26 Nov 2015

അല്പം ബാങ്കുവിചാരം ഭാഗം 2 (ലേഖനം)


  സുനിൽ എം എസ്

നാലായിരത്തിലേറെ വാക്കുകളുള്ള രചന. സമയമുള്ളപ്പോൾ മാത്രം വായിയ്ക്കുക.

പൊതുജനത്തിന്റെ പക്കൽ നിന്നു ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിയ്ക്കുന്നു. ബാങ്കുകൾക്കു കിട്ടുന്ന ഈ നിക്ഷേപങ്ങളുടെ ഒരു ഭാഗം സർക്കാരിനുള്ളതാണ്. ബാങ്കുകൾ സർക്കാരുമായി നിക്ഷേപങ്ങൾ പങ്കുവയ്ക്കണമെന്നതൊരു പൊതു തത്വമാണ്. പൊതുജനത്തിൽ നിന്നു കിട്ടുന്ന നിക്ഷേപങ്ങളുടെ ആകെ ഇരുപത്തഞ്ചര ശതമാനം – നാലിലൊന്ന് - സർക്കാരിനുള്ളതാണ്. ഇതിൽ റിസർവ് ബാങ്കിനുള്ള വിഹിതവും ഉൾപ്പെടുന്നു. റിസർവ് ബാങ്കും സർക്കാരിന്റെ ഭാഗം തന്നെ. ബാങ്കുകൾക്കു കിട്ടുന്ന നിക്ഷേപങ്ങളിൽ നിന്നു സർക്കാരിനും റിസർവ് ബാങ്കിനും കിട്ടേണ്ട വിഹിതങ്ങളുടെ നിരക്കുകൾ തീരുമാനിയ്ക്കാനുള്ള അധികാരവും സർക്കാർ റിസർവ് ബാങ്കിനെത്തന്നെയാണ് ഏല്പിച്ചിരിയ്ക്കുന്നത്. നിലവിലുള്ള നിരക്കുകളനുസരിച്ച്, ബാങ്കുനിക്ഷേപങ്ങളുടെ ഇരുപത്തൊന്നര ശതമാനം സർക്കാരിനും നാലു ശതമാനം റിസർവ് ബാങ്കിനും ലഭിയ്ക്കുന്നു.

റിസർവ് ബാങ്കിനുള്ള നാലു ശതമാനത്തിനു ക്യാഷ് റിസർവ് റേഷ്യോ (സി ആർ ആർ) എന്നു പറയുന്നു. ക്യാഷ് റിസർവ് റേഷ്യോയ്ക്കു മലയാളത്തിൽ കരുതൽ ധന അനുപാതമെന്നു പറയാം. ക്യാഷ് റിസർവ് റേഷ്യോയെപ്പറ്റി ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്. സർക്കാരിനുള്ള ഇരുപത്തൊന്നര ശതമാനം സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എൽ ആർ) എന്നറിയപ്പെടുന്നു. സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയ്ക്കു ‘നിയമാനുസൃത പണലഭ്യതാ അനുപാതം’ എന്നു മലയാളത്തിൽ പറയാമെങ്കിലും ആശയക്കുഴപ്പമൊഴിവാക്കാൻ വേണ്ടി നമുക്കു തത്കാലം സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ എന്നോ എസ് എൽ ആർ എന്നോ തന്നെ ഉപയോഗിയ്ക്കാം.

ക്യാഷ് റിസർവ് റേഷ്യോ റിസർവ് ബാങ്കിനുള്ള വിഹിതവും, സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ സർക്കാരിനുള്ള വിഹിതവുമാണെന്നു പറഞ്ഞുവല്ലോ. ക്യാഷ് റിസർവ് റേഷ്യോ പാലിയ്ക്കാൻ വേണ്ട പണം മുഴുവനും റൊക്കം പണമായി, അതായത് ക്യാഷ് ആയി, ബാങ്കുകൾ റിസർവ് ബാങ്കിനെ ഏല്പിയ്ക്കുന്നു. എന്നാൽ, സ്റ്റാച്യൂട്ടറി റിസർവ് റേഷ്യോ പാലിയ്ക്കാൻ വേണ്ട തുക റൊക്കമായി സർക്കാരിനെ ഏല്പിയ്ക്കുകയല്ല ബാങ്കുകൾ ചെയ്യുന്നത്. ബാങ്കുകൾക്ക് ആ തുകകൊണ്ടു സ്വർണവും, കേന്ദ്രസർക്കാരിന്റേയും സംസ്ഥാനസർക്കാരുകളുടേയും കടപ്പത്രങ്ങളും വാങ്ങാം, അല്ലെങ്കിലതു റൊക്കം പണമായി സൂക്ഷിയ്ക്കുകയും ചെയ്യാം. അതായത്, എസ് എൽ ആർ തുക പണമായി സൂക്ഷിയ്ക്കാം, അല്ലെങ്കിൽ സ്വർണത്തിലോ സർക്കാരുകളുടെ കടപ്പത്രങ്ങളിലോ നിക്ഷേപിയ്ക്കാം. ഇവ മൂന്നും കൂടിയാകുന്നതും അനുവദനീയമാണ്.

മുഖ്യമായും നാലുതരം നിക്ഷേപങ്ങളാണു ബാങ്കുകളിലുള്ളത്: കറന്റ് അക്കൌണ്ട്, സേവിംഗ്സ് അക്കൌണ്ട്, റെക്കറിംഗ് അക്കൌണ്ട്, ഫിക്സഡ് ഡെപ്പൊസിറ്റ്. കറന്റ് അക്കൌണ്ടുകൾക്കു ബാങ്കുകൾ പലിശ നൽകുന്നില്ല. സേവിംഗ്സ് അക്കൌണ്ടുകൾക്കു താഴ്ന്ന നിരക്കിൽ പലിശ നൽകുന്നു; ഇപ്പോഴത്തെ നിരക്കു നാലു ശതമാനം മാത്രം. റെക്കറിംഗ് അക്കൌണ്ടുകൾക്കും ഫിക്സഡ് ഡെപ്പൊസിറ്റുകൾക്കും അവയുടെ കാലദൈർഘ്യമനുസരിച്ച്, താരതമ്യേന ഉയർന്ന പലിശ നൽകുന്നു. ഈ നിക്ഷേപങ്ങളിലൂടെ ബാങ്കുകൾ പണം സമാഹരിയ്ക്കുന്നു.

ബാങ്കുകൾ വായ്പ നൽകുന്നവരാണെങ്കിലും, സ്വയം വായ്പയെടുക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയെടുക്കുന്ന വായ്പകളും ബാങ്കുകളുടെ ധനസമാഹരണ മാർഗ്ഗങ്ങൾ തന്നെ. ബാങ്കുകൾക്കു കിട്ടിയിരിയ്ക്കുന്ന നിക്ഷേപങ്ങളും ബാങ്കുകളെടുത്തിരിയ്ക്കുന്ന വായ്പകളുമെല്ലാം തിരികെക്കൊടുക്കാനുള്ളതായതുകൊണ്ട് അവയെല്ലാം ബാങ്കുകളുടെ ബാദ്ധ്യതകൾ തന്നെ. ബാങ്കുകൾക്കു കിട്ടിയിരിയ്ക്കുന്ന നിക്ഷേപങ്ങൾക്കു മാത്രമല്ല, ബാങ്കുകളെടുത്തിരിയ്ക്കുന്ന വായ്പകൾക്കും എസ് എൽ ആർ ബാധകമാണ്; സി ആർ ആറും അങ്ങനെ തന്നെ. എന്നാൽ, ചില പ്രത്യേക സ്ഥാപനങ്ങളിൽ നിന്നു ബാങ്കുകൾക്കു കിട്ടിയിരിയ്ക്കുന്ന വായ്പകൾക്കു എസ് എൽ ആറും സീ ആർ ആറും ബാധകമല്ല. നബാർഡ്, നാഷണൽ ഹൌസിംഗ് ബാങ്ക്, എക്സിംബാങ്ക്, എന്നിങ്ങനെയുള്ള ചില ധനകാര്യസ്ഥാപനങ്ങളിൽ നിന്നു ബാങ്കുകളെടുത്തിരിയ്ക്കുന്ന വായ്പകൾ ഉദാഹരണങ്ങളാണ്.

എസ് എൽ ആർ തുക സ്വർണത്തിൽ നിക്ഷേപിയ്ക്കാവുന്നതാണെങ്കിലും, സ്വർണത്തിലുള്ള നിക്ഷേപങ്ങൾക്കു ചില കുഴപ്പങ്ങളുണ്ട്; അവയിൽ നിന്നു പലിശവരുമാനം ലഭിയ്ക്കുകയില്ലെന്നതാണ് ഒരു കുഴപ്പം. ബാങ്കുകൾക്കു കിട്ടുന്ന നിക്ഷേപങ്ങൾക്കൊക്കെ ബാങ്കുകൾ പലിശ നൽകേണ്ടി വരുന്നതുകൊണ്ട്, പലിശവരുമാനം നൽകാത്ത സ്വർണനിക്ഷേപം ബാങ്കുകളുടെ പലിശഭാരം വർദ്ധിപ്പിയ്ക്കാൻ മാത്രമേ ഉതകുകയുള്ളൂ.

നമ്മുടെ വീട്ടിൽ നൂറു പവന്റെ സ്വർണാഭരണങ്ങളുണ്ടെന്നു കരുതുക. നമുക്കു സമാധാനത്തോടെ കിടന്നുറങ്ങാനാവില്ല: ഏതു സമയവും സ്വർണാഭരണങ്ങൾ മോഷ്ടിയ്ക്കപ്പെടുകയോ കൊള്ളയടിയ്ക്കപ്പെടുകയോ ചെയ്യാം. നഷ്ടസാദ്ധ്യത വളരെയാണ്. ഇക്കാര്യത്തിൽ വ്യക്തികളുടെ മാത്രമല്ല, ബാങ്കുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സ്വർണത്തിന്റെ സുരക്ഷാസംവിധാനം ചെലവേറിയതാണ്. ഇൻഷൂറൻസിനുള്ള ചെലവും വലുതായിരിയ്ക്കും. സ്വർണത്തിന് ഇനിയുമുണ്ടു കുഴപ്പങ്ങൾ. സ്വർണം വിറ്റു പണമാക്കേണ്ട അത്യാവശ്യം വരുന്നെന്നു കരുതുക. സ്വർണവില്പന എളുപ്പമല്ല. ഒരിടത്തുനിന്നു മറ്റൊരിടത്തേയ്ക്കു സ്വർണം കൊണ്ടുപോകുന്നതും അപകടം പിടിച്ചതു തന്നെ. സ്വർണത്തിന്റെ പരിശുദ്ധി തിട്ടപ്പെടുത്താനുമുണ്ട്. സ്വർണനിക്ഷേപം ദുർഘടം തന്നെ.

ഇവയ്ക്കെല്ലാം പുറമേ, ഗുരുതരമായൊരു കുഴപ്പം കൂടി സ്വർണനിക്ഷേപത്തിനുണ്ട്. സ്വർണത്തിന്റെ കമ്പോളവിലയിൽ സദാ ഏറ്റക്കുറച്ചിലുണ്ടാകുന്നു. കമ്പോളവില ഉയരുക മാത്രമല്ല, ഇടിഞ്ഞെന്നും വരാം. ഇടിവ്, വാങ്ങിവച്ചിരിയ്ക്കുന്ന സ്വർണത്തിന്റെ മൂല്യശോഷണത്തിനിടയാക്കും. 2012 നവംബർ 26ലെ അന്താരാഷ്ട്ര സ്വർണവില ഔൺസിന് 1750.50 ഡോളറായിരുന്നു. (ഔൺസ് = 28.3495 ഗ്രാം.) ഇപ്പോളത് 1081.30 ഡോളർ മാത്രമാണ്. സ്വർണം ഇത്തരം വിലയിടിവുകൾക്കു വിധേയമായൊരു വസ്തുവായതിനാൽ, ബാങ്കുകൾ തങ്ങളുടെ വിലപ്പെട്ട ധനം സ്വർണത്തിൽ നിക്ഷേപിയ്ക്കാനിടയില്ല.

എസ് എൽ ആർ തുക റൊക്കം പണമായും സൂക്ഷിയ്ക്കാവുന്നതാണെന്നു പറഞ്ഞുവല്ലോ. സ്വർണത്തിനുള്ള ചില കുഴപ്പങ്ങൾ പണത്തിനുമുണ്ട്. ആധുനികമനുഷ്യൻ ചെയ്യുന്ന അദ്ധ്വാനത്തിന്റെ ഭൂരിഭാഗവും പണമുണ്ടാക്കാൻ വേണ്ടിയാണെങ്കിലും, പണം അലമാരയിൽ നിറച്ചുവച്ചാൽ അതിൽ നിന്നു വരുമാനമൊന്നും കിട്ടില്ലെന്നതാണു പണത്തിനുള്ള കുഴപ്പങ്ങളിലൊന്ന്. സ്വർണത്തെപ്പോലെ തന്നെ, പണം സൂക്ഷിച്ചു വയ്ക്കാനും, ഒരിടത്തു നിന്നു മറ്റൊരിടത്തേയ്ക്കു കൊണ്ടുപോകാനും പ്രത്യേകം സുരക്ഷാസംവിധാനങ്ങൾ വേണം. അവയ്ക്കു ചെലവേറെ. ഉയർന്ന പ്രീമിയം കൊടുക്കേണ്ടുന്ന ഇൻഷൂറൻസും നിർബന്ധം. ചുരുക്കത്തിൽ, പണം പണമായി സൂക്ഷിയ്ക്കാനും ബാങ്കുകൾക്കു താത്പര്യമുണ്ടാവില്ല.

റിസർവ് ബാങ്കിനു പോലും നിക്ഷേപങ്ങൾ നടത്താനാണു കൂടുതൽ താത്പര്യം. ഇന്ത്യയിലെ ഷെഡ്യൂൾഡ് കമ്മേർഷ്യൽ ബാങ്കുകളുടെ പക്കൽ ആകെ 83 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണറിവ്. ഇതിന്മേൽ നാലു ശതമാനം ക്യാഷ് റിസർവ് റേഷ്യോ മൂന്നേകാൽ ലക്ഷം കോടി രൂപയിലേറെ വരും. ഈ തുകയത്രയും ബാങ്കുകൾ റിസർവ് ബാങ്കിനെ ഏല്പിച്ചിട്ടുണ്ടാവണം. റിസർവ് ബാങ്ക് ഈ പണം പണമായിത്തന്നെ സൂക്ഷിച്ചിരുന്നെങ്കിൽ അതു മുഴുവൻ റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ കാണേണ്ടതായിരുന്നു. എന്നാൽ, മൂന്നേകാൽ ലക്ഷം കോടി രൂപയ്ക്കു പകരം, പതിനൊന്നു കോടി രൂപ മാത്രമാണു നോട്ടുകളും നാണയങ്ങളുമായി റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ കാണുന്നത്. അതേ സമയം, ഇരുപത്താറു ലക്ഷം കോടി രൂപയിലേറെ വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ റിസർവ് ബാങ്കിനുണ്ടു താനും. റിസർവ് ബാങ്കും പണം പണമായി സൂക്ഷിയ്ക്കാറില്ലെന്നു വ്യക്തം.

റിസർവ് ബാങ്കിനെ പിന്തുടർന്നു ബാങ്കുകളും നിക്ഷേപങ്ങൾ നടത്തി വരുമാനം നേടുന്നതിൽ അതിശയമില്ല. സ്വർണത്തിനും റൊക്കം പണത്തിനും മുകളിൽ സൂചിപ്പിച്ച കുഴപ്പങ്ങളുള്ളതുകൊണ്ട്, ബാങ്കുകൾ എസ് എൽ ആർ തുക പലിശവരുമാനം നൽകുന്ന സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിയ്ക്കുന്നതു സ്വാഭാവികം മാത്രം. ഇവിടെ ചെറിയൊരു കാര്യം കൂടി പറയേണ്ടിയിരിയ്ക്കുന്നു. റിസർവ് ബാങ്കിന്റെ പക്കൽ സ്വർണം ധാരാളമുണ്ട്. 2015 ജൂൺ മുപ്പതിലെ ബാലൻസ് ഷീറ്റനുസരിച്ചു റിസർവ് ബാങ്കിന്റെ പക്കൽ 121607 കോടി രൂപയ്ക്കുള്ള സ്വർണശേഖരമുണ്ടായിരുന്നു. ഇതിന്റെ പകുതിയിലേറെയും (63723 കോടി രൂപ) നോട്ടുകളും നാണയങ്ങളും അച്ചടിയ്ക്കുന്നതിനാവശ്യമുള്ള കരുതൽ സ്വർണ ശേഖരമായിരുന്നു. 57884 കോടി രൂപയുടേതു സ്വർണനിക്ഷേപവും. ആകെ 557 ടൺ സ്വർണം റിസർവ് ബാങ്കിന്റെ പക്കലുണ്ടെന്നു കാണുന്നു.

സ്വർണത്തിന്റെ കരുതൽ ശേഖരം റിസർവ് ബാങ്കിന്റെ പക്കലുണ്ടാകുക തന്നെ വേണം. 1991ൽ ഇന്ത്യയുടെ സാമ്പത്തികനില ശോചനീയമായിരുന്നു. മൂന്നാഴ്ചയ്ക്കാവശ്യമുള്ള പെട്രോളിയം ഇറക്കുമതി ചെയ്യാനുള്ള വിദേശനാണയശേഖരം മാത്രമേ ഇന്ത്യയുടെ പക്കൽ അവശേഷിച്ചിരുന്നുള്ളൂ: 1.2 ബില്യൻ ഡോളർ. കൊടുത്തുതീർക്കാനുള്ള ഡോളർതുകകൾ കൃത്യസമയത്തു കൊടുക്കുന്നതിൽ മുടക്കം വരുത്തേണ്ടുന്ന അവസ്ഥ വരെ അന്നു സംജാതമായിരുന്നു. റിസർവ് ബാങ്കിന്റെ സ്വർണശേഖരത്തിൽ നിന്നു 67 ടൺ പണയം വച്ച്, ഇന്റർനാഷണൽ മോണറ്ററി ഫണ്ടിന്റെ (ഐ എം എഫ്) പക്കൽ നിന്നു 2.2 ബില്യൻ ഡോളറിന്റെ (അന്ന് ഏകദേശം അയ്യായിരം കോടിയിലേറെ രൂപ) അടിയന്തരവായ്പയെടുത്താണ് അന്നു മുടക്കമൊഴിവാക്കിയത്. സാമ്പത്തികനയങ്ങളുടെ ഉദാരീകരണം നടത്താൻ ഇന്ത്യ നിർബദ്ധയായത് അതോടെയാണ്. 1991ൽ വെറും 1.2 ബില്യൻ ഡോളർ മാത്രമായി ശോഷിച്ചിരുന്ന ഇന്ത്യയുടെ വിദേശനാണ്യശേഖരം ഇന്ന് 353 ബില്യൻ ഡോളറായി വളർന്നിരിയ്ക്കുന്നു. വിദേശനാണയശേഖരത്തോടൊപ്പം സ്വർണശേഖരവും രാഷ്ട്രത്തിന് ആവശ്യം തന്നെ.

റിസർവ് ബാങ്കിന്റെ പക്കൽ സ്വർണശേഖരവും കറൻസി ശേഖരവുമുണ്ടാകേണ്ടതാണെങ്കിലും, ബാങ്കുകൾക്ക് അവയേക്കാളേറെ അഭികാമ്യം പലിശവരുമാനം നൽകുന്ന നിക്ഷേപങ്ങളാണ്. അതുകൊണ്ടവർ എസ് എൽ ആർ തുക പലിശവരുമാനം തരുന്ന കടപ്പത്രങ്ങളിൽ നിക്ഷേപിച്ചിരിയ്ക്കുന്നു. ഇന്ത്യയിലെ ഷെഡ്യൂൾഡ് കമ്മേർഷ്യൽ ബാങ്കുകളുടെ പക്കലുള്ള നിക്ഷേപം ഏകദേശം 83 ലക്ഷം കോടി രൂപയാണെന്നു പറഞ്ഞുവല്ലോ. നിലവിലുള്ള എസ് എൽ ആർ നിരക്ക് ഇരുപത്തൊന്നര ശതമാനം. ഈ നിരക്കിൽ എസ് എൽ ആർ നിക്ഷേപങ്ങൾ ഇപ്പോളെത്രയുണ്ടാകുമെന്നു നോക്കാം. 83 ലക്ഷം കോടിയുടെ ഇരുപത്തൊന്നര ശതമാനം = 17.8 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഷെഡ്യൂൾഡ് കമ്മേർഷ്യൽ ബാങ്കുകൾക്കു പൊതുജനത്തിന്റെ പക്കൽ നിന്നു കിട്ടിയിരിയ്ക്കുന്ന 83 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളിൽ നിന്നുള്ള 17.8 ലക്ഷം കോടി രൂപ ഇപ്പോൾ സർക്കാരിന്റെ പക്കലാണുള്ളത് എന്നു ചുരുക്കം.

ഒരു ബാങ്ക് എസ് എൽ ആർ നിബന്ധന പാലിയ്ക്കുന്നില്ലെങ്കിൽ എന്തു സംഭവിയ്ക്കും? ക്യാഷ് റിസർവ് റേഷ്യോ നിബന്ധന പാലിയ്ക്കാതിരുന്നെങ്കിൽ സംഭവിയ്ക്കുമായിരുന്നതൊക്കെ എസ് എൽ ആർ നിബന്ധന പാലിയ്ക്കാതിരിയ്ക്കുമ്പോഴും സംഭവിയ്ക്കും. ബാങ്കിനു പിഴയൊടുക്കേണ്ടി വരും. എസ് എൽ ആർ പാലിയ്ക്കാത്ത ആദ്യ ദിവസത്തേയ്ക്കു ബാങ്ക് റേറ്റിനേക്കാൾ മൂന്നു ശതമാനം ഉയർന്ന നിരക്കിൽ പിഴയൊടുക്കേണ്ടി വരും. ഇപ്പോഴത്തെ ബാങ്ക് റേറ്റ് 7.75 ശതമാനമാണ്. ബാങ്ക് റേറ്റിനേക്കാൾ മൂന്നു ശതമാനം ഉയർന്ന നിരക്കെന്നു പറയുമ്പോൾ, 10.75 ശതമാനം. എസ് എൽ ആർ നിബന്ധന പാലിയ്ക്കാതെ പോയ തുകയിന്മേലാണു പിഴയൊടുക്കേണ്ടി വരിക. എസ് എൽ ആർ പാലിയ്ക്കാത്ത അവസ്ഥ തുടർന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ബാങ്ക് റേറ്റിനേക്കാൾ അഞ്ചു ശതമാനം ഉയർന്ന നിരക്കിലായിരിയ്ക്കും പിഴ നൽകേണ്ടി വരിക; അതായത്, 7.75+5 = 12.75 ശതമാനം.

സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ നാല്പതു ശതമാനത്തിലേറെയാകരുതെന്ന് ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് 1949ന്റെ ഇരുപത്തിനാലാം വകുപ്പു നിഷ്കർഷിച്ചിരിയ്ക്കുന്നു. ഇപ്പോൾ ഇരുപത്തൊന്നര ശതമാനമുള്ള സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ നാല്പതു ശതമാനം വരെ ഉയർത്താൻ റിസർവ് ബാങ്കിനാകും എന്നു ചുരുക്കം. 2007ൽ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റു ഭേദഗതി ചെയ്യുന്നതിനു മുമ്പ്, ഏറ്റവും ചുരുങ്ങിയ എസ് എൽ ആർ നിരക്ക് 25 ശതമാനമായിരുന്നു. 2007ലെ ഭേദഗതി ഈ വകുപ്പു നീക്കം ചെയ്തു. അതുകൊണ്ട് എസ് എൽ ആർ നിരക്കു പൂജ്യം വരെ താഴ്ത്താൻ റിസർവ് ബാങ്കിനാകും.

1949ൽ എസ് എൽ ആർ നിബന്ധന ആദ്യമായി നിലവിൽ വന്നപ്പോൾ തുടക്കമിട്ടത് 20 ശതമാനത്തിലായിരുന്നു. 1964ൽ അത് 25 ശതമാനമായി ഉയർന്നു. പിന്നീടതു പലപ്പോഴുമുയർന്നു. 1990-92 കാലത്തു നിലവിലുണ്ടായിരുന്ന 38.50 ശതമാനമായിരുന്നു 1949 മുതലുള്ള എസ് എൽ ആർ ചരിത്രത്തിലെ ഏറ്റവുമുയർന്ന നിരക്ക്. 1991ൽ ഇന്ത്യ വലിയൊരു സാമ്പത്തികപ്രതിസന്ധി നേരിട്ടിരുന്നെന്നു മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. 1993 മുതൽ എസ് എൽ ആർ തുടർച്ചയായി താഴ്ന്നു കൊണ്ടിരുന്നു എന്നു പറയാം. 1965 മുതലുള്ള അമ്പതു വർഷക്കാലത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോൾ നിലവിലുള്ളത്: 21.5 ശതമാനം.

ബാങ്കുകൾ തങ്ങളുടെ എസ് എൽ ആർ തുകകൾ നിക്ഷേപിച്ചിരിയ്ക്കുന്ന കടപ്പത്രങ്ങളെപ്പറ്റി അല്പം പറയാം. എന്താണീ കടപ്പത്രം? കുറച്ചുനാൾ കഴിയുമ്പോൾ ഒരു തുക തരാമെന്ന വാഗ്ദാനം മാത്രമാണത്. രണ്ടു തരം കടപ്പത്രങ്ങളുണ്ട്: ബോണ്ടുകളും ഡിബെഞ്ചറുകളും. മലയാളത്തിലിവ രണ്ടും കടപ്പത്രങ്ങൾ തന്നെ. ഈ ലേഖനവിഷയം ബോണ്ടുകളാണ്, ഡിബെഞ്ചറുകളല്ല. ഈ ലേഖനത്തിലുടനീളം കടപ്പത്രങ്ങൾ എന്നുപയോഗിച്ചിരിയ്ക്കുന്നതു ബോണ്ടുകൾ എന്ന അർത്ഥത്തിലാണ്.

സർക്കാരാണു കടപ്പത്രങ്ങൾ കൂടുതലും പുറപ്പെടുവിയ്ക്കുന്നത്. വിരളമായി വൻ‌കിട കമ്പനികളും അവ പുറപ്പെടുവിയ്ക്കുന്നു. കമ്പനികളുടെ ബോണ്ടുകൾ അവയുടെ ഡിബെഞ്ചറുകളേക്കാൾ സുരക്ഷിതമാണെന്നാണു പൊതുവിലുള്ള കാഴ്ചപ്പാട്. അതിനു കാരണവുമുണ്ട്. നിശ്ചിത ആസ്തികളുടെ ഈടിന്മേലായിരിയ്ക്കും, കമ്പനികൾ ബോണ്ടുകൾ പുറപ്പെടുവിയ്ക്കുന്നത്. ഡിബെഞ്ചറുകളുടെ അടിസ്ഥാനമാകട്ടെ, കമ്പനികളുടെ വിശ്വാസ്യത മാത്രമായിരിയ്ക്കും. ബോണ്ടുവ്യവസ്ഥകൾ പാലിയ്ക്കുന്നതിൽ കമ്പനികൾ പരാജയപ്പെടുന്നെങ്കിൽ, ബോണ്ടുകളുടെ ഈടായ ആസ്തികളിൽ നിന്നു തുക ഈടാക്കുന്നതു താരതമ്യേന എളുപ്പമാണ്. ഡിബെഞ്ചറുകളുടെ വ്യവസ്ഥകൾ പാലിയ്ക്കാത്ത കമ്പനികളിൽ നിന്നു ഡിബെഞ്ചർ തുക പിരിച്ചെടുക്കുന്നതു താരതമ്യേന ദുഷ്കരവും.

സ്വകാര്യകമ്പനികളുടെ ബോണ്ടുകളിൽ എസ് എൽ ആർ തുക നിക്ഷേപിയ്ക്കുന്നത് അനുവദനീയമല്ല. സർക്കാരിന്റെ കടപ്പത്രങ്ങൾ മാത്രമാണ് എസ് എൽ ആറിന് അംഗീകൃതം. സർക്കാർ വക ചില കോർപ്പറേഷനുകളുടെ കടപ്പത്രങ്ങളും എസ് എൽ ആറിന് അംഗീകൃതമാണ്. ഫെർട്ടിലൈസർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒരുദാഹരണമാണ്. സർക്കാർ കടപ്പത്രങ്ങൾ എസ് എൽ ആർ നിക്ഷേപത്തിനുതകുന്നതാണെന്നു പൊതുവിൽ പറയുമെങ്കിലും, സർക്കാരിന്റെ പല കടപ്പത്രങ്ങളും അതിനുതകാത്തവയാണ്. ടാക്സ് ഫ്രീ ബോണ്ടുകളും ഓയിൽ ബോണ്ടുകളും എസ് എൽ ആർ നിക്ഷേപത്തിന് ഉതകാത്തവയുടെ ഉദാഹരണങ്ങളാണ്. ഏതെല്ലാം കടപ്പത്രങ്ങൾ എസ് എൽ ആർ നിക്ഷേപത്തിന് ഉതകുന്നവയാണെന്നു തീരുമാനിയ്ക്കുന്നതു റിസർവ് ബാങ്കു തന്നെ.

കേന്ദ്രസർക്കാരിന്റെ കടപ്പത്രങ്ങൾ മാത്രമല്ല, സംസ്ഥാനസർക്കാരുകളുടെ കടപ്പത്രങ്ങളും എസ് എൽ ആർ നിക്ഷേപങ്ങളിൽപ്പെടുന്നു. സംസ്ഥാനസർക്കാരുകളുടെ കടപ്പത്രങ്ങൾ സ്റ്റേറ്റ് ഡെവലപ്മെന്റ് ലോണുകൾ (എസ് ഡി എൽ) എന്ന പേരിലാണു പൊതുവിൽ അറിയപ്പെടുന്നത്. അവയെല്ലാം സംസ്ഥാനവികസനത്തിനു വേണ്ടിയുള്ളതാണ്. സംസ്ഥാനസർക്കാരുകളുടെ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളും കടപ്പത്രങ്ങൾ പുറപ്പെടുവിയ്ക്കാറുണ്ട്. അവയ്ക്ക് സംസ്ഥാനസർക്കാരുകളുടെ ഗാരന്റിയുണ്ടാകുമെങ്കിലും, ഈ കടപ്പത്രങ്ങൾ സംസ്ഥാനസർക്കാരുകളുടേതല്ലാത്തതുകൊണ്ട്, അവ എസ് എൽ ആർ നിക്ഷേപങ്ങൾക്കുപയുക്തമല്ല.

ചില സംസ്ഥാനസർക്കാരുകളുടെ സാമ്പത്തികനില ഭദ്രമാണോയെന്ന ചോദ്യമുയരാമെങ്കിലും, സംസ്ഥാനസർക്കാരുകളുടേതുൾപ്പെടെയുള്ള എല്ലാ സർക്കാർ കടപ്പത്രങ്ങളും നൂറു ശതമാനം സുരക്ഷിതമാണെന്ന് അന്താരാഷ്ട്രതലത്തിൽ ബാങ്കുകൾ പിന്തുടരുന്ന ബാസൽ നിയമങ്ങൾ അംഗീകരിച്ചുകഴിഞ്ഞിട്ടുള്ളതാണ്. നിഷ്ക്രിയ ആസ്തികളെ (നോൺ പെർഫോമിംഗ് അസറ്റ് – എൻ പി ഏ) കുറിച്ച് എഴുതാനുദ്ദേശിയ്ക്കുന്നൊരു ലേഖനത്തിൽ ബാസൽ നിയമങ്ങളെപ്പറ്റി പരാമർശിയ്ക്കാം.

കടപ്പത്രങ്ങൾ കേന്ദ്രസർക്കാരിന്റേതായാലും സംസ്ഥാനസർക്കാരുകളുടേതായാലും, അവർക്കു വേണ്ടി അവയെല്ലാം പുറപ്പെടുവിയ്ക്കുന്നതു റിസർവ് ബാങ്കു തന്നെ. കാലാകാലങ്ങളിൽ കടപ്പത്രങ്ങളുടെ പലിശവിതരണം നിർവഹിയ്ക്കുന്നതും, കടപ്പത്രത്തുകകൾ മടക്കിക്കൊടുക്കുന്നതുമെല്ലാം റിസർവ് ബാങ്കു നേരിട്ടു ചെയ്യുന്നു.

എസ് എൽ ആർ നിക്ഷേപം റിസർവ് ബാങ്ക് ചൂണ്ടിക്കാണിയ്ക്കുന്ന സർക്കാർ കടപ്പത്രങ്ങളിൽ മാത്രമേ ആകാവൂ എന്നു പറഞ്ഞുവല്ലോ. സർക്കാർ കടപ്പത്രങ്ങളെ അവയുടെ കാലാവധിയ്ക്കനുസൃതമായി മൂന്നായി തരംതിരിയ്ക്കാം. ട്രഷറി ബില്ലുകളാണ് ഒന്നാമത്തേത്. ഇവ “ടി ബില്ലുകൾ” എന്നും അറിയപ്പെടുന്നു. ടി ബില്ലുകൾ 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ മൂന്നു കാലയളവുകളിലുള്ളവയാകാം. രണ്ടാമത്തെ വിഭാഗമായ ക്യാഷ് മാനേജ്മെന്റ് ബില്ലുകൾ (സി എം ബി) 91 ദിവസത്തേക്കാൾ കുറഞ്ഞ കാലയളവിലുള്ളവയായിരിയ്ക്കും. ഡേറ്റഡ് സെക്യൂരിറ്റികളെന്ന മൂന്നാമത്തെ വിഭാഗം ദീർഘകാലത്തേയ്ക്കുള്ളതായിരിയ്ക്കും. മുപ്പതു വർഷത്തേയ്ക്കുള്ളവയും ഈ വിഭാഗത്തിലുള്ളതായി കണ്ടിട്ടുണ്ട്.

ദീർഘകാലത്തേയ്ക്കുള്ള കടപ്പത്രങ്ങളിന്മേൽ നിക്ഷേപകന് അർദ്ധവാർഷികമായി പലിശ കിട്ടിക്കൊണ്ടിരിയ്ക്കും. കാലാവധി തികയുമ്പോൾ കടപ്പത്രത്തിൽ നിക്ഷേപിച്ചിരുന്ന തുകയും തിരികെക്കിട്ടും. ഉദാഹരണത്തിന്, പത്തുവർഷത്തെ കാലാവധിയുള്ള, നൂറു രൂപ മുഖവിലയുള്ളൊരു കടപ്പത്രത്തിൽ ആറു ശതമാനം പലിശ വാഗ്ദാനം ചെയ്തിരിയ്ക്കുന്നെന്നു കരുതുക. അതിന്റെ നിക്ഷേപകന് ഓരോ ആറു മാസം കൂടുമ്പോഴും മൂന്നു രൂപ വീതം പലിശ കിട്ടിക്കൊണ്ടിരിയ്ക്കും. പത്തു വർഷം തികയുമ്പോൾ മുഖവിലയായ നൂറു രൂപ തിരികെക്കിട്ടുകയും ചെയ്യും.

ദീർഘകാലകടപ്പത്രങ്ങൾ നിക്ഷേപകർക്കു പലിശ നൽകുമ്പോൾ ഹ്രസ്വകാലത്തേയ്ക്കുള്ള ടി ബില്ലുകളും സി എം ബികളും പലിശയ്ക്കുപകരം ഡിസ്കൌണ്ടു നൽകുന്നു. ഇതല്പം വിശദീകരിയ്ക്കാം. 91 ദിവസം തികയുമ്പോൾ നൂറു രൂപ തരാമെന്ന വാഗ്ദാനമാണ് ഒരു ടി ബില്ലിലുള്ളതെന്നു കരുതുക. ആ കടപ്പത്രം വാങ്ങാൻ വേണ്ടി ഇപ്പോൾ കൊടുക്കേണ്ടിവരുന്നത് 98.50 രൂപയാണെന്നും കരുതുക. ഇത് ഏകദേശം ആറു ശതമാനം പ്രതിവർഷപലിശയ്ക്കു തുല്യമാണ്. കാലാവധി നീണ്ടതാകുമ്പോൾ, ഡിസ്കൌണ്ടു തുക വലുതായിരിയ്ക്കും, അടയ്ക്കേണ്ട തുക കുറവായിരിയ്ക്കും. ഹ്രസ്വകാലാവധിയ്ക്കു ഡിസ്കൌണ്ടു കുറവായിരിയ്ക്കും, അടയ്ക്കേണ്ട തുക കൂടുതലായിരിയ്ക്കും. ഇതെല്ലാം വിശാലമായ ഉദാഹരണങ്ങളായിപ്പറഞ്ഞെന്നേയുള്ളൂ; സൂക്ഷ്മതലത്തിൽ വ്യത്യാസങ്ങളുണ്ടാകാം.

റിസർവ് ബാങ്കിനു പബ്ലിക് ഡെറ്റ് ഓഫീസ് എന്നൊരു വിഭാഗമുണ്ട്. പി ഡി ഓ എന്നറിയപ്പെടുന്ന ഈ വിഭാഗം ‘നെഗോഷ്യേറ്റഡ് ഡീലിംഗ് സിസ്റ്റം’ (എൻ ഡി എസ്) വഴി പുതിയ കടപ്പത്രങ്ങൾ പുറപ്പെടുവിയ്ക്കുന്നു. എൻ ഡി എസ്സിന് ‘ഓർഡർ മാച്ചിംഗ് സെഗ്‌മെന്റ്’ എന്ന, പൂർണമായും കമ്പ്യൂട്ടർവത്കരിച്ച ഒരു കച്ചവടസംവിധാനമുണ്ട്. ബാങ്കുകൾ കടപ്പത്രങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് ഈ സംവിധാനത്തിലൂടെയാണ്. റിസർവ് ബാങ്കും ബാങ്കുകളും തമ്മിലും, ബാങ്കുകൾ പരസ്പരവും കടപ്പത്ര ഇടപാടുകൾ നടത്തുന്നു.

പണ്ട് കടലാസിൽ അച്ചടിച്ച ഓഹരിസർട്ടിഫിക്കറ്റുകളുണ്ടായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഓഹരിസർട്ടിഫിക്കറ്റുകളെ “ഡീമെറ്റീരിയലൈസ്” (ഡീമാറ്റ്) ചെയ്ത് ഇലക്ട്രോണിക് അഥവാ ഡിജിറ്റൽ രൂപത്തിലാക്കി. ഇപ്പോൾ കച്ചവടം നടത്തപ്പെടുന്ന ഓഹരികളെല്ലാം “ഡീമാറ്റ്” ചെയ്യപ്പെട്ടവയാണ്. നാമിന്ന് ഓഹരി വാങ്ങിയാൽ ഓഹരിസർട്ടിഫിക്കറ്റു കിട്ടുകയില്ല. പകരം, ആ ഓഹരി നമ്മുടെ ഡീമാറ്റ് അക്കൌണ്ടിൽ വരവുവച്ചു കിട്ടുന്നു; ‘ക്രെഡിറ്റു’ ചെയ്തു കിട്ടുന്നു എന്നും പറയാം. സേവിംഗ്സ് ബാങ്ക് അക്കൌണ്ടിൽ നാം പണം നിക്ഷേപിയ്ക്കുന്നതിന് ഏകദേശം സമാനമാണിത്. നാം ഓഹരി വിറ്റൊഴിയുമ്പോൾ, നമ്മുടെ ഡീമാറ്റ് അക്കൌണ്ടിൽ നിന്ന് ആ ഓഹരി കുറവു ചെയ്യുന്നു, അഥവാ ‘ഡെബിറ്റു’ ചെയ്യുന്നു. കടപ്പത്രങ്ങൾ വാങ്ങുമ്പോഴുള്ള സ്ഥിതിയും ഇതു തന്നെ.

ബാങ്കുകൾക്കു മാത്രമല്ല, വ്യക്തികൾക്കും കടപ്പത്രങ്ങൾ വാങ്ങാവുന്നതാണ്. ഓഹരികൾ വാങ്ങുന്നതുപോലെ, കടപ്പത്രങ്ങളും നാഷണൽ സ്റ്റോക് എക്സ്ചേഞ്ച്, ബോംബേ സ്റ്റോക് എക്സ്ചേഞ്ച് എന്നിവ വഴി വാങ്ങാം.

ഇനി നമുക്കു റിപ്പോ റേറ്റും റിവേഴ്സ് റിപ്പോ റേറ്റും എന്തെന്നു നോക്കാം.

എപ്പോഴാണു നിക്ഷേപകർ കൂട്ടത്തോടെ വന്നു നിക്ഷേപം പിൻ‌വലിയ്ക്കുന്നതെന്നു മുൻ‌കൂട്ടി കാണാൻ ബാങ്കുകൾക്കാവില്ല. അതുപോലെ, ആർക്കൊക്കെയാണോ വായ്പ അനുവദിച്ചിരിയ്ക്കുന്നത്, അവരൊക്കെ ഏതു നിമിഷവും മുഴുവൻ വായ്പയുമെടുത്തെന്നു വരാം. പണം കൊടുക്കേണ്ടപ്പോൾ അതു കൊടുക്കുകയല്ലാതെ മറ്റൊരു പോംവഴിയും ബാങ്കുകൾക്കില്ല. ആവശ്യത്തിനു പണം കൈവശമില്ലാത്ത അവസ്ഥ ഇതുമൂലം ബാങ്കുകൾക്കു പലപ്പോഴുമുണ്ടാകുന്നു. ഇത്തരം ആസ്തി-ബാദ്ധ്യതാ പൊരുത്തക്കേടുകൾ സ്വാഭാവികവും പതിവുമാണ്. ചിലപ്പോൾ പണത്തിന്റെ കുറവാകാം ബാങ്കുകൾ നേരിടുന്നത്. മറ്റു ചിലപ്പോൾ പണത്തിന്റെ ആധിക്യവും. രണ്ടും ബാങ്കുകളെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങൾ തന്നെ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു പണത്തിന്റെ അത്യാവശ്യമുണ്ടാകുന്നെന്നു കരുതുക. ഇത്തരം സന്ദർഭങ്ങളിൽ സ്റ്റേറ്റ് ബാങ്കു റിസർവ് ബാങ്കിനെ സമീപിയ്ക്കുന്നു. ബാങ്കുകളുടെ ബാങ്കാണല്ലോ റിസർവ് ബാങ്ക്. സ്റ്റേറ്റ് ബാങ്ക് റിസർവ് ബാങ്കിനോടൊരു താത്കാലിക വായ്പ ആവശ്യപ്പെടുന്നു. സ്റ്റേറ്റ് ബാങ്കും റിസർവ് ബാങ്കും തമ്മിലുള്ള, സാങ്കല്പികമായൊരു സംവാദം നമുക്കു കേൾക്കാം.

സ്റ്റേറ്റ് ബാങ്ക് റിസർവ് ബാങ്കിനോടു ഫോണിൽ: “അതേയ്, ചേട്ടാ, അത്യാവശ്യായിട്ട് കൊറച്ചു കാശു വേണായിരുന്നു.”

റിസർവ് ബാങ്ക്:എസ് എൽ ആറിന്റെ ബോണ്ടുകളില്ലേ കൈയിൽ? അതു കുറേ ഇങ്ങോട്ടു തരിക.”

കാശെത്ര കിട്ടും?”

എത്ര വേണം?”

ഇത്തിരി കൂടുതലു വേണം: ഒരു ലക്ഷം രൂപ.”

ഒരു ലക്ഷമോ!” റിസർവ് ബാങ്കു ചിരിയ്ക്കുന്നു. “അഞ്ചു കോടിയിൽക്കുറഞ്ഞ ഇടപാടില്ല. അഞ്ചു കോടി, പത്തു കോടി, പതിനഞ്ചു കോടി. അങ്ങനെ അഞ്ചു കോടിയുടെ ഗുണിതങ്ങളായി മാത്രമേ കിട്ടുകയുള്ളൂ.

അപ്പോ, ഒരു ലക്ഷം മാത്രമായി കിട്ടുകയില്ലേ?”

ഇല്ല. മിനിമം അഞ്ചു കോടി. വേണമെങ്കിൽ വേഗം പറയുക.”

അഞ്ചു കോടിയെങ്കിൽ അഞ്ചു കോടി. എടുത്തുകളയാം. കാശിനാവശ്യണ്ട്. കടപ്പത്രം എന്തോരം തരണം?”

അഞ്ചു ശതമാനം മാർജിൻ. എന്നു വച്ചാൽ, അഞ്ചു കോടി രൂപ കിട്ടണമെങ്കിൽ അഞ്ചു കോടി ഇരുപത്താറു ലക്ഷം രൂപയ്ക്കുള്ള കടപ്പത്രം തരണം.”

കടപ്പത്രങ്ങൾ പണയം വയ്ക്കുകയാണോ ഞങ്ങൾ ചെയ്യേണ്ടത്?”

റിസർവ് ബാങ്കു ചിരിച്ചുപോയി. “ഇതെന്താ, സ്വർണപ്പണയം പോലുള്ള ബിസിനസ്സാണെന്നു കരുതിയോ? നിങ്ങൾ കടപ്പത്രങ്ങൾ ഞങ്ങൾക്കു വിൽക്കണം.”

അതെന്തിനാ വിൽക്കണത്? പണയമായിത്തന്നാൽപ്പോരേ?” പലിശവരുമാനം നൽകുന്ന കടപ്പത്രങ്ങൾ വിറ്റുകളയാൻ സ്റ്റേറ്റു ബാങ്കിനു വൈമനസ്യമുണ്ട്.

പോരാ. വിറ്റുതരിക തന്നെ വേണം.”

അങ്ങനെയെങ്കിൽ അങ്ങനെ. എത്ര നാളത്തേയ്ക്കാണു ലോൺ കിട്ടുക?”

എത്ര നാളത്തേയ്ക്കു വേണം?”

രണ്ടു ദിവസം. കൂടിപ്പോയാൽ മൂന്ന്. അങ്ങേയറ്റം എത്ര ദിവസത്തേയ്ക്കു വരെ കിട്ടും?”

ഒരു സമയപരിധി ഞങ്ങൾ നിഷ്കർഷിച്ചിട്ടില്ല. എങ്കിലും മൂന്നു മാസത്തിൽ കൂടാതിരിയ്ക്കുന്നതു നന്ന്. സാധാരണയായി ബാങ്കുകളിതു രണ്ടോ മൂന്നോ ദിവസത്തേയ്ക്കു മാത്രമായാണ് എടുക്കാറ്. ഒരാഴ്ചയ്ക്കപ്പുറം നീണ്ടു പോകാറില്ല.”

“പലിശ വല്ലതും തരേണ്ടി വരുമോ?”

നല്ല ചോദ്യം! പലിശയില്ലാത്ത വായ്പ നിങ്ങൾ കൊടുക്കാറുണ്ടോ, ഇല്ലല്ലോ? ഇതിനും പലിശ വേണം.”

എത്ര ശതമാനം തരേണ്ടി വരും?”

അതു നിങ്ങൾക്കറിയില്ലേ? ആറേമുക്കാൽ ശതമാനമെന്നു പറഞ്ഞുകൊണ്ടു ഞങ്ങളയച്ച സർക്കുലർ നിങ്ങളുടെ കമ്പ്യൂട്ടറിലുണ്ടാകും. സർക്കുലറുകൾ ഇടയ്ക്കിടെ തുറന്നു വായിയ്ക്കണം.”

എന്താണിക്കേൾക്കണത്! മൂന്നു ദിവസത്തേയ്ക്ക് ആറേമുക്കാൽ ശതമാനം പലിശയോ? അതു ബ്ലേയ്ഡിലും കടുപ്പമാകുമല്ലോ.”

ഞങ്ങൾ റിപ്പോ റേറ്റു പറയുന്നത് ഒരു വർഷത്തേയ്ക്കാണ്. പ്രതിവർഷം ആറേമുക്കാൽ ശതമാനം.”

ഹാവൂ! 365 ദിവസത്തേയ്ക്ക് ആറേമുക്കാൽ ശതമാനം സാരമില്ല.” സ്റ്റേറ്റ് ബാങ്കിന് ആശ്വാസമായി. “അപ്പോ, റിപ്പോ റേറ്റെന്നു പറയുന്നത് ഇതിനാണോ?”

“അതെ.”

ചേട്ടാ, ഒരു കാര്യമിപ്പഴാ ഓർത്തത്. ചോദിയ്ക്കുന്നതില് വേറൊന്നും വിചാരിയ്ക്കരുത്. കടപ്പത്രങ്ങളിൽ നിന്നു ഞങ്ങൾക്കു പലിശ കിട്ടാറുണ്ട്. കടപ്പത്രങ്ങള് നിങ്ങൾക്കു വിറ്റാൽ, ഞങ്ങൾക്കു കിട്ടിക്കൊണ്ടിരിയ്ക്കുന്ന പലിശ ഞങ്ങൾക്കു കിട്ടാതെ പോകുമോ? വായ്പത്തുക മേല് ആറേമുക്കാൽ ശതമാനം പലിശ നിങ്ങൾക്കു തരേണ്ടി വരുന്നതിനെടേല്, കടപ്പത്രങ്ങളിൽ നിന്നു കിട്ടിക്കൊണ്ടിരിയ്ക്കുന്ന പലിശവരുമാനം നിന്നുപോകുകയും ചെയ്താൽ വലഞ്ഞു പോകും.”

ആ വേവലാതി വേണ്ട.” റിസർവ് ബാങ്കു സ്റ്റേറ്റ് ബാങ്കിനെ ആശ്വസിപ്പിച്ചു. ഈ വായ്പയ്ക്കായി നിങ്ങൾ ഞങ്ങൾക്കു വിൽക്കുന്ന കടപ്പത്രങ്ങളുടെ സൂക്ഷിപ്പുകാരൻ മാത്രമായിരിയ്ക്കും ഞങ്ങൾ. ഞങ്ങളവയുടെ പലിശ കൃത്യമായി വാങ്ങി നിങ്ങളുടെ അക്കൌണ്ടിൽ ക്രെഡിറ്റു ചെയ്യും.”

വളരെ സന്തോഷം. എന്നാൽ കടപ്പത്രങ്ങളും കൊണ്ട് അങ്ങോട്ടു വരട്ടേ?”

ഇങ്ങോട്ടു വരേണ്ട കാര്യമില്ല. ഇതൊക്കെയിപ്പോൾ കമ്പ്യൂട്ടർ വഴി ചെയ്യാവുന്നതേയുള്ളൂ. കമ്പ്യൂട്ടർ വഴിതന്നെ ചെയ്യുകയും വേണം. നിങ്ങൾ ഞങ്ങളുടെ വെബ്സൈറ്റു സന്ദർശിയ്ക്കുക. എന്തൊക്കെച്ചെയ്യണമെന്ന് അതിലുണ്ട്. നിങ്ങൾ കടപ്പത്രങ്ങൾ ഞങ്ങൾക്കു വിറ്റ ഉടനെ ഞങ്ങൾ നിങ്ങളുടെ അക്കൌണ്ടിൽ വായ്പപ്പണം ക്രെഡിറ്റു ചെയ്യും.”

“ശരി. വേറൊന്നൂല്ലല്ലോ?”

“ഒരു നടപടിക്രമം കൂടിയുണ്ട്,” റിസർവ് ബാങ്കു പറഞ്ഞു. “നിങ്ങളൊരു കരാറൊപ്പിട്ടുതരികയും വേണം. എത്ര ദിവസത്തേയ്ക്കാ ലോൺ വേണ്ടത്?”

മൂന്നു ദിവസത്തേയ്ക്ക്. എന്തു കരാറാ ഒപ്പിട്ടു തരേണ്ടത്?”

റീപർച്ചേസ് എഗ്രിമെന്റ്. ഇന്നു നിങ്ങൾ ഞങ്ങൾക്കു വിൽക്കാൻ പോകുന്ന കടപ്പത്രം മുഴുവനും നാലാമത്തെ ദിവസം വായ്പ പലിശസഹിതം തിരിച്ചടച്ച ശേഷം ഞങ്ങളുടെ പക്കൽ നിന്നു തിരികെ വാങ്ങിക്കൊള്ളാമെന്നു സമ്മതിയ്ക്കുന്ന കരാർ. ഇന്നു കടപ്പത്രം നിങ്ങൾ ഞങ്ങൾക്കു വിൽക്കുന്നു. നാലാമത്തെ ദിവസം നിങ്ങളവ തിരിച്ചു വാങ്ങുന്നു, അതായതു റീപർച്ചേസ് ചെയ്യുന്നു.”

ഓഹോ! ഈ റീപർച്ചേസു കാരണമാണ് ഇതിനു റിപ്പോ എന്ന പേരു വന്നത്. ശരിയല്ലേ?” സ്റ്റേറ്റ് ബാങ്ക് തങ്ങളുടെ വിജ്ഞാനം പ്രകടിപ്പിച്ചു.

അതെ. റിപ്പോ എഗ്രിമെന്റ്, റിപ്പോ ലോൺ, റിപ്പോ റേറ്റ്.”

ഈ റീപർച്ചേസ് എഗ്രിമെന്റും കമ്പ്യൂട്ടറിൽക്കൂടി ഒപ്പിട്ടയച്ചാൽ മതിയോ?”

മതി.”

ഒരു കാര്യം കൂടി. ഇന്നു ഞങ്ങൾക്കു മിനിമം തുക മാത്രം മതി. എങ്കിലും അറിഞ്ഞിരിയ്ക്കാൻ വേണ്ടി ചോദിയ്ക്കുകയാണ്. ഈ വായ്പ അങ്ങേയറ്റം എത്ര വരെ കിട്ടും?”

ഡെപ്പോസിറ്റുകളും ലോണുകളുമൊക്കെയായി ആകെ എത്ര നിക്ഷേപം നിങ്ങളുടെ പക്കലുണ്ടോ, അതിന്റെ അര ശതമാനം വരെ ഈ വായ്പ കിട്ടും.”

സ്റ്റേറ്റ് ബാങ്കും റിസർവ് ബാങ്കും തമ്മിൽ നടന്ന, സാങ്കല്പികമായ ഈ സംവാദത്തിൽ നിന്നു റിപ്പോയെപ്പറ്റി കുറച്ചു കാര്യങ്ങൾ മനസ്സിലായിക്കാണുമെന്നു കരുതുന്നു. സ്റ്റേറ്റ് ബാങ്കിനു വിവരമല്പം കുറവാണെന്ന തരത്തിൽ എഴുതിയിരിയ്ക്കുന്നതിനു സ്റ്റേറ്റ് ബാങ്കിന്റെ ആരാധകരാരും എന്നോടു കോപിയ്ക്കരുതെന്നപേക്ഷ. സ്റ്റേറ്റ് ബാങ്ക് യഥാർത്ഥത്തിൽ ഇക്കാര്യങ്ങളിലൊക്കെ വിദഗ്ദ്ധരാണ്.

കാര്യമിവിടെ അവസാനിയ്ക്കുന്നില്ല. സ്റ്റേറ്റ് ബാങ്ക് അഞ്ചു കോടിയുടെ റിപ്പോ ലോൺ ചോദിച്ചയുടനെ അതു കൊടുക്കാമെന്നു റിസർവ് ബാങ്കു സമ്മതിയ്ക്കുകയും ചെയ്തു. റിസർവ് ബാങ്കു ബാങ്കുകളുടെ ബാങ്കായതുകൊണ്ട്, ഒരു ബാങ്ക് അത്യാവശ്യം മൂലമൊരു ഹ്രസ്വകാല ധനസഹായം ആവശ്യപ്പെടുമ്പോൾ അതു കൊടുക്കാതെ തരമില്ല. പക്ഷേ, സ്റ്റേറ്റ് ബാങ്കിനു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത അഞ്ചുകോടി രൂപ തങ്ങളുടെ പക്കലുണ്ടോയെന്നു റിസർവ് ബാങ്കു പരിശോധിച്ചപ്പോഴാണു സത്യാവസ്ഥ മനസ്സിലായത്: ഒരു രൂപ പോലുമില്ല! സ്റ്റേറ്റ് ബാങ്കിന് അഞ്ചുകോടി കൊടുക്കാമെന്നു സമ്മതിച്ചും പോയി. ഇനിയെന്തു ചെയ്യും?

പക്ഷേ, ഒരുപാടു ബാങ്കുകളുടേയും സർക്കാരുകളുടേയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതു റിസർവ് ബാങ്കിന്റെ പതിവായതുകൊണ്ട് ഇത്തരം പണദൌർലഭ്യങ്ങൾ റിസർവ് ബാങ്കിനു പരിചിതമാണ്. റിസർവ് ബാങ്ക് ഐസിഐസിഐ ബാങ്കിനെ വിളിച്ചു. ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ ബാങ്കാണ് ഐസിഐസിഐ ബാ‍ങ്ക്. അവർ തമ്മിലുള്ള സാങ്കല്പികസംവാദം നമുക്കൊന്നു കേൾക്കാം. റിവേഴ്സ് റിപ്പോയെപ്പറ്റി അല്പം മനസ്സിലാക്കാൻ അതുപകരിയ്ക്കും.

എന്താ ചേട്ടാ, പതിവില്ലാത്തൊരു വിളി?” ആളെ മനസ്സിലായ ഉടനെ ഐസിഐസിഐ ബാങ്കു ചോദിച്ചു. ശബ്ദത്തിൽ നേരിയൊരു നീരസമുണ്ടായിരുന്നു.

അഞ്ചു കോടി രൂപയെടുക്കാനുണ്ടോ കൈയിൽ? മൂന്നു ദിവസത്തേയ്ക്കേ വേണ്ടൂ. നാലാമത്തെ ദിവസം മടക്കിത്തരാം.”

മുമ്പ് ഒരത്യാവശ്യസന്ദർഭത്തിൽ ഐസിഐസിഐ ബാങ്കു വായ്പയ്ക്കായി റിസർവ് ബാങ്കിനെ സമീപിച്ചിരുന്നു. റിസർവ് ബാങ്കന്നു വായ്പ നൽകിയിരുന്നെങ്കിലും ഐസിഐസിഐ ബാങ്കിനു മൂന്നു കാര്യങ്ങൾ ഇഷ്ടപ്പെട്ടിരുന്നില്ല. റിസർവ് ബാങ്ക് വായ്പയ്ക്കു പലിശ ഈടാക്കിയതായിരുന്നു അനിഷ്ടത്തിനുള്ള കാരണങ്ങളിലൊന്ന്. നിസ്സാരസമയത്തേയ്ക്കൊരു ചെറിയ തുക ചോദിച്ചപ്പോൾ അതിനു പലിശ! ഇത്തരം കൊച്ചുകൊച്ചു സഹായങ്ങളൊക്കെ റിസർവ് ബാങ്കു പലിശ കൂടാതെ തന്നെ ചെയ്തു തരേണ്ടതായിരുന്നെന്നാണ് ഐസിഐസിബാങ്കിന്റെ അഭിപ്രായം.

വായ്പയിന്മേൽ പലിശ ചുമത്തുമെന്നു പറഞ്ഞതിനു പുറമേ, ഈടായി കടപ്പത്രങ്ങൾ വിറ്റുകൊടുക്കണമെന്നു റിസർവ് ബാങ്കു നിർബന്ധിച്ചതും ഐസിഐസിഐ ബാങ്കിനു രുചിച്ചിരുന്നില്ല. ‘നിങ്ങളുടെ പണവും കൊണ്ട് ഞങ്ങളോടിപ്പൊയ്ക്കളയുമെന്നാണോ വിചാരിയ്ക്കുന്നത്’ എന്നവർ അന്നു റിസർവ് ബാങ്കിനോടു ചോദിയ്ക്കുക പോലും ചെയ്തിരുന്നു. ‘ഇതൊക്കെ പതിവു നടപടിക്രമങ്ങളല്ലേ, എല്ലാവരും ഇതൊക്കെ അനുസരിയ്ക്കുന്നുണ്ട്’ എന്ന മറുപടിയും റിസർവ് ബാങ്ക് അക്ഷോഭ്യനായി കൊടുത്തിരുന്നു.

അതിനെല്ലാം പുറമേ അന്നു റീപർച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടു നൽകുകയും വേണ്ടി വന്നു. ഐസിഐസിഐ ബാങ്കു രോഷത്തോടെ പറഞ്ഞു, “നിങ്ങള് ബാങ്കുകളുടെ ബാങ്കാണെന്ന് അവകാശപ്പെടാതിരിയ്ക്കുകയാണു നല്ലത്!”

അക്കാര്യമൊക്കെ ഐസിഐസിഐ ബാങ്കിന് ഓർമ്മ വന്നു. അതിനൊക്കെ പകരം വീട്ടിയിട്ടു തന്നെ കാര്യം! അവർ പറഞ്ഞു, “രൂപയൊക്കെയുണ്ടു കൈയിൽ. പക്ഷേ, പലിശ, കടപ്പത്രങ്ങൾ, എഗ്രിമെന്റ് – ഇവ മൂന്നും തരണം.” അന്നു റിസർവ് ബാങ്ക് എന്തൊക്കെച്ചെയ്യിച്ചിരുന്നുവോ അതെല്ലാമിന്ന് അവരെക്കൊണ്ടു തന്നെ ചെയ്യിയ്ക്കണം, ഐസിഐസിഐ ബാങ്കു തീരുമാനിച്ചു. “പലിശ പതിനഞ്ചു ശതമാനമാകും.” പറഞ്ഞു കഴിഞ്ഞപ്പോഴാണോർത്തത്, ഇരുപതു ശതമാനമെന്നു പറയാമായിരുന്നു!

റിസർവ് ബാങ്ക് ചോദിച്ചു, “ഞങ്ങളയച്ചു തന്ന സർക്കുലറുകൾ നിങ്ങൾ വായിയ്ക്കാറില്ല, അല്ലേ?”

ദിവസേന കുറേ സർക്കുലറു കയറി വരുന്നുണ്ട്. അതു മുഴുവനും വായിച്ചു തീർക്കാൻ ആരെക്കൊണ്ടാകും!”

ഞങ്ങൾ ബാങ്കുകളിൽ നിന്നെടുക്കുന്ന വായ്പകളുടെ വ്യവസ്ഥകളെല്ലാം സർക്കുലറുകളിൽ വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അഞ്ചേമുക്കാൽ ശതമാനം പലിശ കിട്ടും. അത്രയേ കിട്ടുകയുള്ളൂ.”

അഞ്ചേമുക്കാൽ ശതമാനം മാത്രമോ?”

ബാങ്കുകളിൽ നിന്നു ഞങ്ങളെടുക്കുന്ന ഇത്തരം ലോണുകൾക്കു റിവേഴ്സ് റിപ്പോ റേറ്റനുസരിച്ചാണു പലിശ നൽകുക. നിലവിലിരിയ്ക്കുന്ന റിപ്പോ റേറ്റിൽ നിന്ന് ഒരു ശതമാനം കുറവാണു റിവേഴ്സ് റിപ്പോ റേറ്റ്. റിപ്പോ റേറ്റിപ്പോൾ ആറേമുക്കാൽ ശതമാനമായതുകൊണ്ട് റിവേഴ്സ് റിപ്പോ റേറ്റ് അഞ്ചേമുക്കാൽ ശതമാനം.”

ഇതെവിടുത്തെ ന്യായം! ലോണിന്റെ പലിശനിരക്കു തീരുമാനിയ്ക്കാനുള്ള സ്വാതന്ത്ര്യം ലോൺ തരുന്നവർക്കുണ്ടാകേണ്ടതല്ലേ? ലോണെടുക്കുന്നവരാണോ പലിശനിരക്കു തീരുമാനിയ്ക്കുന്നത്?”

ഞങ്ങൾക്കു തരുന്ന ലോണുകളുടെ പലിശനിരക്കു ഞങ്ങൾ നിശ്ചയിയ്ക്കും. ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ആക്റ്റ് എന്നീ രണ്ടു നിയമങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ?”

കേട്ടിട്ടുണ്ടെന്നു തോന്നുന്നു.”

അവ രണ്ടും വായിച്ചുനോക്കിയാൽ ഞങ്ങളുടെ അധികാരങ്ങളെന്തെല്ലാമെന്ന് അറിയാനാകും. സൌകര്യം പോലെ അതൊക്കെയൊന്നു വായിയ്ക്കുക.” പതിനഞ്ചു ശതമാനത്തിനു പകരം അഞ്ചേമുക്കാൽ ശതമാനം പലിശ മാത്രമേ കിട്ടുകയുള്ളെന്നു മനസ്സിലായപ്പോൾ ഐസിഐസിഐ ബാങ്കു നിരാശനായി. റിസർവ് ബാങ്കു തുടർന്നു: “ബോണ്ടുകൾ തരാം. പിന്നെ, എഗ്രിമെന്റ് ഒപ്പിടേണ്ടതു നിങ്ങളാണ്, ഞങ്ങളല്ല.”

അതെങ്ങനെ! അന്നു ഞങ്ങൾ ലോണെടുത്തപ്പോൾ ഞങ്ങളാണു റീപർച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടു തന്നത്. ഇന്നു ലോണെടുക്കുന്നതു നിങ്ങളാണ്. അപ്പൊ നിങ്ങളല്ലേ റീപർച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടു തരേണ്ടത്?” ഐസിഐസിഐ ബാങ്കു ചൂടായി.

“ലോണെടുക്കുന്നതു ബാങ്കുകളായാലും ഞങ്ങളായാലും എഗ്രിമെന്റൊപ്പിടേണ്ടതു ബാങ്കുകൾ തന്നെ. അതാണു നിയമം. ഞങ്ങൾ ലോണെടുക്കുമ്പോൾ നിങ്ങളൊപ്പിടേണ്ടതു റീപർച്ചേസ് എഗ്രിമെന്റല്ല, റീസെയിൽ എഗ്രിമെന്റാണ്. അതായത്, ഞങ്ങളിപ്പോൾ നിങ്ങൾക്കു വിൽക്കുന്ന ബോണ്ടുകൾ നിങ്ങൾ കൃത്യസമയത്തുതന്നെ ഞങ്ങൾക്കു തിരികെ വിറ്റുകൊള്ളാമെന്നു സമ്മതിയ്ക്കുന്ന എഗ്രിമെന്റ്.”

അപ്പോൾ ഈ വ്യവസ്ഥകളൊക്കെ സമ്മതിയ്ക്കാതെ നിവൃത്തിയില്ലെന്നാണോ പറയുന്നത്?”

അതെ. നിങ്ങൾക്ക് ഈ വ്യവസ്ഥകൾ സമ്മതമല്ലെങ്കിൽ ഞങ്ങൾ മറ്റേതെങ്കിലും ബാങ്കുകളെ സമീപിച്ചോളാം. എന്തു പറയുന്നു?”

ഐസിഐസിഐ ബാങ്ക് ആലോചിച്ചു. കൈവശം നിഷ്ക്രിയമായിക്കിടക്കുന്ന പണം ഇരുപതിരുപത്തഞ്ചു കോടിയോളം വരും. പണം പണമായി ഇരുന്നതുകൊണ്ടു യാതൊരു ഗുണവുമില്ല. വരുമാനമുണ്ടാകണമെങ്കിൽ വായ്പ കൊടുക്കണം. റിസർവ് ബാങ്കിന് അഞ്ചു കോടി കൊടുക്കാനായാൽ അത്രയുമായി. ഐസിഐസിഐ ബാങ്കു മനക്കണക്കു കൂട്ടി നോക്കി: അഞ്ചുകോടി രൂപയ്ക്ക് അഞ്ചേമുക്കാൽ ശതമാനം നിരക്കിൽ മൂന്നു ദിവസത്തെ പലിശ ഇരുപതിനായിരത്തിൽക്കുറയില്ല. തള്ളിക്കളയാൻ പറ്റുന്ന തുകയല്ല. ലോൺ ചോദിച്ചുകൊണ്ട് അധികമാരും വരാത്ത കാലമാണു താനും.

ലോൺ തരാം.” റിസർവ് ബാങ്കുമായി ഇണങ്ങുന്നതാണു നല്ലത്. അവരുമായി കലഹിച്ചുകൊണ്ടു ബാങ്കുകൾക്കു ജീവിച്ചുപോകാനാകില്ല. ഐസിഐസിഐ ബാങ്കു ബുദ്ധിമുട്ടി സൌഹൃദഭാവം മുഖത്തു വരുത്തി. “ഇന്നു മാത്രമല്ല, ഇത്തരം ആവശ്യം വരുമ്പോഴൊക്കെ മടിയ്ക്കാതെ ചോദിച്ചോളുക.”

റിവേഴ്സ് റിപ്പോ നിരക്കിനെപ്പറ്റി ഒരേകദേശരൂപം മുകളിൽക്കൊടുത്തിരിയ്ക്കുന്ന സാങ്കല്പിക സംഭാഷണത്തിൽ നിന്നു മനസ്സിലായിക്കാണുമെന്നു കരുതുന്നു. റിപ്പോ-റിവേഴ്സ് റിപ്പോ വായ്പകൾക്കായി ഇത്തരം സംഭാഷണങ്ങൾ ഇന്നാവശ്യമില്ല. റിപ്പോ ലോണുകളും റിവേഴ്സ് റിപ്പോ ലോണുകളുമെല്ലാം ഇപ്പോൾ കമ്പ്യൂട്ടർവത്കരിച്ചിരിയ്ക്കുകയാണ്. വായ്പകളെടുക്കലും കൊടുക്കലും മിനിറ്റുകൾ കൊണ്ടു നടക്കുന്നു.

റിപ്പോ-റിവേഴ്സ് റിപ്പോ സംക്ഷിപ്തരൂപത്തിലിതാ: ബാങ്കുകളാണു റിപ്പോ വായ്പയെടുക്കുന്നത്. റിവേഴ്സ് റിപ്പോ വായ്പയെടുക്കുന്നതു റിസർവ് ബാങ്കും. റിപ്പോ വായ്പയ്ക്കു വേണ്ടി ബാങ്കുകൾ കടപ്പത്രങ്ങൾ റിസർവ് ബാങ്കിനു വിൽക്കുന്നു. അങ്ങനെ പോകുന്ന കടപ്പത്രങ്ങൾ “റീപർച്ചേസ്” ചെയ്യാനുള്ള കരാർ ബാങ്കുകളൊപ്പിട്ടുകൊടുക്കുന്നു. റിവേഴ്സ് റിപ്പോ വായ്പയിൽ റിസർവ് ബാങ്കു കടപ്പത്രങ്ങൾ ബാങ്കുകൾക്കു വിൽക്കുന്നു, ബാങ്കുകൾ “റീസെയിൽ” കരാറൊപ്പിട്ടുകൊടുക്കുന്നു. റിപ്പോവായ്പയിൽ കടപ്പത്രങ്ങളും വായ്പപ്പണവും ഏതെല്ലാം ദിശകളിലാണോ പോകുന്നത്, അവയുടെ വിപരീത ദിശകളിലാണ് അവ റിവേഴ്സ് റിപ്പോവായ്പയിൽ പോകുന്നത്. അതുകൊണ്ടാണു റിവേഴ്സ് റിപ്പോ ഇടപാടുകളിലെ എല്ലാ ഘടകങ്ങളേയും “റിവേഴ്സ്” എന്ന പദം ചേർത്തു വിശേഷിപ്പിയ്ക്കുന്നത്.

റിസർവ് ബാങ്കിന്റെ ഇപ്പോഴത്തെ നയമനുസരിച്ച്, റിവേഴ്സ് റിപ്പോ നിരക്ക് റിപ്പോ നിരക്കിനേക്കാൾ ഒരു ശതമാനം കുറവായിരിയ്ക്കും. നിലവിലുള്ള റിപ്പോ നിരക്ക് 6.75 ശതമാനമായതുകൊണ്ട്, റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമാണ്. ഇക്കാര്യം മുകളിലെ സംവാദത്തിൽ പരാമർശിയ്ക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബർ 28 വരെ 7.25 ശതമാനമായിരുന്നു റിപ്പോ നിരക്ക്. സെപ്റ്റംബർ 29നു പ്രഖ്യാപിച്ച സാമ്പത്തികനയാവലോകനത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ അര ശതമാനം കുറവു വരുത്തി. റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുമ്പോൾ, സമാനമായ മാറ്റങ്ങൾ റിവേഴ്സ് റിപ്പോ നിരക്കിലും ഉണ്ടാകുന്നു. റിപ്പോ നിരക്കുയർന്നാൽ സമാനമായ ഉയർച്ച റിവേഴ്സ് റിപ്പോ നിരക്കിലുമുണ്ടാകുന്നു. റിപ്പോ നിരക്കു താഴ്ന്നാൽ, സമാനമായ താഴ്ച റിവേഴ്സ് റിപ്പോ നിരക്കിലുമുണ്ടാകുന്നു. വർഷങ്ങൾക്കു മുമ്പു റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും തമ്മിലുള്ള വിടവു മൂന്നു ശതമാനമായിരുന്നു. ഈ വിടവു ക്രമേണ കുറഞ്ഞ് ഒരു ശതമാനത്തിലെത്തിയിരിയ്ക്കുന്നു.

ബാങ്കുകൾക്കെടുക്കാവുന്ന റിപ്പോവായ്പയ്ക്കു പരിധിയുണ്ടെന്നും, ബാങ്കുകൾക്കു കിട്ടിയിരിയ്ക്കുന്ന നിക്ഷേപത്തിന്റെ അര ശതമാനമാണ് ആ പരിധിയെന്നും സ്റ്റേറ്റ് ബാങ്കും റിസർവ് ബാങ്കും തമ്മിൽ നടക്കുന്ന സാങ്കല്പിക സംവാദത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പലപ്പോഴുമിതു ബാങ്കുകൾക്കു മതിയാകാതെ വന്നെന്നു വരാം. അത്തരം സന്ദർഭങ്ങളിൽ ബാങ്കുകൾക്കു റിസർവ് ബാങ്കിൽ നിന്നെടുക്കാവുന്ന മറ്റൊരു താത്കാലിക വായ്പയുണ്ട്. അതിനു മാർജിനൽ സ്റ്റാൻറ്റിംഗ് ഫെസിലിറ്റി (എം എസ് എഫ്) എന്നു പറയുന്നു. റിപ്പോ വായ്പയ്ക്ക് ഏകദേശം സമാനം തന്നെയാണു എം എസ് ഈഫ്. അതിനു രണ്ടു വ്യത്യാസങ്ങളുണ്ട്. പലിശ റിപ്പോ നിരക്കിനേക്കാൾ ഒരു ശതമാനം കൂടുതലായിരിയ്ക്കും; ഇപ്പോഴത്തെ റിപ്പോ നിരക്ക് 6.75 ശതമാനമായതുകൊണ്ട് 7.75 ശതമാനമാണ് എം എസ് എഫിന്റെ പലിശനിരക്ക്. പരിധിയിലാണു രണ്ടാമത്തെ വ്യത്യാസം: റിപ്പോ നിരക്കിലെടുക്കാവുന്ന വായ്പയുടെ പരിധി ബാങ്കിന്റെ പക്കലുള്ള നിക്ഷേപത്തിന്റെ അര ശതമാനം മാത്രമാണെങ്കിൽ, എം എസ് എഫിന്റെ പരിധി നാലിരട്ടി ഉയർന്നതാണ്: ബാങ്കിന്റെ പക്കലുള്ള നിക്ഷേപങ്ങളുടെ രണ്ടു ശതമാനം.

ഇവയ്ക്കെല്ലാം പുറമേ, റിസർവ് ബാങ്കിൽ നിന്നു ബാങ്കുകൾക്കെടുക്കാവുന്ന മറ്റൊരു വായ്പ കൂടിയുണ്ട്. അതിനു  റിസർവ് ബാങ്ക് ചുമത്തുന്ന പലിശനിരക്ക് “ബാങ്ക് റേറ്റ്” എന്നറിയപ്പെടുന്നു. 7.75 ശതമാനമാണ് ഇപ്പോഴത്തെ ബാങ്കു റേറ്റ്. റിപ്പോ നിരക്കിലുള്ള വായ്പയ്ക്കും എം എസ് എഫിനും വേണ്ടി ബാങ്കുകൾ റിസർവ് ബാങ്കിനു കടപ്പത്രങ്ങൾ ഈടായി കൊടുക്കേണ്ടി വരുമ്പോൾ, ബാങ്ക് റേറ്റിൽ ലഭ്യമാകുന്ന വായ്പയ്ക്കു ഈടൊന്നും കൊടുക്കേണ്ടി വരുന്നില്ല. റിപ്പോ നിരക്കിലെടുക്കുന്ന വായ്പയും എം എസ് എഫും ഹ്രസ്വമായ കാലയളവുകളിലേയ്ക്കുള്ളവയാണെങ്കി, ബാങ്ക് റേറ്റിൽ ലഭ്യമാകുന്ന വായ്പ താരതമ്യേന ദീർഘമായ കാലയളവിലേയ്ക്കുള്ളതാണ്.

റിസർവ് ബാങ്കിൽ നിന്നു കിട്ടുന്ന വായ്പകൾക്കു പുറമേ, ബാങ്കുകൾ പരസ്പരം സഹായിയ്ക്കുകയും ചെയ്യുന്നുണ്ട്. പതിന്നാലു ദിവസത്തിൽക്കൂടാത്ത കാലയളവിലേയ്ക്കുള്ള ഇത്തരം പരസ്പര ധനസഹായങ്ങൾ കോൾ (call) മണി വായ്പകളെന്നറിയപ്പെടുന്നു. ഇത്തരം വായ്പകൾക്ക് ഈടു കൊടുക്കേണ്ടയാവശ്യമില്ല. ഒരു ബാങ്കിന് എടുക്കാവുന്ന കോൾ മണി വായ്പയ്ക്കു പരിധിയുണ്ട്: ബാങ്കുകൾ തങ്ങളുടെ മൂലധനത്തിനു തുല്യമായ തുക മാത്രമേ കോൾ മണി വായ്പയായി എടുക്കാവൂ. എങ്കിലും, രണ്ടാഴ്ചയ്ക്കിടയിൽ ഏതെങ്കിലും ഒരു ദിവസം മാത്രമായി മൂലധനത്തിന്റെ 125 ശതമാനം വരെയാകാമെന്ന ഇളവുമുണ്ട്. കടം കൊടുക്കുന്നതിനുമുണ്ടൊരു പരിധി: മൂലധനത്തിന്റെ 25 ശതമാനം മാത്രമേ കോൾ മണി വായ്പയായി കൊടുക്കാവൂ. രണ്ടാഴ്ചയ്ക്കിടയിൽ ഏതെങ്കിലുമൊരു ദിവസം മാത്രമിതു മൂലധനത്തിന്റെ 50 ശതമാനമാകാമെന്ന ഇളവുമുണ്ട്.

കോൾ മണി വായ്പകളുടെ പലിശക്കാര്യം അല്പം വിചിത്രമാണ്. അവയ്ക്കു ചുമത്താവുന്ന പലിശനിരക്കിനു പരിധിയില്ല! പലിശനിരക്കിനു പരിധിയില്ലാത്തതുകൊണ്ട് അമ്പതോ അറുപതോ നൂറോ ശതമാനമെന്ന ‘ബ്ലേഡു’നിരക്കുകൾ ചാർജുചെയ്യാനും ബാങ്കുകൾക്കു സ്വാതന്ത്ര്യമുണ്ട്. 2000 മാർച്ച് ഇരുപതാം തീയതി കോൾ മണി നിരക്ക് 60 ശതമാനമായി ഉയർന്നിരുന്നത്രേ. ഈ സംഭവമായിരുന്നു, റിപ്പോ വായ്പകളും റിവേഴ്സ് റിപ്പോ വായ്പകളും ഏർപ്പെടുത്താൻ റിസർവ് ബാങ്കിനു പ്രേരകമായിത്തീർന്നത്. ഇവ നിലവിൽ വന്നതോടെ, കോൾ മണി നിരക്കുകൾ റിപ്പോ നിരക്കിനേക്കാൾ അധികം ഉയരത്തിലല്ലാതെയായി. അത്യാവശ്യമായി പണം വേണ്ടി വരുന്ന ബാങ്കുകൾക്ക് കോൾ മണി വായ്പ അനുഗ്രഹമാണ്. ആവശ്യത്തിലധികം പണം കൈയിൽ വന്നുപെട്ട ബാങ്കുകൾക്കും അതു ഗുണം ചെയ്തു: അധികപണം വായ്പ നൽകി അവർ പലിശ നേടി.

കോൾ മണി നിരക്കുകൾ “ബ്ലേഡു” നിരക്കുകളാകരുതല്ലോ; അതുകൊണ്ടു രണ്ടു മേൽനോട്ടസ്ഥാപനങ്ങൾ കോൾ മണി നിരക്കുകളെ സദാ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കും: റിസർവ് ബാങ്കും ഫിക്സഡ് ഇൻ‌കം മണി മാർക്കറ്റ് ആന്റ് ഡെറിവേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന, ബാങ്കുകളുടെ അസോസിയേഷനും. കോൾ മണി മാർക്കറ്റിലെ ഓരോ ഇടപാടും റിസർവ് ബാങ്കിനു പതിനഞ്ചു മിനിറ്റിനകം റിപ്പോർട്ടു ചെയ്യേണ്ടതുമുണ്ട്.

കോൾ മണിയെപ്പറ്റി ചെറിയൊരു കാര്യം കൂടിപ്പറഞ്ഞോട്ടെ. പതിന്നാലു ദിവസത്തിൽ കവിയാത്ത കാലയളവിലേയ്ക്കുള്ള ലോണുകളായിരിയ്ക്കും കോൾ മണി ലോണുകളെന്നു പറഞ്ഞുവല്ലോ. സൂക്ഷ്മമായിപ്പറഞ്ഞാൽ, ഒരു ദിവസത്തേയ്ക്കു മാത്രമുള്ള വായ്പകളാണു കോൾ മണി വായ്പകളെന്നറിയപ്പെടുന്നത്. രണ്ടു ദിവസം മുതൽ പതിന്നാലു ദിവസം വരെയുള്ള വായ്പകൾ കോൾ മണി വായ്പകളെന്നല്ല, നോട്ടീസ് മണി ലോണുകളെന്നാണറിയപ്പെടുന്നത്. കാലയളവിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ സൂക്ഷ്മവ്യത്യാസം നിലവിലുണ്ടെങ്കിലും, വിശാലാടിസ്ഥാനത്തിൽ ഇവയെല്ലാം കോൾ മണിയെന്നാണറിയപ്പെടുന്നത്.

ഇന്ത്യയിലെ ബാങ്കുകളുടെ പക്കലുള്ള നിക്ഷേപങ്ങളുടെ ഇരുപത്തൊന്നര ശതമാനം സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ വഴി കേന്ദ്രസർക്കാരിന്റേയും സംസ്ഥാന സർക്കാരുകളുടേയും കടപ്പത്രങ്ങളിൽ 17.84 ലക്ഷം കോടിയോളം നിക്ഷേപിയ്ക്കപ്പെട്ടിട്ടുണ്ടെന്നു മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. നാലു ശതമാനം ക്യാഷ് റിസർവ് റേഷ്യോയുടെ രൂപത്തിൽ 3.32 ലക്ഷം കോടി രൂപ റിസർവ് ബാങ്കിന്റെ പക്കലുമുണ്ട്; റിസർവ് ബാങ്കും ഈ തുകയുടെ ഭൂരിഭാഗവും നിക്ഷേപിയ്ക്കുകയാണു ചെയ്തിരിയ്ക്കുന്നത്. ചുരുക്കത്തിൽ, ബാങ്കുനിക്ഷേപങ്ങളിൽ നിന്നുള്ള ഇരുപത്തൊന്നു ലക്ഷം കോടി രൂപ സർക്കാരുകളുടെ പക്കലുണ്ട്. 2014ൽ ബാങ്കുനിക്ഷേപങ്ങളിൽ 13.4 ശതമാനം വർദ്ധനവുണ്ടായി. 2015ലെ നിക്ഷേപവളർച്ച എത്രയായിരുന്നെന്നു കൃത്യമായറിയാനായില്ല. 2014ലേതിനു സമാനമായ വളർച്ച 2015ലുമുണ്ടായെന്നു കരുതുക. ഈ വർദ്ധനവിന്റെ 25.5 ശതമാനവും എസ് എൽ ആർ, സി ആർ ആർ എന്നിവ വഴി സർക്കാരുകളുടെ കൈയിലെത്തുന്നു. എസ് എൽ ആറിന്റേയും സി ആർ ആറിന്റേയും മുഖ്യഗുണഭോക്താക്കൾ സർക്കാരാണെന്നതിനു മറ്റു തെളിവുകൾ വേണ്ട.

എസ് എൽ ആറും സി ആർ ആറും കൊടുത്തുകഴിഞ്ഞ ശേഷം ബാങ്കുകളുടെ പക്കൽ അവശേഷിയ്ക്കുന്ന നിക്ഷേപവും അതിലേറെയും ബാങ്കുകൾ അവരുടെ ഇടപാടുകാർക്കു വായ്പയായി കൊടുത്തിരിയ്ക്കുന്നു. “അതിലേറെയും” എന്നുദ്ദേശിച്ചത് നബാർഡ്, എക്സിം ബാങ്ക്, നാഷണൽ ഹൌസിംഗ് ബാങ്ക്, എന്നിങ്ങനെ വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നു ബാങ്കുകൾക്കു കിട്ടുന്ന ധനസഹായങ്ങളെയാണ്. പൊതുജനത്തിന്റെ നിക്ഷേപങ്ങളായും, ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകളായും സമാഹരിച്ചിരിയ്ക്കുന്ന തുക മുഴുവൻ ഇത്തരത്തിൽ വായ്പയായി നൽകി പലിശവരുമാനമുണ്ടാക്കിയെങ്കിൽ മാത്രമേ നിക്ഷേപങ്ങളിന്മേൽ പലിശ കൊടുക്കാനും സ്വന്തം ചെലവുകൾ വഹിയ്ക്കാനും ഓഹരിയുടമകൾക്കു തൃപ്തികരമായ ലാഭവിഹിതം കൊടുക്കാനും വികസനശ്രമങ്ങൾ നടത്താനും ബാങ്കുകൾക്കാവുകയുള്ളൂ.

പശ്ചാത്തലവികസനത്തിനായി സർക്കാരുകൾ നടത്തിയിരിയ്ക്കുന്ന നിക്ഷേപങ്ങളും, ബാങ്കുകൾ കൊടുത്തിരിയ്ക്കുന്ന വായ്പകളും, ഇവയോടൊപ്പം സ്വകാര്യമൂലധനവുമെല്ലാം വിവിധമേഖലകളിലെ ഉല്പാദനത്തിനു വഴി തെളിയ്ക്കുന്നു. ഉല്പാദനത്തിൽ നിന്നു സർക്കാരിനു നികുതിവരുമാനം കിട്ടുന്നു. ബാങ്കുകൾക്കു കൂടുതൽ നിക്ഷേപങ്ങൾ കിട്ടുകയും ബാങ്കുകൾ കൂടുതൽ വായ്പകൾ കൊടുക്കുകയും ചെയ്താൽ ഉല്പാദനമുയരുന്നു, രാഷ്ട്രത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം (ജീ ഡി പി) ഉയരുന്നു. സർക്കാരിന്റെ നികുതിവരുമാനവുമുയരുന്നു. നിക്ഷേപങ്ങളും വായ്പകളും കുറഞ്ഞാൽ ഉല്പാദനം കുറയുന്നു, സർക്കാരിന്റെ നികുതിവരുമാനം കുറയുന്നു, രാഷ്ട്രം തളരുന്നു. ചുരുക്കിപ്പറഞ്ഞാൽ, രാഷ്ട്രത്തിന്റെ നിലനില്പും വികസനവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ബാങ്കുകൾ സമാഹരിയ്ക്കുന്ന നിക്ഷേപങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു.

1990-92കാലത്ത് എസ് എൽ ആർ നിരക്ക് 38.50 ശതമാനമായിരുന്നെന്നും 21.50 ശതമാനമാണിപ്പോഴത്തെ നിരക്കെന്നും മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 23 വർഷം കൊണ്ട് എസ് എൽ ആർ നിരക്കു പതിനേഴു ശതമാനം താഴ്ന്നു. എസ് എൽ ആർ നിരക്ക് ഒരു ശതമാനം താഴുമ്പോൾ എന്തു സംഭവിയ്ക്കുന്നെന്നു നോക്കാം.

ഇപ്പോൾ ബാങ്കുകളുടെ പക്കലുള്ള 83 ലക്ഷം കോടി രൂപ നിക്ഷേപത്തിന്റെ ഒരു ശതമാനമെന്നാൽ 83000 കോടി രൂപ. എസ് എൽ ആർ നിരക്കിപ്പോൾ ഒരു ശതമാനം കുറയുകയാണെങ്കിൽ ബാങ്കുകൾ തങ്ങളുടെ പക്കലുള്ള 17.84 ലക്ഷം കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങളിൽ നിന്ന് 83000 കോടി രൂപയ്ക്കുള്ള കടപ്പത്രങ്ങൾ വിറ്റഴിയ്ക്കും. അങ്ങനെ വിറ്റുകിട്ടുന്ന തുക വായ്പ നൽകാനുപയോഗിയ്ക്കും. കൂടുതൽ വായ്പ നൽകുന്നത് ഉല്പാദനം വർദ്ധിപ്പിയ്ക്കും. സാമ്പത്തികവളർച്ച ത്വരിതപ്പെടും. മറുവശത്ത്, നാണയപ്പെരുപ്പത്തിന് ഇടയായെന്നും വരാം.

എസ് എൽ ആർ നിരക്കു താഴുമ്പോൾ സാദ്ധ്യമാകുന്ന ഈ വിറ്റഴിയ്ക്കൽ ബാങ്കുകളുടൻ തന്നെ ചെയ്തെന്നു വരില്ല. വായ്പകൾ കൊടുക്കുന്നതിനനുസൃതമായാണ് അവർക്കു പണത്തിനാവശ്യം വരിക. പണത്തിനാവശ്യം വരുമ്പോൾ മാത്രം അധികമുള്ള കടപ്പത്രങ്ങൾ വിറ്റഴിയ്ക്കുന്നു. കടപ്പത്രങ്ങളിൽ നിന്നു ബാങ്കുകൾക്കു പലിശവരുമാനം കിട്ടുന്നതുകൊണ്ടാണിത്. നിലവിലുള്ള എസ് എൽ ആർ നിരക്ക് 21.5 ശതമാനം മാത്രമാണെങ്കിലും, ബാങ്കുകളുടെ പക്കൽ 26 ശതമാനത്തിനുള്ള കടപ്പത്രങ്ങളുണ്ടെന്ന് ഒരു വാർത്തയിൽ കാണുന്നു. ആവശ്യമുള്ളതിനേക്കാൾ നാലര ശതമാനം അധികം. ബാങ്കുകളുടെ പക്കലിങ്ങനെ അധികമുള്ള നാലര ശതമാനം കടപ്പത്രങ്ങൾ വിറ്റഴിച്ചാൽ 3.73 ലക്ഷം കോടി രൂപയുടെ വായ്പകൾ കൂടി കൊടുക്കാൻ ബാങ്കുകൾക്കാകും. ഈ റിപ്പോർട്ടു ശരിയാണെങ്കിൽ അതിനർത്ഥം വായ്പകൾക്ക് ആവശ്യക്കാരില്ലെന്നാണ്.

ലോണെടുത്ത് ഉല്പാദനവും വില്പനയും നടത്തി ലാഭമുണ്ടാക്കി കൃത്യസമയത്തുതന്നെ ലോൺ തിരിച്ചടയ്ക്കാനനുകൂലമായ സാമ്പത്തിക കാലാവസ്ഥ നിലവിലുള്ളപ്പോൾ മാത്രമേ വായ്പകൾക്ക് ആവശ്യക്കാരുണ്ടാകുകയുള്ളൂ. അപ്പോൾ മാത്രമേ, ബാങ്കുകൾ വായ്പകൾ കൊടുക്കുകയുമുള്ളൂ. ലോണുകളെടുക്കാൻ അധികമാരും മുന്നോട്ടു വരാതിരിയ്ക്കുകയും, ബാങ്കുകളിലെ നിക്ഷേപം ഉയരുകയും ചെയ്യുമ്പോൾ നിക്ഷേപങ്ങളിന്മേലുള്ള പലിശനിരക്കു കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകുന്നു. റിസർവ് ബാങ്കു സീ ആർ ആറും എസ് എൽ ആറും കുറയ്ക്കുമ്പോൾ ബാങ്കുകൾക്കും അതനുസരിച്ചു വായ്പകളിന്മേലും നിക്ഷേപങ്ങളിന്മേലുമുള്ള പലിശനിരക്കുകൾ കുറയ്ക്കാവുന്നതാണെങ്കിലും, പലപ്പോഴും അവരങ്ങനെ ചെയ്യാറില്ല. അനുപാതങ്ങളുയരുമ്പോഴാകട്ടെ, ബാങ്കുകളുടൻ പലിശനിരക്കുകൾ ഉയർത്തുകയും ചെയ്യുന്നു. ലാഭം തന്നെ ബാങ്കുകളുടേയും ലക്ഷ്യം.

എസ് എൽ ആർ നിരക്കിലുമേറെ കടപ്പത്രങ്ങൾ ബാങ്കുകൾ കൈവശം വയ്ക്കാറുണ്ടെങ്കിലും, ക്യാഷ് റിസർവ് റേഷ്യോയുടെ കാര്യത്തിൽ ബാങ്കുകളുടെ ഭാഗത്ത് ഈ ധാരാളിത്തമുണ്ടാകാറില്ല. ക്യാഷ് റിസർവ് റേഷ്യോ പാലിയ്ക്കാൻ വേണ്ടി ബാങ്കുകൾ റിസർവ് ബാങ്കിനെ ഏല്പിയ്ക്കുന്ന റൊക്കം പണത്തിന് (ക്യാഷിന്) റിസർവ് ബാങ്കു പലിശയൊന്നും നൽകാത്തതാണു കാരണം. സീ ആർ ആറിൽ നിന്നു ബാങ്കുകൾക്കു വരുമാനമൊന്നും ലഭിയ്ക്കുന്നില്ലെന്നു ചുരുക്കം.

എസ് എൽ ആർ നിരക്കു താഴുമ്പോളെന്തു സംഭവിയ്ക്കുന്നെന്നു നാം കണ്ടു. എസ് എൽ ആർ നിരക്ക് ഉയരുമ്പോളെന്തായിരിയ്ക്കാം സംഭവിയ്ക്കുക? അപ്പോൾ ബാങ്കുകൾക്കു കൂടുതൽ കടപ്പത്രങ്ങൾ വാങ്ങേണ്ടിവരുന്നു. കടപ്പത്രങ്ങൾ വാങ്ങാനായി കൂടുതൽ തുക മാറ്റിവയ്ക്കേണ്ടി വരുന്നതു മൂലം ബാങ്കുകൾ നൽകുന്ന വായ്പകൾ കുറയും. മാത്രമല്ല, പണലഭ്യത കുറയുന്നതുകൊണ്ട്, അതു പരിഹരിയ്ക്കാനായി ബാങ്കുകൾക്കു കൂ‍ടുതൽ നിക്ഷേപങ്ങളെ ആകർഷിയ്ക്കേണ്ടി വരുന്നു. നിക്ഷേപങ്ങളിന്മേലുള്ള പലിശനിരക്കുകളുയർത്തുകയാണ് ഇതിനുള്ള വഴി. ഇതു വായ്പകളിന്മേലുള്ള പലിശനിരക്കുകളും ഉയർത്താൻ ബാങ്കുകളെ നിർബദ്ധരാക്കുന്നു. വായ്പകൾ തിരിച്ചു പിടിയ്ക്കുന്നതിൽ കൂടുതൽ ശുഷ്കാന്തി കാണിയ്ക്കാനും ബാങ്കുകൾ ശ്രമിയ്ക്കും. ഇതെല്ലാം വായ്പാവളർച്ചയെ പ്രതികൂലമായി ബാധിയ്ക്കും. രാഷ്ട്രത്തിന്റെ സാമ്പത്തികവളർച്ചയേയും. പക്ഷേ, നാണയപ്പെരുപ്പം താഴാനിതു സഹായിയ്ക്കുമെന്നതാണ് ഒരു ഗുണം.

കമ്പോളത്തിൽ പണം ആ‍വശ്യത്തിലേറെയുള്ളതായി ബോദ്ധ്യപ്പെടുമ്പോളാണു റിസർവ് ബാങ്ക് എസ് എൽ ആർ നിരക്കുയർത്തുന്നത്. കമ്പോളത്തിൽ പണം ധാരാളമുള്ളപ്പോൾ, കുറേയേറെപ്പണം ഓഹരിക്കമ്പോളത്തിലേയ്ക്കൊഴുകിയെന്നു വരാം. അപ്പോൾ ഓഹരിവിലകൾ അകാരണമായി, യുക്തിരഹിതമായി കുതിച്ചുയർന്നെന്നും വരാം. ഇതു തടയാൻ കൂടിയാണു എസ് എൽ ആർ നിരക്കുയർത്തുന്നത്. പണപ്പെരുപ്പം കുറയ്ക്കാനുള്ള പല വഴികളിലൊന്നാണ് എസ് എൽ ആർ നിരക്കു വർദ്ധന.

എസ് എൽ ആറും സീ ആർ ആറും ബാങ്കുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു എന്നൊരു ധാരണയുണ്ട്. ആ ധാരണ ശരിയാണെന്ന് എനിയ്ക്കഭിപ്രായമില്ല. ഇവ രണ്ടും ബാങ്കുകളുടെ വരുമാനം കുറയ്ക്കുകയാണു ചെയ്യുന്നത്. ബാങ്കുകളിന്മേലുള്ള സമ്മർദ്ദം ഉയർത്തുകയും. ഒരു ബാങ്കു വൈഷമ്യത്തിലാണെങ്കിൽപ്പോലും റിസർവ് ബാങ്ക് സീ ആർ ആർ മടക്കിക്കൊടുക്കുകയില്ല. മുൻ ഖണ്ഡികകളിൽ പരാമർശിച്ചിട്ടുള്ള തരം ധനസഹായങ്ങൾ (റിപ്പോലോൺ, എം എസ് എഫ്, ബാങ്ക് റേറ്റ് ലോൺ) അഭ്യർത്ഥിയ്ക്കുകയാണു വൈഷമ്യത്തിലകപ്പെട്ടിരിയ്ക്കുന്ന ബാങ്കുകളുടെ മുന്നിലുള്ള ഒരേയൊരു വഴി.

ഇന്ത്യയിൽ അവസാനമായി തകർന്ന വാണിജ്യബാങ്ക് ഗ്ലോബൽ ട്രസ്റ്റ് ബാങ്കായിരുന്നു. പരിധികളും പരിമിതികളും ലംഘിച്ചുകൊണ്ട് ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് ഓഹരികളിന്മേൽ വലിയ വായ്പകൾ നൽകിയിരുന്നു. ഓഹരിവിലകൾ തകർന്നപ്പോൾ ആ വായ്പകൾ തിരിച്ചുപിടിയ്ക്കാനാകാതെ പോയി. അതുമൂലം വന്ന ഭീമമായ നഷ്ടത്തിൽ ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ മൂലധനം മുഴുവനുമൊഴുകിപ്പോയി. ഓഹരികൾ വഴി കിട്ടിയിരിയ്ക്കുന്നതാണു മൂലധനം. മൂലധനം തുടച്ചുനീക്കപ്പെട്ടപ്പോൾ ഓഹരിസർട്ടിഫിക്കറ്റുകൾക്ക് അവയച്ചടിച്ചിരിയ്ക്കുന്ന കടലാസിന്റെ വില പോലുമില്ലാതായി. റിസർവ് ബാങ്കിന്റെ നിർദ്ദേശാനുസരണം ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്സ് ഗ്ലോബൽ ട്രസ്റ്റ് ബാങ്കിനെ ഏറ്റെടുത്തപ്പോൾ, ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ ഓഹരിയുടമകൾക്ക് ഒരു രൂപ പോലും നഷ്ടപരിഹാരമായി കിട്ടിയില്ല. മൂലധനത്തിലെ ഒരു രൂപ പോലും അവശേഷിച്ചിട്ടില്ലാത്തപ്പോൾ ഓഹരിയ്ക്കെന്തു വില! ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ ഓഹരിയുടമകൾക്കു തങ്ങളുടെ ഓഹരിനിക്ഷേപം അപ്പാടെ നഷ്ടമായി.

ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ ഓഹരിയുടമകളുടെ ഗതി പരിതാപകരമായിപ്പോയെങ്കിലും, ബാങ്കിലെ നിക്ഷേപകർക്ക്, അതായതു ഡെപ്പൊസിറ്റർമാർക്ക്, നഷ്ടമൊന്നുമുണ്ടായില്ല. ഒരു ബാങ്കിന്റെ മൂലധനത്തിൽ ഭീമമായ ഇടിവുണ്ടായാൽ, ആ ബാങ്കിനെ മറ്റൊരു ബാങ്കിനെക്കൊണ്ട് ഏറ്റെടുപ്പിയ്ക്കുകയാണു റിസർവ് ബാങ്കു ചെയ്യുകയെന്നും, സീ ആർ ആർ മടക്കിക്കൊടുത്തു ബാങ്കിനെ റിസർവ് ബാങ്കു രക്ഷിച്ചെടുക്കുകയില്ലെന്നും ഗ്ലോബൽ ട്രസ്റ്റ് ബാങ്കിന്റെ ഗതി സൂചിപ്പിയ്ക്കുന്നു. സീ ആർ ആറും എസ് എൽ ആറും നിക്ഷേപങ്ങളിൽ നിന്നുണ്ടായവയാണ്, മൂലധനത്തിൽ നിന്നുണ്ടായവയല്ല, എന്നും ഓർമ്മിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഏതായാലും, എസ് എൽ ആറും സി ആർ ആറും സർക്കാരുകളെയാണു, ബാങ്കുകളെയല്ല സുരക്ഷിതമാക്കുന്നത്.

സർക്കാരിന്റെ കടപ്പത്രങ്ങൾ ബാങ്കുകൾക്കു മാത്രമല്ല മറ്റു സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെല്ലാം വാങ്ങാവുന്നതാണ്. ബാങ്കുകൾ വഴി റിസർവ് ബാങ്കിന്റെ ഓർഡർ മാച്ചിംഗ് സെഗ്‌മെന്റിൽ നിന്നോ, ഏതെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നോ അവ വാങ്ങാനാകും. കേന്ദ്രസർക്കാരിന്റെ കടപ്പത്രങ്ങൾ വിദേശനിക്ഷേപകർക്കും ഒരു പരിധി വരെ വാങ്ങാനാകും. ഒന്നര ലക്ഷം കോടി രൂപയാണ് അവർക്കായുള്ള ഇപ്പോഴത്തെ പരിധി. റിസർവ് ബാങ്കു കഴിഞ്ഞ ഒക്ടോബർ മുതൽ ഈ പരിധി അർദ്ധവാർഷികമായി ഉയർത്താൻ തുടങ്ങി. 2018 മാർച്ചിനുള്ളിൽ ഈ പരിധി രണ്ടേമുക്കാൽ ലക്ഷം കോടി രൂപയാക്കുമെന്നാണു റിസർവ് ബാങ്കു പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ആകെ നിലവിലുള്ള കേന്ദ്രസർക്കാർ കടപ്പത്രങ്ങളുടെ അഞ്ചു ശതമാനമെന്ന പരിധിയും വിദേശനിക്ഷേപകർക്കു ബാധകമാണ്. സംസ്ഥാനസർക്കാരുകളുടെ കടപ്പത്രങ്ങളിലും വിദേശനിക്ഷേപകർക്ക് 3500 കോടി രൂപ വരെ നിക്ഷേപിയ്ക്കാവുന്നതാണ്. ഈ പരിധിയും റിസർവ് ബാങ്കു ക്രമേണ ഉയർത്തുമെന്നു പറഞ്ഞിട്ടുണ്ട്.

വിദേശനിക്ഷേപകർക്കാകാവുന്ന പരിധി റിസർവ് ബാങ്ക് ഉയർത്തിയയുടനെ, ഒരു പ്രശസ്ത വിദേശസ്ഥാപനം കേന്ദ്രസർക്കാരിന്റെ കുറേ കടപ്പത്രങ്ങൾ വാങ്ങിക്കൂട്ടി; അത് ഏതു സ്ഥാപനമെന്നറിയണ്ടേ? ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന! അതായത്, ചൈനയുടെ ‘റിസർവ് ബാങ്ക്’. (അമേരിക്കയിലെ കേന്ദ്രബാങ്ക് ‘ഫെഡറൽ റിസർവ്’ എന്നും, ബ്രിട്ടനിലേത് ‘ബാങ്ക് ഓഫ് ഇംഗ്ലണ്ട്’ എന്നും അറിയപ്പെടുന്നു.) അമേരിക്കൻ കടപ്പത്രങ്ങൾ ഏറ്റവുമധികം വാങ്ങിവച്ചിരിയ്ക്കുന്നതും പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തന്നെ. ഇന്ത്യൻ രൂപ അന്താരാഷ്ട്ര നാണയക്കമ്പോളത്തിൽ ശക്തിയാർജിച്ചിരിയ്ക്കുന്നതിന്റെ തെളിവാണു പീപ്പിൾസ് ബാങ്ക് ഓഫ് ചൈന ഇന്ത്യൻ കടപ്പത്രങ്ങളിൽ നടത്തിയിരിയ്ക്കുന്ന നിക്ഷേപം. ഇന്ത്യൻ കടപ്പത്രങ്ങളിൽ നിന്നു കിട്ടുന്ന പലിശവരുമാനം അമേരിക്കൻ കടപ്പത്രങ്ങളിൽ നിന്നുള്ളതിനേക്കാൾ ഉയർന്നതാണ്. അമേരിക്കൻ കടപ്പത്രങ്ങളിൽ നിന്നുള്ള ശരാശരി വരുമാനം ഏകദേശം രണ്ടേമുക്കാൽ ശതമാനം മാത്രമാണെന്നു കാണുന്നു. അതിന്റെ ഇരട്ടിയിലേറെയാണ് ഇന്ത്യൻ കടപ്പത്രങ്ങൾ നൽകുന്ന ശരാശരി പലിശ. ഈ ഉയർന്ന പലിശവരുമാനവും ഇന്ത്യൻ കടപ്പത്രങ്ങളിൽ നിക്ഷേപം നടത്താൻ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയെ പ്രേരിപ്പിച്ചിരിയ്ക്കണം.

കടപ്പത്രങ്ങളിൽ വിദേശസ്ഥാപനങ്ങളുടേതുൾപ്പെടെയുള്ള നിക്ഷേപങ്ങളുയരുമ്പോൾ അവയിലൂടെ കിട്ടുന്ന പണമുപയോഗിച്ചു കൂടുതൽ വികസനപ്രവർത്തനങ്ങൾ നടത്താൻ സർക്കാരുകൾക്കാകും. കടപ്പത്രങ്ങൾ വാങ്ങാൻ ധാരാളം നിക്ഷേപകർ മുന്നോട്ടു വരുമ്പോൾ, കടപ്പത്രങ്ങളിന്മേലുള്ള പലിശനിരക്കു കുറയ്ക്കാൻ സർക്കാരുകൾക്കാകും. കുറഞ്ഞ നിരക്കിൽ ധനസമാഹരണം സർക്കാരുകൾക്കു സാദ്ധ്യമാകും. ബാങ്കുകളിൽ നിന്ന് എസ് എൽ ആർ വഴി കിട്ടുന്ന പണത്തിന്മേൽ സർക്കാരുകൾക്ക് അധികം ആശ്രയിയ്ക്കേണ്ടി വരികയുമില്ല. കൂടുതൽ വായ്പകൾ നൽകാൻ ബാങ്കുകൾക്കാകും. വികസനപ്രവർത്തനങ്ങളിലൂടെ സർക്കാരിന്റെ പണവും വായ്പകളിലൂടെ ബാങ്കുകളുടെ പണവും കമ്പോളത്തിലെത്തുമ്പോൾ രാഷ്ട്രത്തിന്റെ സാമ്പത്തികവളർച്ച ത്വരിതപ്പെടുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും  കുറയുന്നു. രാഷ്ട്രം സമ്പൽ‌സമൃദ്ധമാകുന്നു. മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നു തോന്നാമെങ്കിലും, കാര്യശേഷിയും ഇച്ഛാശക്തിയുമുള്ളൊരു സർക്കാരിന് ഈ സ്വപ്നസാക്ഷാത്കാരം തികച്ചും സാദ്ധ്യം തന്നെ.

ഇന്ത്യൻ രൂപ അന്താരാഷ്ട്രക്കമ്പോളത്തിൽ ശക്തിയാർജിച്ചതുകൊണ്ടാണ് ചൈന ഇന്ത്യയുടെ കടപ്പത്രങ്ങൾ വാങ്ങിയതെന്നു സൂചിപ്പിച്ചുവല്ലോ. കടപ്പത്രങ്ങളനുസരിച്ചുള്ള മുതലും പലിശയും കൃത്യസമയത്തു കൊടുത്തുതീർക്കാൻ ഇന്ത്യ ഒരമാന്തവും വരുത്തുകയില്ലെന്ന ഉത്തമവിശ്വാസം ചൈനയ്ക്കുള്ളതുകൊണ്ടാണ് അവർ ഇന്ത്യയുടെ കടപ്പത്രങ്ങൾ വാങ്ങിയത്. തങ്ങളെടുത്തിരിയ്ക്കുന്ന വായ്പകൾ കൃത്യസമയത്തു തന്നെ തിരിച്ചടയ്ക്കുന്നതിൽ ഇന്ത്യ ഒരിയ്ക്കലും വീഴ്ച വരുത്തിയിട്ടില്ല. ഈയിടെ ഗ്രീസു വീഴ്ച വരുത്തിയിരുന്നു. കുറേ വർഷങ്ങൾക്കു മുമ്പ്, അർജന്റീനയുടെ ഋണദാതാക്കളും കുറേയേറെ നഷ്ടമനുഭവിയ്ക്കേണ്ടി വന്നിരുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പതിനെട്ടു കോടി ജനം ഇന്ത്യയിലുണ്ട്. ഇതു ചൈനയിലുള്ളതിന്റെ ഇരട്ടിയിലേറെയാണ്. പ്രകൃതിദുരന്തങ്ങൾ ഇന്ത്യയിൽ പതിവാണ്. ഭാരതസർക്കാർ, കാര്യക്ഷമതക്കുറവിന് സ്വജനതയുടെ തന്നെ പഴി വാങ്ങാറുമുണ്ട്. ഇതൊക്കെയായിട്ടും, ഇന്ത്യ വായ്പ തിരിച്ചടയ്ക്കുന്നതിൽ ഒരിയ്ക്കലും വീഴ്ച വരുത്തിയിട്ടില്ലെന്ന കാര്യം നമുക്കഭിമാനകരമാണ്. വായ്പയെടുക്കുന്ന കാര്യത്തിൽ ഭാരതസർക്കാർ നിയന്ത്രണം പാലിയ്ക്കാറുണ്ട്. തെളിവിതാ: മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 52 ശതമാനം മാത്രമാണ് ഇന്ത്യയുടെ ആകെ കടബാദ്ധ്യതയെന്നിരിയ്ക്കെ, ജപ്പാന്റേത് 214 ശതമാനവും ബ്രിട്ടന്റേത് 89 ശതമാനവും അമേരിക്കയുടേത് 74 ശതമാനവുമാണ്.

കടപ്പത്രങ്ങളെപ്പറ്റി ചെറിയൊരു കാര്യം കൂടി. ഇരുപതു ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന, ഇരുപതു വർഷത്തേയ്ക്കുള്ളൊരു കടപ്പത്രം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നു കരുതുക. ഇന്നിപ്പോൾ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾക്കു കിട്ടുന്ന പലിശ എട്ടു ശതമാനത്തോളം മാത്രമായതുകൊണ്ട് ഇരുപതു ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന കടപ്പത്രം ചൂടപ്പം പോലെ വിറ്റഴിയും. എന്നാൽ, ഏതാനും വർഷം കഴിയുമ്പോൾ ആറു ശതമാനം മാത്രം പലിശ വാഗ്ദാനം ചെയ്യുന്ന കടപ്പത്രങ്ങൾ പോലും വാങ്ങാൻ ധാരാളം നിക്ഷേപകരെത്തുന്നെന്നു സങ്കല്പിയ്ക്കുക. സർക്കാർ ഈ അനുകൂലപരിതസ്ഥിതി മുതലെടുക്കുന്നു. എങ്ങനെ? ആറു ശതമാനത്തിന്റെ കടപ്പത്രങ്ങൾ പുറപ്പെടുവിയ്ക്കുന്നതാണ് ആദ്യ പടി. അതിൽ നിന്നു കിട്ടുന്ന തുക കൊണ്ടു 15 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന കടപ്പത്രങ്ങൾ അവയുടെ കാലാവധിയ്ക്കു മുമ്പു തന്നെ തിരികെ വാങ്ങിയെടുക്കുന്നതാണ് അടുത്ത പടി. പലിശഭാരം ഇത്തരത്തിൽ സർക്കാർ കുറയ്ക്കുന്നു. ഇങ്ങനെ, സർക്കാരിന്റെ അഭീഷ്ടമനുസരിച്ച്, കാലാവധിയ്ക്കു മുമ്പു തന്നെ കടപ്പത്രങ്ങൾ തിരികെ വാങ്ങാൻ അനുവദിയ്ക്കുന്ന വ്യവസ്ഥ മിയ്ക്ക കടപ്പത്രങ്ങളിലുമുണ്ടാകാറുണ്ട്.

_____________________________________________________________________________

(ബാങ്കിംഗ് മേഖലയും റിസർവ് ബാങ്കും സർക്കാരും ഭയപ്പെടുന്ന ഒന്നാണ് “എൻ പി ഏ” എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘നോൺ പെർഫോമിംഗ് അസ്സെറ്റുകൾ’ അഥവാ നിഷ്ക്രിയ ആസ്തികൾ. ബാങ്കുകളുടേയും രാഷ്ട്രത്തിന്റെ തന്നെയും സാമ്പത്തികഭദ്രതയ്ക്കു കോട്ടം വരുത്തുന്നവയാണു നിഷ്ക്രിയ ആസ്തികൾ. ഈ ലേഖനപരമ്പരയിലെ അടുത്ത ഭാഗം നിഷ്ക്രിയ ആസ്തികളെപ്പറ്റിയുള്ളതായിരിയ്ക്കും.
sunilmssunilms@rediffmail.com )

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...