ഡോ.ഡി.ബാബു പോൾ ഐ.എ.എസ്,
ചീഫ് സെക്രട്ടറി(റിട്ടയേഡ്), ചീരത്തോട്ടം, തിരുവനന്തപുരം
കേരളത്തിൽ ജനിച്ചു വളർന്ന ഒരാളെ സംബന്ധിച്ചിടത്തോളം തെങ്ങും തേങ്ങയും അപരിച്ചതമാകുക അസാധ്യമാണ്. മൂന്നു സെന്റ് മാത്രമുള്ള ഒരു വളപ്പിലാണ്
കുടിൽ എങ്കിൽ പോലും അതിൽ ആ കുടിലിനോടു ചേർന്ന് ഒരു തെങ്ങ് എങ്കിലും ഉണ്ടാവുക എന്നതായിരുന്നു നമ്മുടെ സമ്പ്രദായം. അതിന് അടുത്തകാലത്തായി മാറ്റം വന്നിട്ടുണ്ട് എന്നത് ശരിയാണ്. ഒരു നൂറ്റാണ്ടിനപ്പുറത്ത് കേരളത്തിലെ തെങ്ങുകളെ ബാധിച്ച രോഗമായിരിക്കാം ഒരു കാരണം. അത് ഒരു തലമുറയുടെ ബോധമനസിനെയും അന്നത്തെ ഇളം തലമുറയുടെ അബോധ മനസിനെയും ബാധിച്ചിട്ടുണ്ടാവാം. സ്വാഭാവികമായി തെങ്ങിനോട് ഒരു ഭയമോ അപരിചിതത്വമോ ഒക്കെ
ഇന്ന് പ്രായപൂർത്തി എത്തിയ തലമുറയ്ക്ക് തോന്നിയിട്ടുണ്ടാവാം. തെങ്ങ് എല്ലാ
പറമ്പുകളിലും ഉണ്ടാകുമെന്നും ഒരൊറ്റ തെങ്ങു മാത്രമാണെങ്കിൽ പോലും അതു
പരിരക്ഷിക്കാനും ആദായകരമായി പ്രയോജനപ്പെടുത്താനും സാധിക്കും എന്നും
മറ്റുമുള്ള ധാരണകൾ ഉണ്ടായിരുന്നതിനാലാവം കാർഷിക പരിഷ്കരണം വന്നപ്പോൾ ഒരു പ്ലാന്റേഷൻ വിളയായി കരുതി തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കണം
എന്ന് ആർക്കും തോന്നാതിരുന്നത്.
തെങ്ങിനെ ഒരു തോട്ടവിളയായി കരുതി, തെങ്ങു മാത്രമായി അല്ലെങ്കിൽ തെങ്ങു ഉൾപ്പെടെയുള്ള തോട്ടവിളകൾ മാത്രമായി കൃഷി ചെയ്യുന്ന കൃഷിയിടങ്ങളെ ഭൂപരിധിയുടെയും നികുതി നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിൽ കുറെയെങ്കിലും തെങ്ങു കൃഷി വർധിക്കുമായിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അന്നത്തെ സാഹചര്യം അനുസരിച്ചാണ് അന്ന് തീരുമാനങ്ങളെടുത്തത് എന്ന് ആശ്വസിക്കുക മാത്രമാണ് ഇപ്പോൾ കരണീയം. നമ്മുടെ ഭൂപരിഷ്കരണ നിയമം അതിന്റെ ലക്ഷ്യം നേടിയില്ല എന്നുള്ളത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്.
അതിന്റെ പ്രഖ്യാപിത ലക്ഷ്യം കൃഷിക്കാരന് ഉടമസ്ഥാവകാശം നൽകിക്കൊണ്ട് ഉത്പാദനം വർധിപ്പിക്കുക എന്നുള്ളതായിരുന്നു. വാസ്തവത്തിൽ അന്ന് ജന്മിമാരെ ഒഴിവാക്കുകയും കുടിയാന്മാരെയും പാട്ടക്കാരെയും കൃഷിക്കാരായി കണക്കാക്കി
അവർക്ക് അവകാശം നൽകുകയും ചെയ്യുകയാണുണ്ടായത്. മണ്ണിൽ വിയർപ്പൊഴുക്കി പണിയെടുക്കുന്ന കർഷക തൊഴിലാളികളുടെ കാര്യം നാം മറന്നു. ജന്മാവകാശമുള്ള തറവാടുകളിൽ നിന്ന് ധരാളം ഭൂമി പാട്ടത്തിനെടുത്ത് നാട്ടിൽ മുതലാളിമാരായി കഴിഞ്ഞിരുന്ന ആളുകൾക്ക് ആ ഭൂമിയിലുള്ള അവകാശം ഉറപ്പിച്ച് കൊടുക്കുന്നതായിരുന്നു നമ്മുടെ ഭൂപരിഷ്കരണം. അതിനു പകരം സ്വന്തം മണ്ണിൽ
അധ്വാനിച്ചിരുന്ന, കഷ്ടപ്പെട്ടിരുന്ന, വിയർപ്പൊഴുക്കിയിരുന്ന ചെറുകിട കർഷകർക്കായിരുന്നു പ്രാധാന്യം നൽകേണ്ടിയിരുന്നത്. അന്ന് അത് ഉണ്ടായില്ല. ഉണ്ടാകാതിരുന്നതിനു കാരണം വലതു പക്ഷത്തിലായാലും ഇടതു പക്ഷത്തിലായാലും അന്നത്തെ വർണ സമ്പ്രദായത്തിൽ, ഈഴവരിൽ താഴേയുള്ള ആരും കാര്യമായി ഭരണമേഖലയിൽ പ്രതിനിധീകരിക്കപ്പെട്ടിരുന്നി
നിന്നാണ് ചെങ്ങറ പോലുള്ള ഭൂസമരങ്ങൾ ഉണ്ടാകുന്നത്. സത്യത്തിൽ പിടി ചാക്കോയും കെആർ ഗൗരിയും ഒക്കെ യഥാർത്ഥ കർഷകരെ അവഗണിക്കുകയായിരുന്നു
എന്നാണ് ചരിത്രം എനിക്കു പറഞ്ഞു
തരുന്നത്.
ഇതോടൊപ്പം പറയാനുള്ള മറ്റൊരു സംഗതി, ഉത്പാദനം വർധിപ്പിക്കുക എന്നുള്ള ലക്ഷ്യം പരാജയപ്പെട്ടു എങ്കിൽ പോലും, ഒരു വലിയ സോഷ്യൽ എൻജിനിയറിംങ്ങാണ് ഭൂപരിഷ്കരണം വഴി നാം സാധിച്ചെടുത്തത് എന്നു പറയാതെ വയ്യ.
അടിയാളനായി മാത്രം കഴിയാൻ വിധിക്കപ്പെട്ട അതിസാധാരണരായ മനുഷ്യർക്ക് നെഞ്ചു വിരിച്ചും തല ഉയർത്തിയും അതുവരെ യജമാനൻ എന്നും തമ്പുരാൻ എന്നും വിളിച്ചിരുന്നവരെ അങ്ങനെയല്ലാതെ അഭിസംബോധന ചെയ്യാനുള്ള ആത്മാഭിമാനം വളർത്തിക്കൊടുത്തത് ഈ നാട്ടിലെ കാർഷിക പരിഷ്കരണമാണ്. അതുകൊണ്ട് കാർഷിക പരിഷ്കരണങ്ങൾ ഇവിടെ ഒന്നും നേടിയില്ല എന്നും പറയാനാവില്ല. സാമ്പത്തിക ലക്ഷ്യങ്ങളെക്കാൾ സാമൂഹിക ലക്ഷ്യമാണ് സാധിത പ്രായമായത് എന്നാണ് നാം തിരിച്ചറിയേണ്ടത്. ഇന്നിപ്പോൾ ഹൈപ്പോതെറ്റിക്കൽ എന്നു പറഞ്ഞേക്കാമെങ്കിലും ആലോചനാമൃതമായ ഒരു വിഷയമാണ് തോട്ടം മേഖല നമ്മുടെ മുമ്പാകെ തുറന്ന് വയ്ക്കുന്നത്. തോട്ടങ്ങളിൽ ആദ്യ കാലത്ത് ഉടമസ്ഥരായ മുതലാളിമാരും തൊഴിലാളിമാരെ കൊണ്ടു വരുന്ന കങ്കാണിമാരും പണിയെടുക്കുന്ന തൊഴിലാളികളുമായിരുന്നു ഘടകങ്ങൾ. എന്നാൽ അവിടെ അധികം വൈകാതെ തന്നെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ബലം കൊണ്ട്, ഇടനിലക്കാർ പുറത്തായി. തൊഴിലാളിയും മുതലാളിയും മാത്രമുള്ള ഒരു അവസ്ഥ, കാർഷിക മേഖലയിൽ അങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നത് ചിന്തിക്കാൻ കൗതുകമുള്ള ഒരു വിഷയമാണ്. അപ്പോൾ ഇഎംഏശിനെ പോലുള്ള ജന്മിമാരും അവരുടെ കൃഷിയിടങ്ങളിൽ പണിയെടുത്തിരുന്ന തൊഴിലാളികളുമല്ലാതെ ജന്മിയിൽ നിന്ന് പാട്ടത്തിനെടുക്കുകയും തെഴിലാളിക്ക് തുഛമായ കൂലി കൊടുത്ത് ലാഭമുണ്ടാക്കുകയും കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം ജന്മിക്ക് നൽകി സ്വയം ധനികനാവുകയും ചെയ്യുന്ന ഇടനിലക്കാരൻ ഉണ്ടാകുമായിരുന്നില്ല. അതൊന്നും ഇനി ആലോചിക്കേണ്ട വിഷയമല്ല.
ഭൂവിനിയോഗത്തെ കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പാദങ്ങളിൽ നമുക്കുണ്ടായിരുന്ന കാർഷിക സങ്കൽപങ്ങളിൽ നിന്നു വ്യത്യസ്ഥമാകേണ്ടതുണ്ട് എന്നു മാത്രം കരുതിയാൽ മതി. ഏതായാലും നാളികേര കൃഷിയെ പ്രത്യേകമായി സംരക്ഷിക്കാനുള്ള സന്ദർഭം അക്കാലത്ത് നമ്മുടെ ശ്രദ്ധയിൽ പെട്ടില്ല എന്നു ചുരുക്കം.
ഇനി ഇപ്പോൾ നാളികേര മേഖലയെ സംരക്ഷിക്കാൻ നാം എത്രത്തോളം ഉത്സാഹിക്കേണ്ടതുണ്ട് എന്നതാണ് ചോദ്യം.
നമ്മുടെ സംസ്കാരത്തിൽ നാഗരികതയുടെ കടന്നുകയറ്റം മൂലം നാട്ടിൻ പുറങ്ങളിൽ പോലും ഫ്ലാറ്റ് സമുച്ചയങ്ങൾ വരുന്ന അവസ്ഥ ആയിട്ടുണ്ട്. ഇവിടെ നാളികേര കർഷകരുടെ വംശം തന്നെ അനുദിനം കുറഞ്ഞു വരികയാണ് എന്നു പറയാം. അടിസ്ഥാനപരമായി കേരളത്തെ വീണ്ടും ഒരു നാളികേര ഭൂമിയാക്കി മാറ്റുന്നതിന് എന്തു ചെയ്യണം എന്നു തീരുമാനിക്കേണ്ടത് മലയാളിതന്നെയാണ്. ഇവിടുത്തെ കർഷകരാണ്. അത്തരത്തിലൊരു ലക്ഷ്യം നമുക്ക് ഉണ്ടെങ്കിൽ മാത്രമെ, അതിന്റെ ഇതര വശങ്ങളെ കുറിച്ച് ആലോചിക്കേണ്ടതുള്ളു. മലയാളിക്ക് തെങ്ങിനോടുള്ള സ്നേഹം ഒരു സർക്കാരിന്റെയും പ്രേരണകൊണ്ട് ഉണ്ടാകുന്നതല്ല. ഞാൻ താമസിക്കുന്ന
നഗര മധ്യത്തിലെ എന്റെ പതിനഞ്ചു സെന്റു ഭൂമിയിൽ പോലും മൂന്നു നാലു തെങ്ങുകളുണ്ട്. എന്നെ പോലെയുള്ള ആളുകൾക്ക് ഒരു തെങ്ങിൻതോപ്പ് പരിപാലിക്കുക എന്ന ലക്ഷ്യമൊന്നും ഉണ്ടാവില്ല. എന്നാൽ എനിക്ക് വേറെ എൺപതു സെന്റ് ഭൂമികൂടിയുണ്ട്. അതിൽ കുറെ
തെങ്ങുകളും ഉണ്ട്. പക്ഷെ ആ തെങ്ങുകളെ ഒരു വരുമാനമാർഗ്ഗമായി ഞാൻ കാണുന്നില്ല. അത്, ആ തെങ്ങുകൾക്കുവേണ്ടി ഞാൻ ചെലവിടുന്ന അധ്വാനത്തിനോ ജോലിക്കോ ആനുപാതികമായി അവയിൽ നിന്ന് എനിക്ക് ലാഭം കിട്ടുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ്. എന്നാൽ അതിൽ ഒന്നും ചെയ്യാതിരിക്കുന്നുമില്ല. അത്യാവശ്യത്തിന് വളം നൽകും, വേനലിൽ
വെള്ളം നനയ്ക്കും. കരിക്കിന് ആവശ്യക്കാർ വന്നാൽ കരിക്കു വെട്ടും. അല്ലാത്തപ്പോൾ വിളവെടുപ്പ് പാകമായ നാളികേരം തന്നെ. എന്നാൽ എന്നെപ്പോലൊരാൾക്ക് ആ എൺപതു സെന്റിൽ റബർ ആയിരുന്നുവേങ്കിൽ (കഴിഞ്ഞ വർഷത്തെ വിലവച്ചു നോക്കുമ്പോൾ) കൂടുതൽ ഉന്മേഷത്തോടെ ആ കൃഷിയിൽ ഏർപ്പെടുമായിരുന്നു.
എന്നാൽ എൺപതു സെന്റിലെ തെങ്ങു നൽകുന്ന വരുമാനത്തെ, കിട്ടുന്നതു
ലാഭം എന്നു കരുതി സ്വീകരിച്ചു പോരുന്ന മനസിൽ നിന്ന്, റബർ നൽകുന്ന
മോഹ ആദായത്തിന്റെ വഴി ആരായുന്ന മനസിലേയ്ക്കുള്ള യാത്രയാണ് ഇനി നാളികേര ബോർഡും മലയാളികളും നടത്തേണ്ടത് എന്ന് എനിക്കു തോന്നുന്നു. നാളികേരത്തെ അടിസ്ഥാനപരമായി ഒരു വരുമാനമാർഗ്ഗമെന്ന നിലയിൽ ശരാശരി മലയാളി ഇന്നും കാണുന്നില്ല. അത്തരത്തിലൊരു മനസ് ഉണ്ടാക്കിയെടുക്കാനാണ് നാളികേര ബോർഡ് ശ്രമിക്കേണ്ടത്. അതിനുള്ള സമ്പർക്ക മാധ്യമ പ്രവർത്തനങ്ങൾ
ഇപ്പോൾ നാളികേരം കൃഷി ചെയ്യുന്ന കൃഷിക്കാർക്കിടയിൽ നടത്തണം. ഒപ്പം കേരളത്തിലെ പൊതു സമൂഹത്തിലും ഉണ്ടാകണം. ഇന്നിപ്പോൾ കേരളീയ ജനതയുടെ ചെറിയ ഒരു പങ്ക് മാത്രമാണ് നാളികേരത്തെ കുറിച്ച് കരുതലുള്ളവർ. അത് ചരിത്രപരമായ കാരണങ്ങൾ കൊണ്ട് സംഭവിച്ചതാണ് എന്നു ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ. അവിടെ നിന്നുള്ള ഒരു തിരിച്ചു വരവാണ് ഇനി നമുക്ക് ആവശ്യമായിരിക്കുന്നത്.
എന്റെ ബാല്യകാല സ്മരണകളിൽ നിറയെ തെങ്ങും നാളികേരവുമാണ്. നാട്ടിൻ പുറത്തെ ഞങ്ങളുടെ പുരയിടത്തിൽ നിറയെ തെങ്ങുകളായിരുന്നു. അന്ന് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ഞങ്ങളുടെ
അച്ഛനാണ് ആ തെങ്ങുകളത്രയും നട്ടു വളർത്തിയത്. അധികം ഭൂസ്വത്തൊന്നും
ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഒരു പക്ഷെ കേരളത്തിലെ ഐഎഎസ്കാരിൽ ഏറ്റവും കുറച്ച് ഭൂസ്വത്ത് ഉണ്ടായിരുന്നവരുടെ കൂട്ടത്തിലാണ് എന്റെയും എന്റെ അനുജന്റെയും സ്ഥാനം. ഞങ്ങളുടെ അച്ഛൻ നാളികേര കൃഷി ആരംഭിക്കാൻ തീരുമാനിച്ച സമയത്ത് ആദ്യം ചെയ്തത് ഇന്നത്തെ നാളികേര ബോർഡിന്റെ മുൻഗാമിയായി എറണാകുളത്ത് ഉണ്ടായിരുന്ന നാളികേര
ഡയറക്ടറേറ്റിൽ പോയി. അന്ന് അവർക്ക് ഒരു മാസിക ഉണ്ടായിരുന്നു. ഇന്നത്തെ നാളികേര ജേണലിന്റെ ആദ്യ രൂപം. അതൊക്കെ വാങ്ങി, അതിൽ പ്രകാരമായിരുന്നു അച്ഛന്റെ തെങ്ങു കൃഷി. ചെയ്യുന്ന കൃഷി ശാസ്ത്രീയമായിരിക്കണം എന്ന് അച്ഛന് തോന്നിയത് അദ്ദേഹം വിദ്യാസമ്പന്നൻ ആയിരുന്നതു കൊണ്ടാണ്. ശാസ്ത്രീയ പരിപാലനം നിർബന്ധമായും ആവശ്യമുള്ള വിളയാണ് തെങ്ങ്. ഇന്ന് നാളികേര കൃഷി പ്രധാന ജീവിത വ്യവഹാരമായി സ്വീകരിക്കുന്ന എല്ലാ ആളുകളും ഒരു പക്ഷെ ഈ വിളയുടെ ശാസ്ത്രീയമായ പരിപാലന മുറകൾ അനുവർത്തിക്കുന്നുണ്ടാവണം.
എന്നാലും ആ സമ്പ്രദായം കൂടുതൽ കാര്യക്ഷമവും വ്യാപകവുമാകേണ്ടതുണ്ട്.
ജനാധിപത്യ ഭരണ വികേന്ദ്രീകരണത്തിന്റെ ഫലമായി സർക്കാരും ജനങ്ങളും
തമ്മിലുള്ള ഇന്റർഫേസ് വളരെ മാറിക്കഴിഞ്ഞു. നാളികേര വികസന ബോർഡിന്റെ ഇപ്പോഴത്തെ ചെയർമാൻ ശ്രീ.ടി.കെ ജോസിനെപ്പോലുള്ളവർ മുൻകൈ എടുത്തു പ്രചരിപ്പിച്ച കുടുംബശ്രീ എന്ന വടവൃക്ഷം ഇന്നു കേരളത്തിന്റെ നിർവചനത്തിന്റെ ഭാഗമായിരിക്കുന്നു. ഈ രണ്ടു സാധ്യതകളെയും പ്രയോജനപ്പെടുത്തി നാളികേര കൃഷിയുടെ അവസ്ഥ മെച്ചപ്പെടുത്താൻ സാധിക്കും എന്നാണ് എനിക്കു തോന്നുന്നത്. ജനങ്ങളുടെ സഹകരണത്തോടെ അവരുടെ സ്വാശ്രയ ബോധത്തിൽ ഊന്നിയ കാർഷിക പ്രവർത്തനങ്ങൾ, ഗവണ്‍മന്റിൽ നിന്നുള്ള ബൗദ്ധികവും സാമ്പത്തികവുമായ സഹായങ്ങൾ, ഇവ എത്തിച്ചു കൊടുക്കാനുള്ള ഉപാധികൾ ഇവെയല്ലാം ഒത്തു ചേർന്നു വരുമ്പോൾ നാളികേരത്തിന് കേരളത്തെ നിർവചിക്കാൻ വീണ്ടും കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നാളികേരത്തിന്റെ നാട് കഴിഞ്ഞ കുറെ വർഷങ്ങളായി റബറിന്റെ നാടിയിട്ടാണല്ലോ ഖ്യാതി നേടിയിരിക്കുന്നത്. റബറിനെ മാറ്റി നിർത്തി തൽസ്ഥാനത്ത് നാളികേരത്തെ പുനസ്ഥാപിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും, റബർ വികസിച്ച വഴികളിൽ നിന്നു നമുക്ക് പാഠങ്ങൾ ഉൾക്കൊള്ളേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് സംഭരണത്തിലും വിപണനത്തിലും ഈ പാഠങ്ങൾ ചേർത്തു വച്ചാൽ മുമ്പോട്ടു പോകാനുള്ള വഴി നാളികേരമേഖലയിലും തെളിഞ്ഞു വരുമെന്നാണ് എന്റെ പ്രതീക്ഷ.
നാളികേര കൃഷിയുമായി നേരിട്ട് അത്ര ബന്ധമുള്ള ആളല്ല ഞാൻ. സർവീസിൽ നിന്നു വിരമിച്ചിട്ട് പതിമൂന്നു വർഷമായി. പക്ഷെ, ചെറുപ്പത്തിൽ ഞങ്ങളുടെ പുരയിടത്തിലെ തെങ്ങിൻ തൈകൾ നനച്ചിരുന്നത് ഞാനായിരുന്നു. ആ ഓർമ്മകൾ ഇപ്പോഴും എനിക്കു കളിക്കൂട്ടുകാരാണ്. ആദ്യ വർഷത്തിൽ കിട്ടുന്ന വെള്ളമത്രയും ശേഖരിച്ചുവച്ച് തന്നെ ശുശ്രൂഷിക്കുന്നവർക്ക് പ്രതിഫലം നൽകാൻ മറക്കാത്ത കേരവൃക്ഷത്തെ കുറിച്ച് ഭർത്തൃഹരി എഴുതിയ ശ്ലോകവും എനിക്ക് ഓർമ്മയുണ്ട്.
പ്രഥമവർഷത്തി തോയമൽപം സ്മര:
ശിരസി നിഹിത ഭാര: നാളികേരാ:
ദദ്യുതാരാജീവനാന്തം നഹികൃത
മുപകാരം സാധുവോ വിസ്മരന്തി
അതായത് സജ്ജനങ്ങൾ അവർക്ക്
ലഭിച്ച ഉപകാരം ഒരിക്കലും മറക്കാറില്ല
എന്നു സാരം.