11 Mar 2015

സര്‍ക്കസ്‌

ദീപ ബിജോ അലക്സാണ്ടർ

എത്രയാണ്ടുകളുടെ-
മെയ്‌ വഴക്കമാണ്‌
കീഴ്‌ മേല്‍ നോക്കാത്ത-
മലക്കം മറിച്ചിലില്‍...!
നൂല്പാങ്ങളിലൂടെ
അലസമായ്‌ നടക്കാം,
ചുടുതീ വിഴുങ്ങാം,
കോമാളിയാകാം,
കമ്പിയില്‍ കോര്‍ക്കപ്പെട്ട്‌-
ഞെട്ടില്ലാ പങ്കയാകാം,
വളയത്തിലൂടെയും
വളയമില്ലാതെയും
ഞെങ്ങി ഞെരുങ്ങി
നൂണ്ടു കടക്കാം....!
എങ്ങിനെ വീണാലും
നാലു കാലിലെന്ന്‌
മിഴിയും കണ്ണുകളേ!
ഓരോ തവണയും
വലിച്ചെറിയപ്പെടുമ്പോള്‍
ഉള്ളു ചതയുന്നത്‌
കണ്ണൊന്നിറുക്കി-
മറച്ചു കളയാന്‍
എന്നേ പഠിച്ചതാണ്‌....!
അഭ്യാസങ്ങള്‍ക്കൊടുവില്‍
കല്ലെടുത്തു ചിറകറ്റു പോയ-
തുമ്പിയെപ്പോല്‍ ചൂളിയിഴഞ്ഞു-
മുന്നില്‍ വന്നു കൈ നീട്ടുമ്പോള്‍-
കാലിയായ ഹൃദയം കാട്ടി
ഒഴിഞ്ഞ കൈ മലര്‍ത്തി
തലവെട്ടിച്ചു നിസ്സംഗരായി
തിരിഞ്ഞങ്ങു പൊയ്ക്കളയല്ലേ....!
പരമ്പരയായും,പാതിമെയ്യായും,
ഈറ്റില്ലമായും,ഊട്ടുപുരയായും
പലതായി പിളര്‍ന്നിട്ടും
ഒന്നായി ശേഷിക്കുന്ന-
കണ്‍കെട്ടു വിദ്യയ്ക്കും,
വേഷപ്പകര്‍ച്ചകള്‍ക്കും,
വിറ കൊള്ളുമാത്മാവിനെ -
മുള്‍ മുനയില്‍ കോര്‍ത്തു വച്ച്‌
ഹൃദയം പന്താടുന്ന
കസര്‍ത്തുകള്‍ക്കുമൊടുവില്‍
പ്രതീക്ഷിക്കുന്നുണ്ട്‌ ഞാനും
നിങ്ങളില്‍ നിന്നു ചിലതു്‌.....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...