19 Oct 2014

ഞാൻ അങ്ങനെ ദയാബായിയായി



ദയാബായി 
എം.എസ്‌.ഡബ്ല്യു കോഴ്സിന്റെ ഭാഗമായുള്ള പ്രോജക്ട്‌ വർക്കിനായിട്ടാണ്‌ ഞാൻ സുർളാഘാപ്പ എന്ന ഗോത്രവർഗ്ഗ ഗ്രാമത്തിലെത്തിയത്‌. അവിടെ ഒരു വീടിന്റെ വരാന്തയിലായിരുന്നു താമസം. അവിടെ ആയിടയ്ക്കുവന്ന ചന്ദ്ര എന്ന പെൺകുട്ടിയുടെ പ്രസവത്തിന്‌ സഹായിക്കാൻ ഞാനും കൂടി കൊടുത്തു. അവളുടെ ക്ഷണമനുസരിച്ച്‌  അവളുടെ ഭർത്താവിന്റെ ഗ്രാമമായ തിൻസൈയിലെത്തി. ഗ്രാമവാസികൾ എന്റെ കാലുകൾ കഴുകി എന്നെ സ്വീകരിച്ചു. അവരോടൊപ്പമിരിക്കുമ്പോൾ ഒരു വൃദ്ധൻ ചോദിച്ചു. "ഞങ്ങൾ കാട്ടിലെ കുരങ്ങന്മാരാണ്‌. അങ്ങെന്താണ്‌ ഇവിടെ വന്നത്‌?". പണ്ടത്തെ ഗോണ്ടുരാജവംശത്തിൽ പെട്ടവരാണ്‌ ഇവർ എന്നിട്ടും ഇപ്പോൾ സ്വയം പറയുന്നത്‌ കുരങ്ങന്മാരാണെന്നാണ്‌. രാത്രിയിൽ ഒരു ഫ്ലാഷ്‌ ബാക്ക്‌ പോലെ ചില ചിത്രങ്ങൾ എന്റെ മനസ്സിലേക്കു വന്നു. അവർ തലച്ചുമടായി ചന്തയിലെത്തിക്കുന്ന പച്ചക്കറികളും മറ്റും മറ്റുള്ളവർ പിടിച്ചുവാങ്ങി ഒരു വില സ്വയം നിശ്ചയിച്ച്‌ അവർക്ക്‌ കൊടുക്കുന്നു. ഒന്നും മിണ്ടാതെ അവർ അത്‌ വാങ്ങുന്നു. ബസിൽ ആരെങ്കിലും നിൽക്കുകയും ഒരു ഗോണ്ടു സീറ്റിലിരിക്കുകയുമാണെങ്കിൽ കണ്ടക്ടർ അയാളെ മാറ്റിയിട്ട്‌ നിൽക്കുന്നയാളെ ഇരുത്തുന്നു. 
പിന്നീടൊരിക്കൽ അവരിലൊരു സ്ത്രീയെപ്പോലെ വേഷവും ധരിച്ച്‌ നടക്കുമ്പോൾ വെറും ഒരു മൃഗത്തോടെന്ന പോലെ എന്നോടും ആളുകൾ പെരുമാറിയിട്ടുണ്ട്‌. റിസർവ്വേഷനുണ്ടെങ്കിലും ട്രെയിനിലെ റിസർവ്വ്ഡ്‌ കമ്പാർട്ടുമന്റിൽ കയറുമ്പോൾ "ഇറങ്ങി പോടി" എന്ന ആക്രോശം കേട്ടിട്ടുണ്ട്‌. പോലീസുകാരുൾപ്പെടെ എത്ര പുരുഷന്മാർ എന്നെ സമീപിച്ചിട്ടുണ്ട്‌! ഇത്തരം സ്ത്രീകൾ "അത്തരക്കാരി ആണെന്നവർക്ക്‌ തോന്നിപ്പോകുന്നു. അവർക്കുമേൽ തങ്ങൾക്കെന്തോ അവകാശമുള്ളതുപോലെ പുരുഷന്മാർ പെരുമാറുന്നു. 
ഇവരുടെ ആത്മാഭിമാനം ഉയർത്തിയേ അടങ്ങു എന്ന വാശിയായി എനിക്ക്‌, അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെട്ടു. അവരെ ഒരുമിപ്പിച്ച്‌ ലഭിക്കുന്ന കൂലിയിലെ വെട്ടിപ്പിനെ എതിർത്തു. സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചു. 22 അധ്യാപകരെ പലയിടങ്ങളിൽ അധ്യാപനത്തിന്‌ നിയോഗിച്ചു. ഞാൻ പഠിപ്പിച്ച ആളുകൾക്ക്‌ ഞാനാദ്യം പരിചയപ്പെട്ടുത്തിയ വാക്ക്‌ "ഹക്ക്‌" എന്നതായിരുന്നു. "അവകാശം" എന്നർത്ഥം. അതുമായി ബന്ധപ്പെട്ട ചർച്ചകളും ക്ലാസിനോടനുബന്ധിച്ച്‌ ഉണ്ടായി. കാണെക്കാണെ അവർ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങി.
'ഞാൻ എല്ലായിടത്തും വിക്ടിം ആകണം, എങ്കിലേ ഫലമുണ്ടാവുകയുള്ളൂ' എന്ന്‌ പറഞ്ഞത്‌ ഗാന്ധിജിയാണ്‌. ആധുനിക ഭാരതത്തിലെ ആരോഗ്യവകുപ്പധികൃതരുടെ മുമ്പിൽ സ്വന്തം ജീവിതം കൊണ്ട്‌ വേണം സത്യത്തെ മറനീക്കി കാണിച്ചു കൊടുക്കാൻ എന്ന്‌ എനിക്കും ബോധ്യമായി.
പൊതുജനാരോഗ്യ മേഖലയിൽ ഡോക്ടർമാരെയും ശുശ്രൂഷകരെയും തീറ്റിപ്പോറ്റുന്നതിന്‌ സർക്കാർ കോടികൾ ചിലവഴിക്കുന്നുണ്ട്‌. എന്നാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ ശേഷിയില്ലാത്ത, പാവപ്പെട്ട ഗ്രാമീണജനത സാംക്രമിക രോഗങ്ങളുടെ പിടിയിലാവുന്നത്‌ കണ്ടെത്താൻ ആരോഗ്യവകുപ്പധികൃതർക്കോ ഡോക്ടർമാർക്കോ കഴിയുന്നില്ല. യാഥാർത്ഥ്യങ്ങൾ അവർക്കു മനസ്സിലാക്കി കൊടുക്കാൻ അസാമാന്യമായ ഇച്ഛാശക്തിയും അർപ്പണബോധവും വേണം. 
തിൻസൈയിലെ ഗ്രാമീണജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എനിക്ക്‌ മനസ്സിലായി, ഗ്രാമത്തിലെല്ലാവർക്കും രാത്രി പത്തുമണിയാവുമ്പോൾ പനി തുടങ്ങുന്നു. ഉച്ചയാവുമ്പോഴേക്കും പനി വിടുന്നു. ശക്തിയായ വയറുവേദനയും ക്ഷീണവുമുണ്ട്‌. എങ്കിലും അവർ ജോലിക്കുപോകുന്നത്‌ നിർത്തിയില്ല. പരമ്പരാഗതമായി അവർക്കറിയാവുന്ന മരുന്നുകളുമായി അവർ രോഗത്തെ നേരിട്ടു.
എണ്ണയും വെള്ളവും ഒരുമിച്ച്‌ ചേർത്ത്‌ ശരീരത്തിൽ പുരട്ടുമ്പോൾ ക്ഷീണം കുറയുകയും പനികുറയുകയും ചെയ്യും. തുളസിയും കുരുമുളകും ചേർത്തുണ്ടാക്കിയ മറ്റു ചില മരുന്നുകളും അവർ ഉപയോഗിക്കുന്നുണ്ട്‌. ചിന്ത്‌വാഡായിലെ ആശുപത്രിയിൽ ചെന്ന്‌ ഒരു തുള്ളി രക്തം കൊടുത്താൽ, ഏതാനും ക്ലോറോക്വിൻ ഗുളികകൾ കൈയിൽ കൊടുക്കും. ചിലർ അതു വാങ്ങി കഴിക്കും. രക്തസാമ്പിളുകളെടുത്ത്‌ സ്ലൈഡുകൾ, ആരുടേതെന്നുള്ള പേരുപോലുമെഴുതാതെ ഒരു സ്ഥലത്ത്‌ കൂട്ടിവെയ്ക്കും. പിന്നീട്‌ നടപടികളോ ചികിത്സകളോ ഒന്നുമില്ല.
ഗ്രാമത്തിന്റെ പനി വിടാതെ തന്നെ നിന്നു. അവശരായ ഗ്രാമീണരുടെ ഇടയിൽ നിന്ന്‌ ഞാനവരെ ശുശ്രൂഷിക്കാൻ തുടങ്ങി. വയ്യാത്തവരെ എല്ലാ വിധത്തിലും സഹായിക്കും. ആശുപത്രിയിൽ പോയി മരുന്നു വാങ്ങിക്കൊണ്ടുവരും. ഉയർന്ന മെഡിക്കൽ ആഫീസർമാരെ കണ്ട്‌. മലേറിയ ആണോ എന്ന്‌ സംശയിക്കണം സർ, ഗ്രാമത്തിൽ വിശദമായ പരിശോധനകൾ നടത്തണം, എന്ന്‌ ആവശ്യപ്പെട്ടു. 
ആരു പറഞ്ഞു മലേറിയ ആണെന്ന്‌, എന്നു ചോദിച്ചുകൊണ്ട്‌ ഡോക്ടർമാർ അവഗണിച്ചു. ഒരു ഗോത്രവർഗ്ഗ ഗ്രാമത്തിനാകെ പനിച്ചിട്ടും ആരുമത്‌ കാര്യമായെടുത്തില്ല. തീരെ വയ്യാതായ ഏതാനും പേരെ മാത്രം അഡ്മിറ്റ്‌ ചെയ്ത്‌ അവർ വഴിപാടു പോലെ ചികിത്സകൾ നടത്തി. ഏതാനും ആഴ്ചകൾ കൊണ്ട്‌ ഗ്രാമത്തിലുള്ളവരുടെ പനി അൽപമൊന്നു കുറഞ്ഞു. എന്നാൽ ഗ്രാമവാസികളുടെ വീടുകളിൽ കയറിയിറങ്ങി നടന്ന എന്നെയും പനി പിടികൂടി.
ആദ്യം ഞാൻ കാര്യമായി ശ്രദ്ധിച്ചില്ല പിന്നീട്‌ ഗ്രാമീണരുടെ പാരമ്പര്യ ചികിത്സ പരീക്ഷിച്ചുനോക്കി. കാര്യമായ മാറ്റമൊന്നും വന്നില്ല. ഉച്ചയാവുമ്പോൾ പനിവിടുമെങ്കിലും ക്ഷീണം വർദ്ധിച്ചുവന്നു. നിവൃത്തിയില്ലാതായപ്പോൾ ഗ്രാമീണരുടെ സഹായം തേടി. അവർ കുതിരപ്പുറത്ത്‌ കൊണ്ടുവന്ന്‌ ഥാർവാ എന്ന സ്ഥലത്ത്‌ റോഡിൽവിട്ടു. അവിടെ നിന്ന്‌ കാളവണ്ടികളിലൊക്കെകേറി ചിന്ത്‌വാഡായിലെത്തി. അവിടെ ഡോക്ടർമാർ എനിക്കും ക്ലോറോക്വിൻ ചികിത്സതന്നെ നടത്തി. ഞാൻ ഗ്രാമത്തിലേക്കു തിരിച്ചുവന്നു. എന്നാൽ അസുഖം കൂടിക്കൂടി വന്നു. അഡ്മിറ്റായി ചികിത്സിക്കാതെ നിവൃത്തിയില്ലാതായി. ഇത്തവണ ആരെയും പ്രയാസപ്പെടുത്താതിരിക്കാൻ കാളവണ്ടിയെയും കുതിരയെയും ഒന്നും ആശ്രയിക്കാതെ ഞാൻ നടന്നു. കാട്ടുപാതയിലൂടെ 20 കിലോമീറ്ററോളം നടക്കേണ്ടിവന്നു. കുറച്ചു നടന്ന്‌ ഏതെങ്കിലും മരച്ചുവട്ടിൽ കിടന്നും ഇരുന്നും വിശ്രമിച്ചാണ്‌ യാത്ര. ഒരു ദിവസത്തെ യാത്രയ്ക്കുശേഷം രാത്രി ആശുപത്രി ക്യാഷ്വാലിറ്റിയിലെത്തി. എട്ടുമണിക്കാണ്‌ ഡോക്ടറെ കാണാൻ കഴിഞ്ഞത്‌. അവിടെ അഡ്മിറ്റ്‌ ചെയ്തു. 'നിനക്ക്‌ മലേറിയ ഒന്നുമില്ല' ഡോക്ടർ പറഞ്ഞു. അവർ തന്നത്‌ ആമ്പിസിലിൻ ഗുളികകൾ മാത്രം.
ആശുപത്രിയിൽ രോഗികളുടെ വലിയ തിരക്കാണ്‌ അഡ്മിറ്റ്‌ ചെയ്തവരും ചെയ്യാത്തവരും അനവധി. കട്ടിലുകൾക്കിടയിലും തറയിലുമെല്ലാം അഡ്മിറ്റ്‌ ചെയ്തവർ നിരന്നുകിടക്കുന്നു. വളരെ വൃത്തിഹീനമായ ചുറ്റുപാട്‌. ചികിത്സകളൊന്നും ഫലിച്ചില്ല. തീരെ അവശനിലയിലായി. പാരിഷിലുള്ളവർ കാണാൻ വന്നു. അവിടെ കിടന്നു മരിച്ചു പോകുകയേയുള്ളൂ എന്ന്‌ തോന്നി. 'ഫാദറിനോട്‌ പറയുക എനിക്ക്‌ അന്ത്യകൂദാശ തരാൻ' ഞാൻ അവരോട്‌ പറഞ്ഞു.
എസ്‌.ഡി.എം.ഉം ഭാര്യയും ആശുപത്രിയിൽ കാണാൻ വന്നു. പിന്നീട്‌ രോഗമൽപം ശമിച്ചു. തനിയെ എണീറ്റ്‌ നിൽക്കാമെന്നായി. ബാത്ത്‌ർറൂമിൽ പോകാനായി ഞാൻ പതുക്കെ എണീറ്റ്‌ ഇടനാഴിയിലേക്ക്‌ നടന്നു. നോക്കുമ്പോൾ തൊട്ടുമുന്നിലെ വരാന്തകളിലെല്ലാം മനുഷ്യമലം. ഒരു ചുവടുവെയ്ക്കാൻ കഴിയുന്നില്ല. വിരൽ നിലത്തുകുത്തി നടക്കണം. പിന്നീടവിടെ തറയിലെ മലത്തിൽ ചവിട്ടി വീണ്‌ ഒരു വൃദ്ധയുടെ കൈ ഫ്രാക്ചറായി. തൊട്ടപ്പുറത്തു തന്നെ, ർറൂമിൽ ഡോക്ടർമാർ ഇരിക്കുന്നുണ്ട്‌. അവർ ഇതൊന്നും കണ്ടതായി നടിക്കുന്നില്ല. അവർക്കു വേണ്ടത്‌ സ്വകാര്യ പ്രാക്ടീസും കൈക്കൂലിയുമാണ്‌. ഏതെങ്കിലും പാവപ്പെട്ട ഗർഭിണികളെ പ്രസവത്തിനായി അഡ്മിറ്റ്‌ ചെയ്യുമ്പോൾ അവർക്കുള്ള അലോട്ട്മന്റ്‌ പോലും തട്ടിയെടുക്കുന്നവരുണ്ട്‌. ഹരൈയിലെ ആശുപത്രിയിൽ എനിക്കത്‌ നേരിട്ട്‌ ബോധ്യപ്പെട്ടിട്ടുണ്ട്‌. ഗവണ്‍മന്റാശുപത്രികളിൽ പ്രസവിക്കുന്ന പെൺകുട്ടികൾക്ക്‌ ആയിരത്തി ഇരുനൂറ്‌ രൂപ സഹായം അന്ന്‌ മധ്യപ്രദേശ്‌ സർക്കാർ നൽകുന്നുണ്ട്‌. ഇതിൽ 200 രൂപ ഡോക്ടർമാർ എഴുതിയെടുക്കും. അതുകൊണ്ട്‌ അതു ചോദിക്കുന്ന വിദ്യാഭ്യാസമുള്ളkuവർ, ഗർഭിണികളുടെ കൂടെ ചെല്ലുന്നത്‌ അവർക്കിഷ്ടമല്ല. 
ഇരുപത്തിയഞ്ച്‌ ദിവസം കഴിഞ്ഞാണ്‌ ഡിശ്ചാർജ്ജ്‌ ചെയ്തത്‌. എന്നാൽ ഏതാനും ദിവസം കഴിഞ്ഞ്‌ പിന്നെയും പനി തുടങ്ങി. പിന്നെയും കുറെ ദിവസം അഡ്മിറ്റ്‌ ചെയ്തു. ഇനിയും അവിടെ ചികിത്സ തുടർന്നിട്ട്‌ കാര്യമില്ല എന്നു കരുതി നാട്ടിലേക്ക്‌ പോകാൻ തീരുമാനിച്ചു. ശാരീരിക അവശതകൾ മാറാതെ ഗ്രാമത്തിൽ തുടർന്നിട്ടു കാര്യമില്ലല്ലോ? 
കേരളത്തിലെത്തി ചങ്ങനാശ്ശേരിയിലെ മെഡിക്കൽ മിഷൻ സിസ്റ്റേഴ്സിന്റെ ഹോളിസ്റ്റിക്‌ ഹെൽത്ത്‌  സെന്റർ എന്ന യോഗചികിത്സാലയത്തിൽ ചികിത്സ തുടങ്ങി. യോഗയും ചികിത്സയുമായി ഏതാനും ആഴ്ചകൾകൊണ്ട്‌ ക്ഷീണവും വയറുവേദനയും മാറി. അസുഖം മാറിയെങ്കിലും സംശയം തീർക്കാം എന്നു കരുതി രക്തം പരിശോധിക്കാൻ തീർച്ചപ്പെടുത്തി. ഞാൻ ഭരണങ്ങാനത്തെ മേരിഗിരി ആശുപത്രിയിൽ എത്തി രക്തപരിശോധന നടത്തി. എന്റെ രക്തപരിശോധന നടത്തി. എന്റെ രക്ത സാമ്പിളുകൾ കണ്ട ഡോക്ടർമാർ അത്ഭുതം കൂറി. 'എം.പി. ഫ്രം എം.പി. ലുക്ക്‌ അറ്റ്‌ ദി സ്ലൈഡ്‌!' (മലേറിയ പാരസൈറ്റ്‌ ഫ്രം മധ്യപ്രദേശ്‌). 
ആശുപത്രിയിലെ നേഴ്സുമാരും മറ്റും ചുറ്റും കൂടി. ഏറെക്കാലം കൂടി അവർ മലേറിയ വൈറസിനെ തിരിച്ചറിയുകയായിരുന്നു. 
ഡോക്ടർമാരുടെ വാക്കുകൾ കേട്ടപ്പോൾ, തിൻസൈയിലെ വളരെയധികം പേർക്ക്‌ പനിയും വയറുവേദനയും വന്നിരുന്നല്ലോ എന്നാണ്‌ ഞാൻ ആദ്യം ചിന്തിച്ചതു. മലേറിയ പോലുള്ള സാംക്രമികരോഗങ്ങൾ കണ്ടെത്തിയാൽ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ ഒറ്റയ്ക്ക്‌ പാർപ്പിച്ചാണ്‌ ചികിത്സിക്കേണ്ടത്‌. അതുകൊണ്ട്‌ എന്നെ അവർ രക്തസാമ്പിളുകളും സർട്ടിഫിക്കറ്റുമായി ഭരണങ്ങാനത്തെ പ്രൈമറി ഹെൽത്ത്‌ സെന്ററിൽ ആംബുലൻസിൽ എത്തിച്ചു. രക്തസാമ്പിൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക്‌ കൊടുത്തുവിട്ടശേഷം എന്നെ ഉടനെ അഡ്മിറ്റ്‌ ചെയ്ത്‌ കൊതുകുവലയ്ക്കുള്ളിലാക്കി. ചികിത്സ കഴിഞ്ഞ്‌ ഞാൻ ഡിശ്ചാർജ്ജ്‌ ആകുമ്പോൾ റിപ്പോർട്ടും ഡോക്ടറുടെ എഴുത്തും വാങ്ങിയിരുന്നു. 
തിൻസൈയിൽ തിരിച്ചെത്തുമ്പോൾ അവിടുത്തെ ആളുകൾക്ക്‌ ചെലവേറിയ പരിശോധനയും ചികിത്സയും സാധ്യമാവില്ലല്ലോ എന്ന ചിന്തയാണ്‌ എന്നെ മഥിച്ചതു. ഞാൻ ജില്ലാ മെഡിക്കൽ ആഫീസറെ പോയിക്കണ്ട്‌ വിവരങ്ങൾ ധരിപ്പിച്ചു. ഡോക്ടറും നേഴ്സുമാരുമടങ്ങുന്ന ഒരു ടീമിനെ അവിടേക്ക്‌ വിട്ടു. അവരും മുമ്പ്‌ ആശുപത്രിയിൽ ചെയ്തതുപോലെ പേരുപോലം രേഖപ്പെടുത്താതെ ഒരു മേശപ്പുറത്ത്‌ നിറയെ സ്ലൈഡുകൾ എടുത്ത്‌ കൂട്ടിവെച്ചു. പരിശോധനയിൽ എല്ലാം നേഗറ്റീവായിരുന്നു. മലേറിയ ഇല്ലായെന്ന്‌ തീർപ്പ്‌ കൽപ്പിച്ച്‌ അവരും സ്ഥലം വിട്ടു. 
എന്നാൽ എന്റെ സംശയം തീർന്നില്ല. നോക്കുമ്പോൾ മെഡിക്കൽ ടീം പരിശോധന നടത്തിയ സ്ഥലത്ത്‌ അവർ മറന്നിട്ടു പോയ ഒരു സ്ലൈഡ്‌ ദൃഷ്ടിയിൽപ്പെട്ടു. അത്‌ ഭദ്രമായെടുത്ത്‌ നാഗ്പൂർക്കു പോയി. ഒരു ലാബിൽ വിദഗ്ദ്ധ പരിശോധന നടത്തി. അവിടെ എന്റെ നിഗമനം ശരിയായി. പരിശോധനയിൽ മലേറിയ സ്ഥരീകരിക്കപ്പെട്ടു. ഈ ബ്ലഡ്‌ സാമ്പിൾ ആരുടേതാണെന്ന്‌ കണ്ടെത്താനാവില്ലെങ്കിലും, റിസൾട്ടും സാമ്പിളുമായി ചിന്ത്‌വാഡായിലെ മെഡിക്കൽ ആഫീസറുടെ അടുക്കലേക്ക്‌ ചെന്നു. മലേറിയ ഉണ്ടെന്ന്‌ ഡോക്ടർമാർക്ക്‌ സമ്മതിക്കേണ്ടിവന്നു. തുടർന്ന്‌ വിദഗ്ദ്ധ ഡോക്ടർമാരുടെ ഒരു സംഘം വന്ന്‌ പരിശോധന നടത്തി. ഗ്രാമത്തെ ചികിത്സിച്ചു. അങ്ങനെ ഒരു ഗ്രാമത്തെയാകെ സാംക്രമികരോഗത്തിൽ നിന്ന്‌ രക്ഷിക്കാനായി.
കന്യാസ്ത്രീ ആവുന്നതിലൂടെ ദൈവത്തെ അടുത്തറിയാനാണ്‌ മഠത്തിൽ ചേർന്നത്‌. എത്തിപ്പെട്ടതോ ശബ്ദമില്ലാത്ത ഒരു ജനതയ്ക്കിടയിൽ. അവർക്കിടയിൽ അവരോടൊപ്പം കഴിയുമ്പോൾ ജീവിതം തന്നെ പ്രാർത്ഥനയാവുകയായിരുന്നു. സഭയുമായുള്ള ബന്ധം അവസാനിച്ചിട്ടും ദൈവത്തോടടുക്കുവാൻ എനിക്ക്‌ കഴിയുന്നതും അതുകൊണ്ടാണ്‌. ദൈവം എനിക്ക്‌ 'ഗോയി'യാണ്‌ (ഗോയി എന്നത്‌ ഗോണ്ടു ആദിവാസി ഭാഷ ഏറ്റവും മമതയുള്ള പ്രിയപ്പെട്ട സുഹൃത്ത്‌ എന്നാണ്‌ അതിനർത്ഥം). ഞാൻ 'ഗോയി'യെ (ദൈവം) വിളിക്കുന്നത്‌ അവർക്കു വേണ്ടിയാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...