25 Nov 2015

യാഥാർത്ഥ്യം /ലേഖനം

എം.കെ.ഹരികുമാർ

സമയത്തെപ്പറ്റി നിലനിന്ന സങ്കൽപം തകരുകയാണ്‌. ഒരു കാര്യം ചെയ്തു തീർക്കാനാവശ്യമായ സമയമാണ്‌ നമുക്ക്‌ വേണ്ടത്‌. ചെയ്ത്‌ തീർത്ത വസ്തുവിന്റെ തകർച്ചയോ വളർച്ചയോ സമയത്തിന്റെ സഞ്ചാരമാണ്‌. ഒരു പാത്രം നിലത്ത്‌ വീണ്‌ ഉടയുന്നതിലൂടെ ലോകം വളർന്നു എന്ന്‌ വ്യാഖ്യാനിക്കാവുന്നതുപോലെ, ഒരേ സമയത്ത്‌ നാം ചെയ്യുന്ന പല കാര്യങ്ങൾ നമ്മളിൽ പല സമയങ്ങളും സൃഷ്ടിക്കുന്നു. അതായത്‌ ഒരു സമയത്തിനുള്ളിൽ തന്നെ പല കാലങ്ങളെ അനുഭവിക്കുന്നു.

സമയം ഒന്നായി, പലതായി പെരുകുന്നതിനിടയിൽ, എഴുത്തുകാരൻ ഒരു പ്രമേയമോ യാഥാർത്ഥ്യമോ ആവിഷ്കരിക്കുന്നത്‌ നിശ്ചലമായിപ്പോകും. അയാൾ അവതരിപ്പിക്കുന്ന യാഥാർത്ഥ്യം എഴുതിത്തീരുന്നതോടെ ഇല്ലാതാവും. അതയാൾക്കുപോലും പ്രസക്തിയില്ലാതാക്കും . കാരണം, പുസ്തകത്തിലെ യാഥാർത്ഥ്യം അയാളുടെ ഭാവനയുടെ കൃത്രിമത്വവും സാങ്കൽപിക ജീവിതാഖ്യാനവും നിറഞ്ഞതാണ്‌. സമയത്തേക്കാൾ ജീവിതം മുന്നോട്ടുപോകുന്നു എന്ന വലിയ യാഥാർത്ഥ്യമാണ്‌ അയാൾ നേരിടുന്നത്‌.

പലകാലങ്ങളുമായി മല്ലിടുന്ന അയാൾക്ക്‌ ജീവിതത്തിനൊപ്പം ഓടാൻ കഴിയില്ല. ഡിജിറ്റൽ, ഇന്റർനെറ്റ്‌ ലോകത്ത്‌ ഉപയോക്താവ്‌ ഒന്നിലധികം കാര്യങ്ങളിൽ ഒരേസമയം ആശയമോ സന്ദേശമോ വസ്തുവോ വ്യക്തിയോ, പ്രതീകമോ ആയി ജീവിക്കുന്നതുകൊണ്ട്‌ അയാൾക്ക്‌ പല കാലങ്ങളാണുള്ളത്‌. മെസേജ്‌ അയയ്ക്കുമ്പോൾ അയാൾ അതായിട്ടാണല്ലോ പ്രതിനിധാനം ചെയ്യുന്നത്‌. ബ്ലോഗ്‌ എഴുതുമ്പോൾ അയാൾ സ്വന്തം പടം എന്ന നിലയിൽ കൊടുക്കുന്നത്‌ ഒരു പ്രകൃതിദൃശ്യത്തിന്റെയോ മൃഗത്തിന്റെയോ ഫോട്ടോ ആയിരിക്കും.

അയാൾ ഒരേ സമയം പലകാലമായി മാറുന്നതുകൊണ്ട്‌, ജീവിതത്തിന്റെ വേഗത്തിനൊപ്പം പോകാൻ കഴിയില്ല. ഓരോനിമിഷവും പുതിയതായി മാറുകയാണ്‌ ലോകം. അല്ലെങ്കിൽ, ഓരോ നിമിഷവും പുറംലോകം മരിക്കുകയാണ്‌. ഇന്നലത്തെ സുഹൃത്തോ, ഇന്നലത്തെ ബസ്സ്‌ സ്റ്റാൻഡോ അല്ല ഇന്നുള്ളത്‌. ഇന്നലെ കണ്ട വഴിപോക്കനെ പിന്നീടൊരിക്കലും കണ്ടില്ലെന്നു വരാം. ഇന്നലത്തെ ഞാനല്ല ഇന്നുള്ളത്‌. ഇത്‌ ലോകത്തിന്റെ മരണം സ്ഥിരീകരിക്കുന്നു. ലോകത്തിന്റെ അനുനിമിഷമുള്ള മരണമാണ്‌ ജീവിതവേഗത്തെ വേഗതയിലെത്തിക്കുന്നത്‌.
ഈ വേഗം എഴുത്തുകാരന്റെ പിടിയിലൊതുങ്ങുന്നില്ല. അയാൾ യഥാർത്ഥമായ അനുഭവങ്ങളെ സൗന്ദര്യവൽക്കരിച്ചും പുസ്തകങ്ങളുടെ ചട്ടക്കൂടിനിണങ്ങുന്നവിധം വെട്ടയൊതുക്കിയും തലമാറ്റിവച്ചും രൂപപ്പെടുത്തുകയാണ്‌. അയാളുടെ ലോകം സാങ്കൽപികമാണ്‌. ഇതാകട്ടെ, എഴുതിതീരുന്നതോടെ, ഔട്ട്ഡേറ്റഡാവുന്നു. യാഥാർത്ഥ്യത്തിന്റെ മരണം തന്നെയാണിത് . യാഥാർത്ഥ്യങ്ങൾ കൂടുതൽ അന്തർലോകങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമെന്നും നാമോർക്കണം. ഓരോ കോണിൽ നിന്ന്‌ നോക്കുന്നതിനനുസരിച്ച്‌, യാഥാർത്ഥ്യം പലതാകുന്നു. അതുകൊണ്ട്‌ യാഥാർത്ഥ്യം മരിക്കുന്നതിനുമുമ്പുതന്നെ ഇല്ലാതാവുന്നു. നോവലോ കഥയോ എഴുതികഴിഞ്ഞശേഷവും, താൻ ആവിഷ്കരിച്ച യാഥാർത്ഥ്യത്തെ വീണ്ടും അന്വേഷിക്കേണ്ടിവരുന്നു എന്ന പ്രശ്നത്തിലേക്കാണ്‌ ഇത്‌ നമ്മെ നയിക്കുന്നത്‌. എഴുതപ്പെട്ട കഥ അപ്പോൾ തന്നെ അയഥാർത്ഥമാവുന്നു. കാരണം ലോകം ആ കഥയെ ജീവിതത്തിന്റെ അപ്രവചീനയതകൊണ്ടുതന്നെ നിരാകരിക്കുന്നു.

ഓരോനിമിഷത്തിലും എന്താണോ ഉള്ളത്‌, അത്‌ സ്വയം നിരസിച്ചുകൊണ്ട്‌ മറ്റൊന്നായി മാറുന്നു എന്ന പ്രക്രിയയാണ്‌ ജീവിതത്തിന്റെ വേഗത്തിലൂടെ സംഭവിക്കുന്നത്‌. യാഥാർത്ഥ്യം ഇല്ലാതാവുന്നതിനു അല്ലെങ്കിൽ മരിക്കുന്നതിനു കാരണമാകുന്നത്‌ ഇതാണ്‌.അതുകൊണ്ട്‌ പിന്തള്ളപ്പെടുന്ന പ്രമേയത്തിന്റെ വെളിയിൽ, ജീവിത വേഗത്തിനൊപ്പം എത്താനുള്ള നിരന്തരമായ അന്വേഷണമാണ്‌ എഴുത്തുകാരന്റെ വെല്ലുവിളി.

ഭൗതികവസ്തുക്കളുടെയും ആശയങ്ങളുടെയും സാങ്കേതികതയുടെയും മരണമാണ്‌ യാഥാർത്ഥ്യത്തിന്റെ മരണത്തിനു ആക്കം കൂട്ടുന്നത്‌. ഉപയോഗത്തിലിരിക്കുന്ന വസ്തുക്കളുടെ മരണം അതിവേഗം നടക്കുകയാണ്‌. ചില കാഴ്ചപ്പാടുകൾ സമൂഹത്തിൽതന്നെ എത്രയോകാലം നിലനിൽക്കുന്നു. അതും മാറുന്നു. പുതിയ അവബോധം വരുന്നതോടെ മനുഷ്യർ പഴയ വസ്തുക്കളിൽ നിന്നും ആശയങ്ങളിൽ നിന്നും ടെക്നോളജിയിൽ നിന്നും മാറും. വിരൽസ്പർശംകൊണ്ട്‌ ലോകത്തിലെവിടെയുമുള്ള ആളുമായി സംസാരിക്കാം; വിരൽസ്പർശം കൊണ്ട്‌ കമ്പ്യൂട്ടർ ഗെയിമുകളിൽ, പുതിയ സാധ്യതകളിലൂടെ ഇഷ്ടത്തിനനുസരിച്ച്‌ കളി പരീക്ഷിക്കാം. ഇതിലൂടെ ഭൂതകാലം, ലോകം മരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതുതന്നെയാണ്‌ യാഥാർത്ഥ്യത്തോടെ മരണം. ഈ മരണം ഏത്‌ എഴുത്തുകാരന്റെയും മുന്നിലുണ്ട്‌. അയാൾ വേഗതയേറിയ ജീവിതത്തിനൊപ്പം ഓടാൻ നോക്കുമ്പോഴേക്കും അയാൾ തീരെ പഴയതായിപ്പോകുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...