കെ. ആര്‍. ഹരി
താഴെ കാപ്പിപൂത്താലറിയാം. വണ്ടുകളുടെ നേര്‍ത്ത ഈണം ഇങ്ങ് മുറിയിലോളം എത്തും. തുണി അലക്കിനും, മുറികള്‍ വൃത്തിയാക്കലിനും മേല്‍നോട്ടം വഹിക്കുന്ന റബേക്കയാണ് അത് പറഞ്ഞത്. വലിയ മാറിടങ്ങളുള്ള റബേക്ക ഒരലങ്കാരം പോലെ തോട അണിഞ്ഞിരുന്നു. റബേക്ക വരാത്ത ദിവസങ്ങളില്‍ അവരുടെ രണ്ട് പെണ്‍മക്കളാണ് വരിക. റബേക്കയെപ്പോലെ വലിയ ശരീരവും, അതിനൊത്ത പൊക്കവും, തടിച്ച കൈകളും പതിഞ്ഞ നടത്തവുമുള്ള അവര്‍ രണ്ട് ഭീകര രൂപികളെപ്പോലെ അവിടങ്ങളില്‍ നടന്ന് ജോലികള്‍ ചെയ്തു.
കെവിന്‍ എന്ന കുട്ടിയേയും കൊണ്ട് സിസ്റ്റര്‍ ഫെര്‍ണാണ്ട രാവിലെ തന്നെ ആശുപത്രിയിലേക്ക് പോയി. ഇന്നലെ രാത്രി മുഴുവന്‍ അവന്‍ കരച്ചിലായിരുന്നു. അവന്റെ പല്ലെടുക്കണം. കെവിന്‍ മോശം സാഹചര്യങ്ങളില്‍ നിന്ന് വന്നതുകൊണ്ടാകാം അവന് ഒത്തിരി വൃത്തികെട്ട സ്വഭാവങ്ങളുണ്ടായിരുന്നു. മറ്റുകുട്ടികളുമായി ഇടപഴകുന്നതില്‍ നിന്നും സിസ്റ്റര്‍ പെട്രോഷ്യ എപ്പോഴും അവനെ ശ്രദ്ധിച്ചിരുന്നു. അങ്ങനെയുള്ള കുട്ടികളെ കൈകാര്യം ചെയ്യുന്നതില്‍ സമര്‍ത്ഥയായിരുന്നു അവര്‍.
താന്‍വന്ന ദിവസം പഴംതുണി കൂമ്പാരങ്ങളും ഡ്രസ്സുകളും നിറഞ്ഞ മുറിയുടെ ഇരുളില്‍ പതുങ്ങിനിന്ന രണ്ട് കുഞ്ഞുമുഖങ്ങളെ ഓര്‍മ്മവരുന്നു. ആ രണ്ട് കുട്ടികളുടെയും അച്ഛന്‍ മരിച്ചിരുന്നു. അമ്മ അപ്പുറത്തെ കെട്ടിടത്തിലുണ്ട്. അവിടെ വാര്‍ഡിന്റെ തുടക്കത്തില്‍ എഴുതി തൂക്കിയിരുന്ന HIVഎന്ന ബോര്‍ഡ് ജെറോം അച്ചനാണ് വിസിറ്റിങ്ങിനിടെ എടുത്തുമാറ്റാന്‍ പറഞ്ഞത്. അച്ചനത് ഇഷ്ടമായിരുന്നില്ല. ഒരിക്കലേ താനവിടെ പോയിട്ടുള്ളു. മണ്ണിനും, വായുവിനുമെല്ലാം എപ്പോഴും ലോഷനുകളുടെ കടുത്ത ഗന്ധമാണവിടെ. ഇരുളിനെസ്നേഹിച്ച ആ രണ്ട് കുട്ടികളുള്‍പ്പെടെ എട്ടുപേരെയാണ് സിസ്റ്റര്‍ തന്നെ ഏല്‍പ്പിച്ചത്. അതില്‍ ചിലര്‍ക്ക് അക്ഷരങ്ങള്‍ അറിയാമായിരുന്നു. മറ്റുള്ളവര്‍ ഹരിശ്രീ തൊട്ട് തുടങ്ങേണ്ടവരും.
"മെഥുസലാ, കുട്ടികളെ പുറത്ത് കൊണ്ടുപോകുമ്പോള്‍ പ്രത്യേകം ഒരു കണ്ണുവേണം., അറിയാമല്ലോ?" പെട്രോഷ്യ എപ്പോഴും ഓര്‍മ്മിപ്പിച്ചു.
ഉച്ച വിശ്രമത്തിന്റെ വേള കഴിഞ്ഞ് കുട്ടികളെ താന്നി മരത്തിന്റെ ചുവട്ടിലേക്കാണ് കൂട്ടികൊണ്ടുപോയത്. അവിടെ വട്ടത്തിലിരുത്തി അവര്‍ക്ക് നടുവിലിരുന്നപ്പോള്‍ ഒരു ചങ്ങാത്തം കൂടലിന്റെ ഊഷ്മളതയായിരുന്നു. അപരാഹ്നത്തിന്റെ നീലാകാശങ്ങളില്‍ ദൂരം താണ്ടുന്ന പറവകളുടെ പ്രയാണം നോക്കി ഞങ്ങളിരുന്നു. താന്‍ വിരല്‍ ചൂണ്ടിയിടത്തേക്ക് കണ്ണിമയ്ക്കാതെ എല്ലാവരും. അങ്ങ് ദൂരെ ദൂരെ പൊട്ടുകളായി, പിന്നെ കടുകുമണികളോളം ചെന്ന് കണ്ണുകളില്‍ അടരിളകുന്ന പ്രകാശങ്ങളുടെ അവ്യക്ത വളയങ്ങള്‍ അവശേഷിക്കും വരെ. കവിളില്‍ പൊള്ളലേറ്റ പാടുള്ള കുട്ടിയുടെ ഉരുളന്‍ കണ്ണുകളില്‍ നീലാകാശങ്ങളുടെ പറഞ്ഞറിയിക്കാനാകാത്ത ജിജ്ഞാസ പിന്നെയും തങ്ങി നില്‍ക്കുന്നതുകണ്ടു. മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ കഥ കേള്‍ക്കാന്‍ എല്ലാവരും കാതുകൂര്‍പ്പിച്ചിരുന്നപ്പോള്‍ തനിക്കും രസം തോന്നി.
"---പിന്നേം കുറേദൂരം അങ്ങോട്ട് പോയപ്പോള്‍ കാറ്റും മഴേം കൂടി ഒരുമിച്ചുവന്നു. അപ്പോള്‍ എന്തുപറ്റി? ങ്‌ഹാ, നമ്മുടെ കരിയില പറന്നുംപോയി, മണ്ണാങ്കട്ട നനഞ്ഞും പോയീ--"
പക്ഷെ കുട്ടികളാരും തനിക്കൊപ്പം കൈയ്യടിച്ച് ചിരിച്ചില്ല. അറിയാത്ത ഭാവങ്ങളുടെ മുന്നില്‍ പകച്ചിരുന്ന ഒരു നിമിഷം താന്‍ സ്വയം തിരുത്തി-അവര്‍ക്ക് ചിരിക്കാന്‍ കഴിയില്ല. കഥയും കേട്ട് അമ്മയുടെ കൈയ്യില്‍ നിന്ന് മത്സരിച്ച് ഉരുളച്ചോറും വാങ്ങിത്തിന്ന് വളര്‍ന്ന ബാല്യങ്ങളില്‍ നിന്ന് ഒത്തിരി വിഭിന്നമാണ്. ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത കുട്ടികള്‍ . ചെറുതായി വീശിയ കാറ്റിന് കാപ്പിപ്പൂമണങ്ങളില്ല. ലോഷനുകളുടെ ഗന്ധസാന്നിധ്യങ്ങളാണവയ്ക്കെന്ന് തോന്നി. ദൂരെ ഈഴചെമ്പകത്തിന്റെ ഇലകൊഴിഞ്ഞ കൈകള്‍ ഒരു നിലവിളി പോലെ ആകാശത്തിലേക്ക് പടര്‍ന്നു നില്‍ക്കുന്നത് കണ്ടു.