24 Jun 2015

രാത്രിവണ്ടിയിലെ യാത്രക്കാരനും കൂട്ടുകാരിയും


ജിതേന്ദ്രകുമാര്‍


നനുക്കെ മഴ ചാറുന്നുണ്ട്‌. പക്ഷേ ആരും അതു കാര്യമാക്കുന്നില്ല. പത്രമോ മാസികയോ തലയ്ക്കു മുകളില്‍ ചരിച്ചു പിടിച്ചു കൊണ്ട്‌ പ്ലാറ്റ്ഫോമിലേക്കു വന്നെത്തുന്നവരാണേറെയും. കുട മടക്കി കക്ഷത്തു വെച്ചവരുമുണ്ട്‌ അക്കൂട്ടത്തില്‍.
മഴക്കു ജാള്യം തോന്നിക്കാണണം, പമ്മിയൊളിച്ചു മേഘക്കീറിനു പിന്നില്‍. ആരും അതു കണ്ടില്ല. എങ്ങിനെ കാണും? വെളിച്ചമൊളിച്ച രാത്രിയല്ലേ. കൂട്ടിനു പവര്‍കട്ടും.


ഘടികാരത്തിനു പെട്ടെന്നൊരു ബോധോദയം. ഒന്നും ഉള്ളില്‍ വെക്കുന്ന പതിവ്‌ മൂപ്പര്‍ക്കില്ലല്ലോ. തന്റെ പുത്തന്‍അറിവ്‌ ഉടന്‍ വിളിച്ചോതി. നീണ്ട പത്തുമുഴക്കങ്ങളിലൂടെ. ചുമരില്‍ കുരിശ്ശിലേറ്റിയ കറുത്തപെട്ടി ചിരട്ടത്തൊണ്ട തുറന്നു. ചകിരി ശബ്ദം കയറുപോലെ പിരിഞ്ഞു നീണ്ടു. പല തവണ. പല ഭാഷയില്‍.
"യാത്രക്കാരുടെ ശ്രദ്ധക്ക്‌. തിരുവനന്തപുരത്തു നിന്നും പാലക്കാട്‌ വരെ പോകുന്ന ട്രെയിന്‍ നമ്പര്‍ ആറ്‌ മൂന്ന്‌ നാല്‌ മൂന്ന്‌ അമൃതാ എക്സ് പ്രസ്സ്‌ പത്തു മണി അമ്പത്‌ മിനുട്ടുകള്‍ക്ക്‌ മൂന്നാമത്തെ പ്ലാറ്റ്‌ ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിയോം കൃപയാ ധ്യാന്‍ ദേ....... "
ശ്രദ്ധ ഉണര്‍ന്നു. ധൃതി ഉണര്‍ന്നു. ഒച്ച ഉണര്‍ന്നു. മഴ ഉണര്‍ന്നു. എത്തേണ്ടിടത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ന്നു. ഉറക്കം വീണ്ടും ഉറങ്ങാനായി ഉണര്‍ന്നു. നിശബ്ദതയുടെ താരാട്ടു കേട്ടുറങ്ങാന്‍.
എത്രയേറെ ഉറക്കങ്ങളാണാ മുറിയില്‍ വിശ്രമിക്കുന്നത്‌! എന്തൊക്കെത്തരം ഉറക്കങ്ങള്‍! നിശബ്ദമായത്‌. കുറുങ്ങുന്നത്‌. മുരളുന്നത്‌. തറയില്‍ വളഞ്ഞത്‌. ബെഞ്ചില്‍ നിവര്‍ന്നത്‌. പെട്ടിപ്പുറത്തേക്ക്‌ ഒടിഞ്ഞത്‌. ബാഗിലേയ്ക്ക്‌ തല ചായ്ചത്‌. മുന്‍സീറ്റിലേക്കു ചാഞ്ഞത്‌. കണ്ണടച്ചത്‌. തുറന്നത്‌. പാതിയടച്ചത്‌. അനുനിമിഷം പെറ്റു പെരുകുന്ന എണ്ണമറ്റ ഉറക്കങ്ങള്‍. എങ്ങും മുഷിഞ്ഞ ഉറക്കത്തിന്റെ വാട. വസ്ത്രങ്ങളും മുഷിഞ്ഞു ചുളിഞ്ഞവയാണെങ്ങും. തീരെ തിളക്കമില്ലാത്തവ.
തിളക്കമുള്ളതായി ?? ഒന്നുണ്ട്‌. കറുത്തബാഗിനെ പാതിമൂടിയ പട്ടുപ്പാവാട. മഞ്ഞക്കസവുള്ള ചുവന്ന പാവാട. അതിനു താഴേ ബാഗിനിരുവശവുമായി രണ്ടു പൊന്‍പാദസരങ്ങള്‍ പുല്കിയ മാന്തളിര്‍ കണങ്കാലുകള്‍. തീര്‍ന്നു. മറ്റൊന്നുമില്ല അവിടെ തിളക്കമുള്ളതായി. ഉറക്കത്തിനു പോലുമുണ്ട്‌, ഓര്‍മ്മയുടെ കറ.
ഘടികാരം വീണ്ടും ഉണര്‍ന്നു. പുതിയ കണ്ടെത്തല്‍ ഒറ്റ മുഴക്കത്തിലൂടെ ഉദ്ഘോഷിച്ചു. ഉറക്കം പരക്കെ ഞെട്ടി. സ്വപ്നങ്ങള്‍ മുറിഞ്ഞു. അങ്ങിങ്ങ്‌ കോട്ടുവായ കാറ്റ്‌ ഊതി. ദൂരെയൊരു ജൂസറിന്റെ രോദനം. നടന്നകലുന്ന ചെരുപ്പ്‌ നേര്‍ത്തു നേര്‍ത്തില്ലാതാകുന്ന താളം. ചൂളം വിളി കാറ്റിലലിഞ്ഞു ചേരുന്ന സംഗീതം. ചക്രങ്ങളുടെ കരുത്തില്‍ ഞെരിയുന്ന പാളങ്ങളുടെ കിരുകിരുപ്പ്‌. എല്ലാം മഴയുടെ സാന്ത്വനത്തിലലിഞ്ഞു മണ്ണിലമരുന്ന ഗന്ധം.
പോയത്‌ ഗൂഡ്സ്‌ വണ്ടിയെന്നു കണ്ണുതുറക്കാത്ത ബോധം പറഞ്ഞു. പറഞ്ഞില്ലെങ്കിലും അറിയാമായിരുന്നു. വര്‍ത്തമാന തേനീച്ചക്കൂടിന്റെ മുഴക്കമില്ലായ്മയില്‍ നിന്ന്‌. പദന്യാസങ്ങളുടെ അഭാവത്തില്‍ നിന്ന്‌. ചായ, കാപ്പി ബഹളങ്ങളുടെ ഉണരായ്മയില്‍ നിന്ന്‌.
ഉണര്‍ന്നത്‌ ഏതോ കുഞ്ഞിത്തൊണ്ട. ദാഹത്താലാവാം. വിശപ്പുകൊണ്ടാവാം. മൂട്ടകടിയാലാവാം. അല്ലെങ്കില്‍ മൂത്രസഞ്ചി നിറഞ്ഞിട്ടാവാം. മൂത്രപ്പുരവാതില്‍ക്കല്‍ നാണയത്തുട്ടുകളിലേക്കു കെട്ടുവീണ ഉറക്കം. ബോധത്തിന്റെ തിരിയിലെവിടെയോ നനവ്‌. തോന്നലാണോ? എങ്ങോ വാതില്‍പ്പാളികള്‍ കരയുന്നുണ്ട്‌. പാട്ടയില്‍ വെള്ളം ചിരിക്കുന്നുണ്ട്‌.
നാണയത്തുട്ട്‌ മേശമേലിട്ടപ്പോള്‍ കെട്ടുവീണ ഉറക്കം ഞെട്ടി. കറുത്ത പെട്ടിയുടെ തൊണ്ട കാറി. "യാത്രക്കാരുടെ ശ്രദ്ധക്ക്‌ .. " ആകാംക്ഷയുടെ കണ്ണുകള്‍ തുറന്നു. പ്രതീക്ഷയുടെ കാതുകള്‍ കൂര്‍ത്തു. "... അമൃതാ എക്സ്പ്രസ്‌ പന്ത്രണ്ടു മണി അമ്പത്തഞ്ചു മിനിട്ടുകള്‍ക്ക്‌ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക്‌.... "
ഉണര്‍വിന്റെ കണ്ണുകള്‍ അടഞ്ഞു. ബോധത്തിന്റെ കൂര്‍ക്കംവലി ഉയര്‍ന്നു. അറിവ്‌ ഉറക്കത്തിലാണ്ടു. പ്രജ്ഞയുടെ സ്വയമലിഞ്ഞില്ലാതാകുന്ന ഗാഢനിദ്ര.
മഴയിലുണര്‍ന്ന പാളങ്ങള്‍. പാളത്തിലുറങ്ങുന്ന ഒരു ഗൂഡ്സ്‌ സുന്ദരി. മൈഥുനേച്ഛയില്‍ വന്നു മുട്ടിയ മുട്ടാളന്‍ എന്‍ജിന്‍. വിജൃംഭിതമായ കാമത്തിന്റെ വന്യമായ മുഴക്കത്തില്‍ പ്ലാറ്റ്ഫോം വിറച്ചു. മഴ ഞെട്ടി. ഉറക്കം ഞെട്ടി. പാളത്തിലേക്കു പായുന്ന കണ്ണുകള്‍. കറുത്ത പെട്ടിയിലേക്കു കൂര്‍പ്പിക്കുന്ന കാതുകള്‍. പരതുന്ന കൈകള്‍. ചടുലമാകുന്ന കാലുകള്‍. അനങ്ങുന്ന ബാഗുകള്‍. നിരങ്ങുന്ന പെട്ടികള്‍. പ്രസരിപ്പിന്റെ പാദസരങ്ങള്‍.
ആരോ വാതില്‍ തള്ളിത്തുറന്നു. ഈറനുടുത്ത കാറ്റാണ്‌. മഴയുടെ മണം മടിക്കുത്തില്‍ ഒളിപ്പിച്ചത്‌. മുകളില്‍ അപ്പോഴും പങ്കയുടെ പടപടപ്പ്‌. ചുമരിലുറങ്ങുന്ന ഘടികാരത്തിന്റെ ഹൃദയമിടിപ്പ്‌. കറുത്ത പെട്ടിയുടെ പിറുപിറുപ്പ്‌. കാത്തിരുപ്പിന്റെ അറുമുഷിപ്പ്‌.
ഘടികാരം വീണ്ടും മുഴങ്ങി. രണ്ടു നീണ്ട മുഴക്കങ്ങള്‍. അതിനിടയിലും ഉറക്കം ഒളിച്ചിരിപ്പുണ്ടോ?
കറുത്തപെട്ടി പിറുപിറുത്തു. "യാത്രക്കാരുടെ ശ്രദ്ധക്ക്‌. തിരുവനന്തപുരത്തു നിന്നും പാലക്കാട്‌ വരെ പോകുന്ന ട്രെയിന്‍ നമ്പര്‍ ആറ്‌ മൂന്ന്‌ നാല്‌ മൂന്ന്‌ അമൃതാ എക്സ്പ്രസ്സ്‌ മൂന്ന്‌ മണി മുപ്പത്തഞ്ചു മിനുട്ടുകള്‍ക്ക്‌ മൂന്നാമത്തെ പ്ളാറ്റ്‌ ഫോമിലേക്കു എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു. യാത്രിയോം കൃപയാ ധ്യാന്‍ ദേ....... "
കറുത്തപെട്ടിയുടെ താഴെയിരുന്നുറങ്ങുന്ന പാറ്റ. പെട്ടിക്കു മുകളില്‍ ഉറങ്ങാത്ത പല്ലി. ഒന്നു വെട്ടിച്ചാടിയ പല്ലിയുടെ വായില്‍ പിടയ്ക്കുന്ന പാറ്റ. വേദന വിഴുങ്ങുന്ന പാറ്റ. വെളിപാടു പോലെത്തുന്ന അതിന്റെ അറിവുകള്‍. ചെയ്യേണ്ടത്‌ ചെയ്തില്ലെന്ന അറിവ്‌. പലതും ചെയ്യാമായിരുന്നെന്ന അറിവ്‌. ഇനിയൊന്നും ചെയ്യാനാവില്ലെന്ന അറിവ്‌. ചെയ്തിട്ടും പ്രയോജനമില്ലെന്ന അറിവ്‌. നിസ്സഹായതയെ ഗര്‍ഭം ധരിച്ച അനേകം അറിവുകള്‍. ഒപ്പം രാത്രിവണ്ടി വന്നെത്തിയെന്ന തിരിച്ചറിവും.
വണ്ടിയില്‍ കയറിപ്പറ്റാന്‍ എന്തൊരു തത്രപ്പാട്‌! പിന്നെ.... ഇരുളിന്റെ തുരങ്കത്തിലലിയുന്ന വണ്ടിയില്‍, മറുവശത്തെ വിസ്മയങ്ങള്‍ക്കായി അയാള്‍ തനിച്ച്‌...? അല്ല, അയാളുടെ ഒരേയൊരു കൂട്ടുകാരിയുമൊത്ത്‌....


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...