24 Jun 2015

രണ്ടുകവിതകൾ ..


അന്‍വര്‍ ഷാ ഉമയനല്ലൂര്‍

 കനല്‍വെളിച്ചത്തില്‍

നിന്നെയറിഞ്ഞേന്‍ രചിച്ച കാവ്യങ്ങളെന്‍
രാഗാര്‍ദ്ര സാരസന്ദേശം
നിന്നില്‍നിന്നുതിരുന്ന കണ്ണുനീരെന്നപോ-
ലറിയുന്നതാര്-സാരാംശം?
നിന്നകംനീറ്റുന്ന നാള്‍വഴികള്‍തേടിയെന്‍
പിറകേനടന്നയാ,ക്കാലം
ചിറകൊതുക്കീടുവാ-നനുവദിക്കാതെ, പിന്‍-
നിഴലായിനില്‍ക്കുന്നുവീണ്ടും.
വേര്‍പിരിഞ്ഞൊഴുകുന്ന നീര്‍ച്ചോലയായിയ-
ന്നകലേയ്ക്കകന്നുവെന്നാലും
തെന്നലായേതോ വിലോലഭാവങ്ങള്‍ വിണ്‍-
കണ്ണീര്‍ത്തുടയ്ക്കുന്നു നൂനം!
ചെന്നിണത്തുളളികള്‍ക്കുളളിലായെഴുതിയ-
ന്നൊരുപാടുസ്നേഹപര്യായം
തന്നതില്ലൊടുവില്‍നിന്‍ ചാരത്തണയുവാന്‍
നേരം; കടംകൊണ്ടലോകം
പേരെടുത്തീടുവാന്‍ പോരാടിനില്‍ക്കുവോര്‍
കൂരമ്പൊരുക്കി,യെന്നാലും
ചാരത്തണഞ്ഞില്ലൊരിക്കലും; ചിരിമായ്‌ച്ചു-
കരിചാര്‍ത്തുവാറുളള രൂപം
ദളകാലവേഗംകണക്കെ നില്‍ക്കുന്ന ഞാന്‍
തളരാതിരിക്കുവാന്‍പോലും
ദയയോടെ,പിന്നെയുമെഴുതുന്നു സമയമെന്‍
തുളവീണ ജാതകത്താളില്‍
തിരികൊളുത്തിത്തന്ന വേഗങ്ങള്‍ തിരകെവ-
ന്നെതിരേറ്റിടുന്നപോലേവം;
തെളിക്കുന്നതാരെന്നറിയുവാന്‍ ക്ഷമയോടെ,

തുടച്ചുനോക്കുന്നിതെന്നുളളം!!
                           
കവിപോയകാലം...
ചിന്താനദിക്കരയിലൊരുചെറുതോണിതന്‍-
നിഴലുപോല്‍ നിന്‍ കവിതയരികെവന്നണയുന്നു
വീണ്ടുമീയകമൊന്നു നനയുന്നു പതിയെ,യാ-
സ്മരണണയൊരു നൃപസൂനമായ് വിരിഞ്ഞീടുന്നു.
വര്‍ണ്ണങ്ങളോരോന്നെഴുതിമായ്ച്ചുലകിലെന്‍
കണ്ണീര്‍മുകില്‍പോലെ; തിരുഹിതം പെരുകവേ,
ചെന്നിണംപോല്‍പൊടിഞ്ഞീടുന്നിടനെഞ്ചി-
ലൊരുപാടു സ്‌മരണാര്‍ദ്ധമലരുകള്‍ പതിവിലും.
പൊയ്പ്പോയ നല്ക്കാലമതിവേഗമരികെവ-
ന്നന്‍പോടുണര്‍ത്തുന്നു നിന്‍പെരിയ കവിതകള്‍
ഏകാകിയായകലെനില്‍പ്പുണ്ടു് കാണ്മുഞാന്‍
തവകാവ്യനിഴലുപോലൊരുമഹിതവെണ്‍മുകില്‍.
തണലേകിനില്‍ക്കിലുമിക്കാലമൊരുപോലെ-
തിരയുന്നു പതിവുപോല്‍ പതിയെനിന്‍ഹൃദ്സ്വരം
കൊതിക്കുന്നിതേനുമാ, തുടര്‍ക്കാലഗീതങ്ങള്‍
കേള്‍ക്കുവാന്‍വീണ്ടു,മൊരുപുലരിയായുണരുവാന്‍.
തിടുക്കത്തിലണയുന്നൊരുപാടു സ്‌നേഹിതര്‍
മിടിക്കുമ്പോള്‍മാത്രമെന്നറിഞ്ഞനി-ന്നറിവുപോല്‍
നിറയ്‌ക്കുന്നകമെ,യൊരായിരം സ്‌മരണകള്‍
തുടിക്കയാല്‍പിന്നെയും ഝടിതിയേന്‍ബഹുവിധം.
കുറിക്കയാണിപ്പോളൊരുവേള; കുതിരപോല്‍-
ക്കുതിക്കുവാന്‍വെമ്പിനില്‍ക്കുന്നൊരീ,ക്കവിതകള്‍
വിധിക്കായെറിഞ്ഞുനല്‍കീടാന്‍ തുനിഞ്ഞവര്‍
സ്‌തുതിക്കുന്നൊളിഞ്ഞുനി-ന്നൊരുവേളയീപ്പകല്‍.
* * * * * * *
മറക്കരുതൊരുപോലെയിവരെനാം,സ്നേഹിതാ
യുയര്‍ത്തേണ്ടതുണ്ടിവര്‍ക്കൊരു മഹിത സ്‌മാരകം
തിരിഞ്ഞുനോക്കാറില്ലയാരുമേ, സ്‌മൃതികളില്‍
തെളിച്ചിടുന്നില്ലാര്‍ദ്ര മൊഴികള്‍പോല്‍ പുലരികള്‍.
തിരഞ്ഞെത്തുമൊരുപോലെ,യാരെയുമെന്നറി-
ഞ്ഞന്‍പോടുണര്‍ന്നു വര്‍ത്തിക്കേണമൊന്നുപോല്‍
പിരിഞ്ഞുപോകേണ്ടവരാണുനാം, ധരണിവി-
ട്ടെന്നറിഞ്ഞറിവിനൊരു; സ്ഥിരഭാഷ പകരുവാന്‍!
*കവി ശ്രീ. ഡി. വിനയചന്ദ്രനെ അനുസ്മരിച്ചുകൊണ്ട്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...