ഇന്ത്യനല്ലാത്തവർ


മോഹൻ ചെറായി    

ദാരിദ്ര്യക്കതിർ മണികൾ
വറുത്തുകുത്തിയ ബലിച്ചോറിൽ,
സ്നേഹത്തിൻ അന്യമാം അഗ്നികൂട്ടി
    തിലംവിനാ, തിലോദകം വിനാ
    ഏകുന്നിതാ നിനക്കന്ത്യാഞ്ജലി.
    ആരുമേ നോക്കാത്ത -
    ആർക്കുമേ വേണ്ടാത്ത -
മുളയിലേ പുഴുക്കുത്തേറ്റ്‌
പഴുത്തു ഞെട്ടറ്റു വീണോരു
ഘടോൽക്കച വംശജാ,
നിനക്കെന്റെ ലാൽസലാം.
    ജീവിതക്കോലായിൽ നിവരുന്നു നാക്കില;
    വേവുന്ന സ്വപ്നത്തിലെരിയുന്നു കർപ്പൂരം;
    സ്മൃതികളിൽ നിന്നു നിൻ വേരറ്റുപോകയായ്‌
    കൃതികളിൽ നിന്നുടെ പേരുമേ ചേരില്ല!
തീരെയോർക്കാതെ വന്നുപിറക്കയായ്‌;
ആരുമറിയാതെ വീണുമരിക്കയായ്‌!
അന്യരായ്‌ വന്നു ഭവിക്കുമീ വംശജർ
നിന്ദ്യരായ്‌ മേവുന്നു ഇന്ത്യനല്ലാത്തവർ!!
    വാറ്റു ചാരായമിറ്റിറ്റു വീഴുമീ
    ഈറ്റക്കുഴലിനു ചുറ്റിനും കൂടുവോർ
    മാറ്റങ്ങളൊന്നുമേ കാണാതെ കേൾക്കാതെ
    മാറ്റുകെട്ടു നശിക്കുന്നു ഊരുകൾ
ഒരുതുണ്ടു പുകയിലയിലൊരു കൊച്ചുജീവിതം
അരുതുകളയറിയാതെ വഴിതെറ്റി വീണിടും
നാരിയാകുംമുമ്പ്‌ അമ്മയായ്‌ മാറ്റുന്നു
കാരിരുമ്പാണല്ലോ നമ്മുടെ നെഞ്ചകം!
    കണ്ണിൽ കനലെരിയുന്ന കരളുറപ്പുള്ളവർ   
    മണ്ണിലിടിവണ്ടിതൻ  താഴെപ്പിടഞ്ഞിതേ....
    ചോരവീണു നനഞ്ഞൊരു മണ്ണിലോ
    ചോപ്പുപൊതിയാൻ മടിക്കുന്നു കാലവും!
എന്നുദിക്കും സൂര്യൻ; കാതോർത്തിരിപ്പൂ ഞാൻ!
എന്നു ഘടോൽക്കചർ നമ്മളിൽ ചേർന്നിടും?
"അന്നുവരെ, നീച ചണ്ഡാല ജന്മമായ്‌
നിന്നുകേഴുക കാടിന്റെ മക്കളേ-"
    എന്നുപറഞ്ഞു നാം കണ്ണടച്ചീടുകിൽ
    വന്നുചേരുന്ന നാളെകൾ ചൊല്ലിടും:
    "ഇന്നിവർ; നാളെ നാം!  ഓർക്കുക സോദരാ!
    ഇന്ത്യനല്ലാതായി മാറണോ നമ്മളും??"

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?