24 Jun 2015

വിരഹമുരളി


ഇന്ദിരാബാലൻ
പഞ്ചമമദ്ധ്യമത്തിലേതോ
വിഷാദവൈഖരിയായി
ജന്മഗേഹത്തിൻ 
സ്മൃതിധൂളികൾ
മൃതിതാളങ്ങൾ
മുറുകിയ മണ്ണിൽ
കരിഞ്ചേരകളിഴയുന്നു
കാവലായ്‌
തീനാളങ്ങൾ
മൂകം കത്തിയെരിഞ്ഞു
ചിതലരിച്ചുറക്കുത്തി
വീടിൻഹൃദയഭിത്തികൾ
ആഹാര്യശോഭയിൽ
പൂത്തുനിന്ന പാർവ്വണ-
ദിനങ്ങളെത്രയോ വിദൂരം
സർഗ്ഗനീലിമ വിടർന്ന
അകത്തളങ്ങളോ
ഗാന്ധാരവിലാപങ്ങളയി.......
. ഉദയഭൂപാളശ്രുതിയിൽ
തുയിലുണർന്ന
സ്വരവിപഞ്ചികയിലെ
രാഗമാലികയോ
പാതി മുറിഞ്ഞു.
കലതൻ സംസ്കൃതി
പെരുമ തൻ കിരീട-
മണിഞ്ഞു അരുണാഭ-
യാർന്നൊരാ മിഴികളെന്നേ
സമാധി പൂണ്ടു......
ജീവിതസൂര്യനൊപ്പം
ചന്ദ്രാംശുവെപ്പേ‍ാൽ
പാതിയുടലായ്‌
ജീവനം ചെയ്ത
തരളഹൃദയവുമുറങ്ങുന്നു
മുൾപ്പൊന്തയിലെ
വാല്മീകമായ്‌.......
മഹാമൗനത്തിൻ
പടവിലെ പായലിൽ
പാദമിടറി വീണുറങ്ങിയോരാ
വളകിലുക്കത്തിൻ വിലാപങ്ങളും
കുരുങ്ങുന്നു നോവിന്നഗ്നിഗോളമായ്‌
പുകയുന്നേൻ കരളിലെ തീമല
,നിഷ്ക്രിയയായി
മൂകം യാത്രചൊല്ലി
വീടിൻ പടിയിറങ്ങി
ഞാനന്യയെപ്പോലെ.......
മിഴിയുയർത്താതെ
പിന്തിരിഞ്ഞൊന്നു നോക്കാതെ
ആർദ്ദ്രചിത്തവുമായുരുകി
മടങ്ങി ഞാനാ നോവിൻ മണ്ണിൽനിന്നും..........
കർമ്മസാക്ഷിയുണർന്നു
വീശുന്നു വെളിച്ചവും
കാലത്തിൻ സൂചിയും
നിലയ്ക്കാതെ നീങ്ങുന്നു
ജീവിതകടലോ
വറ്റിവരളുന്നു ക്ഷണികം
അപ്പോഴുമീ നിഷാദത്തിലിരുണ്ടു
മൂകവിശ്രന്തമായ്‌ നിൽക്കുമെൻ
വീടൊരു വിരഹമുരളിയായൊഴുകുന്നു നെഞ്ചിൽ.................!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...