‌ വിരചിതമായ അനശ്വതയുടെ നേർക്കാഴ്ചകളുടെമുഖമുള്ള സൃഷ്ടിയാണ്‌ ശ്രീജിത്ത്‌ മൂത്തേടത്തിന്റെ ഭൂമിവാതുക്കൽ സൂര്യോദയം  എന്ന ലഘു നോവൽ.  ഈ നോവലിന്‌ അനശ്വരമായ നേർക്കാഴ്ചകളുടെ ചൂടും, നിറവും, മണവുമാണുള്ളത്‌. അതുകൊണ്ടുതന്നെ ഈയൊരു സൃഷ്ടിയെ വിമർശനാത്മകമായി സമീപിക്കുമ്പോൾ സഹൃദയരായ അനുവാചകരിൽ അലോസരങ്ങളുടെ നേരിയ നിഴൽപ്പാടുകൾപോലും വായനയുടെ ഒരുമേഖലയിലും കടന്നുവരില്ലെന്ന തീർച്ചപ്പെടുത്തലിലൂടെവേണം കഥാബീജത്തിന്റെ ഉത്തുംഗതയിൽ മുങ്ങിനിവരാനെന്നെനിക്കുറപ്പുണ്ട്‌. 
കാരണം, ചടുലമായിമുന്നേറുന്ന വർത്തമാനകാലത്തിന്റെ യാന്ത്രികതയ്ക്കും, വൈശ്യതന്ത്രങ്ങളിലൂടെ ചോർന്നുപോകുന്ന മാനുഷികമൂല്യങ്ങൾക്കും പറയാനുള്ളത്‌ ആത്മനിയന്ത്രണം നഷ്ടപ്പെട്ടുതുടങ്ങിയ സാമൂഹികവ്യവസ്ഥകളുടെ ദുരവസ്ഥയാണ്‌.
അവിടെയാണ്‌ നോവലിന്റെ പ്രസക്തി പ്രകടമാവുന്നത്‌. ഇവിടെ എടുത്തുപറയേണ്ടത്‌ പാത്രസൃഷ്ടിയിലും, പരിതോവസ്ഥയിലും ഗ്രന്ഥകാരൻ കാണിച്ച കൈവഴക്കത്തിന്റെ കൗശലതയാണ്‌. ആലിമാസ്റ്റർ എന്ന കഥാപാത്രത്തിൽ നിറയുന്ന വൈകാരികാനുഭൂതികളുടെ അലകളിൽ ഗ്രാമീണതയുടെ നിഷ്കളങ്കമായ ഫ്രെയിമുകൾ ആസ്വാദകനെ ചൂഴുകതന്നെ ചെയ്യും. പ്രണയത്തിന്റെ അഗാധതയ്ക്കപ്പുറത്ത്‌ കാൽപനികന്റെ ഭ്രമകൽപനകളൊന്നുമില്ലാതെ ചിത്രീകരിച്ച സൈനബയുടെയും ആലിമാസ്റ്ററുടെയും പ്രണയരംഗങ്ങളുടെ മികവ്‌ താളനിബദ്ധമായി ഉരുവിടാൻ സാധിക്കുന്ന രചനാപാടവത്തിന്റെ പുതിയമാനങ്ങളെ വരച്ചുകാണിക്കുന്നു.
ശ്രീജിത്ത് മൂത്തേടത്ത്
വാണിമേൽപ്പുഴയുടെ പുളിനങ്ങൾ പോയകാലത്തിന്റെ സ്മരണകൾക്കുമുന്നിൽ ഒരിക്കൽകൂടി ശിരസ്സുകുനിക്കുമ്പോൾ ചരിത്രത്തിന്റെ പിൻബലത്തോടെ അനുവാചകനിൽ നിറയുന്ന നേർക്കാഴ്ചകളുടെ ദൃശ്യങ്ങളാണ്‌ ഒരു പരിധിവരെ നോവലിന്റെ ആത്മാവിനെ സംരക്ഷിച്ചുപോരുന്നത്‌. വർഗ്ഗീയവിഷംനുണഞ്ഞ ജനതയ്ക്കുമുമ്പിൽ പകച്ചുനിൽക്കുന്ന ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യർക്കുള്ളിൽ ഉടലെടുക്കുന്ന സന്താപത്തിന്റെയും, അമർഷത്തിന്റെയും വിത്തുകൾ വരാനിരിക്കുന്ന വലിയ കലാപങ്ങൾക്കു നിദാനമായിവർത്തിക്കുമെന്ന ആശങ്ക ക്രാന്തദർശിയായ എഴുത്തുകാരൻ ഇവിടെ കോറിയിടുന്നതോടൊപ്പം ഒരദ്ധ്യാപകന്റെ കർത്തവ്യം അറിവു പകരുന്നതിലൂടെ അവസാനിക്കുന്നില്ലെന്നും മറിച്ച്‌ സാമൂഹികമായ പരിവർത്തനങ്ങൾക്കായി വരും തലമുറയുടെ മനസ്സിൽ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ചാലുകൾ കീറുന്ന ധർമ്മമാണ്‌ അവയിൽ പ്രധാനമെന്നുമുള്ള തിരിച്ചറിവ്‌ ഒരിക്കൽക്കൂടി വായനക്കാരന്‌ സിദ്ധിക്കുന്നു.
അന്ത്രുമാസ്റ്ററുടെയും, സദാനന്ദൻ മാസ്റ്റരുടെയും സൗഹൃദം പ്രളയസമാനമായൊരു കാലഘട്ടത്തിന്റെ ഗതിയെ സ്വാധീനിക്കാൻ കഴിയുന്ന ഒന്നാണ്‌. കലാപകാരികളുടെ ആക്രോശങ്ങൾക്കു മുൻപിൽനിന്ന്‌ അന്ത്രുമാസ്റ്റർ സുഹൃത്തിനെ രക്ഷപ്പെടുത്തുമ്പോൾ സ്വാർത്ഥതാത്പര്യങ്ങൾക്കനുസൃതമായി ഉടലെടുക്കുന്ന പുതിയ സൗഹൃദങ്ങൾക്കന്യമായ ഹൃദയനൈർമ്മല്യത്തിന്റെ ഊഷ്മളതയ്ക്ക്‌ രചയിതാവ്‌ കാണിച്ച ബിംബകൽപനകൾ മാതൃകയായിത്തീരുകയാണിവിടെ.
ഹൃസ്വചിത്രങ്ങളുടെ വരവ്‌ പുതിയതലമുറയെ എങ്ങിനെ സ്വാധീനിക്കുന്നുവേന്നും, അവയുടെ അനന്തസാധ്യതകൾ വിദ്യാർത്ഥികൾക്കുമുമ്പിൽ പ്രതീക്ഷകളുടെ പുതിയവിതാനങ്ങൾ എങ്ങിനെ രൂപപ്പെടുത്തുന്നുവേന്നതും അനുവാചകരിൽ അടക്കാനാവാത്ത ആകാംക്ഷയ്ക്കു വഴിയൊരുക്കുന്ന ഒന്നാണ്‌.
ചരിത്രത്തിന്റെ മണൽത്തിട്ടകളിൽ കാൽപാടുകൾ പതിഞ്ഞ സത്യാന്വേഷികളുടെ കണ്ടെത്തലുകൾ പെരിങ്ങത്തൂർപ്പുഴയിൽനിന്നും മയ്യഴിപ്പുഴയായി പരിണമിക്കുന്ന വാണിമേൽപ്പുഴയുടെ ഗാത്രത്തിൽ ഒഴുക്കിവിടുമ്പോൾ അവ്യക്തമായ പല ചോദ്യങ്ങൾക്കും അവിടെ വ്യക്തത്തയുടെ ഭാഷ്യം വന്നുചേരുന്നു.
വടക്കൻ പാട്ടിലെ ശീലുകളെ ചീന്തിയെറിഞ്ഞ്‌, ചരിത്രം പുതിയ കൈവഴികൾ വെട്ടിയെടുക്കുമ്പോൾ, പെൺകരുത്തിന്റെ പ്രതീകമായ ഉണ്ണിയാർച്ചയെ ടിപ്പുസുൽത്താൻ വേട്ടുവേന്ന വസ്തുത വായനക്കാരന്‌ തെല്ലൊരു അമ്പറപ്പുണ്ടാക്കുമെന്ന്‌ ഞാൻ കരുതുന്നു. ഒരു പുരാതന കഥാപാത്രത്തിന്റെ പുനഃസൃഷ്ടിയല്ല എഴുത്തുകാരൻ ഇവിടെ ചെയ്യുന്നത്‌. മറിച്ച്‌ നേരുചികയുന്ന അനിവാര്യതയുടെ കാരണങ്ങളെ തൂലികയിലാവാഹിക്കുന്നുവേന്നുമാത്രം.
നോവൽസാഹിത്യം പുതിയ പരീക്ഷണങ്ങൾക്കുവിധേയമാവുമ്പോൾ, പലരുടെയും കൃതികൾ പലപ്പോഴും അരോചകമായി തോന്നാറുണ്ട്‌. അതിസങ്കീർണ്ണമായ കാമനകൾക്കു തുറന്നെഴുതുമ്പോൾ ആ വിഷയത്തോട്‌ പരിപൂർണ്ണമായും നീതിപുലർത്താൻ അക്കൂട്ടർക്കു കഴിയാറില്ലെന്നതും മറ്റൊരു പ്രധാനവിഷയമായി ശേഷിക്കേ ഭൂമിവാതുക്കൽ സൂര്യോദയം എന്ന ഈ നോവൽ ഗൃഹാതുരത്വത്തിന്റെ മധുരമിഠായികൾ അനുവാചകന്‌ പകർന്നുനൽകുമ്പോൾ എഴുത്തുകാരനെന്ന്‌ സ്വയം വിശേഷിപ്പിക്കാത്ത, വലിയവയോടകന്നുനിന്നു, വലുതാകാൻശ്രമിക്കാത്ത ഈ എഴുത്തുകാരന്റെ മനസ്സിലെ നന്മ ആസ്വാദകവൃത്തങ്ങൾ രുചിച്ചറിയുകതന്നെ ചെയ്യും.
ഒരു രണ്ടാമൂഴക്കാരന്റെ എളുതുകൾക്കും, സ്വതന്ത്രതയ്ക്കും, കൽപനാസൗകര്യത്തിന്റേതായ മുന്നിൽവിരിച്ചിട്ട വായനാനുഭവത്തിന്റെ വെളുത്തമാന്ത്രികപ്പരവതാനിയിലൂലെ ദിവാപദങ്ങളൂന്നിക്കൊണ്ട്‌ ഭൂമിവാതുക്കൽ സൂര്യോദയ?മെന്ന നോവൽ എനിക്കേകിയ അനുഭവങ്ങളിൽ ചിലതുമാത്രമേ ഇവിടെ രേഖപ്പെടുത്തിയുള്ളൂ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?