കാലദോഷം പിന്തുടർന്ന ഗായകൻ
ടി.പി.ശാസ്തമംഗലം
    പാഠപുസ്തകങ്ങളിൽ മനസ്സ്‌ പൂഴ്ത്തേണ്ട ബാലൻ ആ സമയത്ത്‌ മുഹമ്മദ്‌ റഫിയുടെയും എം.കെ.ത്യാഗരാജന്റെയും പാട്ടുകൾ പാടി നടന്നാലോ? വീട്ടുകാർ ആദ്യമൊന്ന്‌ അന്ധാളിച്ചു. പക്ഷേ പരമ്പരാഗതമായി സംഗീതം ജീവവായു പോലെ കൊണ്ടുനടക്കുന്ന കുടുംബത്തിലെ കാരണവന്മാർ കുട്ടിയുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞു. അവർ ആ ബാലന്‌ സംഗീതം പഠിക്കാൻ ഗുരുവിനെ ഏർപ്പാടാക്കി.
    ആരാണ്‌ ആ ബാലൻ എന്നല്ലേ? ഈയിടെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത ഗായകൻ അയിരൂർ സദാശിവൻ. പാട്ട്‌ പഠിപ്പിക്കാൻ വീട്ടുകാർ കണ്ടെത്തിയ ഗുരു ആണ്ടിപ്പിള്ളി ഭാഗവതരായിരുന്നു. പത്താം ക്ലാസ്സ്‌ കഴിഞ്ഞതോടെ സദാശിവൻ തിരുവനന്തപുരത്തുള്ള കെ.എസ്‌.കുട്ടപ്പൻ ഭാഗവതരുടെ വീട്ടിൽ താമസിച്ചായിരുന്നു സംഗീതപഠനം തുടർന്നത്‌. അക്കാലത്ത്‌ ഡാൻസർ ചന്ദ്രശേഖരൻ ആരംഭിക്കുന്ന ഓപ്പറ ഹൗസിലേക്ക്‌ ഗായകരെ ആവശ്യമുണ്ടെന്ന പത്രപരസ്യം സദാശിവന്റെ ശ്രദ്ധയിൽപ്പെട്ടത്‌. വീട്ടുകാരറിയാതെ അദ്ദേഹം അപേക്ഷ അയച്ചു. അഭിമുഖത്തിനു ചെന്നപ്പോഴാണ്‌ എത്രമാത്രം ഗായകർ ഭാഗ്യപരീക്ഷണത്തിന്‌ തയ്യാറായി അവിടെ വന്നിട്ടുണ്ടെന്ന്‌ അദ്ദേഹത്തിന്‌ മനസ്സിലായത്‌. അദ്ദേഹത്തെപ്പോലെ കൂടിക്കാഴ്ചയ്ക്ക്‌ വന്ന മറ്റൊരാളെ അന്ന്‌ സദാശിവൻ പരിചയപ്പെട്ടു. കെ.പി.ബ്രാഹ്മാനന്ദൻ. ഏതായാലും സദാശിവനും ബ്രഹ്മാനന്ദനും നറുക്കുവീണു. രണ്ടുപേരും മൂന്നുവർഷം അവിടെ പാടി. അവിടെ വച്ചാണ്‌ അദ്ദേഹം സ്വന്തം പേര്‌ അയിരൂർ സദാശിവൻ എന്നാക്കിയത്‌. 
ഈയിടെ അന്തരിച്ച അയിരൂർ 
സദാശിവനെക്കുറിച്ച്

    ചങ്ങനാശ്ശേരി ഗീഥ എന്ന നാടകസമിതി അന്ന്‌ പേരെടുത്തു നിൽക്കുന്ന കാലം. അവിടെ നിന്ന്‌ നാടകത്തിൽ പാടാൻ അദ്ദേഹത്തിന്‌ ക്ഷണം കിട്ടി. അങ്ങനെ ചങ്ങനാശ്ശേരി ഗീഥയുടെ 'കാട്ടുതീ' എന്ന നാടകം അയിരൂർ സദാശിവന്റെ പാട്ടുമായി അരങ്ങിലെത്തി. പിന്നെത്തെ ഊഴം കെ.പി.എ.സി നാടകട്രൂപ്പിലായിരുന്നു. നാടകങ്ങളിൽ ഗായകനെന്ന നിലയിൽ പേരെടുത്തു നിൽക്കുമ്പോഴാണ്‌ മദിരാശിയിലേക്ക്‌ ചെല്ലണമെന്നു കാണിച്ച്‌ പ്രശസ്ത സംഗീതസംവിധായകൻ ജി.ദേവരാജന്റെ കത്ത്‌ സദാശിവന്‌ കിട്ടുന്നത്‌. മദിരാശിയിലെത്തിയ സദാശിവന്‌ വുഡ്ലാൻഡ്സ്‌ ഹോട്ടലിൽ സ്വന്തം ചെലവിൽ മുറിയെടുത്തു കൊടുക്കുയും അജ്ഞാതവാസം വിധിക്കുകയും ചെയ്തു മലയാളത്തിലെ ആ പ്രഗത്ഭ സംഗീതസംവിധായകൻ. 'മരം' എന്ന ചിത്രത്തിനുവേണ്ടി 'മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട്‌ നല്ല ചുവന്ന താമര ചെണ്ട്‌' എന്ന ഗാനമാണ്‌ സദാശിവനെക്കൊണ്ട്‌ ദേവരാജൻ പാടിപ്പിച്ചതു.
    ഭരണി സ്റ്റുഡിയോയിലായിരുന്നു അതിന്റെ റിക്കോർഡിംഗ്‌. ഒരു മാസം കഴിഞ്ഞു. വീണ്ടും ദേവരാജന്റെ രണ്ടു ഗാനങ്ങൾ കൂടി പാടി അദ്ദേഹം'ചായ'ത്തിലെ 'അമ്മേ, അമ്മേ, അവിടുത്തെ മുമ്പിൽ ഞാനാര്‌, ദൈവമാര്‌?', 'ശ്രീവത്സം മാറിൽ ചാർത്തിയ ശീതാംശുകളെ ശ്രീകലെ' എന്നീ പാട്ടുകളായിരുന്നു അവ. അമ്മയെക്കുറിച്ച്‌ വയലാർ രാമവർമ്മ നേരത്തെ എഴുതിയ വരികളാണ്‌ 'ചായ'ത്തിനു വേണ്ടി ഉപയോഗിച്ചതു. അത്‌ ഒരു നിമിത്തമായി. അയിരൂർ സദാശിവന്റെ മാസ്റ്റർ പീസായി മാറി ആ ഗാനം. 'രാജഹംസ'ത്തിലെ 'സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായ്‌ വന്നു' എന്ന അതിപ്രശസ്തമായ ഗാനം ദേവരാജൻ ആദ്യം അയിരൂർ സദാശിവനെക്കൊണ്ടാണ്‌ പാടിച്ചു ആലേഖനം ചെയ്തത്‌. എന്നാൽ റിക്കോർഡിംഗ്‌ കമ്പനി അതിനെച്ചൊല്ലി പ്രശ്നമുണ്ടാക്കുകയും ഒടുവിൽ യേശുദാസിന്റെ ശബ്ദത്തിൽ ഗാനം വീണ്ടും റിക്കോർഡ്‌ ചെയ്യുകയുമായിരുന്നു. അങ്ങനെ കാലദോഷം അയിരൂർ സദാശിവൻ എന്ന ഗായകനെ ഒഴിയാബാധ പോലെ പൈന്തുടർന്നുപോന്നു. ഒടുവിൽ അത്‌ അപകടത്തിന്റെ രൂപത്തിൽ അദ്ദേഹത്തെ എന്നെന്നേക്കുമായി തട്ടിയെടുക്കുകയും ചെയ്തു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ