ശ്രീജിത്ത് മൂത്തേടത്ത്
ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത് മനുഷ്യന്റെ സർഗ്ഗാത്മക മനസ്സിന്റെ ദർപ്പണമാവുമ്പോഴാണ്. കേവലം ആശയ വിനിമയത്തിനുള്ള ഉപാധി എന്നതിനപ്പുറം മനുഷ്യ മനസ്സിന്റെ അന്തഃചോദനകളുടെ പ്രകാശനത്തിനുള്ള ഉപാധി കൂടിയാവണം ഭാഷ. രൂപപ്പെടലിന്റെ ഘട്ടത്തിൽ ഇത്തരമൊരു നിർവ്വചനമോ, ഉദ്ദേശ്യമോ, ധർമ്മ വ്യാഖ്യാനമോ ഭാഷയ്ക്കില്ലായിരുന്നുവേങ്കിലും അതിന്റെ വികാസഘട്ടത്തിൽ വന്നുചേർന്നിട്ടുള്ള ചുമതലകളാണിവ. വികാസം പ്രാപിച്ച് പുരോഗമിക്കുന്ന ഒന്നിനു മാത്രമാണല്ലോ പുതിയ ധർമ്മങ്ങൾ ചാർത്തപ്പെടുന്നത്. ഒരു ചെടി വളർന്ന് വലുതാവുമ്പോഴാണല്ലോ അതിന് തണൽ നൽകുക, ഫലം നൽകുക, വിവിധ ജീവജാലങ്ങൾക്ക് കൂടൊരുക്കുക തുടങ്ങിയ അനേകമനേകം ധർമ്മങ്ങൾ കൽപിക്കപ്പെടുന്നത്. ഭാഷ അതിന്റെ ധർമ്മം നിർവ്വഹിക്കുന്നത് സാഹിത്യത്തിലൂടെയാണ്. എഴുത്തുരൂപത്തിലുള്ളതോ, വാമൊഴി രൂപത്തിലുള്ളതോ ആയ സാഹിത്യത്തിലൂടെയാണ് ഭാഷയുടെ സർഗ്ഗാത്മക വികാസം സാധ്യമായിട്ടുള്ളത് എന്നു പറയാം.
അങ്ങിനെ നോക്കുമ്പോൾ ഭാഷയുടെയും, സാഹിത്യത്തിന്റെയും നിൽപ് പരസ്പര പൂരകമാണെന്നു വ്യക്തമാകും. അതായത് ഭാഷയുടെ വികാസം സർഗ്ഗാത്മക സാഹിത്യത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നതും, സർഗ്ഗാത്മക സാഹിത്യത്തിന്റെ വികാസം ഭാഷയുടെ വികാസത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്നതും പരസ്പരാശ്രിതങ്ങളാണ്. ഇവിടെ സാഹിത്യത്തിനും, ഭാഷാ വികാസത്തിനും ഒരു സന്തുലിത ലക്ഷ്യം കൈവരുന്നു. സർഗ്ഗാത്മക വികാസം. പ്രശസ്ത ദക്ഷിണാഫ്രിക്കൻ വിമോചന സമരപ്പോരാളിയും, ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടുമായിരുന്ന നെൺസൺ മണ്ഡേല പറയുന്നു : ?നിങ്ങൾ ഒരാളോട് അയാൾക്കു മനസ്സിലാവുന്ന ഏതെങ്കിലുമൊരു ഭാഷയിൽ സംസാരിക്കുമ്പോൾ അത് അയാളുടെ തലച്ചോറിലേക്കു കയറുന്നു. നിങ്ങൾ ഒരാളോട് അയാളുടെ സ്വന്തം മാതൃഭാഷയിൽ സംസാരിക്കുമ്പോൾ അത് അയാളുടെ ഹൃദയത്തിലേക്കു കയറുന്നു? (“If uou talk to a man in a language he understand, that goes t his head. If you talk him in his own language, that goes to his heart”) ദീർഘകാലം ഭാഷാ - വർണ്ണാധിനിവേശത്തിൽ കഴിയേണ്ടിവന്ന ഒരു നേതാവിന്റെ വാക്കുകളാണിവയെന്നോർക്കണം. ആൽബർട്ട് ഐൻസ്റ്റീൻ മുതൽ, രബീന്ദ്രനാഥ് ടാഗോർ വരെ നിരവധി പേർ ഇതേ ആവശ്യമുന്നയിച്ചവരാണ്.
സാഹിത്യം പരിപോഷിപ്പിക്കപ്പെടുകയും, അത് കൂടുതൽ സർഗ്ഗാത്മകമാവുകയും ചെയ്യുക അത് തലച്ചോരിനേക്കാൾ ഹൃദയത്തോടു ചേർന്നു നിൽക്കുമ്പോഴാണ്. ഹൃദയത്തോടു ചേർന്നു നിൽക്കണമെങ്കിൽ അവനവന്റെ മാതൃഭാഷയിലൂടെയാവണം രചന. മാതൃഭാഷയിലുള്ള സാഹിത്യ രചന മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുകയും, തദ്വാരാ മാതൃഭാഷയുടെ വികാസം സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മലയാള ഭാഷയുടെ വികാസപരിണാമമോ, തമിഴ് ഭാഷയുടെ വികാസ പരിണാമമോ, പഠനവിധേയമാക്കുമ്പോൾ നമ്മൾ എഴുത്തച്ഛനിലേക്കും, തിരുവുള്ളരിലേക്കും പോവുന്നത് അതുകൊണ്ടാണ്. നമ്മൾ മലയാള ഭാഷ പഠിക്കുന്നത് കുഞ്ചൻ, തുഞ്ചൻ, ചെറുശ്ശേരി; ആശാൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരുടെ കാവ്യരചനകളിലൂടെയും, സി.വി. രാമൻപിള്ള, ഒ. ചന്തുമേനോൻ തുടങ്ങിയവരുടെ ഗദ്യരചനകളിലൂടെയുമാണല്ലോ.
പറഞ്ഞുവന്നത്, ഭാഷയ്ക്ക് മണ്ണിന്റെ മണമുള്ള സാഹിത്യസൃഷ്ടികളുടെ പൈന്തുണയുണ്ടാവണം അത് ഹൃദയത്തോടുചേർന്ന് വളർന്ന് വികാസം പ്രാപിക്കുവാൻ എന്നതാണ്. മലയാള ഭാഷയിൽ ഈയടുത്തകാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെന്താണെന്നൊന്നു നമുക്കു പരിശോധിക്കാം. ഈയിടെ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ചുനടന്നൊരു സാഹിത്യ ചർച്ചയിൽ പ്രശസ്ത സാഹിത്യ നിരൂപകനും, അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ബാലചന്ദ്രൻ വടക്കേടത്ത് ഇങ്ങിനെയൊരഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി : ?മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് അന്യദേശപ്രമേയങ്ങളായ കൃതികളാണ്. ഇന്നത്തെ ബെസ്റ്റ് സെല്ലറുകളായ ബെന്ന്യാമിന്റെ 'ആടുജീവിതം', കെ.ആർ. മീരയുടെ 'ആരാച്ചാർ', ടി.ഡി. രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' എന്നിവയെല്ലാം അന്യദേശ പ്രമേയങ്ങളായ കൃതികളാണ്. ഇത് മലയാളിയുടെ ജാഡയാണ്.? സാഹിത്യ അക്കാദമിയിൽ വച്ചുതന്നെ നടന്ന മറ്റൊരു ചർച്ചയിൽ പ്രശസ്ത കഥാകൃത്ത് യു.കെ. കുമാരൻ പറയുകയുണ്ടായി : ?മണ്ണിന്റെ മണമുള്ള നമ്മുടെ സ്വന്തം പ്രദേശത്തിന്റെ കഥ നമ്മുടെ നാട്ടുഭാഷയിൽ എഴുതി ഫലിപ്പിക്കുന്നതിന്റെ സുഖവും, സംതൃപ്തിയും മറ്റൊന്നിലും കിട്ടില്ല.? അദ്ദേഹത്തിന്റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന നോവലിന്റെ അധികരിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയവെയാണ് യു.കെ. കുമാരൻ അങ്ങിനെ പ്രസ്താവിച്ചതു.
മേൽ പറഞ്ഞ കാര്യങ്ങൾക്ക് എന്തെങ്കിലും സാധുതയുണ്ടോ എന്നതും, മലയാളഭാഷയിൽ വായനക്കാർ നെഞ്ചേറ്റിയ എഴുത്തുകാരെയും അവരുടെ രചനകളെയും പരിശോധിച്ച് നമുക്ക് ഒന്നു വിലയിരുത്താം. ഏറ്റവും ആദ്യം 'ഒരു ദേശത്തിന്റെ കഥ'യും, 'നാടൻ പ്രേമ'വുമെഴുതി മലയാളി മനസ്സിനെ കവർന്നെടുത്ത എസ്.കെ. പൊറ്റെക്കാടിന്റെ കൃതികൾ നമുക്ക് പരിശോധിക്കാം. ഒരു സഞ്ചാരസാഹിത്യകാരൻ എന്ന നിലയിൽ അന്യദേശ വിഷയിതമായിട്ടുള്ള നിരവധി സഞ്ചാരക്കുറിപ്പുകൾ എഴുതിയിട്ടുണ്ടെങ്കിലും മലയാളി ഏറ്റവും കൂടുതൽ നെഞ്ചേറ്റിയത് ഒരു ദേശത്തിന്റെ കഥയാണെന്നു കാണാം. 1980ൽ അദ്ദേഹത്തെ ജ്ഞാനപീഠത്തിനർഹനാക്കിയതും ഈ കൃതിതന്നെയാണല്ലോ. അതിരാണിപ്പാടത്തെ ശ്രീധരനെയും, കൊച്ചാപ്പുവിനെയുമൊക്കെ മലയാളിക്ക് മറക്കാനാവുമോ? തദ്ദേശീയമായ ഭാഷ ഉപയോഗിക്കാൻ എഴുത്തുകാരൻ ശ്രമിച്ചതും, മണ്ണിന്റെ മണമുള്ള പ്രമേയം സ്വീകരിച്ചതുമാണ് ഈ നോവലിന്റെ വിജയം എന്നു പറഞ്ഞാൽ തള്ളിക്കളയാനാവുമോ, മലയാളിയെ ചിരിക്കാനും ചിന്തിക്കാനും ഒരേ സമയം പ്രേരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ ഒന്നു പരിശോധിച്ചു നോക്കൂ. പാത്തുമ്മയുടെ ആടും, ആനവാരിയും പൊൻകുരിശും, എട്ടുകാലി മമ്മൂഞ്ഞുമൊക്കെ മലയാളിയുള്ളിടത്തോളം കാലം ജീവിക്കുന്നവയാണ്. തദ്ദേശീയമായ ഭാഷയും, പ്രമേയവുമായിരുന്നു ബഷീറിന്റെ വിജയം.
മലയാളി സാഹിത്യത്തിലൂടെയും, സിനിമയിലൂടെയും നെഞ്ചേറ്റിയ തകഴിയുടെ ചെമ്മീൻ കടലോരഭാഷയാണ് സംസാരിക്കുന്നത്. കറുത്തമ്മയെയും, പരീക്കുട്ടിയെയും, ഓർക്കുമ്പോൾ മലയാളി ആ കടലോരവും, കടലോരഭാഷയും ഓർക്കുന്നു. കടൽത്തിരകളുടെ മണവും, നനഞ്ഞ പൂഴിമണലിന്റെ മണവും ലഭിക്കുന്നു. കടലോരസംസ്കാരത്തിന്റെ മണം ലഭിക്കുന്നു. എം.ടി. വാസുദേവൻ നായരുടെ കൃതികൾ നമ്മെ വള്ളുവനാട്ടിലെ നിളാതീരഗ്രാമങ്ങളിലേക്കാണു കൊണ്ടുപോകുന്നത്. മലയാളിക്ക് ഇത്രയധികം സ്വീകാര്യനാവാൻ എം.ടി.ക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ കൃതികളിലെ പ്രാദേശിക പ്രമേയവും, ഭാഷയും കാരണമാണെന്ന് പറയാതിരിക്കാൻ വയ്യ. നായർ തറവാടുകളുടെ ജീവിതവും, സംസ്കാരവും, ഒപ്പം അതോടൊത്തു ജീവിതം മുന്നോട്ടു കൊണ്ടുപോവുന്ന ഇതരജീവിതങ്ങളെയും നമുക്ക് എം.ടി.യുടെ കൃതികളിൽ കാണുവാനാവുന്നു. മലയാളിക്ക് ഇത്രയധികം സ്വീകാര്യനാവാൻ എം.ടി.ക്ക് കഴിഞ്ഞത് അദ്ദേഹത്തിന്റെ കൃതികളിലെ പ്രാദേശിക പ്രമേയവും, ഭാഷയും കാരണമാണെന്ന് പറയാതിരിക്കാൻ വയ്യ. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലൂടെ മലയാള സാഹിത്യ ചരിത്രത്തെ ഖസാക്കിനു മുമ്പും, ശേഷവും എന്നു വിഭജിച്ച ഒ.വി. വിജയൻ പാലക്കാട് ജില്ലയിലെ തസ്രാക്ക് ഗ്രാമത്തിന്റെയും, ഗ്രാമ്യഭാഷയുടെയും, ഗ്രാമ്യ കഥാപാത്രങ്ങളുടെയും ബലത്തിലാണ് ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ മലയാളിയുടെ ഇതിഹാസമാക്കിയത്. രവിയെയും, മൈമൂനയെയും അറിയാത്ത മലയാളികളുണ്ടാവില്ലല്ലോ.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ ഹൃദയത്തിലിടം പിടിച്ച എം. മുകണ്ടന്റെ കൃതികളിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ജന്മദേശമായ മയ്യഴിയും, പരിസരവുമാണ് ഭൂമിക. പ്രമേയം നാട്ടുജീവിതവും, ഭാഷ നാട്ടുഭാഷയും. ഈ നാടും, നാട്ടുഭാഷയും സൃഷ്ടിക്കുന്ന വൈകാരികതയെയാണ് തന്റെ കൃതികളുടെ വിജയമെന്ന് മുകുന്ദൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഉറൂബിന്റെ ഉമ്മാച്ചുവും സംസാരിക്കുന്നത് നാട്ടുഭാഷയും, പറയുന്നത് നാട്ടുകഥയുമാണല്ലോ. യു.എ. ഖാദറിന്റെ തൃക്കോട്ടൂർ പെരുമയും, കഥകളും, എൻ.എസ്. മാധവന്റെ ലന്തൻ ബത്തേരിയിലെ ലുത്തിനിയകളും സംസാരിക്കുന്നത് നാട്ടുഭാഷതന്നെ. ഏറ്റവുമൊടുവിൽ സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിന്റെ സ്വീകാര്യതയ്ക്കും കാരണം അത് പ്രമേയമാക്കുന്നത് കടുങ്ങല്ലൂർ ഗ്രാമത്തിലെ മനുഷ്യരെയും, മണ്ണിനെയും ഭാഷയെയും സംസ്കാരത്തെയുമാണ് എന്നതാണ്.
ഇത്രയും പറഞ്ഞത് മലയാള സാഹിത്യത്തിന്റെ വികാസപരിണാമ ചരിത്രത്തിൽ ഹൃദയത്തോട് ചേർന്നു നിന്ന് നിസ്തുലമായ പങ്കുവഹിച്ചതു മാതൃഭാഷയുടെ പ്രാദേശിക ഭേദങ്ങളുടെ ഉപയോഗവും, മണ്ണിന്റെ മണവുമുള്ള തദ്ദേശീയമായ പ്രമേയവും ആണെന്നുള്ളതാണ്. മറ്റുള്ളവ മോശമാണെന്നോ, അനാവശ്യമാണെന്നോ അതിനർത്ഥമില്ല. പക്ഷെ ഭാഷയുടെ സർഗ്ഗാത്മക വികാസത്തിനും, സർഗ്ഗാത്മകഭാവനാസമ്പുഷ്ടമായ സാഹിത്യത്തിന്റെ വികാസത്തിനും, എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്കാരം എന്ന ധ്യേയവാക്യം എത്രത്തോളം ഉയിരും, നീരും നൽകുന്നുവേന്നതാണ് കാര്യം.
നമ്മുടെ നാട്ടുഭാഷയും, നാട്ടുപേച്ചുകളും, നാട്ടുമണവും, നാട്ടുസംസ്കാരവും കുഴിച്ചാലും, കുഴിച്ചാലും തീരാത്ത അക്ഷയ ഖാനികളാണ്. അതിൽ ഇനിയുമെത്രയോ സഹശ്രമിരട്ടി അമൂല്യ രത്നങ്ങളും, മുത്തുകളുമുണ്ട്. അവയെ ശ്രദ്ധാപൂർവ്വമൊന്നു പൊടിതട്ടിയെടുത്താൽ മാത്രം മതി അത് വെട്ടിത്തിളങ്ങി പ്രകാശം പരത്താൻ. കൈത്തഴക്കവും, ശ്രദ്ധയും, ധ്യാനവും ചേർന്ന ഉരച്ചു മിനുക്കലുകളിൽ നിന്നും പുറപ്പെടുന്ന വജ്രശോഭ ലോകമെങ്ങും വ്യാപിപ്പിക്കുവാൻ സാധിക്കുകയും ചെയ്യും. ലോകത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ലാറ്റിനമേരിക്കൻ സാഹിത്യമായാലും, ഇംഗ്ലീഷ് സാഹിത്യമായാലും, അവരവരുടെ പ്രദേശത്തിന്റെ പ്രമേയവും ഭാഷയുമാണ് അവയെ ധന്യമാക്കിയതെന്നും, വ്യത്യസ്തമാക്കിയതെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ നാടിന്റെ നനവും, മണവുമുള്ള നാട്ടുപേച്ചുകളിലുള്ള ഭാഷയും, നാട്ടു സംസ്കാരത്തിലൂന്നിയ ഭൂമികയും നമ്മുടെ മലയാള സാഹിത്യത്തെ കൂടുതൽ കൂടുതൽ പുഷ്കലമാക്കട്ടെയെന്ന് നമുക്ക് ആശിക്കാം. അതിനായി എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്കാരം എന്ന ആപ്തവാക്