24 Jun 2015

ദൈവം ഇടപെടാത്ത ജീവിതം



കൃഷ്ണകുമാര്‍ മാരാര്‍


ഗണപതി അയ്യര്‍ പതിവുപോലെ അന്നും എന്റെ വണ്ടിക്ക്‌ കൈ കാണിച്ചു. കുറെ നാലുകളായി അയ്യര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ വരുന്നതും ഞാന്‍ പത്രവിതരണം കഴിഞ്ഞ്‌ വരുന്നതും ഒരേ സമയത്താണ്‌. സ്വര്‍ണ്ണചെയിനുള്ള റാഡോവാച്ച്‌ കെട്ടിയ കൈത്തണ്ട നീട്ടിക്കാണിക്കും. ഞാന്‍ വണ്ടി നിര്‍ത്തും അയ്യര്‍ ബദ്ധപ്പെട്ട്‌ കയറും. വണ്ടിയോടിക്കുമ്പോള്‍ അയ്യരുടെ നേര്യത്‌ കാറ്റത്തുലയുന്ന പതാക പോലെ പാറും.
എന്റെ കൈയില്‍നിന്നും ഒരു ഇംഗ്ലീഷ്‌ പത്രം വരുത്തുന്നുണ്ട്‌ അയ്യര്‍. അയല്‍പക്ക മാണെങ്കിലും ഞാനും അദ്ദേഹവും തമ്മില്‍ സംസാരത്തിലൊന്നും ഏര്‍പ്പെടാറില്ല. പത്രവിതരണം കൂടാതെ മാര്യേജ്ബ്യൂറോയും സ്ഥലക്കച്ചവടവുമായി ക്കഴിയുന്ന എനിക്ക്‌ വാക്കുകള്‍ പിശുക്കി ഉപയോഗിക്കുന്ന അയ്യര്‍ക്ക്‌ മുഖം കൊടുക്കാന്‍ പറ്റാറില്ല. അദ്ദേഹത്തിന്റെ രണ്ടുനില വീടും 40 സെന്റ്‌ പുരയിടവും വില്‍ക്കാനുണ്ടെന്ന്‌ സൂചിപ്പിച്ചിരുന്നു. രണ്ട്‌ പാര്‍ട്ടികളെ ഞാന്‍ കൊണ്ടുവന്നതുമാണ്‌. വിലകൊണ്ട്‌ ഒത്തില്ല. വിട്ടുവീഴ്ചയില്ലാത്ത അയ്യരുടെ നിലപാടില്‍ മുഷിവു തോന്നി ഞാന്‍ പിന്നെ മെനക്കെട്ടില്ല. അയ്യരെന്നെ നിര്‍ബന്ധിച്ചുമില്ല.
പണം ചെലവുചെയ്യുന്നതില്‍ പിശുക്കനാണെന്ന്‌ കേട്ടിട്ടുണ്ട്‌. പലചരക്കും വസ്ത്രങ്ങളും വാങ്ങുമ്പോള്‍ വിലചോദിച്ച്‌ സംശയിച്ചാണ്‌ വാങ്ങുക. കുട്ടികളില്ലാത്ത ഇയാള്‍ എന്തിനിങ്ങനെ പിശുക്കുന്നുവെന്ന്‌ എന്റെ ഭാര്യ സംശയം ചോദിച്ചിട്ടുണ്ട്‌. സ്ഥലം വില്‍ക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. വേറെയെവിടെയെങ്കിലും കുറച്ച്‌ സ്ഥലവും ഒരു ചെറിയ പുരേം നോക്കണോ.
"വേണ്ട ഞങ്ങള്‍ പോവ്വ"
"എങ്ങോട്ട്‌."
തിരുവനന്തപുരത്തേക്ക്‌. അവിടെ ആശ്രമം വക വൃദ്ധമന്ദിരമുണ്ട്‌. കണ്‍സ്ട്രക്ഷന്‍ നടന്നോണ്ടിരിക്ക്വ. രണ്ട്‌ പേര്‍ക്ക്‌ താമസിക്കാനുള്ള മുറി ബുക്ക്‌ ചെയ്ത്‌ കഴിഞ്ഞു.. ഭക്ഷണം അവര്‌ തരും മരുന്നും. പ്രാര്‍ത്ഥിക്ക്വേം ചെയ്യാം. അല്ലാതെ ഇനിയിപ്പോഴെന്ത്‌ ചെയ്യാനാ......
"ബന്ധുക്കളാരെങ്കിലും......" ഞാന്‍ ചോദിച്ചു.
"ഉണ്ട്‌ ധാരാളമുണ്ട്‌. അവരാ ഈ വഴി പറഞ്ഞുതന്നത്‌. ആലോചിച്ചപ്പോള്‍ എനിക്കും അതുതന്നെയാണ്‌ ശരിയെന്ന്‌ തോന്നി." അയ്യര്‍ നിസ്സഹായത മറയ്ക്കാന്‍ വേണ്ടി ചിരിച്ചു.
തുരുമ്പ്‌ പിടിച്ച്‌ ഭംഗിപോയ വീടിനു മുന്നില്‍ ഞാന്‍ വണ്ടി നിര്‍ത്തി. അതെപ്പോവും അടച്ചിട്ടിരിക്കാറാണ്‌ പതിവ്‌. ഗെയിറ്റില്‍ നിന്നും കുറച്ചുദൂരം നടക്കണം അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌.
"വരൂ ഇറങ്ങൂ അശോകന്‍. ഒരു കപ്പ്‌ കാപ്പികുടിച്ചിട്ടു പോകാം......". അയ്യര്‍ ക്ഷണിച്ചു.
"വേണ്ട പിന്നെ വരാം."
"പിന്നെയാക്കണ്ട. വരൂ...." അയ്യര്‍ നിര്‍ബന്ധിച്ചു. ആദ്യമായിട്ടാണ്‌ ഇങ്ങനെ. വീടിനും സ്ഥലത്തിനും അയ്യര്‍ കല്‍പിച്ച വിലയില്‍ വല്ല വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറായെങ്കിലോ. എന്നിലെ കച്ചവടക്കാരന്‍ സജീവമായി. അയ്യര്‍ മുന്നില്‍ നടന്നു ഞാന്‍ പിന്നാലെയും.
പണ്ടെങ്ങോ പെയിന്റടിച്ച ആ വീടിനും അയ്യര്‍ക്കും ഒരേ പ്രായമായിരുന്നു. പുല്ലുകള്‍ മുളച്ചുപൊന്തിയ ആ മുറ്റത്തിന്‌ ഒരു ചൂല്‍തുമ്പിന്റെ പ്രസന്നത ആവശ്യമായിരുന്നു. ഇരിപ്പിടം ചൂണ്ടിക്കാണിച്ചുതന്നിട്ട്‌ അയ്യര്‍ അകത്തേക്ക്‌ പോയി. പുറത്തേക്കു വന്നത്‌ അയാളുടെ ഭാര്യയായിരുന്നു. മുടന്തിയാണ്‌ നടപ്പ്‌. അധികവണ്ണം താങ്ങാനുള്ള കെല്‍പ്പ്‌ ആ കാലുകള്‍ക്കില്ല. ഒരു ചിരിസമ്മാനിച്ചിട്ട്‌ അവര്‍ അടുക്കളയിലേക്ക്‌ പോയി.
പഴയ റേഡിയോയും, ടി.വിയുമുണ്ടായിരുന്നു ആ ഹാളില്‍. ഭിത്തിയിലുള്ള ചില്ലലമാരയിലെ താഴത്തെ റാക്കില്‍ തടിയന്‍ ഗ്രന്ഥങ്ങള്‍ ഒന്നും പുനസംവിധാനം ചെയ്യപ്പെട്ടിട്ടില്ലായെന്ന്‌ ഒറ്റനോട്ടത്തിലറിയാം ടീപ്പോയില്‍ ഒരു ഭഗവദ്ഗീതയിരിപ്പുണ്ട്‌ അതിന്റെ മുകളില്‍ ഒരു കുഞ്ഞു പാവക്കുട്ടിയും. ഞാനതിന്റെ മുഖത്തൊന്ന്‌ തൊട്ടു.
"അശോകന്റെ വീട്ടിലുണ്ടോ ടോയ്സ്‌...." അയ്യര്‍ ചോദിച്ചു. അകത്ത്‌ പോയിട്ടുവന്ന അയാള്‍ വസ്ത്രം മാറിയിട്ടുണ്ടായിരുന്നില്ല.
"പിള്ളേരെന്തൊക്കെയോ മേടിക്കാറുണ്ട്‌. നമുക്കതൊക്കെ ശ്രദ്ധിക്കാനെവിടെയാ നേരം".
കാപ്പിയുമായി അയ്യരുടെ ഭാര്യയെത്തി. ആ കാപ്പിക്ക്‌ വ്യത്യസ്തമായ രുചിയായിരുന്നു.
അശോകന്‍, അയ്യര്‍ പറഞ്ഞുതുടങ്ങി. ഈ സ്ഥലവും വീടും വില്‍പ്പനയായി. ഞങ്ങളുടെ ഒരു റിലേറ്റീവ്‌ തന്നെയാണ്‌ വാങ്ങിയത്‌. ഞാന്‍ അതറിഞ്ഞില്ലായിരുന്നു. എന്റെ ഭാര്യയും. അവളറിഞ്ഞി രുന്നെങ്കില്‍ പറയുമായിരുന്നു.
"വിലയൊക്കെ.........". ഞാന്‍ ചോദിച്ചു.
നമ്മുടെ ഡിമാന്റിലുമൊക്കെ ഒരുപാട്‌ താഴെപ്പോയി. തിരുവനന്തപുരത്തുനിന്ന്‌ കത്തുണ്ടായിരുന്നു. കെട്ടിടങ്ങളുടെ പണി കഴിഞ്ഞു. ഫങ്ങ്ഷന്‍ ചെയ്തു തുടങ്ങി. ഇനി പോകാം. ഇവള്‍ക്കിപ്പോള്‍ത്തന്നെ നടക്കാന്‍ വയ്യാതായി. എനിക്കും വേഗത കുറഞ്ഞു തുടങ്ങി. ഇനിപോവ്വല്ലെ നല്ലത്‌ അശോകന്‍. അയ്യര്‍ ചോദിച്ചു. എനിക്കുത്തരം മുട്ടിപ്പോയി. ഞാന്‍ ഭഗവദ്ഗീതക്കു മുകളിലിരുന്ന പാവക്കുട്ടിയെയെടുത്ത്‌ തലോടി. ഒഴിഞ്ഞഗ്ലാസിലെ ശൂന്യതപോലെ അയ്യരും നിശ്ശബ്ദനായി.
വിലയില്‍ വിട്ടുവീഴ്ച ചെയ്ത്‌ സ്ഥലവും വീടും വില്‍പ്പനയായത്‌ എന്നെ നിരാശനാക്കാതിരുന്നില്ല. നല്ല കമ്മീഷനാണ്‌ കളഞ്ഞുപോയത്‌. വൃദ്ധസദനത്തിലേക്ക്‌ പോകുന്ന ഈ വൃദ്ധദമ്പതികള്‍ക്ക്‌ ഇത്രയധികം പണമെന്തിന്‌. ശേഷകാലം എഴുനേറ്റു നടക്കാനുള്ള തന്റെ ഊര്‍ജ്ജത്തെപ്പോലും സംശയിക്കുന്ന ഇയാള്‍ ലക്ഷങ്ങളുടെ സംഖ്യ സംരക്ഷിക്കുന്നതെങ്ങിനെ. ഒരുപാടു ചോദ്യങ്ങളുണ്ടായി എന്റെ മനസ്സില്‍. മഹാമൗനത്തിലിരിക്കുന്ന ഈ വൃദ്ധന്റെ മുഖത്തുനിന്നും ഒന്നിനും ഉത്തരമുണ്ടാവില്ലെന്നത്‌ തീര്‍ച്ചയാണ.്‌
"അശോകനിനി പുതിയ അയല്‍ക്കാര്‍ വരും അവര്‍ക്ക്‌ കുട്ടികളുണ്ടാവും." അടുത്തയിടെയാണ്‌ മാര്യേജ്‌ കഴിഞ്ഞത്‌. അയ്യരുടെ ഭാര്യ പറഞ്ഞു. ഭര്‍ത്താവിന്റെ കസേരയില്‍ ചാരി നില്‍ക്കുകയായിരുന്നു അവര്‍. പാവക്കുട്ടിയെ ടീപ്പോയില്‍ വച്ചിട്ട്‌ ഞാനെഴുനേറ്റു.
"അശോകന്‍ വരൂ, ഒരു കൂട്ടം തന്നു വിടാം." അയ്യര്‍ എനിക്കൊപ്പം എഴുനേറ്റു.
എന്താണാവോ എനിക്കാകാംക്ഷയായി. ഹാന്‍ഡ്‌റെയിലില്‍ തലോടിക്കൊണ്ട്‌ അയാള്‍ മുകളിലേക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി. ഞാന്‍ അനുഗമിച്ചു.
കോണിപ്പടി കയറിച്ചെല്ലുന്നിടത്ത്‌ വെളിച്ചം കുറവായിരുന്നു. അവിടെ ആള്‍പ്പെരുമാറ്റം സാധാരണയായിരുന്നില്ല. കൈയിലിരുന്ന താക്കോല്‍ക്കൂട്ടത്തിലൊന്ന്‌ തെരുപ്പിടിച്ച്‌ അയ്യര്‍ മുറിതുറന്നു. ചുവരില്‍ തപ്പിപ്പിടിച്ച്‌ സ്വിച്ചിട്ടു. മുറിയിലേക്ക്‌ വെളിച്ചം തൂവിത്തെറിച്ച പ്രകാശത്തില്‍ ഞാന്‍ കണ്ടു. തറയില്‍ നിരന്നു കിടക്കുന്ന ഒട്ടനവധി പാവകള്‍. ആണ്‍രൂപങ്ങളും പെണ്‍രൂപങ്ങളും. ചിലതൊന്നും പൊട്ടിക്കാത്ത്‌ പാക്കുകള്‍. അതിന്റെ പ്ലാസ്റ്റിക്‌ പ്രതലത്തില്‍ വെളിച്ചം മുഖം നോക്കി.
എന്തിനിത്രയധികം പാവകള്‍. ഞാനമ്പരന്നുപോയി. അയ്യര്‍ ബദ്ധപ്പെട്ട്‌ ഒരെണ്ണം കുനിഞ്ഞെടുത്തു. അതൊരു പെണ്‍പാവയായിരുന്നു.
"ഞങ്ങളുടെ കുട്ടികള്‍." അയ്യര്‍ പറഞ്ഞു. കുറെക്കാലമായി ഈ ഇരുട്ടുമുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അശോകന്‍ കുറെയെടുത്തോണ്ട്‌ പൊയ്ക്കൊള്ളൂ. കുട്ടികള്‍ക്ക്‌ കൊടുക്കാം.
"എനിക്കൊന്നും വേണ്ട........." ഞാന്‍ വല്ലാതായി .
"അവള്‍ക്ക്‌ വല്ല്യ കമ്പമായിരുന്നു ഈ പാവക്കുട്ടികളെ. ഞങ്ങളുടെ മാര്യേജ്‌ കഴിഞ്ഞ്‌ ആദ്യം പോയ ആഘോഷസ്ഥലത്തുവച്ച്‌ അവള്‍ ആവ്യപ്പെട്ടത്‌ ഒരു പാവക്കുട്ടിയയായിരുന്നു. അന്ന്‌ ഞങ്ങളറിഞ്ഞിരുന്നില്ല ഞങ്ങള്‍ക്ക്‌ കുട്ടികളുണ്ടാവില്ലെന്ന്‌. പിന്നെ എന്നോ പിറക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ഞങ്ങളിത്‌ ധാരാളം വാങ്ങിക്കൂട്ടി. ഒടുക്കം ഇതൊക്കെത്തന്നെയായി ഞങ്ങളുടെ കുട്ടികള്‍. ഇവര്‍ ക്രിക്കറ്റ്‌ ബാറ്റ്‌ ആവശ്യപ്പെടില്ല, ഋതുമതിയാകില്ല."
അദ്ദേഹം പാവക്കുട്ടിയെ നിലത്തിട്ടു. ഏറെ സംസാരിച്ചതു കൊണ്ടാവാം അയ്യര്‍ അണക്കുന്നുണ്ടായിരുന്നു. അദ്ദേഹം കൈ ചുമരില്‍ ചാരി.
"നമുക്ക്‌ പോകാം." ഞാന്‍ പറഞ്ഞു.
"താന്‍ ഒന്നും എടുക്കുന്നില്ലേ....."
"വേണ്ട. വേണങ്കില്‍ പിന്നെയാകാം......."ഞങ്ങള്‍ മുറി വിട്ടുപോന്നു. പുറത്തിറങ്ങിയപ്പോഴേക്കും വെയില്‍ പരന്നിരുന്നു. സമയം വല്ലാതെ വൈകിയും.
പിന്നീടൊരു ദിവസം അയല്‍പക്കത്തേക്കെത്തിനോക്കിയ ഭാര്യ പറഞ്ഞു. ദേ, അവര്‌ പോക്വാന്ന്‌ തോന്നുന്നു.
ഞാന്‍ ഗെയിറ്റ്‌ വരെ ചെന്നു. ശരിയാണ്‌. ഒരു കാര്‍ വന്നിട്ടുണ്ട്‌. ഒരു ബൈക്കും. ഡ്രൈവര്‍ ഡിക്കി തുറന്നു പിടിച്ചിരിക്കുന്നു. കൈയിലെടുക്കാവുന്ന സാധനങ്ങളേ അവര്‍ കൊണ്ടപോകുന്നുള്ളൂ. അയ്യരുടെ കൈയിലിരിക്കുന്ന തുറന്ന ബാഗില്‍ ഞാനന്നു കണ്ട ഭഗവദ്ഗീതയാണ്‌ എറ്റവും മുകളില്‍ വച്ചിരിക്കുന്നത്‌. അതിനോട്‌ ചേര്‍ന്ന്‌ ആ പാവക്കുട്ടിയും. അതിന്റെ കൈകള്‍ ബാഗിന്റെ വക്കില്‍ പിടിച്ച്‌ പുറത്തേക്കു നോക്കിയിരിക്കുന്നു. അയ്യരുടെ മുഖത്തുനിന്ന്‌ പറയാത്ത യാത്രാനുവാദം ഞാന്‍ വായിച്ചെടുത്തു. കാര്‍ പുക അവശേഷിപ്പിച്ച്‌ നീങ്ങി.
ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ പുറപ്പെടാനൊരുങ്ങിയ ചെറുപ്പക്കാരന്റെ അടുത്ത്‌ ഞാന്‍ ചെന്നു.
"എന്നാ താമസം തുടങ്ങുക."
"കുറച്ച്‌ താമസിക്കും. വീടിന്‌ മെയിന്റനന്‍സുണ്ട്‌."
"കൂടെയാരൊക്കെ......"ഞാന്‍ ചോദിച്ചു.
"വൈഫ്‌ മാത്രമേയുള്ളൂ. കുറച്ച്‌ ഡെലിവറിപ്രോബ്ലംസുണ്ട്‌. അതു കൊണ്ടാ താമസിക്കുന്നത്‌."
എന്നെ നോക്കിച്ചിരിച്ച്‌ ബൈക്കോടിച്ചുപോകുന്ന ആ ചെറുപ്പക്കാരനേയും, ആ വീടിനേയും ഞാന്‍ നോക്കിയപ്പോള്‍ ആയാളേക്കുറിച്ചോര്‍ത്ത്‌ അകാരണമായ ഒരു ഭീതി എനിക്ക്‌ തോന്നി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...