ദില്ലി അങ്ങ് വളര്‍ന്നു./കവിത


ശ്രീകൃഷ്ണദാസ്  മാത്തൂർ
നീയങ്ങു വളര്‍ന്നു പോയല്ലോ,
എന്ന് ഞാന്‍  പറയുന്നില്ല, ദില്ലീ.
താഴെ, സ്വകാര്യ ബസ്സില്‍ നിന്നു
വീണു നീ മയങ്ങി കിടക്കവേ.
ചേരിയുടെ വിരിനെഞ്ചില്‍
വിമാന നിഴലാരുടെ
വിരല്‍ പോലെ പടര്‍ന്നു കയറവെ.
യമുനയാം കരിഞ്ചേലയില്‍
കാളിയന്‍ ദശഫണം നീര്‍ത്തവേ.
വാത്സ്യായനെ പോലെ മെട്രോ
ലൂപ്പുകള്‍ തിലക് നഗര്‍ ചുറ്റുമ്പോള്‍.
നിഗംബോധിലിപ്പോഴും സമയം
പുതച്ചു കിടന്നു്, തമ്മില്‍ കെട്ടിയ
തണുത്ത കാലാട്ടുമ്പോള്‍.
ഒരു ചുരുള്‍ മീഠാപാന്‍, പൊടിതട്ടിയ
തമ്പാക്കൂ, ഓരോ ശ്വാസത്തിലും
ഒരു ഫോക്ലോര്‍ "ബഹന്‍ചൂത്ത്".
ഒഹ്, തെരെ, സാലാ ...
ചൊട്ടയിലെ ശീലം, ചുടല വരെയെ-
ന്നുച്ചത്തിലാര്‍ക്കുന്ന നേരം.
തൊലി ചുളുങ്ങിയ പഴയ
ലക്ഷ്മി നഗര്‍, ജന്മം നനയ്ക്കാനിട്ട
അലക്കുകാരിയെപ്പോലെ
യമുനാതീരത്ത് കൈകുത്തിയിരിക്കവേ......
എങ്കിലും , നീയേറെ മാറിയെങ്കിലും,
നീയൊട്ടും മാറിയില്ലെന്ന സത്യം.
നീയങ്ങു വളര്‍ന്നു പോയല്ലോ എന്ന്‍
ഞാന്‍ പറയുകില്ല, ദില്ലീ...
നിന്നെ വിട്ടോരെയെല്ലാം നീ വീണ്ടും
വശീകരിച്ചു തിരിച്ചു വിളിക്കവേ
.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?