സി.രാധാകൃഷ്ണൻ
പണ്ട്, കളിക്കൂട്ടുകാരായ ഞങ്ങളിൽ ഒരാൾക്ക് അവന്റെ അമ്മാമൻ സിങ്കപ്പൂരിൽനിന്നു വരുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന ഒരു കാർ കൊണ്ടുവന്നു കൊടുത്തു. താക്കോൽ തിരിച്ചാൽ അത് കുറെ ദൂരം ഓടും! അതുതൊടാൻപോലും അവൻ ഞങ്ങളെ ആരെയും അനുവദിച്ചില്ല. സങ്കടപ്പെട്ട് പിണങ്ങിപ്പോന്ന് അമ്പലമുറ്റത്തെ ആൽത്തറയിൽ കൂനിക്കൂടി ഇരിക്കുന്ന ഞങ്ങളെ കണ്ട ഓതിക്കൻ തിരുമേനി ചോദിച്ചു - എന്താവാനരപ്പടയ്ക്കൊരു വല്ലാത്ത മൗഢ്യം?
സിങ്കപ്പൂർക്കളിപ്പാട്ടത്തിന്റെ കഥ അറിഞ്ഞപ്പോൾ അദ്ദേഹം ചെറുതായി പുഞ്ചിരിച്ച് ചോദിച്ചു-പകരം, നിങ്ങൾക്കൊരു വലിയ വിമാനം തന്നെ കിട്ടിയാലോ?
ആൾ അരക്കിറുക്കനാണെന്നാണ് നാട്ടിൽ സംസാരം. വേദശാസ്ത്രങ്ങളെല്ലാം കമ്പോടുകമ്പ് പഠിച്ച വിദ്വാനാണെന്നാലും അയിത്തവും ശുദ്ധവുമില്ലാതെയാണ് നടപ്പുമിരിപ്പും. ഏതു വീട്ടിലും കയറി അവിടന്നു കിട്ടുന്ന എന്തു ഭക്ഷണവും കഴിക്കും, എവിടെയും അന്തിയുറങ്ങും. വേഷം പ്രാകൃതം.തന്നോടു തന്നെ ചിരിച്ചുകൊണ്ടിരിക്കും. സ്വന്തമായി ഒന്നുമില്ല, ആരുമില്ല.
നൊസ്സു പറയുകയാണെന്നു കരുതി ഞങ്ങൾ മുഖം തിരിച്ചു മൗനം പാലിച്ചു.
അദ്ദേഹം തിരിഞ്ഞു നടക്കാൻ പുറപ്പെട്ടു-വേണ്ടെങ്കിൽ വേണ്ട!
അഥവാ വെറുതെ പറയുകയല്ലെങ്കിലോ എന്ന ശങ്ക കാരണം, ഞങ്ങളുടെ കൂട്ടത്തിലൊരാൾ ആരാഞ്ഞു- എവിടെ ആ വിമാനം? കാണട്ടെ!
തിരുമേനി മാനത്തേക്കു വിരൽ ചൂണ്ടി-അതാ പൊണു, ഞാൻ താക്കോൽ കൊടുത്തുവിട്ടതാ, ട്ട്വോ! എന്താ വേഗം! എത്രയോ വലുപ്പം!
വലിയൊരു മഴമേഘം അതിവേഗം കിഴക്കോട്ട് പൊയ്ക്കൊണ്ടിരുന്നു. അത് സൂര്യനെപ്പോലും മൂടി.
തിരുമേനി തുടർന്നു-ഇതു വേണ്ട എങ്കിൽ അതാ, പിന്നാലെ വേറെയും വരുന്നു! ഓരോരുത്തർകക്കും വേറെവേറെ എടുക്കാം. മത്സരിച്ചോടിച്ചു കളിക്കാം! കണ്ടൊ, ആ പിന്നിലെ കക്ഷി ഇപ്പോൾ മുന്നിലെത്തും. വിടരുതവനെ!
ആ കളിയിൽ ഞങ്ങളെ ഹരം പിടിപ്പിച്ച് തിരുമേനി പോയി.
ആ വലിയ പാഠത്തിന്റെ അർഥം അന്നൊന്നും ഞങ്ങൾക്കാർക്കും ശരിയായി മനസ്സിലായില്ല. അന്തി മയങ്ങി മാനത്തെ കാറുകൾ കാണാതായപ്പോൾ ഞങ്ങളുടെ ചിന്ത ആ സിങ്കപ്പൂർ കാറിലേക്കുതന്നെ തിരികെ പോവുകയും ചെയ്തു.
ഇന്നത്തെ ലോകാവസ്ഥ കാണുമ്പോൾ ആ ഓതിക്കൻ പാഠത്തിന് നല്ല തെളിമയും ചന്തവും കൈവരുന്നുണ്ട്. ഓരോ കൊല്ലവും ലോകത്തെ കോടീശ്വരന്മാരിൽ മുൻപന്തിയിലുള്ള പത്തൊ നൂറോ ആളുകളുടെ പേരുകൾ ആരോ പ്രഖ്യാപിക്കുകയും എല്ലാ മാധ്യമങ്ങളും ആ വാർത്ത ഘോഷിക്കുകയും ചെയ്യുന്നത് പതിവാണല്ലോ. ഇതിൽ ഒന്നാമനാകാൻ കടുത്ത മത്സരമുണ്ടെന്നും കേൾക്കുന്നു. ഒരു പരിധി കഴിഞ്ഞുള്ള ധനംകൊണ്ട് ഒരു ധനികനും, ഇങ്ങനെ ഏതെങ്കിലും റാങ്കു നേടുകയല്ലാതെ, മറ്റൊരു പ്രയോജനവും ഇല്ലല്ലോ. എത്ര കാശുണ്ടായാലും ഇടതു കാലിലെ മന്ത് വലതുകാലിലേക്ക് മാറ്റാൻപോലും പറ്റില്ല എന്നു പണ്ടേ ചില ഭ്രാന്തില്ലാത്തവർ നമുക്കു പറഞ്ഞുതന്നിട്ടുണ്ട്. എത്ര വില കൊടുത്താലും ഒരു സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രത്തെയോ, എന്തിന് അത്രയും പോകണം, കൂടെ കഴിയുന്ന ആളുടെ സ്നേഹം പോലും, വാങ്ങാൻ പറ്റുമോ?
ഈ പ്രപഞ്ചത്തിലെ സമ്പത്ത് അനന്തമാണെന്നിരിക്കെ, അതിന്റെ അളവിന്റെ വെളിച്ചത്തിൽ, ഇന്നുള്ള ഏതു മഹാകോടീശ്വരനും വാസ്തവത്തിൽ മഹാദരിദ്രനല്ലേ? ഇനിയും കുഴിച്ചെടുക്കാൻ സ്വർണ്ണവും വൈരക്കല്ലും എത്ര കിടക്കുന്നു ഈ കൊച്ചു ഭൂമിയിൽത്തന്നെ? ഇതര ഗോളങ്ങളിലെ സമ്പത്തിന്റെ കണക്ക് ആലോചിക്കാതിരിക്കയാണ് ഭേദം! എന്നിട്ടും, ഈ മഹാപ്രപഞ്ചം മുഴുവനായുമാണ് എന്റെ എന്ന തോന്നൽ നമുക്ക് മിക്കവർക്കും ഉണ്ടാകുന്നുമില്ല! കൈയെത്താവുന്നിടത്ത് മഹാനിധി ഇരിക്കെ, നാലു ചില്ലിക്കാശിന് കടിപിടി!
പരമ്പരാഗതമായി ഉള്ളതൊ പകിരിതിരിഞ്ഞു പണിപ്പെട്ടു വാങ്ങിയതോ ആയ ഒരു തുണ്ട് ഭൂമി കരിങ്കൽമതിൽ കെട്ടി ഭാരിച്ച ഇരുമ്പുഗെയ്റ്റ് വച്ച് ഡോബർമാനെ കാവലേൽപ്പിച്ച് യൂറോപ്യൻ പൂട്ടിട്ട് പൂട്ടി ഞാൻ വിചാരിക്കുന്നു, ഇത് എന്റെയാണ് എന്ന്. അപ്പോഴാണ് ഒരു ദിവസം അതിനകത്ത് ഒരു മൂർഖൻ എങ്ങുനിന്നെന്നില്ലാതെ പ്രത്യക്ഷപ്പെടുന്നത്. ആളെക്കൂട്ടി തെരഞ്ഞിട്ട് കണ്ടുകിട്ടാത്ത അദ്ദേഹം ഇതിനകത്തെവിടെയോ ഉണ്ട് എന്ന ബോധം എന്റെ ഉറക്കം കെടുത്തുന്നു. നാലു കീരികളെക്കൂടി വളർത്താൻ തീരുമാനിക്കുന്നു. അപ്പോൾ ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആ ഡോബർമാനും ഈ കീരികളുമായി. സൂക്ഷിച്ചു നോക്കുമ്പോൾ അത്രയുമല്ല, മണ്ണിര മുതൽ കാക്കയും വവ്വാലും ഉറുമ്പും കൃമികീടങ്ങളും വണ്ടും തുമ്പിയും എല്ലാം എന്റെ അനുവാദം വാങ്ങാതെ അകത്തു കയറി ഈ ഭൂസ്വത്ത് താന്താങ്ങളുടെ സ്വന്തമെന്നപോലെ പെരുമാറുന്നു. ഒരു കയ്യേറ്റക്കാരനോടെന്ന മട്ടിൽ എന്നോടു പെരുമാറുന്നു. ഈ തൊടിയിലേക്ക് കടന്നുവരുന്ന വായു ആരൊക്കെ ശ്വസിച്ചു പുറത്തുവിട്ടതാണ് എന്നുപോലും അറിയാൻ വഴിയില്ല. ഇതിനെക്കാളെല്ലാം വിചിത്രം, എന്റെ എന്നു ഞാൻ കരുതുന്ന ഈ ഇടത്തിനു മുകളിലൂടെ പരുന്തുകളും മേഘങ്ങളും വിമാനങ്ങളും ഉപഗ്രഹങ്ങളും ഉൽക്കകളും ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും നിരന്തരം നിർബാധം കടന്നുപോകുന്നു, എന്റെ അനുമതികൂടാതെയും എനിക്കു കരം തരാതെയും! ഇതെന്തൊരു നാമമാത്ര ഉടമസ്ഥത!
പോരെങ്കിൽ, വിശാലമായ ഈ ഭൂമിയിൽ എനിക്കുള്ളത് ഈ ഒരു ചെറുതുണ്ട് മാത്രം. ഞാൻ എത്ര ദരിദ്രൻ! അതിനാൽ ഞാൻ എന്തെങ്കിലുമൊക്കെ ചെയ്ത് അയൽക്കാരന്റെ സ്ഥലംകൂടി എന്റെ എന്നു കാണിക്കുന്ന പ്രമാണം ഉണ്ടാക്കാൻ കഠിനശ്രമം നടത്തുന്നു. അയാളും ഇതുതന്നെ ചിന്തിക്കുന്നതിനാൽ ഞങ്ങൾ നിതാന്തശത്രുക്കളായും തീരുന്നു. ഞാൻ നാടുനീങ്ങിക്കിട്ടാൻ അയാളും അയാൾ ചത്തുപോകാൻ ഞാനും പ്രാർത്ഥനയും ഭജനയും പൂജയും നടത്തുന്നു. ഞങ്ങളുടെ മക്കളെ ഇതേ ശത്രുതയുടെ അവകാശികളുമാക്കുന്നു.
ഈ പ്രപഞ്ചം മുഴുക്കെ എന്റെയാണ് എന്ന ചിന്ത അപ്പോഴും കൈവരുന്നില്ല. എല്ലാം എന്റെ ആവുക എന്നത് എനിക്കു മാത്രമായി ഒന്നും ഇല്ലാതാകൽകൂടി അല്ലേ എന്നാണ് വേവലാതി. സത്യത്തിലോ? എല്ലാമെല്ലാം എനിക്കു മാത്രമായി തീരുകയില്ലേ?
അതെങ്ങനെ എന്നു പിന്നെയും സംശയം. ഇത്രയും അന്യമനുഷ്യരും ജീവികളും ഒക്കെ ഇവിടെ ഇല്ലേ? അവരെയെല്ലാം ഞാൻ എന്തു ചെയ്യും?
അവരെല്ലാം എന്റേതന്നെ ആണെന്നിരിക്കെ എന്തിനു ബേജാറ്? എന്റെ കൈകാലുകളും മറ്റ് അവയവങ്ങളുമെല്ലാം എന്റേതന്നെ ആണെന്നപോലെയല്ലേ ഇതുമുള്ളു? യഥാർത്ഥത്തിൽ, ഇവരെല്ലാം ഇല്ലാതെ എനിക്കു പുലരാൻ കഴിയുമോ, ഒരു നിമിഷംപോലും?
ഒരു ചെറിയ മാറ്റമേ ആകെ വേണ്ടൂ. ഞാൻ എന്ന തോന്നലിന് ഞാൻ ഇപ്പോൾ കൽപ്പിക്കുന്ന പരിസരവും അർഥവും ചെറുതായി ഒന്നു ഭേദപ്പെടണം. എല്ലാം ഞാനാണ് എന്നായാൽ രക്ഷയായി. അപ്പോൾ എല്ലാം എന്റെയായി. ഈ മഹാപ്രപഞ്ചത്തിനുടമ ഞാൻ!
ലോട്ടറി കിട്ടാതെ, ആരെയും കബളിപ്പിക്കയോ ചതിക്കയോ ചൂഷണം ചെയ്കയോ ചെയ്യാതെ, മഹാമഹാകോടീശ്വരനാകാനുള്ള വിദ്യയുടെ സൂത്രവാക്യമാണ് മലയാളഭാഷയുടെ പിതാവായ പരമാചാര്യൻ ഹരിനാമകീർത്തനത്തിലൂടെ നമുക്ക് സൗജന്യമായി നൽകുന്നത്.
ഞാനെന്ന ഭാവമതുതോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം ഞാനെന്ന നല്ല വഴി
തോന്നേണമേ വരദ!
ടൈം മാസികയിലൊന്നും ലിസ്റ്റിൽ വരാനിടയില്ലാത്തവരായി ഇന്നും അനേകം പരമഹംസന്മാർ ഇത്തരം സൂപ്പർകോടീശ്വരന്മാരായി നമുക്കിടയിൽ പരമാനന്ദത്തോടെ ജീവിക്കുന്നുണ്ട്. അവരുടെ മുഖത്തുള്ളത് കരുണാർദ്രമായ ഒരു പുഞ്ചിരിയാണ് പ്രഹസൻ ഇവ!
മഹാദാരിദ്ര്യനരകത്തിൽ നിന്ന് ഒരു ചുവടേ വയ്ക്കേണ്ടൂ ഏതു സഹസ്രകോടീശ്വരനും പ്രപഞ്ചസർസ്വാധിപത്യത്തിന്റെ സ്വർഗ്ഗത്തിലേക്ക്. യഥാർത്ഥ ദാരിദ്ര്യത്തിൽ കഴിയുന്നവർക്കാകട്ടെ, ഇതു വളരെ എളുപ്പവുമാണ്. കാരണം, അവരുടെ പാത്രം കാലിയായതിനാൽ അതിൽ അഴുക്കിന്റെ കണികപോലും ഇല്ല!~