സ്വാമി അവ്യയാനന്ദ
അർഹമായ അഭിനന്ദനം തക്കസമയത്ത് നൽകിയാൽ അത് ആദരിക്കപ്പെടുകയും അനുസ്മരിക്കപ്പെടുകയും ചെയ്യും. വ്യക്തിത്വവികസനത്തിൽ പ്രശംസയ്ക്കും പ്രോത്സാഹനത്തിനും വലിയ പങ്കുവഹിക്കാനുണ്ട്. പ്രയോജനപ്രദങ്ങളായ പല പദ്ധതികൾക്കും പരിപാടികൾക്കും അത് വഴിതെളിക്കുന്നു. അംഗീകാരം ഏതു വ്യക്തിയും ആഗ്രഹിക്കുന്ന കാര്യമാണ്. അത് ലഭിക്കാതെ വരുമ്പോൾ പിറുപിറുപ്പും പരാതിയും ഉയരും. ഭവനങ്ങളിലായാലും സമൂഹത്തിന്റെ മറ്റു തലങ്ങളിലായാലും ഇത് പ്രകടമാണ്.
ഡാവിഞ്ചി വലിയൊരു കലാകാരനായതിനു പിന്നിൽ അദ്ദേഹത്തിന്റെ ഗുരുവിൽ നിന്നു ലഭിച്ച അംഗീകാരവും പ്രോത്സാഹനവുമാണെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരിക്കൽ ഡാവിഞ്ചിയുടെ ഗുരുനാഥൻ രോഗാവസ്ഥയിലായപ്പോൾ ആഗുരു തുടങ്ങിവച്ചിരുന്ന ഒരു ചിത്രം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. തന്നെക്കൊണ്ട് അതുചെയ്യാൻ കഴിയില്ലെന്ന് ഉണർത്തിച്ചു. "നിന്റെ കഴിവിന്റെ പരമാവധി നീ ശ്രമിക്കുക. നിനക്കതിനു കഴിയും" ഇങ്ങനെ പറഞ്ഞ് ഗുരു ശിഷ്യനെ പ്രോത്സാഹിപ്പിച്ചു. ഡാവിഞ്ചി മാറിനിന്ന് പ്രാർത്ഥിച്ചു. "വാത്സല്യനിധിയായ എന്റെ ഗുരുനാഥനുവേണ്ടിയാണ് ഈ ദൗത്യം ഞാനേറ്റെടുക്കുന്നത്. ഇതിനാവശ്യമായ ബുദ്ധിയും കഴിവും നൽകി എന്നെ അനുഗ്രഹിക്കേണമേ."
അനന്തരം ചിത്രത്തിന്റെ പൂർത്തീകരണത്തിൽ വ്യാപൃതനായി. അത് പൂർത്തീകരിച്ചപ്പോൾ ഗുരുനാഥൻ നിറഞ്ഞ സന്തോഷവും സംതൃപ്തിയും പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു. "പ്രിയ മകനേ, ഇനി ഞാൻ ചിത്രം വരയ്ക്കുന്നില്ല" ഗുരുനാഥന്റെ ഈ അംഗീകാരം ഡാവിഞ്ചിക്ക് വലിയ പ്രോത്സാഹനമായി. ചിത്രരചനയിൽ പ്രശസ്തനായിത്തീരാൻ അത് വഴിതെളിച്ചു.
മാതാപിതാക്കളിൽ നിന്നും ഗുരുജനങ്ങളിൽ നിന്നുമുള്ള അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളുമാണ് അനേകരുടെ ജീവിതത്തിൽ ഉയർച്ചയ്ക്ക് പ്രേരണയായിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ പിശുക്ക് കാട്ടുന്നവർ ഒട്ടും കുറവല്ല. അവർ ചിന്തിക്കുന്നത് അഭിനന്ദനവും പ്രശംസയും അറിയിച്ചാൽ അത് അഹങ്കാരത്തിനും സ്വന്തം സംതൃപ്തിക്കും ഇടയാക്കുമെന്നാണ്. മാത്രമല്ല അതവരെ അലസരാക്കിത്തീർക്കുമെന്നും ശങ്കിക്കുന്നു. ഒരു പെൺകുട്ടി അവളുടെ ക്ലാസ്സിൽ ചെയ്ത ആർട്ട് വർക്ക് വലിയ പ്രതീക്ഷയോടെ പിതാവിനെ കാണിക്കാൻ എത്തി. ബിസ്സിനസ്സുകാരനായ അയാൾ കണക്കുകൾ നോക്കുന്ന തിരക്കിൽ മകളെ ശ്രദ്ധിച്ചേതേയില്ല. മകൾ നിർമ്മിച്ച കലാസൃഷ്ടി ഒന്നു നോക്കാൻ പോലും കൂട്ടാക്കാത്ത ആ പിതാവിന്റെ പ്രതികരണത്തിൽ ആ കുട്ടി കടുത്ത നിരാശയിലാണ്ടു. മറ്റൊരു കുട്ടി ക്ലാസിലെ ടെസ്റ്റ് പേപ്പറിന് 80 ശതമാനം മാർക്കുമായി പിതാവിനെ സമീപിച്ചപ്പോൾ, അതിൽ കൂടുതൽ മാർക്ക് വാങ്ങിച്ചവർ ആരൊക്കെ എന്ന അന്വേഷണമല്ലാതെ അഭിനന്ദനത്തിന്റെ ഒരുവാക്കുപോലും ഉയർന്നില്ല. ആ കുട്ടിയും നിരാശപ്പെട്ടു.
അഭിനന്ദനത്തിന്റെ അതിശയോക്തികൊണ്ടും അമിതോക്തികൊണ്ടും വീർപ്പുമുട്ടിക്കുന്നവരുമുണ്ട്
ഇപ്രകാരം പ്രശംസാവാക്കുകൾ പറയുന്നവരെ ആദ്യമൊക്കെ നാം ഇഷ്ടപ്പെടുമെങ്കിലും പിന്നീട് നാമവരെ അവഗണിക്കുക തന്നെ ചെയ്യും. നാം ഒരാളെ പ്രശംസിക്കുമ്പോൾ അത് ആത്മാർത്ഥമാണോ എന്ന് സ്വയം ചോദിക്കണം. കേൾക്കുമ്പോൾ മുഖവിലയ്ക്കെടുക്കുമോ അതോ അവഗണിക്കുമോ എന്ന് വിലയിരുത്തുന്നത് കൊള്ളാം. നമ്മൾ ഈ പുലർകാലെ ചിന്തിച്ചതു. തക്കസമയത്തെ അഭിനന്ദനവും പ്രശംസയും വളരെയേറെ പ്രയോജനം ചെയ്യുമെന്നും എന്നാൽ നമ്മുടെ വാക്കിൽ ആത്മാർത്ഥതയില്ലാത്ത അമിതോക്തി കടന്നുവരാതിരിക്കാൻ സൂക്ഷിക്കണമെന്നുമാണ്.