എം. തോമസ് മാത്യു
നിങ്ങൾ കഴുകനെ ശ്രദ്ധിച്ചിട്ടില്ലേ? ആർക്കു ശ്രദ്ധിക്കാതിരിക്കാൻ കഴിയും! അപാര നീലിമയുടെ പശ്ചാത്തലത്തിൽ ചിറകുകൾ വിരിച്ച് അലസയാനം ചെയ്യുന്ന ആ അത്ഭുത സൃഷ്ടി ആരെയും ആകർഷിക്കുക തന്നെ ചെയ്യും. ആർക്കും അപ്രാപ്യമായ ഇടങ്ങളിൽ മാത്രം കൂടൊരുക്കി വാസം ചെയ്യുന്ന പക്ഷി; നാൾതോറും പുതുയൗവ്വനം പ്രാപിച്ച് വിലസുന്ന പറവകളുടെ രാജാവ്. കഴുകനെക്കാൾ സൂക്ഷ്മദൃഷ്ടിയുള്ള ഒരു ജീവിയും ലോകത്തിലില്ല. എത്രയോ ഉയരത്തിൽ പറന്നു കൊണ്ടാണ് അത് ഭൂമിയെ നിരീക്ഷിക്കുന്നത്. ഇങ്ങുതാഴെ ഭൂമിയിൽ ഇരയുടെ സാന്നിദ്ധ്യം ഉണ്ടായാൽ കഴുകന്റെ കണ്ണിൽപ്പെടും. കണ്ണിൽ പെട്ടാലോ? ചാട്ടുളിയെ തോൽപിക്കുന്ന വേഗത്തിലും സൂക്ഷ്മതയിലും അത് ഇരയുടെ മേൽ പതിക്കും; നിമിഷാർദ്ധം കൊണ്ട് കൊത്തിയെടുത്ത് ഉയരത്തിലേക്കു കുതിക്കും.
ഈ സൂക്ഷ്മ ദൃഷ്ടിയെ ആദരിച്ചുകൊണ്ടാണ് ഗൃദ്ധ്രദൃഷ്ടി എന്നൊരു ശൈലി തന്നെ ഭാഷയിൽ പ്രചാരത്തിൽ വന്നത്. ഏത് സൂക്ഷ്മ-ദീർഘ ദൃഷ്ടിയേയും അനുമോദിച്ചു കൊണ്ട് നാം ഗൃദ്ധ്രഷ്ടി എന്നു വിളിക്കുന്നു.
എന്നാൽ, ഭൂമിയിലൂടെ ഒരു ചുണ്ടെലി പായുന്നത് മേഘമാർഗ്ഗത്തിൽ ചരിക്കുമ്പോഴും കാണാൻ വിരുതുള്ള ഈ പക്ഷിരാജൻ ഇവിടെ ഒരു പൂവ് വിരിഞ്ഞു നിൽക്കുന്നത് ഒരിക്കലും കാണുകയില്ല. കാണാൻ അതിനു കഴിയുകയില്ല.
"നേരെ വിടർന്നു വിലസീടിന
നിന്നെ നോക്കി-
യാരാകിലെന്ത്? മിഴിയുള്ളവർ
നിന്നിരിക്കാം...."
എന്നു കവി എഴുതിയത് ഒരു പൂവിനെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമാണ്. അതേ, മനുഷ്യൻ മാത്രമേ അതു കാണൂ. ജന്തു ലോകത്തിലെ ഏതു കേമന്റേയും കണ്ണിന് ഉത്സവമാകാൻ ആകാഴ്ചക്കു കഴിയുന്നില്ല; അവ അതു കാണുന്നേയില്ല! ഇരുകാലിൽ നെട്ടനെ എഴുന്നേറ്റുനിന്ന് അത്ഭുതചിഹ്നം പോലെ തോന്നിപ്പിക്കുന്ന മനുഷ്യൻ എന്ന ജീവി ജീവലോകത്തിലെ ഇതര അംഗങ്ങളിൽ നിന്ന് വ്യത്യസ്തനാകുന്നത് അവന്റെ കണ്ണ് ഇരകളുടെ മേൽ മാത്രമല്ല പതിയുന്നത് എന്നതുകൊണ്ടാണ്.
അത്ഭുതങ്ങൾ തൻ നൃത്തമണ്ഡലം
ഇദ്ധരാതലം മോഹനം
അത്ഭുതങ്ങൾക്കുമത്ഭുതമെന്നാൽ
മർത്ത്യശക്തിതൻ വിക്രമം
എന്ന് സഹസ്രാബ്ദങ്ങൾക്കു മുമ്പ് സൊഫോക്ലിസ് എഴുതിയത് വെറുതെയല്ല. മർത്ത്യശക്തിയുടെ വിക്രമം ആരംഭിക്കുന്നത് കാഴ്ചയിലുള്ള വ്യതിരേകത്തിലാണ് വിയന്മണ്ഡലത്തിലെ മേഘജാലത്തെ മകുടമായണിയുന്ന പർവ്വതപംക്തി നോക്കി 'പർവ്വതം ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുന്നു' എന്ന് ഒരു കവി എഴുതിയത് നാം വായിച്ചിട്ടുണ്ട്. പർവ്വതങ്ങൾ യഥാർത്ഥത്തിൽ എന്തെങ്കിലും പ്രഘോഷിക്കുന്നുണ്ടോ? ഇല്ല; അവ അങ്ങനെ നിൽക്കുന്നതേയുള്ളൂ. എന്നാൽ, മഹത്ത്വമാർന്ന അതിന്റെ സാന്നിദ്ധ്യത്തിൽ പർവ്വതം എന്ന പ്രതിഭാസമോ അതിന്റെ വലുപ്പമോ അല്ല അവയിലൂടെ അവയുടെ സൃഷ്ടാവിനെ അറിയാനാണ് മനുഷ്യൻ ഉത്സുകനാകുന്നത്. പർവ്വതത്തിന്റെ പ്രഘോഷണം പുറമേ കാണുന്ന ചെവിയിലല്ല എത്തുന്നത്; അവിടെ ഒരു ശബ്ദവും എത്തുന്നില്ല. എന്നാൽ ഭാവനാശാലിയായ മനുഷ്യന്റെ അന്തശ്രോത്രങ്ങളിൽ പർവ്വതത്തിന്റെ നീരവസംഗീതം നിറയുന്നു. സൃഷ്ടിയുടെ നാഥന്റെ മഹത്ത്വത്തിന്റെ വിളംബരമായി സൃഷ്ടിമാറുന്നത് അതിന്റെ ഉണ്മയുടെ പൂർണ്ണതയിലാണ്. അങ്ങനെ ബാഹ്യേന്ദ്രിയങ്ങളുടെ മുമ്പിൽ വിടർന്നാടുന്ന പ്രപഞ്ചം ഇന്ദ്രിയങ്ങൾക്ക് അപ്രാപ്യമായ സത്യത്തിന്റെ ലോകത്തിലേക്കുള്ള വാതായനങ്ങൾ മാത്രമായിത്തീരുന്നു. നക്ഷത്രപ്പൊട്ടുകൾ ക്രമരഹിതമായി വാരിവിതറിയതുപോലെ കിടക്കുന്ന ആകാശപ്പരപ്പിലേക്ക് ഉറ്റുനോക്കി ഒരു ക്ഷീരപഥം തെളിയുന്നതു കണ്ട് ആനന്ദിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുമ്പോഴാണ് മനുഷ്യൻ എന്ന പദവിക്ക് നാം അർഹരായിത്തീരുന്നത്. പണ്ടൊരു വാനരൻ ഉദിച്ചുവരുന്ന സൂര്യനെ കണ്ട് അത് ആഹരിക്കാൻ കൊള്ളാവുന്ന വലിയൊരു പഴമാണെന്നു വിചാരിച്ച കഥ ഇതിഹാസത്തിലുണ്ട്. വാനരബുദ്ധിക്ക് വയറിന്റെ ഭാഷയേ മനസ്സിലാകൂ. ആരാണ് തന്നെ ഇരയാക്കാൻ ആയുന്നതെന്നു വിചാരിച്ചു ഭയപ്പെടാനും എന്തിനെയെല്ലാമാണ് തനിക്ക് ഇരയാക്കാവുന്നതെന്നു നോക്കി ഉന്നം പിടിക്കാനും മാത്രം അറിയുന്നിടത്ത് ജന്തുലോകത്തിന്റെ അറിവിന്റെ അതിർത്തി നിർണ്ണയിക്കപ്പെടുന്നു. ഈ അതിർത്തിയിൽ ഒതുങ്ങിയാൽ മതി എന്നു തീരുമാനിക്കുന്നിടത്ത് മനുഷ്യൻ താൻ മനുഷ്യനല്ലെന്നും ആ പദവിക്ക് താൻ അർഹനല്ലെന്നും പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
സാത്താൻ യേശുവിനോട് സൗഹൃദഭാവത്തിൽ പറഞ്ഞത് ഇതാണ്: 'നിനക്കു നന്നേ വിശക്കുന്നില്ലേ, നോക്കൂ. നിന്റെ ദൈവിക വൈഭവങ്ങൾ ഇക്കാണുന്നതിനെയെല്ലാം അപ്പമാക്കാൻ പറ്റുന്നതാണ്. പിന്നെന്തിന് വിശന്നു വലയണം. ഈ കല്ലുകളോട് അപ്പമാകാൻ കൽപിക്കൂ. വിശപ്പടക്കി തൃപ്തനാകൂ.' എന്തൊരു സുന്ദരമായ പഥ്യവചനം. പക്ഷേ, ഇതിലെ ചതി യേശുവിനു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. പക്ഷേ, ഇതിലെ ചതി യേശുവിനു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. അവിടുന്ന് മെല്ലെ പറഞ്ഞു: മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല, ദൈവവചനം കൊണ്ടുമാണ് ജീവിക്കുന്നത്. ദൈവവചനം ദൈവം തന്നെയാണെന്ന് യോഹന്നാൻ പറഞ്ഞിട്ടെങ്കിലും നാം അറിയേണ്ടേ? അങ്ങനെ ദൈവമഹത്ത്വം പ്രഘോഷിക്കുന്ന ഈ മഹാപ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും ദൈവത്തിന്റെ കണ്ണുകൊണ്ട് കണ്ട, അവയെ ആഴത്തിൽ അറിഞ്ഞ് ആഴത്തിൽ സ്നേഹിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യത്വമുള്ളവനായിത്തീരുന്നത്
എന്നാൽ, ഇതൊക്കെ അങ്ങു പള്ളിയിൽ പറഞ്ഞാൽ മതി എന്ന് ഇരപിടുത്തക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബെയിൽ ഫോണിൽ വരുന്ന സന്ദേശമെന്താണ്. സുഹൃത്തേ, നിങ്ങൾക്ക് വാങ്ങി സുഖിക്കണമെന്നു തോന്നുന്ന ചില വസ്തുക്കളില്ലേ, പണമില്ലെന്നു വിചാരിച്ചു വേണ്ടെന്നുവയ്ക്കേണ്ട, ഞങ്ങൾ പണം കടം തരാൻ തയ്യാർ. ചെകുത്താന്റെ വേദമാണിത്. നിങ്ങൾ കടക്കെണിയിൽ വീഴുമെന്നല്ല ഞാൻ പറയാൻ ശ്രമിക്കുന്നത്. നിങ്ങളെ ഉപഭോക്താവുമാത്രമായി, ഇരപിടുത്തക്കാരൻ മാത്രമായി, കാണാൻ അവർ ശ്രമിക്കുന്നു എന്നതാണ് മുഖ്യമായ കാര്യം. പർവ്വതങ്ങളെ നോക്കി ദൈവത്തിന്റെ മഹത്ത്വ സങ്കീർത്തനം ശ്രദ്ധിക്കാൻ നമുക്ക് കഴിയാതെയായിരിക്കുന്നു. പൂക്കൾ നമുക്കു കച്ചവടച്ചരക്കുകൾ മാത്രമായിത്തീരുന്നു. പ്രകൃതി സൗന്ദര്യം ടൂറിസ്റ്റു വ്യവസായത്തിനുള്ള വിഭവം മാത്രമായിത്തീരുന്നു. "നിന്നെ കൊന്നവർ കൊന്നു പൂവേ, തന്നുടെ തണുത്ത മോക്ഷത്തെ" എന്ന് നമ്മുടെ ഒരു കവി എഴുതി. നാം നമ്മുടെ മോക്ഷത്തെ എന്തുചെയ്തു. കുന്നും മലയും ഇടിച്ചു നിരത്താൻ യന്ത്രങ്ങളെ നയിക്കുമ്പോൾ കണ്ണ് ഇരപിടുത്തക്കാരന്റേയാണ്. അതുമതി,അതാണ് അഭിലഷണീയം എന്നു പഠിപ്പിക്കുന്നതാണ് ലോകത്തിന്റെ പുതിയ വേദാന്തം; പക്ഷേ അതു സാത്താന്റെ വേദന്തമാണ്.