11 Mar 2015

കള്ളക്കൃഷ്ണാ, കരുമാടീ

സുനിൽ എം എസ്


അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ?

ഉണ്ടാകാനിടയില്ല. എന്നാൽ ഞാനനുഭവിച്ചിട്ടുണ്ട്.

അതും വിവാഹം കഴിഞ്ഞയുടനെ.

ഷിംലയിലും നൈനിറ്റാളിലും പോയി മധുവിധു ആഘോഷിയ്ക്കാൻ സാമ്പത്തികസ്ഥിതി അനുവദിയ്ക്കാഞ്ഞതു കൊണ്ട് വിവാഹത്തെത്തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ മണവാളനും മണവാട്ടിയും കൂടി ഇരുകൂട്ടരുടേയും ബന്ധുജനങ്ങളുടെ വീടുകളിൽ ഹ്രസ്വസന്ദർശനം നടത്തി.

എന്റെ ബന്ധുജനങ്ങളുടെ വീടുകളിൽ അഭിമാനത്തോടെ, നെഞ്ചുവിരിച്ചാണു ഞാൻ കയറിച്ചെന്നത്. തിടമ്പേറ്റാൻ മത്സരിയ്ക്കുന്ന ഗജവീരൻ മസ്തകമുയർത്തിപ്പിടിയ്ക്കുന്നതു പോലെ. കാരണം, ശാരി അത്ര സുന്ദരിയായിരുന്നു.

അവളുടെ കണ്ണുകളിൽ നോക്കിപ്പോയാൽ നോട്ടം പിൻ‌വലിയ്ക്കാൻ തോന്നില്ല. നീലക്കൂവളപ്പൂവുകളോ, വാലിട്ടെഴുതിയ കണ്ണുകളോ, മന്മഥൻ കുലയ്ക്കും വില്ലുകളോഎന്നു കവി പാടിയത് ഇവളെ കണ്ടുകൊണ്ടാകണം.

അതിനൊക്കെപ്പുറമെ, അവളുടെ നിറമോ. തൂവെള്ള! അവളുടെ മുഖം ചുവന്നു തുടുത്തിരിയ്ക്കും. ചെമ്മീനിൽ കറുത്തമ്മയായി അഭിനയിച്ച ഷീലയെയാണ് ഞാൻ പലപ്പോഴും ഓർത്തു പോകുക. അതു പോലുള്ള നിറമാണവൾക്ക്.

ഇതു ഞാൻ നിങ്ങളോടു മാത്രമേ പറയൂ. അവൾ കേൾക്കെ ഞാനിതു പറയില്ല. സ്വന്തം നിറത്തിൽ അവൾക്ക് അഭിമാനം മാത്രമല്ല, അഹങ്കാരവുമുണ്ട്. സ്വന്തം സൌന്ദര്യത്തെപ്പറ്റി അവൾ പറയുമ്പോൾ അവൾ അഹങ്കാരത്തിനു കൈയും കാലും വച്ചതാണ് എന്നാണു നമുക്കു തോന്നിപ്പോകുക. വിനയം തൊട്ടു തെറിച്ചിട്ടില്ല. ആ യാഥാർത്ഥ്യവും ആ ദിവസങ്ങളിൽത്തന്നെയാണ് മനസ്സിലാക്കാനിടയായത്.

ഒരു സൌന്ദര്യധാമത്തിന്റെ തോളോടു തോളുരുമ്മി, “കണ്ടില്ലേ, എന്റെ സുന്ദരിയെഎന്ന മട്ടിൽ നാട്ടിലെ പെരിയാർ പുഴയോരത്തൂടെ സ്വപ്നത്തിലോ സിനിമയിലോ എന്ന പോലെ മന്ദം മന്ദം നടന്നു നീങ്ങിക്കൊണ്ടിരിയ്ക്കെ, ഞങ്ങൾ കൊച്ചുഗോവിന്ദൻ മാഷിന്റേയും കുമാരേട്ടന്റേയും മുന്നിൽച്ചെന്നു പെട്ടു.

രണ്ടു പേരും വഴിയരികിൽ നിന്നുകൊണ്ട് ലോകകാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നിരിയ്ക്കണം. വെള്ള മുണ്ടും ജുബ്ബയും ഷാളും കട്ടിയുള്ള, കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച, പഞ്ഞി പോലെ വെളുത്ത മുടിയുള്ള മാഷ് പണ്ട്, വളരെക്കാലം മുമ്പ്, ഒരദ്ധ്യാപകനായിരുന്നു. അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ല. എൺപതു വയസ്സെങ്കിലും കഴിഞ്ഞ അദ്ദേഹം ആ പ്രദേശത്ത് സമാരാദ്ധ്യനായിരുന്നു. എനിയ്ക്കദ്ദേഹത്തോട് ഒരു പ്രത്യേക ആദരവുണ്ടായിരുന്നു. എന്റെ ഒരകന്ന ബന്ധു കൂടിയായിരുന്നു, മാഷ്.

കുറേക്കൂടി പ്രായം കുറഞ്ഞ കുമാരേട്ടനുമായി എനിയ്ക്ക് നേരിട്ടു ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങൾ തമ്മിൽ അടുത്ത പരിചയമുണ്ടായിരുന്നു. രണ്ടു പേർക്കും എന്നോട് പ്രത്യേകവാത്സല്യമുണ്ടായിരുന്നെന്നു ഞാനെപ്പോഴും വിശ്വസിച്ചിരുന്നു.

മാഷെക്കണ്ട പാടെ ഞാൻ തൊഴുതു. അതിനു മുമ്പൊരിയ്ക്കലും ഞാൻ മാഷെ തൊഴുതിരുന്നില്ല. അങ്ങനെയൊരു പതിവ് ഇല്ലാത്തതാണ്. പക്ഷേ ഇന്ന് അങ്ങനെയല്ലല്ലോ. കൂടെ ശാരിയുണ്ട്. വയോജനങ്ങളോട് എനിയ്ക്കുള്ള ബഹുമാനവും വിനയവും അവൾ കാണട്ടെ. ഒരാദർശപുരുഷരത്നമാണ് അവളുടെ ഭർത്താവെന്ന് അവൾ ധരിച്ചോട്ടെ. അല്പകാലത്തേയ്ക്കെങ്കിലും.

ഞാൻ മാഷിനെ തൊഴുന്നത് ശാരി കണ്ടെങ്കിലും എന്നെ അനുകരിയ്ക്കാനൊന്നും അവൾ തുനിഞ്ഞില്ല. അത്തരം മൃദുലവികാരങ്ങളൊന്നും അവൾക്ക് അന്നില്ലായിരുന്നു; അന്നു മാത്രമല്ല, ഇന്നുമില്ല.

ങാ, വിരുന്നു നടപ്പാണ്, അല്ലേ?” മാഷ് കണ്ടപാടെ ചോദിച്ചു.

എല്ലായിടത്തുമൊന്നു കയറിയിറങ്ങിപ്പോരാമെന്നു വച്ചു,” ഞാൻ വിനയാന്വിതനായി പറഞ്ഞു.

എത്ര ദിവസം ലീവുണ്ട്?”

ഈയാഴ്ച മുഴുവനും.

അപ്പോ, ഒന്നോടിവലത്തിട്ടു വരാം. നല്ല കാര്യം.ശാരിയുടെ നേരേ തിരിഞ്ഞ് മാഷു ചോദിച്ചു, “പണ്ട് നിന്റച്ഛൻ ഇവിടുത്തെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. അതു നിനക്കറിയോ?”

നിഷേധാർത്ഥത്തിൽ തല കുലുക്കിക്കൊണ്ട് ശാരി എന്നോടു ചോദിച്ചു, “അച്ഛൻ ചേട്ടനെ പഠിപ്പിച്ചിട്ടുണ്ടോ?”

അവളുടെ അച്ഛൻ എന്റെ നാട്ടിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് എന്നെ പഠിപ്പിയ്ക്കാനിട വന്നിട്ടുണ്ടായിരുന്നോ എന്നറിയാനായിരുന്നു അവളുടെ ആകാംക്ഷ.

അതിന് അവനിവിടൊന്നുമല്ലല്ലോ പഠിച്ചത്,” എനിയ്ക്ക് മറുപടി പറയാൻ അവസരം കിട്ടും മുൻപ് മാഷു ഇടയിൽ കയറിപ്പറഞ്ഞു. മാഷിന് എന്റെ ചരിത്രം മുഴുവനുമറിയാം. ഞാൻ ഹെഡ്മാസ്റ്ററായിരിയ്ക്കുമ്പോ നിന്റച്ഛനിവിടെ മാഷായിരുന്നു,” മാഷ് ശാരിയോടു പറഞ്ഞു.

നിന്റച്ഛൻ എന്റെ കീഴിലായിരുന്നുഎന്നൊരു ധ്വനി മാഷുടെ വാക്കുകളിലുണ്ടായിരുന്നില്ലേ എന്ന നേരിയ സംശയം എനിയ്ക്കുണ്ടായി. എന്റെ മണവാട്ടിയുടെ അച്ഛനെ ഇടിച്ചുതാഴ്ത്താനുള്ള ശ്രമം, അത് മനഃപൂർവ്വമായിരുന്നാലും ഇല്ലെങ്കിലും ഉള്ളുകൊണ്ട് എനിയ്ക്കത്ര രുചിച്ചില്ല. എങ്കിലും ഞാനൊന്നും മിണ്ടിയില്ല. പ്രായമായവർക്ക് ചില സ്വാതന്ത്ര്യങ്ങളുണ്ട്. ചിലരത് ദുരുപയോഗപ്പെടുത്തുന്നു. കണ്ടു നിൽക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല.

അച്ചന്മാര് എവിടൊക്കെ ജോലി ചെയ്തൂന്ന് അറിഞ്ഞിരിയ്ക്കണ്ടേ,” അതുവരെ നിശ്ശബ്ദനായി നിന്നിരുന്ന കുമാരേട്ടൻ കുറ്റപ്പെടുത്തലിന്റെ ലാഞ്ഛനയോടെ പറഞ്ഞു. ശാരി ഇതൊക്കെ എങ്ങനെയറിയാൻ. എനിയ്ക്കവളോട് സഹതാപം തോന്നി. പക്ഷേ അവൾ കൂസാതെ നിന്നു. അതൊന്നും അവളെ ഏശാറില്ല’.

കുമാരേട്ടനും മകനും തമ്മിൽ അത്ര സുഖത്തിലല്ല. മകൻ അച്ഛനെ വകവയ്ക്കാത്തതു കൊണ്ട് പുതുതലമുറയോട് കുമാരേട്ടന് പൊതുവിൽ ഒരകൽച്ചയുണ്ട്. ഞാനും പുതുതലമുറയിൽപ്പെടുന്നതുകൊണ്ട് എന്നോടും കുമാരേട്ടന് അകൽച്ചയുണ്ടാകും. ആ പശ്ചാത്തലം ശാരിയ്ക്കു പിന്നീടു വിശദീകരിച്ചുകൊടുക്കണം.

അപ്പോൾ ദാ വരുന്നൂ, ഒരു ബോംബ്! ഇവനങ്ങു കറുത്തു പോയോ?”

കൊച്ചുഗോവിന്ദൻ മാഷിന്റെ ചോദ്യം കേട്ടു ഞാൻ ഞെട്ടി. ആരോപണം ശരിയാണ്, എന്റെ നിറം കറുപ്പാണ്.

ബലൂണിന്റെ കാറ്റു പോയതു പോലെ എന്റെ മസ്തകവും നെഞ്ചുമെല്ലാം ഒരേ സമയം ഇടിഞ്ഞു.

ഏയ്. അവന്റെ നെറം പണ്ടും ഇങ്ങനെ തന്നാ. അവൻ അവൾടെ അടുത്തു നിന്നിട്ടാ അങ്ങനെ തോന്നണത്,” കുമാരേട്ടൻ വിശദീകരിച്ചു.

ശാരി പൊട്ടിച്ചിരിച്ചു. എന്റെ കറുപ്പുനിറത്തെപ്പറ്റിയുള്ള പരാമർശവും അവളുടെ വെളുപ്പുനിറത്തെപ്പറ്റിയുള്ള പരോക്ഷമായ പ്രശംസയും കേട്ട് അവൾ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവൾ എന്നെ നോക്കിക്കൊണ്ട് നിർത്താതെ ചിരിച്ചു.

ഞാൻ വിളറി. എന്റെ പ്രതാപം മുഴുവനും തകർന്നു തരിപ്പണമായി.

അവളുടെ ചിരിയ്ക്കൊരു കുഴപ്പമുണ്ട്. ഫ്ലൂ പോലെ വായുവിലൂടെ പെട്ടെന്നു പകരുന്ന ഒന്നാണത്. അവൾ പൊട്ടിച്ചിരിയ്ക്കാൻ തുടങ്ങിയാൽ അതു കാണുന്നവരെല്ലാം ആ ചിരിയിൽ സജീവമായി പങ്കു ചേരാൻ തുടങ്ങും. അവളുടെ ചിരി ഇത്ര പെട്ടെന്നു പകരുന്നത് എന്തുകൊണ്ടാണെന്ന് എനിയ്ക്കിതുവരെ മനസ്സിലായിട്ടില്ല. അവളതു മനഃപൂർവ്വം ചെയ്യുന്നതല്ല. പരിസരബോധം വെടിഞ്ഞ് അവളങ്ങു തലയറഞ്ഞു ചിരിയ്ക്കും. കണ്ടുനിൽക്കുന്നവരൊക്കെ ചിരിയിൽ പങ്കു ചേരും.

അക്കാര്യവും എനിയ്ക്കു വെളിപ്പെട്ടത് അന്നാണ്. കാരണം, അവളുടെ അട്ടഹാസം കണ്ട് കൊച്ചുഗോവിന്ദൻ മാഷ് കുമ്പ കുലുക്കിച്ചിരിച്ചു. കുമാരേട്ടൻ ചിരിച്ചു കാണാറില്ല. ചിരിയ്ക്കാത്ത കുമാരേട്ടൻ പോലും അപ്പോൾ ചിരിച്ചു പോയി.

ചിരിയുടെ മാലപ്പടക്കത്തിന് ശാരി തീകൊളുത്തിയതു കണ്ട്, ഇളിഭ്യനായി, ഞാനും ഒരു വിളറിയ ചിരി മുഖത്തു ഫിറ്റു ചെയ്തു. അല്ലാതെന്താ ചെയ്ക!

ഞങ്ങൾ നടപ്പു തുടർന്നപ്പോഴും എന്റെ നിറത്തെച്ചൊല്ലിയുള്ള നവവധുവിന്റെ ആസ്വാദനം തീർന്നിരുന്നില്ല. അവൾ ചിരിച്ചുകൊണ്ടു തന്നെ നടന്നു. എന്നെ നോക്കിക്കൊണ്ട് അവൾ ഓർത്തോർത്തു ചിരിച്ചു.

അതു മാത്രമല്ല, അവൾ എന്നെക്കൊണ്ട് അവർ രണ്ടു പേരുടേയും ഡയലോഗുകൾ അതേപടി വീണ്ടും വീണ്ടും ആവർത്തിപ്പിച്ചു. അന്യരുടെ മിമിക്രി കാണിയ്ക്കുന്ന ദുശ്ശീലം എനിയ്ക്ക് കുറെശ്ശെയുണ്ടായിരുന്നതു കൊണ്ട് ഒറിജിനലിലും നന്നായി എന്റെ ഇമിറ്റേഷൻ. അവൾ വൺസ് മോർവീണ്ടും വീണ്ടും പറഞ്ഞതനുസരിച്ച് ഞാൻ വീണ്ടും വീണ്ടും, ഇളിഭ്യതയോടെ പറഞ്ഞു കാണിച്ചു. നവവധുവിന്റെ അഭ്യർത്ഥന എങ്ങനെ തള്ളിക്കളയാൻ പറ്റും!

എന്നാലും കൊച്ചുഗോവിന്ദൻ മാഷ് ഇങ്ങനൊരു ചതി എന്നോടു ചെയ്യുമെന്നു ഞാൻ സ്വപ്നേപി വിചാരിച്ചിരുന്നതല്ല. പല നല്ല കാര്യങ്ങളും ഞാൻ അദ്ദേഹത്തിനു ചെയ്തു കൊടുത്തിട്ടുണ്ട്. എനിയ്ക്കവകാശപ്പെടാൻ പലതുമുണ്ട്.

മാഷിനു വേണ്ടി പലതും ഞാൻ എറണാകുളത്തു നിന്നു വാങ്ങിക്കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്. എനിയ്ക്കു ജോലി കിട്ടിയപ്പോൾ മാഷിന് ഞാനൊരു ഹീറോ പേന വാങ്ങിക്കൊടുത്തു. മാഷിന്റെ പോക്കറ്റിൽ അതിന്റെ സ്ഥിരസാന്നിദ്ധ്യമുണ്ട്. ആർക്കുമത് കാണാവുന്നതുമാണ്.

അതിലും വലിയൊരു സേവനം ഞാൻ ചെയ്തിട്ടുണ്ട്. മാഷിന്റെ രണ്ടാമത്തെ പുത്രൻ വേണുവിന് ഇടക്കാലത്ത് വഴിയൊരല്പം തെറ്റി. നീ അവനോടൊന്നു സംസാരിയ്ക്കണം,” മാഷ് എന്നോടൊരിയ്ക്കൽ ആവശ്യപ്പെട്ടു.

ഞാൻ വേണുവുമായി സംസാരിച്ചു. ഒരു തവണയല്ല, പല തവണ. അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. കവിതയെഴുതാനുള്ള അഭിനിവേശം അവനെ പിടികൂടിയിരുന്നു. അവന്റെ ആലോചന കണ്ട് മാഷ് തെറ്റിദ്ധരിച്ചു പോയിരുന്നു. വാസ്തവത്തിൽ വേണുവിൽ നിന്ന് ഞാൻ പല കാര്യങ്ങളും പഠിയ്ക്കുകയാണുണ്ടായത്. എന്തായാലും എന്റെ വിശദീകരണത്തെത്തുടർന്ന് മാഷിന് ആശ്വാസമായി. മകനെ ഞാൻ നേർവഴിയിലേയ്ക്കു തിരികെക്കൊണ്ടുവന്നെന്ന് മാഷ് കൃതജ്ഞതയോടെ പലരോടും പറഞ്ഞതായി ഞാനറിഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള മാഷാണ് പുതുമണവാട്ടിയുടെ മുന്നിൽ വച്ച് എന്നെ നിർദ്ദയം തേജോവധം ചെയ്തു നിരപ്പാക്കിയത്! പ്രായമാകുമ്പോൾ ചിലരുടെ വിവേകം നഷ്ടപ്പെടുമെന്നു പറഞ്ഞു കേട്ടിട്ടേയുള്ളു. ഇപ്പോൾ അത് അനുഭവപ്പെടുകയും ചെയ്തു.

ഞാൻ സ്വതവേ കറുത്തയാളല്ല. ഇത്രത്തോളം കറുപ്പ് മുമ്പുണ്ടായിരുന്നില്ല.

വിവാഹത്തിനു മുമ്പുള്ള ഏതാനും വർഷം വലിയ ചെലവു കൂടാതെ, പതിവായി ടെന്നീസു കളിയ്ക്കാനുള്ള ഭാഗ്യം സിദ്ധിച്ചപ്പോൾ ഞാനതു തട്ടി നീക്കിയില്ല. പൊരിഞ്ഞ വെയിലത്തായിരുന്നു മിയ്ക്കപ്പോഴും ടെന്നീസു കളി.

ഒഴിവു ദിവസങ്ങളിൽ മൂന്നും നാലും മണിക്കൂറും കളിച്ചു. ദേശീയചാമ്പനായിരുന്ന വിജയ് അമൃത്‌രാജിനെപ്പോലെ ആയിത്തീരണമെന്ന അഭിലാഷമുണ്ടായിരുന്നതുകൊണ്ട് വെയിലൊരു പ്രശ്നമായിത്തോന്നിയിരുന്നില്ല. അധികം താമസിയാതെ ഞാൻ വിജയ് അമൃത്‌രാജിനെപ്പോലെയായിത്തീർന്നു. കളിയിലല്ല, ശരീരകാന്തിയിൽ. വിജയ് അമൃത്‌രാജിനെ കണ്ടിട്ടുള്ളവർക്ക് കാര്യം എളുപ്പം മനസ്സിലാകും. നല്ല കറുപ്പു നിറമാണ് വിജയിന്.

നീ വല്ലാണ്ട് കറുത്തു പോയല്ലോയെന്ന് അമ്മ പോലും എന്നോടു പറഞ്ഞിരുന്നു. അന്നതിന് ഒരു വിലയും കല്പിച്ചില്ല.

ഇനിയുമുണ്ട്, എന്റെ നിറത്തിനു ഹേതു.

ഞാൻ ഒരൊറ്റപ്പൂരാടനാണ്. സഹോദരങ്ങളില്ല. അച്ഛൻ നേരത്തേ തന്നെ മണ്മറഞ്ഞു പോയി. അതുകൊണ്ട് എന്റെ വിവാഹത്തിന്റെ സകലമാനകാര്യങ്ങളും ഞാൻ തന്നെയാണു കൈകാര്യം ചെയ്തത്. കുറേയേറെ വീടുകളിൽ പോയി ബന്ധുക്കളേയും സുഹൃത്തുക്കളേയും നേരിട്ടു ക്ഷണിച്ചു. പന്തൽ, വാഹനം, പാർട്ടി, ഇവയൊക്കെ ഏർപ്പാടാക്കി. ഒട്ടേറെ സാധനങ്ങൾ പലയിടങ്ങളിൽ നിന്നായി വാങ്ങിക്കൊണ്ടു വന്നു. എല്ലാം പൊരിവെയിലത്തു തന്നെ. വിവാഹമടുത്തപ്പോൾ ഓട്ടപ്പാച്ചിൽ വർദ്ധിച്ചു. നിറം വീണ്ടും ഇരുണ്ടു.

ഇതൊക്കെ കണക്കിലെടുക്കാനുള്ള സന്മനസ്സു കാണിയ്ക്കാൻ ആരും തയ്യാറാകുന്നില്ല. ബാല്യം മുതൽ എന്നെ അറിയുന്ന കൊച്ചുഗോവിന്ദൻ മാഷും കുമാരേട്ടനും ലേശം പോലും മനസ്സാക്ഷിക്കുത്തില്ലാതെ എന്നെ കളിയാക്കി. അതും നവവധുവിന്റെ മുന്നിൽ വച്ച്. നവവധുവാണെങ്കിലോ, ദയവിന്റെ കണിക പോലും കാണിയ്ക്കാതെ, അവരുടെ മുന്നിൽ വച്ചു തന്നെ അട്ടഹസിച്ചു ചിരിച്ചു, ചിരിച്ചു മറിഞ്ഞു, അവരെക്കൂടെ ചിരിപ്പിച്ചു. ആ ചിരി അവൾ തുടർന്നു കൊണ്ടുമിരിയ്ക്കുന്നു.

ഞാൻ ചിന്തിച്ചു.

വെളുത്തു ചുവന്ന ഇവളുടെ കൂടെ നടക്കുമ്പോൾ ഇനിയും പലരും എന്നെ കളിയാക്കിയെന്നു വരാം. ഇത്ര പ്രായമായവർ പോലും കളിയാക്കിക്കഴിഞ്ഞ നിലയ്ക്ക് പ്രായം കുറഞ്ഞവർ എന്തു തന്നെ പറയില്ല!

ചിലർ ശാരിയേയും കളിയാക്കിയെന്നു വരാം. അവളുടെ കൂട്ടുകാരികൾക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയാണെങ്കിൽ ഈ കറുമ്പനെ മാത്രമേ നിനക്കു കിട്ടിയുള്ളോ എന്ന് അവർ അവളോടു ചോദിയ്ക്കില്ലേ! ഞാനൊരു നീഗ്രോ ആണെന്ന് പത്തുപേർ പറഞ്ഞാൽ ശാരിയ്ക്കും തോന്നില്ലേ, ഞാനവൾക്കു ചേർന്നവനല്ലെന്ന്! അപ്പോഴെന്തു സംഭവിയ്ക്കും? അവൾക്കെന്നോട് അവജ്ഞ തോന്നിത്തുടങ്ങും. കറുമ്പൻ. നീഗ്രോ. അവളെന്റെ മുഖത്തു നോക്കി പറയുന്നതു പോലെ തോന്നി.

ജീവിതം പെട്ടെന്നു വഴി മുട്ടിയതു പോലെ.

അന്നു വീട്ടിൽ ചെന്ന പാടെ ഞാൻ കണ്ണാടിയിൽ മുഖം നോക്കി. ഇരുണ്ടിരിയ്ക്കുന്നു. പതിവിലും കൂടുതൽ ഇരുണ്ട പോലെ. മുഖത്തു സോപ്പു പതച്ച് നന്നായി കഴുകിത്തുടച്ചു. കണ്ണാടിയിൽ നോക്കി. വലിയ മാറ്റമില്ല. മുഖം വീണ്ടും കഴുകി. യാതൊരു പുരോഗതിയുമില്ല.

കൈകാലുകൾ സസൂക്ഷ്മം പരിശോധിച്ചു. ഇരുണ്ട നിറം. നീഗ്രോ എന്ന വാക്ക് ചെവിയിൽ മുഴങ്ങി. മുണ്ടിന്റെ മടക്കിക്കുത്ത് ഞാനഴിച്ചിട്ടു. എന്റെ കറുത്ത കാലുകൾ ശാരി കാണാതിരിയ്ക്കട്ടെ.

ഇതൊക്കെയായിട്ടും എന്റെ മനമിരുണ്ടു. ഉത്സാഹം വറ്റി.

അന്നു രാത്രി കിടക്കാറായപ്പോൾ ഞാൻ ശാരിയോടു പറഞ്ഞു, “ നാളെ നമ്മൾ എവിടേയ്ക്കും പോകുന്നില്ല.

നാളെയും കറങ്ങാനായിരുന്നല്ലോ പരിപാടി. എന്തു പറ്റി?” ശാരി ആരാഞ്ഞു.

എന്തുത്തരമാണു പറയുക. സത്യമെങ്ങനെ പറയും. ഞാനവളുടെ ചോദ്യം കേൾക്കാത്ത ഭാവം നടിച്ചു.

പക്ഷേ, അവൾ എളുപ്പം പിന്മാറുന്ന കൂട്ടത്തിലല്ലെന്ന് എനിയ്ക്കന്നു മനസ്സിലായി. എന്തോ പ്രശ്നമുണ്ടെന്നു മണത്തറിഞ്ഞ അവൾ കുത്തിക്കുത്തിച്ചോദിച്ചു. ഒടുവിൽ സഹികെട്ടു ഞാൻ പറഞ്ഞു: ഞാൻ ഇത്തിരിയൊന്നു വെളുത്തിട്ടേ ഇനി വിരുന്നിനുള്ളു. ഞാൻ കറുത്തു പോയീന്നു പറഞ്ഞ് ആളുകളെന്നെ കളിയാക്കുന്നു.എന്റെ ശബ്ദത്തിൽ പരിഭവം വ്യക്തമായിരുന്നു.

അവൾ തലയുയർത്തി ഒരു നിമിഷമെന്നെ നോക്കി നിന്നു. എന്നിട്ടവൾ പൊട്ടിച്ചിരിച്ചു.

എന്റെ വിഷണ്ണത വർദ്ധിച്ചു.

അവളടുത്തുവന്നിരുന്നു. എന്റെ കറുത്ത കൈത്തണ്ടയോട് അവളുടെ വെളുത്തു സുന്ദരമായ കൈത്തണ്ട ചേർത്തു വച്ചു. എന്നിട്ടവൾ ചോദിച്ചു, “ദാ, ചേട്ടനൊന്നു നോക്ക്. രാവും പകലും പോലെയല്ലേ?”

ഞാനൊന്നും മിണ്ടിയില്ല. മിണ്ടാനൊന്നുമുണ്ടായിരുന്നില്ല. സംഗതി സത്യമായിരുന്നു. രാവും പകലും തന്നെ. എന്റെ കൈത്തണ്ട ഇരുണ്ടത്. അവളുടേതോ തൂവെള്ള; എന്തൊരു ഭംഗിയുള്ള കൈത്തണ്ട! ഞാൻ നിർന്നിമേഷനായി ആ കൈത്തണ്ടയിൽ മിഴിയും നട്ടിരുന്നു. ഇത്ര മനോഹരമായ കൈത്തണ്ട എന്റെ സ്വന്തമായിത്തീർന്നില്ലേ. സന്തോഷം തോന്നി. എന്നാൽ എന്റെ സ്വന്തം കൈത്തണ്ടയോ. ഉടൻ സന്താപവും തോന്നി.

ഉള്ള കാര്യം ആളുകൾ പറഞ്ഞാലെന്താ കുഴപ്പം?” ശാരി ചോദിച്ചു. ചേട്ടൻ വെളുത്തതാണ് എന്നു പറഞ്ഞൂന്നു തന്നെ വെച്ചോളിൻ. എന്നാലും ചേട്ടൻ ഇങ്ങനെ കറുത്തു തന്നെയല്ലേ ഇരിയ്ക്കൂ.അവളെന്റെ കറുത്ത തൊലിയിൽ നഖം കൊണ്ടു ചുരണ്ടിക്കാണിച്ചു. “ദാ, ഈ കറുപ്പ് ഒരു കാലത്തും പോവില്ല. പോവുമോ?”

സത്യത്തിന്റെ നേരേ കണ്ണടച്ചിട്ടു കാര്യമില്ല. സത്യം മറച്ചു വയ്ക്കാനും സാദ്ധ്യമല്ല. മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട് കറുത്ത കാലുകൾ മറയ്ക്കാൻ ശ്രമിച്ചാലും അതൊക്കെ താൽക്കാലികം മാത്രം. കറുപ്പ് എന്നായാലും പുറത്തു വരും.

അപ്പോ നീ വീണ്ടും കളിയാക്കിച്ചിരിയ്ക്കുമോ?” ഞാൻ അല്പം ശങ്കയോടെ ചോദിച്ചു. അവളുടെ ഭാഗത്തു നിന്ന് ദയവു പ്രതീക്ഷിച്ചു. എന്തൊക്കെയായാലും അവളെന്റെ ഭാര്യയാണല്ലോ. അവൾ കളിയാക്കിച്ചിരിയ്ക്കില്ലെങ്കിൽ പിന്നെയൊന്നും സാരമില്ല.

പിന്നില്ലാതെ!അവളുടെ ഉത്തരം കേട്ട് ഞാൻ നടുങ്ങി. അതേയ്, ചേട്ടാ, ഞാനൊരു കാര്യം പറഞ്ഞേയ്ക്കാം.അവൾ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു. ഞാൻ എന്റെ അച്ഛനെ വരെ കളിയാക്കിച്ചിരിച്ചിട്ടുള്ള കൂട്ടത്തിലാണ്. പറഞ്ഞില്ലെന്നു വേണ്ട.എന്റെ മനമിടിഞ്ഞു. സ്വന്തം അച്ഛനെ കളിയാക്കുന്നവളാണെങ്കിൽ ഇവളിൽ നിന്നു ദയവു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എന്റെ മുഖത്തെ നിരാശ കണ്ട് അവളെന്റെ താടി പിടിച്ചുയർത്തി. എന്റെ കണ്ണുകളിലേയ്ക്ക് ഉറ്റു നോക്കിക്കൊണ്ട് അവൾ തുടർന്നു, “ഞാൻ അച്ഛനെക്കളിയാക്കിച്ചിരിച്ചിട്ട് അച്ഛനൊരു കുഴപ്പോമില്ല. ചേട്ടനെ കളിയാക്കിച്ചിരിച്ചാൽ ചേട്ടനും കുഴപ്പമുണ്ടാകേണ്ട കാര്യമില്ല. കേട്ടില്ലേ?”

ഞാൻ അവളുടെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ടിരുന്നു.

എന്റെ ശിരസ്സ് മാറത്തിറുക്കിയമർത്തിക്കൊണ്ട് അവൾ പ്രഖ്യാപിച്ചു, “എനിയ്ക്കു തോന്നുമ്പോഴൊക്കെ ഞാൻ ചേട്ടനെ കളിയാക്കും, ചിരിയ്ക്കും. പ്രശ്നമുണ്ടെങ്കിൽ ഇപ്പൊത്തന്നെ പറഞ്ഞേക്കണം. പറഞ്ഞോ, പ്രശ്നമുണ്ടോ?”

എന്റെ ചുണ്ടുകൾ അവളുടെ മാറത്തമർന്നിരുന്നതു കൊണ്ട് എനിയ്ക്ക് ശബ്ദിയ്ക്കാൻ കഴിഞ്ഞില്ല. തന്നെയുമല്ല, അവളുടെ കണ്ണുകളിലെന്തോ ഒരു കാന്തശക്തിയുണ്ട്. ഒന്നു നോക്കിപ്പോയാൽ പിന്നെ കണ്ണെടുക്കാൻ തോന്നില്ല. ലോഹം കാന്തത്തിലെന്ന പോലെ തറഞ്ഞിരുന്നു പോകും. ഞാനവളുടെ കണ്ണുകളിലെ കുസൃതിയുടെ മിന്നലാട്ടം നോക്കിയിരുന്നു.

അവളുടെ മാറിൽ താടിയമർത്തിക്കൊണ്ട്, ആ ചിരിയ്ക്കുന്ന കണ്ണുകളിൽത്തന്നെ നോക്കിയിരിയ്ക്കെ എന്റെ വിഷാദം മുഴുവനും അലിഞ്ഞലിഞ്ഞില്ലാതായി. കൊച്ചുഗോവിന്ദൻ മാഷിന്റേയും കുമാരേട്ടന്റേയും ഡയലോഗുകളിൽ ഉള്ളതായി തോന്നിയിരുന്ന മുനയും എന്റെ കറുപ്പിലുള്ള അപകർഷതാബോധവുമെല്ലാം ഞാൻ മറന്നു. ഞാനവളെ ചുറ്റിവരിഞ്ഞു.

ഇവൾ കളിയാക്കുകയോ അട്ടഹസിച്ചു ചിരിയ്ക്കുകയോ എന്തു വേണമെങ്കിലും ചെയ്തോട്ടെ. ഇവളെന്നും എപ്പോഴും എന്റെ അടുത്തുണ്ടായാൽ മാത്രം മതി. ചിരിയ്ക്കുന്ന ഈ കണ്ണുകളിലേയ്ക്ക്, ഇങ്ങനെ നോക്കിയിരിയ്ക്കാൻ പറ്റണം. അതു മതി, അതു മാത്രം മതി ജീവിതത്തിൽ.

എന്റെ മുഖം പെട്ടെന്നു തെളിഞ്ഞു. അതു കണ്ടായിരിയ്ക്കണം, എന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു വച്ചുകൊണ്ടവൾ സ്നേഹമസൃണമായി, കുസൃതിയോടെ വിളിച്ചു, “എന്റെ കള്ളക്കൃഷ്ണാ, കരുമാടീ...

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)


3 Attachments
Preview attachment Copy of My photo July 2010 .jpg
Preview attachment Kallakrishna, Karumadee .docx

Preview attachment Kallakrishna, Karumadee .pdf


1.05 GB (6%) of 15 GB used
©2015 Google - Terms - Privacy
Last account activity: 2 days ago
Details


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...