ഡോ.എം.ആർ.യശോധരൻ
നിസംഗതയെന്നത് ചെറിയ കാര്യമല്ല. ഈശാവാസ്യോപനിഷത്തിൽ പറയുന്നത് ശ്രദ്ധിക്കുമ്പോഴാണ് നിസംഗതയുടെ മഹത്വം എത്രയെന്ന് തിരിച്ചറിയാൻ കഴിയുന്നത് എന്നാണ്. ഈശ്വരൻ ജഗത്തിലെല്ലാം ആവസിക്കുകയാണ്. അതുകൊണ്ട് സകലത്തിൽ നിന്നും മുക്തനായി ജീവിക്കുക. സകലതിൽ നിന്നും മുക്തനാകുവാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു മാർഗ്ഗമെന്ന നിലയിലാണ് ഋഷി നിസംഗതയെ അവതരിപ്പിക്കുന്നത്. സകല കർമ്മങ്ങളിൽ നിന്നും മുക്തനായി ആരുടേയും ധനം കാംക്ഷിക്കാതെ ജീവിക്കുവാൻ കഴിഞ്ഞാൽ പിന്നെ ജീവിതത്തിൽ യാതൊന്നും ചെയ്യേണ്ട കാര്യമില്ല. അത്ര ലളിതമാണ് ജീവിതം. അതിനു കഴിയാതെ വന്നാൽ അന്ത്യം വരെ വന്നുചേരുന്നതും ചെയ്യേണ്ടതുമായ കർമ്മങ്ങൾ കൃത്യമായി ചെയ്തുകൊണ്ട് ചെയ്യുന്ന കർമ്മങ്ങളോട് സംഗമില്ലാതെ കഴിയുക. അസംഗമായകർമ്മങ്ങളിലൂടെ മനുഷ്യന്റെ ജീവിതം സാർത്ഥകമായി മാറും. ജീവിതത്തെ സാർത്ഥകമാക്കുന്നതിന് അസംഗമായ കർമ്മങ്ങൾക്കാകും. ഇതൊരു വലിയ ഉദ്ബോധനമാണ്. ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുവാൻ നമ്മൾ ഏതു മനോഭാവത്തോടെയാണോ നമ്മുടെ മുന്നിലുള്ളകർമ്മം ചെയ്യുന്നത്. ആ കർമ്മങ്ങൾ അസംഗമായിരുന്നാൽ ജീവിതത്തിന്റേഗതി തന്നെ മാറ്റം വരികയാണ്. കർമ്മങ്ങൾ ചെയ്യുന്നതിലല്ല മറിച്ച് സംഗമില്ലാതെ ചെയ്യുന്ന കർമ്മങ്ങളോട് വിധേയപ്പെടാതെ കർമ്മങ്ങൾക്ക് കീഴ്പ്പെടാതെ അതു ചെയ്യുന്നതിലാണ് വിജയം. നമ്മളെല്ലാം എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിന്നൊരു നേട്ടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെയാണ് അത് ചെയ്യുന്നത്. ഉദ്ദേശിക്കുന്ന നേട്ടം കിട്ടാതെ വരുമ്പോൾ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. കർമ്മങ്ങൾക്ക് ഫലപ്രാപ്തിയുണ്ടായാൽ സന്തോഷവും തോന്നും. അങ്ങനെ നോക്കുമ്പോൾ കർമ്മങ്ങൾക്കല്ല പ്രാധാനം. അതിന്റെ ഫലങ്ങൾക്കാണ് പ്രാധാന്യം. കർമ്മങ്ങളെ ഫലം കിട്ടുന്നതിനുള്ള ഉപാധിയായി മാത്രമാണ് കണക്കാക്കുന്നത്. ഋഷി കർമ്മങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഫലങ്ങൾക്കല്ല. ഇവിടെ ഇങ്ങനെയൊക്കെ ആമുഖമായി പരാമർശിച്ചതു ആത്മോപദേശശതകത്തിലെ ഈ മന്ത്രത്തിലും യതമിയലുന്ന നിസംഗമാകുന്ന മാനസികാവസ്ഥയിലേക്ക് ഉയർന്നുവരണമെന്ന ഉദ്ബോധനമുള്ളതുകൊണ്ടാണ്. എന്നും യതമിയലുന്ന യതിവര്യനായിടേണം എന്നാണ് ഗുരു ഉപദേശിക്കുന്നത്. യതിവര്യൻ എന്നാൽ സംന്യാസി ശ്രേഷ്ഠൻ. കാമ്യമായ കർമ്മങ്ങളെ ഉപേക്ഷിച്ചവനെയാണ് സംന്യാസിയെന്ന് പറയേണ്ടത്. കർമ്മങ്ങളോടുള്ള സമീപനമാണ് സംന്യാസത്തിന്റെ അടിസ്ഥാനം. ചെയ്യുന്ന കർമ്മങ്ങളോടു സംഗമില്ലാത്ത മാനസികാവസ്ഥയിൽ ജീവിക്കണമെന്നതാണ് ഈ മന്ത്രത്തിന്റെ ഉദ്ബോധനം.
മന്ത്രം
അധികവിശാലമറുപ്രദേശമെന്നായ്
നദി പെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിൽ വീണു തുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം
പദച്ഛേദം
അധികവിശാലമറുപ്രദേശം/ഒന്നായ്/
അർത്ഥം
അനന്തവിശാലമായ മരുഭൂമിയാകെ ഒന്നിച്ച് നദിപെരുകുന്നതുപോലെ നാദം കാതുകളിൽ വന്നു പതിച്ച് കണ്ണുകൾ തുറക്കും(ദർശനമുണ്ടാകും) അതിനിടയാകണമെങ്കിൽ എന്നും നിസ്സംഗതയാർന്ന സംന്യാസിശ്രേഷ്ഠനായിത്തീരണം. നദിപെരുകുന്ന ശബ്ദം മനസ്സിലാക്കാൻ കഴിയുമായിരിക്കും. ആറ്റിലും തോട്ടിലുമൊക്കെ മഴക്കാലത്ത് വെള്ളം പരന്നൊഴുകുന്നശബ്ദമാണത്. അതിനെ ശബ്ദമെന്നു പറയുന്നതിലും നല്ലത് നാദം എന്നു പറയുന്നതാണ്. ഏതൊരൊച്ചയും ശബ്ദമാണ്. പക്ഷേ നാദമാകണമെങ്കിൽ അതിനൊരു ലയമുണ്ടാകണം. നദി പെരുകുന്ന ശബ്ദത്തിന് ഒരു ലയമുണ്ട്. ഇവിടെ നദിപെരുകുന്നത് മരുഭൂമിയിലാണ്. മരുഭൂമിയിൽ നദി പെരുകുകയില്ല. ഗുരു അങ്ങനെയാണ് ഭാവനസ്വീകരിച്ചിരിക്കുന്നത്. ഉണ്ടാകുന്ന നാദത്തിന്റെ സവിശേഷതയെ ബോധ്യപ്പെടുത്താനാണത്. മരുഭൂമിയിലെ മണൽ നല്ല ചുട്ടുപൊള്ളിക്കിടക്കുന്നതാണ്. ചുട്ടുപഴുത്ത് കിടക്കുന്ന മണലിൽ വെള്ളം വീഴുമ്പോൾ ചൂടായ ചീനച്ചട്ടിയിൽ വെള്ളമൊഴിക്കുമ്പോഴത്തെ ഒരു ശീത്ക്കാര ശബ്ദമുണ്ടാകും. മരുഭൂമിയിൽ നദിപെരുകുന്ന നാദത്തിന് മേൽ പറഞ്ഞ ഒരു ശീത്ക്കാരത്തിന്റെ പിൻബലം കൂടിയുണ്ട്. ആ നാദം ചെവികളിൽ വന്നുപതിക്കുന്നതോടെ കണ്ണുകൾ തുറക്കും. ഇങ്ങനെയൊരനുഭവമുണ്ടാകണമെങ്കിൽ നിസംഗതയെ പാഠമാക്കിയ സംന്യാസിശ്രേഷ്ഠനാകണം. ആത്മീയ അനുഭവത്തെ സാധാരണ ജനങ്ങൾക്കുവേണ്ടി പങ്കുവയ്ക്കുകയാണിവിടെ. ദർശനമുണ്ടാകുന്നതിനു മുൻപാണ് നാദം കേൾക്കുന്ന അനുഭവമാണുണ്ടാവുക. വിശേഷിരിരുക്കുവാൻ പറ്റാത്ത ആ നാദത്തെ ഗുരു മരുഭൂമിയിൽ പെരുകുന്ന നദിയുടെ നാദത്തോട് ഉപമിച്ചിരിക്കുന്നു. ആ ഉപമയിൽ നിന്നും ആത്മീയാനുഭവമില്ലാത്ത സാധാരണക്കാരനുപോലും കേൾക്കുന്ന നാദത്തെക്കുറിച്ച് സാമാന്യമായ ധാരണയുണ്ടാകുന്നു. നാദം കർണ്ണങ്ങളിൽ പെട്ടതിനുശേഷം കണ്ണു തുറക്കുന്നു. ദർശനമുണ്ടാകുന്നു. അതാണ് സത്യസാക്ഷാത്കാരത്തിന്റെ അനുപമമായ അവസ്ഥയെന്നുവേണം കരുതാൻ. ഇത്തരത്തിലുള്ള ആത്മീയാനുഭവങ്ങളുണ്ടാകുന്നിതിന്
ഇന്ന് ഏതു പ്രസ്ഥാനത്തിലെ സന്യാസവും ഇതിൽ നിന്നും വ്യത്യാസപ്പെട്ടതല്ലെന്നത് എല്ലാവർക്കും ബോധ്യമുള്ള വസ്തുതയാണ്. അതുകൊണ്ടാകാം ഗുരു യതമിയലും യതിവര്യൻ-നിസംഗതയാർന്ന സന്യാസി- എന്ന് പ്രത്യേകം വിശേഷണം ചേർത്തത്. സന്യാസത്തിന്റെ ആസ്വാദനം മുന്തിയ മൊബെയിൽ ഫോണിലും ആഡംബര കാറുകളിലുമൊക്കെയെത്തി നിൽക്കുമ്പോൾ യതമിയലും എന്ന വിശേഷണത്തിന്റെ പ്രാധാന്യം എത്ര അർത്ഥവത്താണെന്നു ചിന്തിക്കാവുന്നതേയുള്ളൂ.