ജന്മാന്തരങ്ങള്‍ക്കപ്പുറത്തുനിന്ന്‌ ഒരു വിളി

 ഇ   ഹരികുമാർ
രണ്ടായിരത്തി മൂന്ന്‌ ഒക്ടോബര്‍ മാസത്തിലാണ്‌ ഹൃദയം രണ്ടാമതായി എന്നെ ആക്രമിച്ചത്‌. ആദ്യത്തേതിനേക്കാള്‍ ഒരു പടി ഉയര്‍ന്ന തോതിലുള്ള ആക്രമണം. കൃഷ്ണ ഹോസ്പിറ്റലില്‍ ഡോ. വല്‍സരാജ്‌ ബാലകൃഷ്ണന്റെ പരിചരണത്തില്‍ ആദ്യ രാത്രി കഴിച്ചുകൂട്ടി. ടെസ്റ്റുകള്‍, ഒന്നിലധികം ധമനികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പുകള്‍ രക്തചംക്രമണത്തിന്‌ തടസ്സമുണ്ടാക്കുന്നതായി കാണിച്ചു. അദ്ദേഹം ഉടനെ അമൃതയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആശുപത്രിയിലോ കൂടുതല്‍ പരിശോധനയ്ക്കും വിദഗ്ദചികിത്സയ്ക്കുമായി (ഒരുപക്ഷെ ആഞ്ജിയോപ്ലാസ്റ്റിയോ ബൈപാസ്സോ) കൊണ്ടുപോകാമെന്ന്‌ അഭിപ്രായപ്പെട്ടു. എന്റെ മകന്‍ അവന്റെ വിവാഹാലോചന തീര്‍ച്ചയാക്കാനായി ലീവെടുത്തുവന്നിരുന്നു. അവന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവം നടക്കാനിരിക്കെ ഞാന്‍ ആശുപത്രിയിലായി. വധുവിന്റെ അച്ഛനും അമ്മയും ഞങ്ങളെ കാണാന്‍ വരുമ്പോള്‍ ഞാന്‍ ആശുപത്രിയിലായിരുന്നു. അവന്റെ മ്ലാനമായ മുഖത്തെ ഉദ്വേഗം കണ്ടപ്പോള്‍ ഞാന്‍ ആലോചിച്ചു ഒരച്ഛന്‌ മകനോട്‌ ചെയ്യാനുള്ള നല്ലൊരു കാര്യമാണ്‌ ഞാനിപ്പോള്‍ ചെയ്യുന്നത്‌. പക്ഷെ ഇതൊന്നും എന്റെ കയ്യിലല്ലല്ലോ എന്ന കാര്യം എനിയ്ക്ക്‌ ആശ്വാസം തന്നില്ല.
അമൃതയുടെ ആംബുലന്‍സില്‍ എന്നെ കിടത്തിയതിനു കാല്‍ക്കല്‍ ഭാഗത്തായി മകന്‍ ഇരുന്നിരുന്നു. അവന്റെ മുഖം വല്ലാതെ പരവശമായിരുന്നു. അമൃത ഹോസ്പിറ്റലില്‍ സി.സി.യുവില്‍ എന്നെ പ്രവേശിപ്പിച്ചത്‌ രാത്രി, എട്ട്‌ ഒമ്പത്‌ മണിയോടെയായിരുന്നു. അന്നു രാത്രി പിന്നീടുണ്ടായ കാര്യങ്ങളൊന്നും ഓര്‍മ്മയില്ല. അവര്‍ ഉറങ്ങാനായി ഇന്‍ജക്ഷന്‍ തന്നിരുന്നു. നന്നായി ഉറങ്ങി. ഉറക്കത്തിനിടയില്‍ എപ്പോഴോ ഒരു പെണ്‍കുട്ടിയുടെ വിളി കേട്ടു.
"അച്ഛാ........ അച്ഛാ ഒരു മരുന്ന്‌ കഴിക്കാനുണ്ട്‌......"
ഞാന്‍ പ്രയാസപ്പെട്ട്‌ കണ്ണു തുറക്കാന്‍ ശ്രമിച്ചു. വീണ്ടും ആ കുട്ടിയുടെ ശബ്ദം.
"അച്ഛാ.... ഒരു മരുന്ന്‌ തരട്ടെ."
എന്റെ ജന്മാന്തരങ്ങളിലെവിടെയോ എനിയ്ക്കു പിറന്നിട്ടില്ലാത്ത ഒരു മകള്‍ എന്റെ അടുത്തു വന്നിട്ട്‌ സ്നേഹത്തോടെ വിളിക്കുകയാണ്‌. "അച്ഛാ....."
ഞാന്‍ മരുന്ന്‌ കഴിച്ചിട്ടുണ്ടാവണം, വീണ്ടും ഉറക്കത്തിലേയ്ക്ക്‌ ആഴ്‌ന്നിറങ്ങി. പിന്നെ ഉണര്‍ന്നത്‌ അതേ വിളി കേട്ടുകൊണ്ടായിരുന്നു. "അച്ഛാ...."
ഇപ്പോള്‍ എനിയ്ക്ക്‌ ആ കുട്ടിയെ നന്നായി കാണാന്‍ പറ്റും. അവള്‍ ചിരിച്ചുകൊണ്ട്‌ അടുത്തു നില്‍ക്കുന്നു.
'നന്നായി ഉറങ്ങീല്ലേ?'
ആ വിളി എന്നില്‍ വളരെ നല്ല പ്രതികരണങ്ങളുണ്ടാക്കി. ഞാന്‍ പറഞ്ഞു.
'നന്നായി ഉറങ്ങി, മോളെ.'
നഴ്സുമാരുടെ ഡ്യൂട്ടി മാറുന്നത്‌ എട്ടു മണിയ്ക്കാണെന്നു തോന്നുന്നു. പിന്നീട്‌ ഭക്ഷണം തരാനും മരുന്ന്‌ തരാനും വന്നത്‌ വേറൊരു കുട്ടിയായിരുന്നു. കണ്ണടച്ചു കിടക്കുകയായിരുന്ന എന്നെ അവള്‍ വിളിച്ചു.
'അപ്പച്ചാ.....' പെട്ടെന്നവള്‍ എന്തോ തെറ്റു ചെയ്തതുപോലെ അതു തിരുത്തി. 'അച്ഛാ....'
ഞാന്‍ ചോദിച്ചു.
'മോളെന്തിനാണ്‌ തിരുത്തിയത്‌? എന്നെ അപ്പച്ചന്‍ എന്നുതന്നെ വിളിച്ചാല്‍ പോരായിരുന്നോ? മോള്‌ എന്നെ അങ്ങിനെ വിളിച്ചാല്‍ മതി.'
അവള്‍ പക്ഷെ അച്ഛാ എന്നുതന്നെ വിളിച്ചു. ഇടയ്ക്ക്‌ ഓര്‍മ്മത്തെറ്റുപോലെ അപ്പച്ചാ എന്നും. രോഗികളെ എന്താണ്‌ വിളിയ്ക്കേണ്ടത്‌ എന്ന്‌ ആശുപത്രി അധികൃതര്‍ നഴ്സുമാരുടെ പരിശിലനവേളയില്‍ പഠിപ്പിക്കുന്നുണ്ടാവും. പക്ഷെ ഞാനത്‌ ആ വിധത്തിലല്ല എടുത്തത്‌. ആ വിളിയില്‍ എന്തോ ഒരു മമത ഒളിച്ചിരിയ്ക്കുന്നുണ്ട്‌. എന്നെപ്പോലുള്ള ഒരു രോഗിയെ വേഗം ആരോഗ്യത്തിലേയ്ക്ക്‌ കൊണ്ടുവരാനുള്ള ഒരു മന്ത്രം. പ്രത്യേകിച്ച്‌ ആ പെണ്‍കുട്ടി അപ്പച്ചാ എന്ന് വിളിച്ചത്‌ എന്നെ വല്ലാതെ സ്പര്‍ശിച്ചു. അതവള്‍ ആത്മാര്‍ത്ഥമായി വിളിച്ചതു തന്നെയാവണമെന്നു ഞാന്‍ വിശ്വസിക്കുന്നു.
സ്നേഹം എന്ന വാക്കിന്‌ വലിയ അര്‍ത്ഥം കല്‍പിച്ചു കൊടുത്ത ഒരമ്മയുടെ പേരിലുള്ള ആശുപത്രിയില്‍ ഇങ്ങിനെയേ നടക്കാന്‍ പാടു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ