15 Jan 2015

നീരയിലൂടെ തെളിയുന്ന നാളികേര മേഖലയുടെ ഭാവി


ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

നമ്മുടെ നാട്ടിലെ തെങ്ങുകൃഷി അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ഉയർന്ന ഉൽപാദന ചെലവും കുറഞ്ഞ വരുമാനവുമാണ്‌. തെങ്ങിൽ നിന്നുള്ള വരുമാനം പരമാവധി ഉയർത്തുവാനുള്ള ഒരു മാർഗ്ഗം തെങ്ങു വെറും വെളിച്ചെണ്ണ മരമെന്നതിനുപരി, പ്രകൃദത്തമായ പോഷകസമൃദ്ധമായ, ഔഷധ ഗുണമുള്ള നീര ഉൽപാദിപ്പിക്കുന്ന പാനീയ വിളയായും, നീരയിൽ നിന്നു ആരോഗ്യദായകമായ പഞ്ചസാര ഉൽപാദിപ്പിക്കുന്ന പഞ്ചസാര വിളയായും പ്രയോജനപ്പെടുത്തുക എന്നതാണ്‌. തെങ്ങു കൃഷിചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഫിലപ്പീൻസിലും, ഇന്തോനേഷ്യലും ഇതിനകം തന്നെ നീരയും, അതിൽ നിന്ന്‌ ഉൽപാദിപ്പിക്കുന്ന തെങ്ങിൻ പഞ്ചസാരയും വ്യവസായികടിസ്ഥാന ഉൽപാദിപ്പിച്ച്‌ കയറ്റുമതിയിലൂടെ വിദേശനാണ്യം നേടിതരുന്ന ഉൽപന്നമായി മാറികഴിഞ്ഞു. മത്സരാധിഷ്ടിതമായ ഇന്നത്തെ ചുറ്റുപാടിൽ തെങ്ങുകൃഷി ചെയ്യുന്ന മറ്റു രാജ്യങ്ങളുമായി മത്സരിച്ച്‌ നമ്മുടെ നാട്ടിലെ തെങ്ങുകൃഷിയെ ലാഭകരമായി നിലനിർത്തണമെങ്കിൽ കൽപ വൃക്ഷത്തിൽ നിന്നുള്ള നീരയും, അതിന്റെ അനുബന്ധ ഉൽപന്നങ്ങളും പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. നീരയെ ആകർഷകമാക്കുന്നത്‌ പ്രധാനമായും രണ്ടു കാര്യങ്ങളാണ്‌. ഒന്ന്‌ തെങ്ങിൽ നിന്നുള്ള വരുമാനം മനുഷ്യ ആരോഗ്യദായകമായ, പോഷകസമൃദ്ധമായ, ഔഷധഗുണമുള്ള പാനീയം.നല്ല പരിചരണ മുറകൾ കൊടുത്ത്‌ ആരോഗ്യത്തോടെ വളരുന്ന ഒരു തെങ്ങിന്റെ 6 പൂക്കുലകൾ വരെ ഒരു വർഷം ചെത്തി നീര ഉൽപാദിക്കാൻ ഉപയോഗിക്കാം. ഒരു പൂക്കുലയിൽ നിന്ന്‌ 50 ലിറ്റർ നീര ലഭിക്കും. ഇപ്രകാരം 6 പൂക്കുലകളിൽ നിന്നു 300 ലി നീര ലഭിക്കും. ഒരു ലിറ്റർ നീരയ്ക്ക്‌ 50 രൂപാ നിരക്കിൽ കർഷകന്‌ ലഭിച്ചാൽ ഒരു തെങ്ങിൽ നിന്ന്‌ 9,000 രൂപ വരെ ലഭിക്കും. എന്നാൽ ഈ ആറു കുലകൾ വളർന്ന്‌ നാളികേരമോ, കരിക്കോ ആകാൻ അനുവദിച്ചാൽ കർഷകന്‌ ഏകദേശം 600 നാളികേരമാണ്‌ ലഭിക്കുക. അതിന്‌ ഇന്നത്തെ വിലയനുസരിച്ച്‌ ഒരു തേങ്ങായ്ക്ക്‌ 15 രൂപാ നിരക്കിൽ ലഭിക്കുക 900 രൂപയും. ഇതാണ്‌ നീര ഉൽപാദനത്തിൽ നിന്നുള്ള വരുമാനവും, നാളികേരഉദ്പാദനവും തമ്മിലുള്ള വരുമാന വ്യത്യാസം.
ഈ സാഹചര്യത്തിൽ നീരയുടെ ഔഷധ ഗുണങ്ങൾ സംബന്ധിച്ച ബോധവത്ക്കരണവും ആരോഗ്യദായകപാനീയമെന്ന നിലയിലുള്ള അതിന്റെ പ്രചാരണവും നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. വിരിയാത്ത തെങ്ങിൻ പൂങ്കുലയിൽ നിന്നും ചെത്തി എടുക്കുന്ന, മദ്യത്തിന്റെ അംശം ഇല്ലാത്ത പോഷകസമൃദ്ധമായ പ്രകൃതിദത്ത പാനീയമാണ്‌ നീര. മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന അമിനോ അമ്ലങ്ങളുടെയും വിറ്റാമിൻ, കാത്സ്യം,
ഇരുമ്പ്‌, പൊട്ടാസ്യം, സിങ്ക്‌, ഫോസ്ഫറസ്‌ തുടങ്ങിയ ധാതു ലവണങ്ങളുടെയും കലവറയാണിത്‌. കൂടാതെ പ്രോട്ടീൻ നിർമ്മാണത്തിനാവശ്യമായ ഗ്ലൂട്ടാമിക്‌ അമ്ലവും ഉയർന്ന അളവിൽ നീരയിൽ അടങ്ങിയിരിക്കുന്നു.
നീരയുടെ ഔഷധഗുണങ്ങൾ മനസ്സിലാക്കി, പല ആയൂർവ്വേദ മരുന്നുകളിലും നീരയിൽ നിന്നു ഉൽപാദിപ്പിക്കുന്ന തെങ്ങിൻ ചക്കര പണ്ടേ ഉപയോഗിച്ചിരുന്നു. കൊഴുപ്പും, കൊളസ്ട്രോളും ഇല്ല എന്നതും, കുറഞ്ഞ ഗ്ലൈസമിക്സ്‌ ഇൻഡക്സും നീരയെ പ്രമേഹരോഗികൾക്കു കൂടി ഉപയോഗപ്രദമായ പാനീയമാക്കുന്നു. നീരയുടെ ജി.ഐ 35 ആണ്‌. നാം കഴിക്കുന്ന ആഹാരത്തിൽ നിന്നു പഞ്ചസാര ദഹിച്ച്‌ രക്തത്തിൽ ചേരുന്നതിന്റെ തോത്‌ ആണ്‌ ജി.ഐ. നീരയിൽ 14.40 ശതമാനം പഞ്ചസാര അടങ്ങിയിരിക്കുന്നു. എന്നാൽ ഈ പഞ്ചസാരയുടെ പ്രത്യേകത സാധാരണ പഞ്ചസാരയെക്കാൾ അതായത്‌ കരിമ്പിൽ നിന്ന്‌ ഉൽപാദിപ്പിക്കുന്ന പഞ്ചസാരയേക്കാൾ കുറഞ്ഞ ജി.ഐ ആണുള്ളത്‌ എന്നതാണ്‌. കരിമ്പിൽ നിന്നു ഉൽപാദിപ്പിക്കുന്ന പഞ്ചസാരയ്ക്ക്‌ ജി.ഐ 75 ഉള്ളപ്പോൾ നീരയുടേത്‌ 35 മാത്രമാണ്‌. അതായത്‌ നീര കഴിക്കുമ്പോൾ അതിൽ നിന്നുള്ള പഞ്ചസാര ദഹിച്ചും രക്തത്തിലേയ്ക്ക്‌ കലരുന്നതിന്റെ അളവ്‌ സാധാരണ പഞ്ചസാരയേക്കാൾ വളരെ കുറവായിരിക്കും. പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ഗ്ലൈസെമിക്‌ ഇൻഡക്സ്‌ കുറഞ്ഞ നീരയും, അതിൽ നിന്നുൽപാദിപ്പിക്കുന്ന പഞ്ചസാരയും പ്രമേഹരോഗികൾക്ക്‌ കഴിക്കാവുന്ന ആരോഗ്യദായക ഭക്ഷ്യോൽപന്നമായി വരും കാലങ്ങളിൽ ഭക്ഷ്യമേഖലയിൽ സ്ഥാനം പിടിക്കും.
കരിക്കിൻ വെള്ളം പോലെത്തന്നെ നീരയും മൂത്രതടസ്സത്തിനും, മൂത്രാശയരോഗങ്ങൾക്കും ഒരു ഔഷധമായി കരുതപ്പെടുന്നു. കൂടാതെ ശരീരത്തിലെ ജലാംശം നഷ്ടപെടുന്നത്‌ തടയാൻ ഏറ്റവും ഉത്തമമായ ശീതളപാനീയമാണ്‌ നീര. അമിതമായ വയറിളക്കം മൂലം ശരീരത്തിൽ
നിന്നുള്ള ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയിൽ നീര കുടിക്കുന്നത്‌ ഏറ്റവും
ഫലപ്രദമാണ്‌. മലബന്ധം തടയാനും
മലശോധന സുഗമമാക്കാനുമുള്ള പാനീയമാണ്‌ നീര. അതിനാൽ പെയിൽസ്‌ രോഗികൾക്കും ഇത്‌ ഫലപ്രദമെന്ന്‌ പറയപ്പെടുന്നു. അസ്ത്മ, ക്ഷയം, ശ്വാസംമുട്ടൽ എന്നീ രോഗങ്ങൾക്ക്‌ ഔഷധമായും ഇത്‌ ശുപാർശചെയ്യപ്പെടുന്നു.
ഗർഭിണികൾ നീരകഴിക്കുന്നത്‌ മൂലം കുട്ടികൾക്ക്‌ നല്ല നിറവും ആരോഗ്യവും കിട്ടുമെന്ന്‌ വിശ്വാസമുണ്ട്‌. സമ്പൂർണ്ണ ആരോഗ്യപാനീയമായ നീര, വിറ്റാമിൻ, ഇരുമ്പ്‌ എന്നിവയുടെ അഭാവം പരിഹരിക്കുന്നതിനുള്ള ഫുഡ്‌ സപ്ലിമന്റായും ശുപാർശ ചെയ്യപ്പെടുന്നു. നീരയുടെ വിവിധങ്ങളായ ഔഷധ ഗുണങ്ങൾ കണക്കാക്കി കരളിന്റെ ടോണിക്ക്‌ എന്നും നീരയെ വിശേഷിപ്പിക്കുന്നു. നേത്രരോഗികൾക്കും, എക്സിമ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്ന ഇനോസിറ്റോൾ ധാരാളമായി നീരയിൽ അടങ്ങിയിരിക്കുന്നു.
ആരോഗ്യപാനീയമെന്നതിനുപരി പാം ഷുഗർ, പാം ജാഗറി, കോക്കനട്ട്‌ ജാഗറി, സിറപ്പ്‌ (ദ്രവരൂപത്തിലുള്ള ശർക്കര),
നീരഹണി, നീര ബിസ്ക്കറ്റ്‌, നീര മിഠായികൾ, നീരകേക്ക്‌ തുടങ്ങിയ മൂല്യവർദ്ധിത ഭക്ഷ്യോൽപന്നങ്ങൾ ഉണ്ടാക്കുന്നതിനും നീര ഉപയോഗിച്ചുവരുന്നു. ഇവയെല്ലാം പോഷക സമൃദ്ധവും, ആരോഗ്യദായകവുമായ ഉൽപന്നങ്ങളാണ്‌.
നീര സംസ്ക്കരിച്ചെടുക്കുന്ന പഞ്ചസാരയും ശർക്കരയും മധുരം പ്രദാനം ചെയ്യുന്ന പ്രകൃതിദത്തമായ ഉത്പ്പന്നങ്ങളാണ്‌. ദ്രവരൂപത്തിലുള്ള കോക്കനട്ട്‌ ജാഗറി സിറപ്പിൽ പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്‌, ഇരുമ്പ്‌ എന്നീ മൂലകങ്ങളും മനുഷ്യന്‌ ആവശ്യം വേണ്ട പല അമിനോ അമ്ലങ്ങളും, വിറ്റാമിൻ, ബി കോപ്ലക്സ്‌ (ബി 1 ബി 2, ബി 3 & ബി 6) ഇതിൽ അടങ്ങിയിരിക്കുന്നു. ഈ ഉൽപന്നം കരിമ്പിൻ പഞ്ചാരയെക്കാൾ വളരെ മേന്മയേറിയതാണ്‌.
ഗ്രാമപ്രദേശങ്ങളിലെ കേരോൽപാദന സമിതികൾക്ക്‌ വലിയ മുതൽ മുടക്കില്ലാതെ നീരസംസ്ക്കരണ കേന്ദ്രങ്ങൾ സ്ഥാപിച്ച്‌ സമീപത്തുള്ള നഗരങ്ങളിലെ കടകളിൽ സ്ഥിരമായി നീരയും മറ്റു മൂല്യവർദ്ധിത ഉൽപന്നങ്ങളും വിതരണം ചെയ്യുന്ന രീതി വികസിപ്പിച്ചെടുക്കാം. വേനൽക്കാലമായ ഡിസംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലുണ്ടാവുന്ന ശീതള പാനീയത്തിന്റെ വർദ്ധിച്ച ആവശ്യം നീരയിലൂടെ നിറവേറ്റാൻ ഈ രീതിക്കു കഴിയും. നീര ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ഉൽപന്നങ്ങൾ പ്രമേഹരോഗികൾക്ക്‌ കഴിക്കാവുന്നതാണ്‌. നാളീകേര വികസന ബോർഡിന്റെ മേൽ നോട്ടത്തിൽ തിരുകൊച്ചി നാളികേര ഉത്പാദനകമ്പനി നീരയിൽനിന്ന്‌ ഉണ്ടാക്കുന്ന ദ്രവരൂപത്തിലുള്ള സിറപ്പുപയോഗിച്ച്‌ പ്രമേഹ രോഗികൾക്ക്‌ കഴിക്കാവുന്ന കേക്ക്‌ വിപണിയിലിറക്കിയിരിക്കുന്നു. ക്രിസ്തുമസ്‌ പുതുവത്സര കാലത്ത്‌ ജി.ഐ കുറഞ്ഞ ഇത്തരം കേക്ക്‌ ധാരാളമായി നിർമ്മിച്ച്‌ വിപണിലെത്തിക്കുന്നതാണ്‌.
ചുരുക്കത്തിൽ വളരെയധികം പോഷക ഔഷധഗുണങ്ങൾ അടങ്ങിയ പ്രകൃതി ദത്തമായ വിശിഷ്ട പാനീയമാണ്‌ നീര. ഇതിന്റെ ഔഷധഗുണങ്ങളെ കുറിച്ച്‌ കൂടുതൽ വിശദപഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. നീര കൂടുതലായി പ്രചാരത്തിലായാൽ അതിന്റെ നേട്ടം, കേരകർഷകർക്ക്‌ മാത്രമല്ല മനുഷ്യരാശിക്കു മുഴുവനാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...