ഒരു പൂവ്

ശ്രീകൃഷ്ണദാസ് മാത്തൂര്‍.


ഒരു പൂവ് നീ തരുന്നു 
ഞാനതു ചെവിയിൽ ചൂടുന്നു.
പുഴുക്കുത്തു വീണ കാതിൽ,
ഫോസിലായ വൃന്ദാവനത്തിന്റെ
വിളികേട്ടു കടുക്കനാടുന്നു.
വലിച്ചു വിട്ട ഞാനൊരു
കുടുക്കഴിഞ്ഞ പട്ടമാകുന്നു.

നെറ്റിയിൽ പടര്‍ന്ന പൂവുമായ്
പട്ടാപ്പകൽ കൂവുന്നു,
സ്വപ്നാടകര്‍ തൊടുത്ത കല്ല്
വെട്ടുകൽ തുണ്ട്,
ചോരക്കല്ല്
രാത്രിയിൽ തുളുമ്പിയ മഴയിൽ
കുതിരാനിരിക്കുന്നു,
വിത്തു പൊട്ടുന്നു, രണ്ടിലയ്-
ക്കൊത്ത മധ്യത്തു നിന്ന്
നീ വീണ്ടും പൂവ് നീട്ടുന്നു..!
ഞാനതു ചെവിയിൽ ചൂടുന്നു,
ചൂടിയോടുന്നു.

കുഞ്ചിയിൽ പടര്‍ന്ന പൂവുമായ്
പാതിരാവിൽ കൂവുന്നു,
പാതിരാവെണീറ്റു വന്നു`,
പ്രാകി ലൈറ്റിടുന്നു,
ലൈറ്റിലെ ഫിലമെന്റു പൂത്ത പൂവ്
വീണ്ടും നീഎനിക്കു നീട്ടുന്നു
ഞാനതുയിരിൽ ചൂടുന്നു.
കൂവിയോടുന്നു.

വിഭ്രാന്തിയുടെ
എല്ലാ സൌഗന്ധികങ്ങളും നീ
എനിക്കു നീട്ടുന്നു
ഞാനവയടിമുടി ചൂടുന്നു
ചൂടി മുടിയുന്നു.
മുടിവിലെ ഞൊറിവിൽ നിന്നു നീ
വെടിച്ചൊരെൻ മിടിപ്പു നീട്ടുന്നു,
ഞാനതു തുടിയുണര്‍ത്താക്കുന്നു.

ഞാനടിമുടി പൂവു ചൂടു-
മങ്കവാല, നരിത്തിപ്പൂവനാകുന്നു,
നേരം തെറ്റിക്കൂവു മെന്റെ  
ഉള്ളിലെ ചൊകന്ന പൂവുകള്‍
വരഞ്ഞെടുത്ത് 
വീണ്ടും നീ എനിക്കു നീട്ടുന്നു,
നിന്നിലസ്പന്ദമാകുമീ കണ്ണുമാ-
യതും ഞാനെന്റെ
ചെവിയിൽത്തന്നെ ചൂടുന്നു.

സ്വര്‍ഗ്ഗത്തിന്റെ നിദ്ര ലംഘിച്ച് നൂൽപാലത്തിലൂടൊറ്റയ്ക്കൊരു
പൂം കൂവലാകുന്നു,
പകരമായ്
നിനക്കു ഞാനീ കൂവൽ മാത്രം
തിരിച്ചു നീട്ടുന്നു.
*****

--

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ