സൂഫി കഥകള്‍

ഇ  എം  ഹാഷിം

പ്രസിദ്ധജ്ഞാനി ഹസ്സന്‍ അല്‍ ബസ്‌റി സൂഫിവനിത റാബിയയെ കാണാന്‍ ഒരുച്ചയ്ക്ക്‌ ചെല്ലുമ്പോള്‍ അവര്‍ ഒരു മലമുകളില്‍ കുറേ ആടുകള്‍ക്കൊപ്പം നില്ക്കുകയായിരുന്നു. ഹസ്സനെ കണ്ടതും ആടുകള്‍ ഓടിപ്പോയ്ക്കളഞ്ഞു. അതു കണ്ട ഹസ്സന്‍ റാബിയയോട്‌ ചോദിച്ചു.
"എന്താണ്‌ എന്നെക്കണ്ടതും ആടുകള്‍ ഓടിപ്പോയ്ക്കളഞ്ഞത്‌?"
റാബിയ ഹസ്സനോട്‌ ചോദിച്ചു.
"താങ്കള്‍ എന്താണ്‌ ഇന്ന് ഉച്ചയ്ക്ക്‌ ഭക്ഷിച്ചത്‌?"
ഹസ്സന്‍ പറഞ്ഞു.
"അപ്പവും ഉള്ളിയും ആട്‌ മാംസവും."
"ആടിന്റെ മാംസം ഭക്ഷിച്ച താങ്കളെ എങ്ങനെയാണ്‌ മറ്റാടുകള്‍ സ്നേഹിക്കുക? അതുകളെയും താങ്കള്‍ ഭക്ഷിച്ചുകളയും എന്ന് അവയ്ക്ക്‌ തോന്നിയിരിക്കാം. അതായിരിക്കാം അവ ഓടിക്കളഞ്ഞത്‌."
ഹ സ്സന്‍ പിന്നൊന്നും പറഞ്ഞില്ല.

അധികാരം എന്ന ദുര്‍ഗന്ധം

മുസ്തഫ മൂന്നാമന്‍ എന്ന തുര്‍ക്കി സുല്‍ത്താന്‍ ഒരിക്കല്‍ സൂഫിഗുരു മഹമ്മൂദ്‌ കാഞ്ചിയെ കൊട്ടാരത്തില്‍ വരുത്തി ചോദിച്ചു.
"എന്താണോ ജീവിതത്തില്‍ ഏറ്റവും മുഖ്യമായി ഒരു സുല്‍ത്താന്‌ വേണ്ടത്‌, അത്‌ എനിക്ക്‌ പറഞ്ഞു തരിക."
സൂഫി പറഞ്ഞു
"ഭക്ഷണം, വെള്ളം, വിസര്‍ജ്ജനം."
തന്നോട്‌ വിസര്‍ജ്ജനത്തെപ്പറ്റി പറഞ്ഞ സൂഫിയോട്‌ സുല്‍ത്താന്‌ കോപം വന്നു. ഉടന്‍തന്നെ കിങ്കരന്മാരെ വരുത്തി സൂഫിയെ പിടിച്ചു പുറത്താക്കി. കൊട്ടാരം വിട്ടുപോകുമ്പോള്‍ സൂഫി ഇത്രയും പറഞ്ഞു.
"താങ്കള്‍ക്ക്‌ ഭക്ഷിക്കാനും വെള്ളം കുടിക്കാനും തടസ്സം ഇല്ലാതിരിക്കട്ടെ. വിസര്‍ജ്ജനം സംഭവിക്കാതിരിക്കട്ടെ."
അതു പോലെ തന്നെ സംഭവിച്ചു. സുല്‍ത്താന്‍ നന്നായി ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തു. എന്നാല്‍ വിസര്‍ജ്ജനം നടന്നില്ല. പല വൈദ്യന്മാര്‍ പലതരം മരുന്നുകള്‍ കൊടുത്തെങ്കിലും ഒന്നും ഫലപ്രദമായില്ല.. നാള്‍ക്കുനാള്‍ സുല്‍ത്താന്റെ വയര്‍ വീര്‍ത്തുവരാന്‍ തുടങ്ങി.
ഗത്യന്തരമില്ലാതെ സുല്‍ത്താന്‍ സൂഫിയുടെ അടുത്തേക്ക്‌ തന്റെ കിങ്കരന്മാരെ അയച്ചു. സൂഫി അവര്‍ക്കൊപ്പം കൊട്ടാരത്തില്‍ എത്തി. തന്നെ രക്ഷിക്കണമെന്ന് സുല്‍ത്താന്‍ സൂഫിയോട്‌ കെഞ്ചി.
സൂഫി പറഞ്ഞു.
"രക്ഷിക്കാം. പകരം താങ്കളുടെ കൊട്ടാരം എനിക്കു തരണം."
മറ്റു നിവൃത്തിയില്ലാത്തതിനാല്‍ സുല്‍ത്താന്‌ അത്‌ സമ്മതിക്കേണ്ടി വന്നു. സൂല്‍ത്താന്റെ വയറില്‍ സൂഫി കൈ അമര്‍ത്തിയപ്പോള്‍ വിസര്‍ജ്ജനം നടന്നു.
അതു കഴിഞ്ഞപ്പോള്‍ സൂഫി പറഞ്ഞു.
"പ്രിയപ്പെട്ട സുല്‍ത്താന്‍, താങ്കള്‍ക്കിപ്പോള്‍ മനസ്സിലായില്ലേ, താങ്കളുടെ അധികാരത്തിനും കൊട്ടാരത്തിനും ഒരു മലത്തിന്റെ വിലയേ ഉളൂ എന്ന്. അത്‌ ദുര്‍ഗ്ഗന്ധമാണ്‌ എന്നും."
അന്തിച്ചുനില്ക്കുന്ന സുല്‍ത്താനെ ശ്രദ്ധിക്കാതെ സൂഫി കൊട്ടാരംവിട്ട് തന്റെ കുടിലിലേയ്ക്ക്‌ പോയി.

അടിമയും ഉടമയും

രാജാധികാരം ഒഴിഞ്ഞ്‌ കുറേ വര്‍ഷങ്ങള്‍ ഏകാന്തവാസത്തില്‍ക്കഴിഞ്ഞശേഷം ഫക്കീറായി തിരിച്ചുവരികയായിരുന്നു ഇബ്രാഹിം അദ്ഹം എന്ന സൂഫി വഴിയില്‍ അടിമച്ചന്ത കാണുകയും അവിടെയ്ക്ക്‌ കയറിച്ചെല്ലുകയും ചെയ്തു.
വില്ക്കക്കപ്പെടുകയായിരുന്ന ഒരു അടിമയെ അദ്ദേഹം വിലയ്ക്കു വാങ്ങി ഒന്നിച്ചു കൊണ്ടുവന്നു. കാലത്ത്‌ യാത്ര തുടരാം എന്നുകരുതി രാത്രി ഒരു പീടികക്കോലായയില്‍ ഇരിക്കവെ ഇബ്രാഹിം അയാളോട്‌ ചോദിച്ചു.
"എന്താണ്‌ നിങ്ങളുടെ പേര്‌?"
അടിമ പറഞ്ഞു:
"താങ്കള്‍ എന്താണോ വിളിക്കുന്നത്‌, അത്‌."
"എന്താണ്‌ നിങ്ങള്‍ ഭക്ഷിക്കുക?"
"താങ്കള്‍ തരുന്നത്‌."
"എന്താണ്‌ നിങ്ങള്‍ ധരിക്കുക?"
"താങ്കള്‍ എന്താണോ ധരിക്കാന്‍ തരുന്നത്‌, അത്"
"എന്ത്‌ ജോലി ചെയ്യാനാണ്‌ ഇഷ്ടം?"
"താങ്കള്‍ പറയുന്ന എന്തും ജോലിയും"
"എന്താണ്‌ നിങ്ങള്‍ക്കിഷ്ടം?"
"ഒരു അടിമ എന്തെങ്കിലും ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?"
ഇബ്രാഹിം സ്വരം താഴ്ത്തി പറഞ്ഞു.
"നിങ്ങളില്‍ നിന്ന് ഞാനേറെ പഠിച്ചു. ഇത്രയും കാലം ദൈവാര്‍പ്പണം നട ത്തിയിട്ടും നിങ്ങളെപ്പോലെ ഞാനിത്രമാത്രം അര്‍പ്പിതനായില്ലെന്ന് മനസ്സിലായി. നിങ്ങളില്‍നിന്ന് ഞാനേറെ പഠിച്ചു. നന്ദി."
പിറ്റേന്ന് കാലത്ത്‌ യാത്ര തുടരാമെന്ന് കരുതി അവര്‍ രണ്ടു പേരും ആ പീടികത്തിണ്ണയില്‍ കിടന്നുറങ്ങി. ഇബ്രാഹിം ഇബ്നു അദ്ഹം എഴുന്നേറ്റപ്പോഴെയ്ക്കും ആ അടിമ പോയ്ക്കഴിഞ്ഞിരുന്നു.
അതൊരു അടിമയായിരുന്നില്ലെന്ന് പിന്നീടാണ്‌ അദ്ദേഹം മനസ്സിലാക്കിയത്‌.

അമിതാവേശം

ഒരു സത്യാന്വേഷി ധൃതി പിടിച്ചു ഒരു സൂഫി ഗുരുവിനെ കാ ണാന്‍ ചെന്നു.
ഒരു കമ്പളത്തില്‍ ഇരിക്കുകയായിരുന്ന ആളോട്‌ സത്യാന്വേഷി പറഞ്ഞു.
"ബഹുമാനപ്പെട്ട ഗുരോ, താങ്കള്‍ എനിക്ക്‌ സൂഫിപാതയില്‍ പ്രവേശിക്കാനുള്ള ഉപദേശം തരണം."
അദ്ദേഹം പറഞ്ഞു.
"മൂന്നു് കാര്യങ്ങള്‍ ഉടനെ ചെയ്യണം. അത്‌ കഴിഞ്ഞാവാം ഉപദേശം."
"എന്തൊക്കെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അനുസരിച്ചോളാം."
"ഒന്ന്, താങ്കളുടെ അമിതാവേശം നിയന്ത്രിക്കണം. രണ്ട്‌, എന്റെ കാലിന്മേല്‍ താങ്കളുടെ കാലമര്‍ത്തിയാണ്‌ താങ്കള്‍ സംസാരിക്കുന്നത്‌. എനിക്ക്‌ വേദനിക്കുന്നുണ്ട്‌. അതെടുക്കണം. മൂന്നാമത്തേത്‌, ഞാനല്ല സൂഫിഗുരു. അദ്ദേഹം അടുത്ത വീട്ടിലാണ്‌ താമസം."

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ