പോൾസൺ ജെയ്മി,
സ്റ്റാൻഡേർഡ് 7ബി
മേരിഗിരി പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം
ടാനിയ എന്നൊരു ദ്വീപുണ്ടായിരുന്നു. അതിനു മധ്യത്തിലായി അതിമനോഹരമായ ഒരു തടാകവും തടാക കരയിൽ ഒരു ചെറിയ കുടിലും ഉണ്ടായിരുന്നു. ആ കുടിലിൽ എയ്ന എന്നൊരു പെൺകുട്ടി ജീവിച്ചിരുന്നു. എയ്നയുടെ ഏറ്റവും വലിയ വിനോദം ദിവസം മുഴുവൻ ആ തടാകത്തിൽ നീന്തിക്കുളിക്കുക എന്നതായിരുന്നു. ഒരു ദിവസം അവൾ തടകത്തിൽ നീന്തുമ്പോൾ എന്തോ തന്റെ ശരീരത്തെ സ്പർശിച്ച് കടന്നു പോകുന്നപോലെ അവൾക്കു തോന്നി. പേടിച്ചരണ്ട അവൾ നീന്തൽ അവസാനിപ്പിച്ച് ചാടി കരയിൽ കയറി തന്റെ കുടിലിലേയ്ക്ക് ഓടി.
പൈറ്റ് ദിവസവും ഇത് ആവർത്തിച്ചു. പക്ഷെ തന്റെ ശരീരത്തിൽ സ്പർശിച്ചതു ഒരു ആരൽ മത്സ്യമാണ് എന്ന് എയ്ന കണ്ടുപിടിച്ചു. മത്സ്യം അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നീന്തി വഴുതി മാറി കടന്നു പോയി. പിന്നീട് എല്ലാ ദിവസവും ഇതൊരു പതിവായി. കുറച്ചു ദിവസങ്ങൾ പിന്നിടവെ, മത്സ്യവും പെൺകുട്ടിയും തടാകത്തിൽ ഒരുമിച്ച് നീന്തി തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം ഏറെ സമയം നീന്തി തളർന്ന എയ്ന തടാക കരയിൽ കയറി ഇരുന്ന് വിശ്രമിക്കുകയായിരുന്നു. പൊടുന്നനെ മത്സ്യവും നീന്തൽ നിറുത്തി അവളുടെ സമീപമെത്തി. അവൾ കണ്ണടച്ചു തുറക്കും മുമ്പെ അത് രൂപംമാറി സുന്ദരനായ ഒരു യുവാവായി അവൾക്കു മുന്നിൽ നിന്നു. അത്ഭുതം കൊണ്ട് അവൾ കണ്ണുമിഴിച്ചിരുന്നു പോയി.
യുവാവായി മാറിയ മത്സ്യം അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു: ആരൽ മത്സ്യങ്ങളുടെ ദേവനായ ട്യൂണയാണ് ഞാൻ. എനിക്ക് നിന്നെ വളരെ ഇഷ്ടമായി. നിന്നോടൊപ്പം ഈ തടാകത്തിൽ നീന്തിക്കളിക്കാൻ വളരെ രസമായിരുന്നു. പക്ഷെ, എന്തു ചെയ്യാം എനിക്ക് ഇവിടം വിട്ട് പോകാനുള്ള സമയമായിരിക്കുന്നു.
എയ്ന ദുഃഖത്തോടെ ചോദിച്ചു: പോവുകയോ, എങ്ങോട്ട്?
അതെ, പോയേ തീരു. പക്ഷെ പോകുന്നതിനു മുൻപ് എന്റെ ഓർമ്മയ്ക്കായി ഞാൻ നിനക്ക് ഒരു സമ്മാനം തരാൻ ആഗ്രഹിക്കുന്നു.
അവൾ ആരാഞ്ഞു: എന്തു സമ്മാനം?
അതിപ്പോൾ പറയാൻ പ്രയാസമാണ്. പക്ഷെ, ഞാൻ പറയുന്നതുപോലെ നീ ചെയ്യണം.
അവൾ തലകുലുക്കി.
ട്യൂണ പറഞ്ഞു: നാളെ ഞാൻ മത്സ്യത്തിന്റെ രൂപത്തിൽ നിന്റെ കുടിലിനു മുന്നിൽ വരും. അപ്പോൾ നീ എന്റെ തല മുറിച്ചെടുക്കണം. എന്നിട്ട് ആ മീൻതല നിന്റെ കുടിലിനുള്ളിൽ കുഴിച്ചിടണം - ഇത്രയും പറഞ്ഞിട്ട് മത്സ്യം തടാകത്തിലേയ്ക്ക് ഊളിയിട്ട് മറഞ്ഞു.
എയ്നക്ക് ആകെ പരിഭ്രമമായി. എന്തു ചെയ്യണമെന്ന് അവൾക്ക് ഒരു രൂപവും കിട്ടിയില്ല. പെട്ടെന്ന് ആകാശം ഇരുണ്ടു. അവൾ വേഗം തന്റെ വീട് ലക്ഷ്യമാക്കി നടന്നു.
പൈറ്റ് ദിവസം പ്രഭാതത്തിൽ തന്നെ ആ മത്സ്യം തന്റെ കുടിലിനടുത്ത് വരെ നീന്തി എത്തിയിരിക്കുന്നത് അവൾ കണ്ടു. അത് അവളുടെ വീടിന്റെ ഉമ്മറവാതിൽ എത്തി തല കട്ടിളപ്പടിയിൽ ചേർത്തുവച്ചു കിടന്നു. എയ്ന സ്തംഭിച്ചു നിന്നു. അപ്പോൾ മത്സ്യത്തിന്റെ കണ്ണുകൾ അവളോടു ഇപ്രകാരം പറയുന്നതുപോലെ അവൾക്കു തോന്നി, മടിക്കേണ്ട, ദയവായി ഞാൻ നിന്നോട് പറഞ്ഞ പ്രകാരം പ്രവർത്തിക്കുക. ഒട്ടു വൈകരുത്.
എയ്ന ഒരു കോടാലി കൊണ്ടുവന്ന്, മത്സ്യത്തിന്റെ തല വെട്ടി മുറിച്ചു മാറ്റി. അവൾ അതു കൊണ്ടു പോയി കുടിലിനു പിന്നിൽ കുഴിച്ചിട്ടു. ആ നിമിഷം വരെ ആർത്തലച്ചു പെയ്തിരുന്ന മഴ പൊടുന്നനെ നിലച്ചു. കൊടുങ്കാറ്റ് ശാന്തമായി. ആകാശം തെളിഞ്ഞു.സൂര്യൻ പുഞ്ചിരിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മീന്തല കുഴിച്ചിട്ട സ്ഥലത്ത് ഒരു വൃക്ഷത്തൈ മുളച്ച് നാമ്പെടുക്കുന്നത് എയ്ന കണ്ടു. ആഴ്ച്ചകൾ കഴിഞ്ഞപ്പോൾ ആ വൃക്ഷം വളർന്ന് വലിയ മരമായി. ഇളം കാറ്റിൽ അതിന്റെ പീലിയോലകൾ നൃത്തമാടി. വർഷങ്ങൾ കഴിഞ്ഞപ്പോൾ അതിൽ കുലകളായി ഫലങ്ങൾ ഉണ്ടായി. ആ ഫലത്തിന്റെ പുറംതോട് നീക്കം ചെയ്യുമ്പോൾ ആരൽ മത്സ്യത്തിന്റെ മുഖത്തോടു സമാനമായ രണ്ടു കണ്ണുകളും കാണാൻ സാധിച്ചു. ആ ഫലത്തിനുള്ളിലെ വെള്ളം അമൃതു പോലെ മധുരമുള്ളതായിരുന്നു.
എല്ലാ ഭാഗങ്ങളും മനുഷ്യന് ഉപകാരമുള്ള നാളികേര വൃക്ഷം മത്സ്യ ദേവനായ ട്യൂണയുടെ സമ്മാനമായിട്ടാണ് ഈ ദ്വീപിലെ ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നത്. ഇതാണ് ഇന്ന് നാം കാണുന്ന നാളികേരത്തിന്റെ ഉത്പ്പത്തി ചരിത്രവും.