11 Mar 2015

പെണ്ണെഴുത്ത്


ശകുന്തള സി
കണ്ണു തുറന്നു നോക്കുമ്പോള്‍ മുകളില്‍ ഭീമാകാരനായ ആര്‍ക്കിയോപ്റ്റെറിക്സിന്റെ രൂപം ! ചരിത്രാതീത കാലത്തെവിടെയോ ചെന്നുപെട്ടതു പോലെ. മുറിയിലെയ്ക്ക് അരിച്ചുകയറിവരുന്ന ഇത്തിരി വെളിച്ചത്തില്‍ കാഴ്ച കുറേക്കൂടി വ്യക്തമായി. പൊടിപിടിച്ച സീലിംങ്ഫാനും മുറിയില്‍ നെടുകെയും കുറുകെയും കെട്ടിയ അയകളിലെ മുഷിഞ്ഞ തുണികളും കൂടിയാണ് ആര്‍ക്കിയോപ്റ്റെറിക്സായി മാറിയിരിക്കുന്നത് !

ഒരു കഥ മനസ്സില്‍ കിടന്ന് സ്വൈര്യം കളയാന്‍ തുടങ്ങിയിട്ട് മൂന്നാലു ദിവസമായിരുന്നു. എഴുതി തീര്‍ത്തേ അടങ്ങൂ എന്നു തീരുമാനിച്ച് അതിന്റെ പുറകേ വെച്ചു പിടിച്ചതിന്റെ ഫലമാണ്. അയയില്‍ കൂടിക്കിടക്കുന്ന മുഷിഞ്ഞ തുണികള്‍‍ , മേശപ്പുറത്തും അലമാരയിലും അടുക്കും ചിട്ടയുമില്ലതെ കിടക്കുന്ന പുസ്തകങ്ങള്‍ ‍, അടിച്ചുവാരി വൃത്തിയാക്കാത്ത മുറികള്‍ ‍... എല്ലാം. കഥ തലയ്ക്കു പിടിച്ചാല്‍ പിന്നെ കണ്ണുകാണില്ല. നാട്ടില്‍ നിന്ന് ഇത്ര ദൂരയായതും ഒറ്റയ്ക്കു താമസിക്കുന്നതും നന്നായി. മക്കള്‍ ചോദ്യം ചെയ്യാന്‍ മാത്രം വളരാത്തതുകൊണ്ട് തല്ക്കാലം രക്ഷപെട്ടു. അവര്‍ക്ക് അവധിയായതും നന്നായി .... കേന്ദ്രീയ വിദ്യാലയത്തിന് പൂജയ്ക്ക് പത്തു ദിവസം ഒഴിവാണല്ലോ. ഇഷ്ടമുള്ള അത്രയും നേരം കിടന്നുറങ്ങാം എന്നതാണവരുടെ സന്തോഷം. ‘കഥാഭൂതം ‘ ഒഴിയുന്നതുവരെ അമ്മ നിര്‍ബന്ധിച്ച് ഒന്നും ചെയ്യിപ്പിക്കില്ലന്നറിയുന്നതുകൊണ്ട് ‘എഴുതിക്കഴിഞ്ഞോ’ എന്നു ഇടയ്ക്കു വന്നു ചോദിക്കും രണ്ടാളും.

സിങ്കുഖനികളുടെ പ്രൊജക്ടിന്റെ സ്കൂളാണ് ഇവിടയുള്ളത്. മുപ്പത് മുപ്പത്തഞ്ചുകൊല്ലമായി തുടങ്ങിയിട്ട്. മണ്ണില്‍ അയിരിന്റെ അംശം കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഏറിയാല്‍ മൂന്നോ നാലോ കൊല്ലം. അതു കഴിയുന്നതോടെ കഴിഞ്ഞു എല്ലാം. തൊഴിലാളികള്‍ പലരും വി ആര്‍ എസ് എടുത്തു പോയിത്തുടങ്ങി. ഖനി നിര്‍ത്തുന്നതോടെ സ്കൂള്‍ പഞ്ചായത്തിനു കൈമാറും. ഇപ്പോള്‍ തന്നെ ഡിവിഷനുകള്‍ ഓരോന്നു മാത്രമായി ചുരുങ്ങിയിരിക്കുന്നു. പോസ്റ്റുഗ്രാജ്വേറ്റ് ടിച്ചര്‍മാരെ ഉദയ്‍പൂരിലേക്കും കോട്ടയിലേക്കുമൊക്കെ സ്ഥലം മാറ്റിക്കഴിഞ്ഞു. രാജസ്ഥാനില്‍ എല്ലാവര്‍ക്കും ട്രാന്‍സ്ഫര്‍ വേണ്ടത് കോട്ടയിലേക്കായതുകൊണ്ട് അഗര്‍വാള്‍ സാറിനൊക്കെ ഒരുപാട് ബുദ്ധിമുട്ടിയിട്ടും, ഉദയപ്പൂര്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

കുട്ടികള്‍ രണ്ടാളും നല്ല ഉറക്കത്തിലാണ്. ലൈറ്റിടാതെ, വാതില്‍ തുറന്ന് സിറ്റൌട്ടില്‍ വന്നിരുന്നു. തണുപ്പിന്റെ തുടക്കമാണ്. ഇനിയങ്ങോട്ട് കൂടിക്കൂടി വരും. നവംബര്‍ പകുതിയാവുമ്പോഴേയ്ക്ക് തന്നെ എല്ലു കുത്തിത്തുളക്കുന്ന തണുപ്പാവും. ആദ്യപ്രസവം കഴിഞ്ഞ് മോളെയും കൊണ്ട് വന്നതിങ്ങോട്ടാണ്. പ്രസവാവധി കഴിഞ്ഞ ഉടനെയായിരുന്നു ട്രാന്‍സ്ഫര്‍ ‍. തുടകളിലും കാളുകളിലും തൊലി വരണ്ടു കീറി , പൂച്ച മാന്തിയതു പോലുള്ള പാടുകളില്‍ ചോര കിനിഞ്ഞിറങ്ങി കട്ടിപിടിച്ചുകിടന്നു. ചുണ്ടു പൊട്ടി തൊലിപ്പുറമാകെ മീന്‍ ചിതമ്പലുകള്‍ പോലെ ഉണങ്ങി വരണ്ടു കിടന്നു- സഹായത്തിനു വന്ന ജാനുവമ്മ തണുപ്പു സഹിക്കാതെ നാട്ടിലേക്കോടിപ്പോയി ! വേറെ നിവൃത്തിയൊന്നുമില്ലാതിരുന്നതുകൊണ്ട് സേതുവേട്ടന്റെ അമ്മ വന്നു . അന്യരെപ്പൊലെ ഓടിപ്പോവാന്‍ വയ്യാല്ലൊ, എന്നതുകൊണ്ട് മോള്‍ക്ക് ഒരു വയസ്സാവുന്നതു വരെ നിന്നു. നാട്ടില്‍ ജോലി സ്റ്റേറ്റ് സര്‍വീസിലായതുകൊണ്ട് അവധികള്‍ക്കു മാത്രമേ സേതുവേട്ടനു വരാന്‍ പറ്റാറുള്ളൂ. അഹമ്മദാബാദിലേക്ക് മൂന്നു ദിവസം, പിന്നെ ജാവാറിലേക്ക് ഏട്ടു മണിക്കൂര്‍ മീറ്റര്‍ ഗേജില്‍ കല്‍ക്കരിപ്പൊടിയും പുകയും ശ്വസിച്ച്. അതോടെ മൂപ്പര്‍ക്ക് ശ്വാസം മുട്ടല്‍ തുടങ്ങും. കൊങ്കണ്‍ റയില്‍‌വേ വന്നതിനുശേഷം യാത്ര വലിയ പ്രാരബ്ധമല്ലാതായി. രണ്ടാം ദിവസം രാത്രി അല്ലങ്കില്‍ മൂന്നാം ദിവസം രാവിലെ വീട്ടിലെത്തും. മൂന്നുനാലു ദിവസം സന്തോഷമാണ്. അപ്പോഴേക്ക് തിരിച്ചു പോകാനായി. ഇനി എപ്പോഴാണ് കാണാനാവുക എന്ന വേവലാതി, തുടരെയുണ്ടാകുന്ന ബോം‌ബ് സ്ഫോടനങ്ങളുടെ വാര്‍ത്തകേട്ട് ട്രയിനില്‍ യാത്രചെയ്യാനുള്ള ഭീതി, ട്രാന്‍സ്ഫര്‍ നാട്ടിലേക്കു കിട്ടുമോ എന്ന ആശങ്ക - ഇങ്ങനെ പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു. ജോലി കിട്ടുന്നതു വരെ ഇത്രയൊക്കെ പഠിച്ചിട്ടും നല്ല ജോലി കിട്ടിയില്ലല്ലോ എന്ന വിഷമമായിരുന്നു. നല്ല ജോലി കിട്ടിയപ്പോള്‍ അതിങ്ങനെയും - നീണ്ട ഇടവേളകള്‍ക്കിടയില്‍ വീണുകിട്ടുന്ന ദാമ്പത്യത്തിന്റെ ഓര്‍മ്മപുതുക്കലുകള്‍ - അമ്മയാണെന്നത് ഒരു സത്യമായി നിലനില്ക്കുന്നുണ്ടങ്കിലും 'ഭാര്യ' എന്ന പദവി യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത് അപൂര്‍വ്വമായി മാത്രം - സേതുവേട്ടന് വിഷമമുണ്ടങ്കിലും അതത്ര പുറത്തു കാണിക്കാറില്ല. കഷ്ടപ്പെട്ടു കിട്ടിയ ജോലി കളയുന്നതെങ്ങനെ?

കുട്ടികള്‍ എഴുന്നേല്ക്കുമ്പോഴേക്കും ഭക്ഷണമുണ്ടാക്കിവെക്കാം എന്നു കരുതി അടുക്കളയിലേക്കു കടന്നതേയുള്ളൂ കഥാഭ്രാന്തില്‍ , കഴുകാതെ സിങ്കിലും സ്റ്റൌവിലും കിടക്കുന്ന പാത്രങ്ങളിലെ അവശിഷ്ടങ്ങളുടെ പുളിച്ച നാറ്റം മൂക്കിലേക്കടിച്ചുകയറി. പെട്ടെന്ന് അമ്മയെ ഓര്‍ത്തു. ദിവസവും രാത്രി പാത്രങ്ങള്‍ കഴുകി വെച്ച്, അടുക്കള വൃത്തിയാക്കിയിടണം എന്ന് നിഷ്കര്‍ഷിച്ചിരുന്ന അമ്മ. സേതുവേട്ടന്റെ അമ്മയാണങ്കില്‍ അടുക്കള വെള്ളമൊഴിച്ച് കഴുകിത്തുടച്ചേ കിടക്കാന്‍ പോകൂ . സ്ത്രീ എഴുത്തുകാരിയാകുമ്പോള്‍ ഉള്ള ആദ്യ പ്രതിസന്ധി ഇതാണെന്ന് തോന്നുന്നു. വേറേ ആരുമില്ലാത്തതത് നന്നായി.

പാത്രങ്ങളൊക്കെ കഴുകിയടുക്കി , നിലം അടിച്ചു തുടച്ച്, പൂരിയ്ക്ക് മാവ്‌ കുഴച്ചുവച്ച് വാട്ടര്‍ ഹീറ്റര്‍ ഓണാക്കി. വെള്ളം ചൂടാവുന്നതുവരെയുള്ള നേരമുണ്ട്. അപ്പോഴാണോര്‍ത്തത്‌. ഇന്നലെ വന്ന തപാലൊന്നും നോക്കിയിട്ടില്ല. കഥ തലയ്ക്കു പിടിച്ചിരുന്നതുകൊണ്ട് ബാക്കിയെല്ലാം ചെറുതായി തോന്നി. അല്ലെങ്കില്‍‍ , പോസ്റ്റുമാനെ നോക്കിയിരിക്കും. ഫോണ്‍ ചെയ്യാറുണ്ടെങ്കിലും കത്തുകള്‍ വായിക്കുമ്പോഴേ കൃത്യം വിവരങ്ങളറിയാന്‍ പറ്റൂ. സേതുവേട്ടന്റെ അമ്മ വിശദമായി എല്ലാം എഴുതും. ‘സ്കൂളില്‍ തിരക്കാണ്” എന്ന ന്യായീകരണം കണ്ടെത്തി ഞാനങ്ങോട്ട് എഴുതാന്‍ മടികാണിക്കുമെങ്കിലും അമ്മയ്ക്കതില്‍ പരിഭവമില്ല. എന്റെ വീടിനടുത്തുള്ള വിശേഷങ്ങളറിയാനാണ് വഴിയില്ലാത്തത്‌ . അമ്മ അനിയന്റെ കൂടെ അമേരിക്കയിലായതുകൊണ്ട് അമ്മവന്റെ മകള്‍ സുധയുടെ ഇ-മെയിലുകളാ‍ണ് ഏകആശ്രയം. പക്ഷെ ഇ-മെയില്‍ വായിക്കുമ്പോഴത്ര സുഖം തോന്നില്ല. പ്രത്യേകിച്ചും അസൂയ, ഏഷണി, പരദൂഷണം ഇവയൊക്കെ അത്ര ഇഫക്ടീവല്ലല്ലോ ഇ-മെയിലില്‍ ‍; അതും ഇംഗ്ലീഷില്‍ ! റെഡിഫ് മെയില്‍ ഒരു അക്കൌണ്ട് തുടങ്ങി മലയാളത്തിലയക്കാന്‍ ഞാനവളോട് പറയാറുണ്ട്. യാഹൂ വിട്ടൊരു കളിയും അവള്‍ക്കില്ല !

സ്വീകരണമുറിയുടെ ചുവരില്‍ ചാക്കുനൂലുകൊണ്ട് ഉണ്ടാക്കിയിട്ട പാണ്ടയുടെ വയറ്റില്‍ത്തപ്പി കത്തുകളെടുത്തു. ചമന്‍ലാലിന്റെ ഭാര്യ ഗരിമയാണ് അതുണ്ടാക്കാന്‍ പഠിപ്പിച്ചുതന്നത്‌. ഇവിടെ സ്ത്രീകള്‍ എപ്പോഴും തിരക്കിലാണ്. കമ്പിളിനൂലുകൊണ്ട് സ്വെറ്റര്‍ തുന്നിയുണ്ടാക്കലും ചോളപ്പൊടി വാങ്ങി പപ്പടമുണ്ടാക്കിവെയ്ക്കലും ഒക്കെയാണ് തണുപ്പുകാലത്തേക്കുള്ള പണികള്‍‍ , പഴയവസ്ത്രങ്ങളൊക്കെ പഴയ സാരിയില്‍ നിരത്തി വെച്ച്, അവിടവിടെ ഓരോ തുന്നു തുന്നി രജായിയുണ്ടാക്കുന്നതും കാണാം. വൈകുന്നേരങ്ങളില്‍ എല്ലാവരും പുറത്തിരുന്ന് ഇങ്ങനെയോരോ പണികളാണ്. അതിനിടയില്‍‍ , ആരെങ്കിലുമൊരാള്‍ അകത്തുകയറി എല്ലാവര്‍ക്കുമായി ചായയുണ്ടാക്കും. വെറും ചായയല്ല, പാലില്‍ ഇഞ്ചിയോ ഏലയ്ക്കായോ കുരുമുളകോ ചതച്ചിട്ടുണ്ടാക്കുന്ന, ഹൃദ്യമായ സുഗന്ധമുണ്ടാക്കുന്ന ചായ ! ഒപ്പം, ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി കടലമാവില്‍ മുക്കി പൊരിച്ചുണ്ടാക്കുന്ന ടിക്ക, അല്ലങ്കില്‍ വലിയ ആലൂ വട - സംസാരത്തിന് യാതൊരു മുടക്കവുമില്ലാതെ ഇതൊക്കെ നടക്കും. ഏതിനാണ് കൂടുതല്‍ സ്പീഡ് എന്നു തിരിച്ചറിയാനാവില്ല !

ആദ്യത്തെ കത്ത് സേതുവേട്ടന്റെ അമ്മയുടെതാണ്. പിന്നെത്തെത് ടൈപ്പുചെയ്ത അഡ്രസ്സില്‍ ഒരു കവര്‍ ‍. വശങ്ങള്‍ സ്റ്റേപ്ലര്‍ കൊണ്ട് പിന്‍ ചെയ്തിരിക്കുന്നു. ശ്രദ്ധയോടെ പിന്നെടുത്ത് ഉള്ളിലെ കടലാസുകള്‍ പുറത്തെടുത്തു. ആദ്യത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കാനായി നാട്ടിലെ ഒരു പ്രമുഖ പ്രസിദ്ധീകരണസ്ഥാപനത്തിന്റെ പരിഗണനക്ക് അയച്ചുകൊടുത്തതിന്റെ മറുപടിയാണ്.

ആദ്യത്തെ കടലാസ് ‘നിങ്ങളുടെ കഥാസമാഹാരം ഞങ്ങളുടെ പ്രസിദ്ധീകരണപരിപാടികളിലൊന്നും ഉള്‍പ്പെടുത്താന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു‘ എന്ന ഒറ്റവരി പേറുന്ന ഔദ്യോഗികരേഖ. ഒപ്പം വൃത്തിയായി മടക്കിയ ഇളംനീല കടലാസ്. തുറന്നുനോക്കുമ്പോള്‍ ഉറുമ്പരിച്ചുപോകുന്നതു പോലെയുള്ള തീരെച്ചെറിയ അക്ഷരങ്ങള്‍ ! അത്ഭുതം തോന്നിപ്പോയി, വിനയനാണ് പബ്ലിക്കേഷന്‍ മാനേജര്‍ എന്നതില്‍ -

പ്രണയകാലത്തെ തീവ്രവിരഹവ്യാകുല ചിന്തകളിലേക്ക് പൊടുന്നനെ പൊട്ടി വീണതുപോലെ - വര്‍ഷങ്ങള്‍ക്കു ശേഷം ഈ കടലാസും കൈയ്യക്ഷരവും വീണ്ടും ഇപ്പോഴാണ് കാണുന്നത്‌. പണ്ട് ആകാംക്ഷയോടെ, പലപ്പോഴും വിറയലോടെ വായിച്ചിരുന്ന വരികള്‍ - വരികളെക്കാള്‍ അര്‍ത്ഥം വരികള്‍ക്കിടയില്‍ നിറഞ്ഞു നിന്നിരുന്ന കാലം ! ഒടുവില്‍ പ്രണയം ഒരാളോട് മാത്രം പങ്കുവെയ്ക്കണ്ട സ്വകാര്യസ്വത്തല്ല, ആവശ്യമുള്ളവര്‍ക്കൊക്കെ കൊടുക്കേണ്ട ഒന്നാണ് എന്ന രീതിയിലുള്ള വിനയന്റെ പെരുമാറ്റം, ‘നീയെന്റെ പെണ്ണാ‍ണ് ‘ എന്ന അധികാരം പ്രഖ്യാപിച്ച് ‘പ്രണയം മനസ്സില്‍ മാത്രം തളച്ചിടേണ്ട ഒന്നല്ല, മനസ്സും ശരീരവും പൂര്‍ണ്ണമായി അലിഞ്ഞു ചേരണം’ എന്ന ന്യായവാദവുമായി അതിര്‍ത്തിരേഖകള്‍ കടക്കാനുള്ള വെമ്പല്‍ -

വിവാഹത്തെക്കുറിച്ച് വീട്ടില്‍ ഗൌരവമായ ആലോചനകള്‍ നടക്കുന്നുണ്ടെന്നുള്ള കാര്യം പറഞ്ഞപ്പോള്‍ ‘ നിന്റെ ഭാവിക്ക് ഞാനൊരിക്കലും തടസ്സമാകില്ല ‘ എന്നു പറഞ്ഞുപിരിഞ്ഞ അന്നു തന്നെയാണ് സുമിത്രയുമായി കൊടുമ്പിരികൊണ്ട പ്രണയത്തിലാണ് വിനയനെന്നറിഞ്ഞത്‌. സത്യം പറയാമല്ലോ, അന്നുതൊട്ട് പ്രണയത്തില്‍ എനിക്കു വലിയ വിശ്വാസമില്ല ! ‘നിന്റെ ആത്മാവിനെ തൊട്ടറിയുന്നു ‘ എന്നു പറയുന്നവരുടെയോക്കെ ഉള്ളില്‍ വിരലുകള്‍ക്ക് സുഖമുള്ളിടത്തൊക്കെ തൊടാനുള്ള വ്യഗ്രതയാണുള്ളത് എന്നാണെന്റെ തോന്നല്‍ -

ആദ്യഖണ്ഡികയിലെ സ്നേഹാന്വേഷണങ്ങള്‍ക്കു ശേഷം “അഗ്നിയും, ലേഡീസ് കമ്പാര്‍ട്ടുമെന്റും ഒന്നും വായിച്ചിട്ടില്ലെ സുകൂ?” എന്ന ചോദ്യം പ്രണയത്തിന്റെ തീവ്രമധുരനിമിഷങ്ങളില്‍ മാത്രം ഉപയോഗിച്ചിരുന്ന സംബോധന വീണ്ടും കേട്ടപ്പോള്‍ , അത്യന്തം മലിനമായതെന്തോ ആത്മാവില്‍ വന്നു വീണതുപോലെ -

“സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ച് ഇത്ര പഴഞ്ചന്‍ നിലപാടുകളാണോ സുകന്യയ്ക്കുള്ളതെന്നാണ് കമ്മറ്റിയിലെ മറ്റംഗങ്ങള്‍ ചോദിക്കുന്നത്.
സ്ത്രീ എഴുത്തുകാരില്‍ നിന്ന് സമൂഹം ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്” ആ വരിക്കുശേഷം, ഞാന്‍ പരിഗണനയ്ക്കു സമര്‍പ്പിച്ചതിലെ ചില കഥകളെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. ഒടുവില്‍ അസന്നിഗ്ദ്ധമായ ഒരു പ്രഖ്യാപനവും -“ ചെലവാകുമോ എന്നതാണ് ഞങ്ങളെ സബന്ധിച്ചിടത്തോളം പ്രധാനപ്രശ്നം. കുറച്ചുകൂടി തുറന്ന നിലപാടുകളെടുത്തില്ലെങ്കില്‍ സുകന്യയ്ക്ക് നിലനില്പുണ്ടാവില്ല “ പിന്നെ താഴയായി പൊന്തയിലൊളിച്ചിരിക്കുന്ന പുലിയെപ്പോലെ ഒരൊപ്പും -

തല്ക്കാലം കുളി പിന്നെയാക്കാം എന്നു കരുതി, ആയിടെ വന്ന മാസികകളും വാരികകളും ദീവാനുമുകളില്‍ നിരത്തി, ഒരോന്നിലേക്കും കഥാപേജുകളില്‍ ബുക്ക് മാര്‍ക്കുകളെടുത്തുവച്ചു . പിന്നെ ഒരോന്നും ശ്രദ്ധിച്ചു വായിച്ച്, കഥകള്‍ കുത്തിക്കുറിച്ചിടുന്ന നോട്ടുപുസ്തകത്തില്‍ പ്രയോജനപ്പെട്ടേക്കും എന്നു തോന്നിയ വാക്കുകള്‍ ഇംഗ്ലീഷിലേക്കു മാറ്റി ( മലയാളത്തില്‍ വായിക്കുന്നത്ര ചെടിപ്പില്ലല്ലോ ഇംഗ്ലീഷില്‍ ! ആവശ്യാനുസരണം തര്‍ജ്ജിമ ചെയ്തെടുത്ത് ഉപയോഗിച്ചാല്‍ മതിയല്ലോ !) എഴുതി വെച്ചു - പണ്ട് പ്രത്യുല്പാദനശാസ്ത്രം പഠിപ്പിക്കുമ്പോള്‍ മാത്രം കേട്ട എത്രയെത്ര വാക്കുകളാണ് സമൃദ്ധമായി വാരിവിതറിയിരിക്കുന്നത്‌?
പുസ്തകം അടച്ചുവെച്ച്, കിടപ്പുമുറിയിലേക്ക് ഒന്നെത്തിനോക്കി, കുളിമുറിയിലേക്കു നടന്നു. ഇളംചുടുവെളത്തില്‍ നന്നായൊന്നു കുളിച്ച്, കിട്ടിയ വാക്കുകളൊക്കെ പറ്റുന്നിടത്തൊക്കെ തിരുകി ഉഗ്രനൊരു കഥയെഴുതണം. ഇതുവരെ ആരും വായിച്ചിട്ടില്ലാത്തത്ര ഉശിരനൊരെണ്ണം ! തല്ക്കാലം ആര്‍ക്കിയോപ്റ്റെറിക്സ് അവിടെ കിടക്കെട്ടെ ! നിലനില്പാണല്ലോ പ്രശ്നം, ബാക്കിയൊക്കെ പിന്നെ -

*ചരിത്രാതീതകാലത്തെ ജീവി, ഉരഗങ്ങള്‍ക്കും പക്ഷികള്‍ക്കുമിടയിലെ കണ്ണി. വംശനാശം വന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...