Skip to main content

നീരയെ ഞെരുക്കി കൊല്ലരുത്‌


ഡോ. എം. അരവിന്ദാക്ഷൻ
പരിസ്ഥിതി പഠനകേന്ദ്രം, അമൃത വിശ്വവിദ്യാപീഠം, കോയമ്പത്തൂർ
 (മുൻ ചെയർമാൻ, നാളികേര വികസന ബോർഡ്‌)

"അനധികൃത നീര ഉത്പാദന കേന്ദ്രങ്ങൾ അപകടകരം" എന്ന ശീർഷകത്തിൽ കേരള കാർഷിക സർവ്വകലാശാല വൈസ്‌ ചാൻസലറുടെ അഭിപ്രായം മംഗളം ദിനപ്പത്രത്തിലും 'നീര സത്യങ്ങളും സ്വപ്നങ്ങളും' എന്ന കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടറുടെ കുറിപ്പ്‌ മലയാള മനോരമ പത്രത്തിലും വായിക്കാനിടയായി. കാർഷിക സർവ്വകലാശാലയുടെ ഇതേ തരത്തിലുള്ള അഭിപ്രായം ഹിന്ദു ദിനപ്പത്രത്തിലും ടൈംസ്‌ ഓഫ്‌ ഇന്ത്യ ദിനപത്രത്തിലും പ്രസിദ്ധീകരിച്ചുകണ്ടു. കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത  സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ്‌ കേരളസർക്കാർ നീരയുത്പാദനം സംബന്ധിച്ച നയപരിപാടികൾക്ക്‌ രൂപം നൽകിയത്‌ എന്നാണ്‌ യൂണിവേഴ്സിറ്റിയുടെ അഭിമതം.  മറ്റുപലരും നീരയുത്പാദനവും, നീര സൂക്ഷിപ്പുമായി മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ഗുണനിലവാരത്തിന്റെ കാര്യത്തിൽ അവർ നിലവാരം പുലർത്തുന്നുണ്ടോ എന്നാണ്‌ കാർഷിക സർവ്വകലാശാലയുടെ സംശയം. നീര ഉൽപാദനത്തിലും വിപണനത്തിലും പ്രചരണത്തിലും നാളികേര വികസന ബോർഡിന്റെ മുൻനിര പ്രവർത്തനത്തെ വിജ്ഞാനവ്യാപന വിഭാഗം  ഡയറക്ടർ അംഗീകരിക്കുന്നുമില്ല.
ഒരു കാര്യം ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. നാളികേര ഉൽപ്പന്നങ്ങളും ഉപോൽപ്പന്നങ്ങളും ഉരുത്തിരിച്ചെടുക്കുന്നതിൽ പ്രേരകശക്തിയായി ഭാരതത്തിൽ ഏറ്റവും മുന്നിൽ നിന്നിട്ടുള്ള ഒരേയൊരു സ്ഥാപനമാണ്‌ നാളികേര വികസന ബോർഡ്‌. കാർഷിക സർവ്വകലാശാലയടക്കം നിരവധി സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്ക്‌ ഗവേഷണത്തിനുവേണ്ടി കയ്യയച്ച്‌ സഹായം നൽകിയ സ്ഥാപനമാണ്‌ നാളികേര വികസന ബോർഡ്‌. നാളികേരത്തിനു വിലയിടിഞ്ഞുകൊണ്ടിരുന്ന കാലഘട്ടത്തിൽ കർഷകരെ സഹായിക്കണമെങ്കിൽ വൈവിദ്ധ്യവൽകരണം കൂടിയേതീരൂവേന്ന്‌ അസന്നിഗ്ദമായി പ്രഖ്യാപിച്ചതു നാളികേര ബോർഡു തന്നെയാണ്‌. ഇളനീർ ദീർഘകാലാടിസ്ഥാനത്തിൽ സൂക്ഷിക്കുന്നതിനുവേണ്ടിയുള്ള സാങ്കേതികവിദ്യ ഡി.എഫ്‌.ആർ.എൽ (പ്രതിരോധ ഭക്ഷ്യ ഗവേഷണ ലാബോറട്ടറി) 1996 ൽ വികസിപ്പിച്ചുകൊണ്ടായിരുന്നു വൈവിദ്ധ്യവൽക്കരണത്തിന്റെ തുടക്കം. അന്ന്‌ ഞാൻ നാളികേര വികസന ബോർഡ്‌ ചെയർമാനായിരുന്നു. അവിടുന്നിങ്ങോട്ട്‌ നാളികേര വികസന ബോർഡ്‌ നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ ഒരു ജൈത്രയാത്രയാണ്‌ നടത്തിയത്‌. തേങ്ങാപ്പാൽ, വിനാഗിരി, നാളികേര പാൽപ്പൊടി തുടങ്ങിയ ഒട്ടനവധി ഉൽപന്നങ്ങളുടെ ഉൽപാദനത്തിനു വഴിയൊരുക്കിയത്‌ നാളികേര വികസന ബോർഡിന്റെ ഇടപെടലുകളിലൂടെയാണെന്ന്‌ പറയുന്നതിൽ ഒരു സംശയവും വേണ്ട. അതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ നീരയും നീരയധിഷ്ഠിത ഭക്ഷ്യ ഉൽപന്നങ്ങളും.
ബോർഡിന്റെ ടെക്നോളജി മിഷൻ പദ്ധതിപ്രകാരം ഞാനും കൂടി ഉൾപ്പെട്ട പ്രോജക്ട്‌ അപ്രോ‍ാവൽ കമ്മിറ്റിയാണ്‌ സാങ്കേതിക വിദ്യകൾ സ്വീകരിയ്ക്കുന്നതിന്‌ ശുപാർശ ചെയ്തിട്ടുള്ളത്‌. നീര ഉൽപാദിപ്പിക്കുന്നവർക്ക്‌ തങ്ങൾക്കിഷ്ടപ്പെട്ട സാങ്കേതികവിദ്യ ബോദ്ധ്യപ്പെട്ട്‌ വാങ്ങുവാനുള്ള അവകാശം ബോർഡ്‌ നൽകിയിട്ടുണ്ട്‌. ഇവിടെ ആര്‌ ഏത്‌ ടെക്നോളജി സ്വീകരിക്കണമെന്ന്‌ നാളികേര ബോർഡ്‌ ആവശ്യപ്പെടുന്നില്ല. കേരള കാർഷിക സർവ്വകലാശാല പറയുന്നതുമാത്രം ആപ്തവാക്യമെന്നത്‌ ആര്യകുലത്തിന്റെ ബൂർഷ്വാ മനോഭാവത്തെയാണ്‌ ഒരുപക്ഷേ വെളിപ്പെടുത്തുന്നത്‌. ശുദ്ധ ആര്യ രക്തമില്ലാത്തവർ, ലോകത്ത്‌ ജീവിയ്ക്കരുതെന്ന ഹിറ്റ്ലറുടെ നാസി മനോഭാവമാണ്‌ ഇവിടെ ഓർമ്മ വരുന്നത്‌. നീരയുടെ പിതൃത്വം യൂണിവേഴ്സിറ്റി ഏറ്റെടുത്തിരിക്കുന്നതെന്നു ശാസ്ത്രലോകം കുറ്റപ്പെടുത്തിയാൽ തെറ്റു പറയാനാവുമോ?
നാളികേര വികസന ബോർഡ്‌ 2005 ആഗസ്റ്റ്‌ മാസം മുതൽ കർഷക കൂട്ടായ്മകൾ വഴി നീര ഉൽപാദിപ്പിക്കുന്നതിന്‌  അനുമതി നൽകണമെന്നും അതിനാവശ്യമായ ഭേദഗതി കേരള അബ്കാരി ചട്ടങ്ങളിലും നിയമത്തിലും വരുത്തണമെന്നും കേരള സർക്കാരിനോട്‌ നിരവധി തവണ അഭ്യർത്ഥിക്കുകയും തുടർ നടപടികൾ കൈക്കൊള്ളുകയും ചെയ്തതിന്റെ പരിണത ഫലമായാണ്‌ ഫെഡറേഷനുകൾക്കും യൂണിവേഴ്സിറ്റിയ്ക്കും നീര ഉത്പാദനം സാദ്ധ്യമായത്‌. നീരയെ സംബന്ധിച്ച്‌ കാർഷിക സർവ്വകലാശാല ഗവേഷണം നടത്തിയിട്ടില്ലെന്ന പ്രസ്താവന നാളികേര ബോർഡ്‌ ഒരിയ്ക്കലും ഉന്നയിച്ചിട്ടില്ല. യൂണിവേഴ്സിറ്റി വിജ്ഞാപന വ്യാപന ഡയറക്ടർ ഡോ. പി. വി. ബാലചന്ദ്രൻ,  പറഞ്ഞവിധം കണ്ണടച്ചിരുട്ടാക്കേണ്ട ആവശ്യം കേന്ദ്ര നാളികേര വികസന ബോർഡിനുണ്ടെന്ന്‌ തോന്നുന്നില്ല. നീര പ്രാബല്യത്തിൽ വരുത്താനായി നാളികേര ബോർഡ്‌ നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ച്‌ എല്ലാ വിവരങ്ങളും ബോർഡിന്റെ പബ്ലിക്‌ ഡൊമെയ്നിൽ ലഭ്യമാണ്‌. ചെയ്ത കാര്യങ്ങൾ കൃത്യമായ ദിവസവും മാസവും വർഷവും രേഖപ്പെടുത്തിയാണ്‌ കൊടുത്തിരിക്കുന്നത്‌. കേരള കാർഷിക സർവ്വകലാശാലയും ഇപ്രകാരം നീരയ്ക്കായി ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച്‌ യൂണിവേഴ്സിറ്റിയുടെ പബ്ലിക്​‍്‌ ഡൊമെയ്നിൽ നൽകാവുന്നതാണ്‌.


സാങ്കേതിക വിദ്യയുടെ മികവാണ്‌ വിഷയം. ഇവിടെ ഉൽപാദിപ്പിക്കുന്ന നീര ഏതെങ്കിലും ഗവേഷകരുടേതല്ല. നീര കേര കർഷകന്റേതു മാത്രമാണ്‌. നീര ഉൽപാദിപ്പിക്കുവാനുള്ള അവകാശം കർഷകന്റേതുമാത്രം. നഷ്ടത്തിൽ പ്രവർത്തിച്ചിരുന്നതും നിലവിൽ ഇല്ലാത്തതുമായ ഒരു കമ്പനിയാണ്‌ കേരളപ്പിറവി ദിനത്തിൽ എല്ലാ ജില്ലകളിലും നീര വിപണയിലിറക്കുമെന്ന പ്രസ്താവനയുമായി വന്നിരിക്കുന്നത്‌.
നീര സൂക്ഷിക്കുന്നതിലും പായ്ക്ക്‌ ചെയ്യുന്നതിനുമുള്ള സാങ്കേതിക വിദ്യ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കണം എന്ന സദുദ്ദേശ്യത്തോടെയാണ്‌ ഈ ഗവേഷണ ദൗത്യത്തെ വിവിധ സ്ഥാപനങ്ങളെ ഏൽപ്പിക്കാൻ ബോർഡിന്‌ പ്രേരകമായത്‌. കാർഷിക സർവ്വകലാശാല,  ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചർ റിസേർച്ചിനു കീഴിലുള്ള കേന്ദ്ര തോട്ടവിള ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട്‌ (CPCRI), പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള പ്രതിരോധ ഭക്ഷ്യ ഗവേഷണ ലാബോറട്ടറി (DFRL), കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിനു കീഴിലുള്ള ഭക്ഷ്യ ടെക്നോളജി ഇൻസ്റ്റിറ്റിയൂട്ട്‌ (CFTRI) എന്നിവ ഇവയിൽ ഉൾപ്പെടും. കൂടാതെ SCMS എന്ന പ്രൈവറ്റ്‌ സ്ഥാപനവും ഈ ദൗത്യത്തിൽ ഭാഗഭാക്കായി. നാളികേരാധിഷ്ഠിത ഗവേഷണ ദൗത്യങ്ങൾ കഴിവുള്ള സ്ഥാപനങ്ങളെ പ്രത്യേകിച്ചും കൽപിത സർവ്വകലാശാലകളെയും, സ്വകാര്യ ഗവേഷണ കേന്ദ്രമായ എസ്‌.സി.എം.എസ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഫോർ ബയോ ശയൻസസ്‌, ബയോടെക്‌ റിസർച്ച്‌ ആന്റ്‌ ഡെവലപ്പ്‌മന്റിനെ ഏൽപിക്കാൻ കരുത്തുകാണിച്ച ഇന്നത്തെ ചെയർമാനെയും അഭിനന്ദിച്ചേ തീരൂ. ഇതിന്റെ ഫലമോ, അഭൂത പൂർവ്വമായ വേഗം ഗവേഷണങ്ങളിൽ പ്രകടമായി. നീര സൂക്ഷിക്കാനുള്ള ഒന്നിലധികം സാങ്കേതിക വിദ്യകൾ വിചാരിച്ചതിലുമധികം വേഗത്തിൽ പുറത്തുവന്നു. നാളികേര വികസന ബോർഡിന്റെ ഭാഗമായി സിഡിബി ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജിയും സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.
കേരളത്തിൽ നിലവിൽ രൂപീകരിച്ചിട്ടുള്ള 13 കമ്പനികളും ബോർഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെയാണ്‌ നീര യൂണിറ്റുകൾ സ്ഥാപിക്കുന്നതെന്നാണ്‌ അറിയുന്നത്‌. നിലവിലുള്ള കമ്പനികൾക്ക്‌ തങ്ങൾക്ക്‌ ഉത്തമ ബോദ്ധ്യമുള്ള മികച്ച സാങ്കേതിക വിദ്യ സ്വീകരിയ്ക്കുന്നതിന്‌ അവകാശമുണ്ട്‌. ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൈപ്പുഴ കമ്പനി എസ്‌.സി.എം.ഏശിന്റെ ടെക്നോളജി സ്വീകരിച്ച്‌ കൈപ്പുഴ നീരയായി വിപണിയിലെത്തിക്കുന്നു. സി.പി.സി.ആർ.ഐ ടെക്നോളജി സ്വീകരിച്ചാണ്‌ പാലക്കാട്‌ പ്രോഡ്യൂസർ കമ്പനി നീര, ശീതീകരണപ്രക്രിയയിലൂടെ കിയോസ്കുകൾ വഴി വിറ്റഴിക്കുന്നത്‌. കണ്ണൂർ തേജസ്വിനി, കറപ്പുറം, കൊടുങ്ങല്ലൂർ കമ്പനികൾ ബോർഡിന്റെ സാങ്കേതിക വിദ്യയാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. കെ. എ. യു.വിന്റെ സാങ്കേതിക വിദ്യയനുസരിച്ച്‌ പുറത്തിറക്കിയ 'കേരാമൃതം' ബ്രാൻഡിലുള്ള നീരയെക്കുറിച്ച്‌ ബോർഡ്‌ താഴ്ത്തിപ്പറഞ്ഞിട്ടുമില്ല.
കേരകൃഷിയുടെയും വ്യവസായത്തിന്റെയും സർവ്വതോമുഖമായ വികസനത്തിനു വേണ്ടി 1979-ലെ പാർലമന്റ്‌ നിയമമനുസരിച്ച്‌ രൂപീകരിയ്ക്കപ്പെട്ട കേന്ദ്രകൃഷി മന്ത്രാലയത്തിനു കീഴിൽ 1981-ൽ നിലവിൽ വന്ന സ്വയം ഭരണാധികാരസ്ഥാപനമാണ്‌ നാളികേരവികസന ബോർഡ്‌. ഭാരതമൊട്ടാകെയുള്ള കേരകർഷകരുടെ ഉന്നമനം മാത്രമാണ്‌ നാളികേര ബോർഡിന്റെ ലക്ഷ്യം. 'പറയുടെ അകത്ത്‌ നാഴിയിറക്കാം'. എന്നാൽ 'നാഴിയ്ക്കകത്ത്‌ പറയിറക്കണമെന്ന ​‍്‌'പറയുന്ന അവസ്ഥാവിശേഷത്തോടെയാണ്‌ യൂണിവേഴ്സിറ്റി നാളികേര വികസന ബോർഡിനെക്കുറിച്ച്‌ പ്രതികരിച്ചിരിക്കുന്നത്‌. ഏതു ഭക്ഷ്യവസ്തുവിന്റെയും ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനമിവിടെയുണ്ട്‌. നീരയുടെ ഗുണമേന്മ പരിശോധന യൂണിവേഴ്സിറ്റിയുടെ മാത്രം കുത്തകയല്ല. എല്ലാത്തിന്റെയും ഉത്തരവാദിത്വം തങ്ങൾക്കാണെന്ന ആഡ്യത്വ മനോഭാവം യൂണിവേഴ്സിറ്റി പ്രകടിപ്പിക്കുന്നത്‌ അവരുടെ ആത്മവിശ്വാസക്കുറവിന്റെ പ്രതിഫലനമല്ലേ?
ഒന്നര പതിറ്റാണ്ടിലേറെയായി യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണം കളമശ്ശേരി എസ്‌. സി. എം. എസ്‌ കേവലം 12 മാസത്തെ ശ്രമഫലമായിട്ടാണ്‌ നേടിയത്‌. ഈയൊരു ശാസ്ത്രമുന്നേറ്റത്തെ അംഗീകരിക്കുകപോലും ചെയ്യാതെ കണ്ണടച്ചിരുന്ന,​‍്‌ ഇരുട്ടിലെ മെഴുകുതിരി വെട്ടമാണ്‌ യഥാർത്ഥ സൂര്യപ്രകാശമെന്ന്‌ ഭാവിക്കുന്ന ചില ഉഭയജീവികളുടെ മനോഭാവമാണ്‌ ഇവിടെ വെളിപ്പെടുന്നത്‌.


നീരയുടെ ഗുണനിലവാരം ഉറപ്പു വരുത്തണം എന്ന കാർഷിക സർവ്വകലാശാലയുടെ അഭിപ്രായത്തിന്‌ ഒരു തരത്തിലുമുള്ള എതിർപ്പ്‌ വരാനിടയില്ല. ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ സംവിധാനം കേരള കാർഷിക സർവ്വകലാശാലയ്ക്കും കൃഷി വകുപ്പിനുമായിരിക്കണം എന്ന അഭിപ്രായം അൽപം ബാലിശമായിപ്പോയി എന്നു പറയാതെ തരമില്ല.
തെങ്ങ്‌ കൃഷി ഇന്നു കേരളത്തിന്റെ കുത്തകയല്ല. കർണ്ണാടകം, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്ഥാനങ്ങൾ വളരെയേറെ മുന്നോട്ട്‌ പോയിരിക്കുന്നു. നീരയുത്പാദനവും വിപണനവും കർണ്ണാടക സംസ്ഥാനത്തിന്റെ സുപ്രധാന പരിപാടികളിലൊന്നാണ്‌. നീര ഉത്പാദനം കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കും എന്നു കരുതാൻ ഒരു ന്യായവുമില്ല. നീര ഒരു പക്ഷെ രാജ്യ വ്യാപകമായ ഭക്ഷ്യ പാനീയമാവാനുള്ള സാദ്ധ്യത വളരെയേറെയാണ്‌. അങ്ങിനെ വരുമ്പോൾ ഗുണനിലവാരം ഉറപ്പ്‌ വരുത്തേണ്ടത്‌ രാജ്യാന്തര തലത്തിലും അന്താരാഷ്ട്രതലത്തിലുമായിരിക്
കണം. ഇതിനുള്ള സംവിധാനം സംസ്ഥാന കൃഷി വകുപ്പുകൾക്കോ കാർഷിക സർവ്വകലാശാലകൾക്കോ ഇല്ല. രാജ്യത്തെ ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും നടപ്പിലാക്കുന്നതിനും 2006-ൽ സ്ഥാപിതമായ സംവിധാനമാണ്‌ (FSSAI  - ഭക്ഷ്യസുരക്ഷ നിലവാര സംരക്ഷണ അതോറിട്ടി). ഗവേഷണ സ്ഥാപനങ്ങളുടെയും സർവ്വകലാശാലകളുടേയും ദൗത്യം നിലവാരമുള്ള സാങ്കേതിക വിദ്യകൾ കണ്ടുപിടിച്ചു കൈമാറുന്നതോടെ കഴിയുന്നു. സാങ്കേതിക വിദ്യ കൈമാറുന്നതിന്‌ ഇന്ന്‌ ഗവേഷണസ്ഥാപനങ്ങൾ ഫീസ്‌ ചുമത്തുന്നുണ്ട്‌. ഒരു കമ്പനി നീര ഉത്പാദനം ഏറ്റെടുത്താൽ നിലവാരം ഉറപ്പുവരുത്തേണ്ടത്‌ FSSAI  പോലുള്ള സംവിധാനങ്ങളാണ്‌. സർവ്വകലാശാലകൾക്കും നാളികേര വികസനബോർഡിനും ഇവ പാലിക്കുന്നുണ്ടോ എന്നു പരിശോധിച്ചു സംരംഭകരെയും സർക്കാർ സംവിധാനങ്ങളെയും അറിയിക്കാൻ സ്വാതന്ത്ര്യവും അവകാശവും ഉണ്ട്‌. ഇന്ന്‌ ഭാരതത്തിൽ നിരവധി ഭക്ഷ്യ ഉൽപന്നങ്ങൾ ഉത്പാദിപ്പിച്ചു വിപണനം നടത്തുന്നുണ്ട്‌. ഇതിന്റെ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിൽ പ്രൈവറ്റ്‌ കമ്പനികളും വിജയിച്ചിരിക്കുന്നു. നീരയുടെ നിലവാരമെന്താണെന്ന്‌ നിശ്ചയിക്കുന്നതിന്‌ ബോർഡിനും, കാർഷിക സർവ്വകലാശാലകൾക്കും മറ്റു ഗവേഷണ സ്ഥാപനങ്ങൾക്കും അവകാശമുണ്ട്‌. ISI, FSSAI  മുതലായ സംവിധാനങ്ങൾ ഇത്‌ ചർച്ചകൾക്കും പഠനത്തിനും വിധേയമാക്കി നിലവാരം നിശ്ചയിക്കും.
നീര ശൈശവദശയിലാണ്‌. ഒന്നിലധികം സാങ്കേതിക വിദ്യകൾ ലഭ്യമാണ്‌. അതിലേതാണ്‌ വേണ്ടത്‌ എന്നത്‌ ഉത്പാദിപ്പിക്കുന്ന കമ്പനികൾ തീരുമാനിക്കട്ടെ. ഗുണനിലവാരമില്ലാത്ത ഒരു ഭക്ഷ്യവസ്തു നിർമ്മിക്കാൻ ഏതെങ്കിലും കമ്പനി ഒരുമ്പെടുമോ?. ഏതാണ്‌ ഏറ്റവും നല്ല സാങ്കേതിക വിദ്യ എന്നു കാലം തെളിയിക്കും. അവസാനിക്കുന്നതിനു മുമ്പ്‌ ഒരു വാക്ക്‌. നീരയെ എക്സൈസ്‌ വകുപ്പിന്റെ പിടിയിൽ നിന്നും വിടുതലാക്കി, നീരയുത്പാദന കർഷക കമ്പനികളുണ്ടാക്കി, നീരയെ ഒരു ദേശീയ പാനീയമാക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ച്‌ ഓടി നടന്ന നാളികേര വികസന ബോർഡ്‌ ചെയർമാനെയും അതിനു പിൻബലം നൽകിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും, എക്സൈസ്‌ മന്ത്രി ബാബുവിനെയും നമുക്ക്‌ മറക്കാൻ സാദ്ധ്യമല്ല.
(അഭിപ്രായം വ്യക്തിഗതം - നാളികേര വികസന ബോർഡ്‌ മുൻ ചെയർമാനും നിലവിൽ ബോർഡിന്റെ പ്രോജക്ട്‌ അഡ്വൈസറി കമ്മിറ്റി മെമ്പറും കാർഷിക സർവ്വകലാശാല ഗവേഷണവിഭാഗം മുൻ ഡയറക്ടറുമാണ്‌ ലേഖകൻ.)

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…