സുനിൽ എം എസ്, മൂത്തകുന്നം
2004 ഡിസംബർ ഇരുപത്താറാം തീയതി ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമി ഇന്തൊനേഷ്യ, തായ്‌ലന്റ്, ഇന്ത്യ, ശ്രീലങ്ക, സോമാലിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലുമായി രണ്ടേമുക്കാൽ ലക്ഷത്തോളം ജീവനുകൾ അപഹരിച്ചു. 2016 ജനുവരിയുടെ ആദ്യത്തെ ഏഴു ദിവസത്തിനിടയിലും ഒരു സുനാമിയുണ്ടായി. 2004ലെ സുനാമി കടലിലാണുണ്ടായതെങ്കിൽ, 2016 ജനുവരിയിലെ സുനാമി ചൈനയുടെ ഓഹരിക്കമ്പോളത്തിലാണുണ്ടായത്. അതിന്റെ തിരകൾ ഇന്ത്യയുടേതും അമേരിക്കയുടേതുമുൾപ്പെടെ, ലോകമൊട്ടാകെയുള്ള ഓഹരിക്കമ്പോളങ്ങളിൽ ഇരച്ചുകയറി, നാശനഷ്ടങ്ങളുണ്ടാക്കി. അതിൽപ്പെട്ട് ആരും മരണമടഞ്ഞതായറിവില്ല. പക്ഷേ, ലോകമെമ്പാടുമുള്ള ഓഹരിനിക്ഷേപകർക്ക് രണ്ടു കോടി അറുപത്തിനാലു ലക്ഷം കോടി (2,64,00,000 കോടി) രൂപയുടെ നഷ്ടം സംഭവിച്ചു. ഇത് ഇന്ത്യയുടെ നോമിനൽ ജീഡീപ്പിയുടെ ഏകദേശം ഇരട്ടിയോളം വരുന്നു.
ഈ ആഗോള ഓഹരിവിപണിത്തകർച്ച ലോകത്തെ സാമ്പത്തികമായി ഒരു ദശാബ്ദത്തോളം പിന്നാക്കം തള്ളിയെന്നു തീർച്ച. ലോകത്തിപ്പോൾ നൂറ്റിമുപ്പതു കോടി ജനം കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നു എന്നാണു കണക്കുകൾ കാണിയ്ക്കുന്നത്. ധനികരുടേതെന്ന് ആരോപിയ്ക്കപ്പെടുന്ന ഓഹരിവിപണിയ്ക്കു ദാരിദ്ര്യനിർമാർജനവുമായി നേരിട്ടു ബന്ധമില്ലെങ്കിലും, രാഷ്ട്രങ്ങളുടെ സാമ്പത്തികസ്ഥിതിയുമായി നേരിട്ടു ബന്ധമുണ്ട്. ഓഹരിവിപണി തകരുമ്പോളതു രാഷ്ട്രങ്ങളെ സാമ്പത്തികപ്രതിസന്ധിയിലാക്കുന്
ദാരിദ്ര്യനിർമാർജനം പല തവണ ലോകത്തിന്റെ കൈയെത്തുംദൂരത്ത് എത്തിയിരുന്നെങ്കിലും, ഓരോ തവണയും അതകന്നകന്നു പോയി. കാരണങ്ങളിലൊന്ന്, അഫ്ഘാനിസ്ഥാൻ, ഇറാക്ക് എന്നിവിടങ്ങളിൽ 2001-03 വർഷങ്ങളിലാരംഭിയ്ക്കുകയും നീണ്ടുപോകുകയും ചെയ്ത യുദ്ധങ്ങളായിരുന്നു. 2007-08ൽ അമേരിക്കയിലെ സബ്-പ്രൈം ലോണുകൾ മൂലം ലോകവിപണികളിലുണ്ടായ സാമ്പത്തികത്തകർച്ചയായിരുന്നു, മറ്റൊന്ന്. ഇപ്പോളിതാ, ഈ സുനാമിയും.
2004ലെ സുനാമി പ്രകൃതിസൃഷ്ടിയായിരുന്നു. 2016 ജനുവരിയിലെ ഓഹരിവിപണിത്തകർച്ച മനുഷ്യസൃഷ്ടിയും. ഓഹരികളും ഓഹരിവിപണിയും മനുഷ്യസൃഷ്ടികൾ തന്നെ. അതുകൊണ്ട് ഓഹരിവിപണിയിലുണ്ടാകുന്ന തകർച്ചയ്ക്കും ഉയർച്ചയ്ക്കുമെല്ലാം ഹേതു മനുഷ്യപ്രവൃത്തികൾ തന്നെ. രാഷ്ട്രങ്ങൾക്ക് ഓഹരിവിപണി വാസ്തവത്തിലാവശ്യമുണ്ടോ? തൊഴിലില്ലായ്മയും ദാരിദ്ര്യവും തുടച്ചുനീക്കാൻ അത്യന്താപേക്ഷിതമായ മൂലധനനിക്ഷേപത്തിനുള്ള പണം മുഴുവൻ സർക്കാരിന്റെ പക്കലുണ്ടെങ്കിൽ ഓഹരിവിപണിയുടെ ആവശ്യമില്ല. ഇതല്ല, രാഷ്ട്രങ്ങളുടെ സ്ഥിതി. ഭൂരിപക്ഷം രാഷ്ട്രങ്ങൾക്കും സ്വകാര്യമൂലധനനിക്ഷേപം ആവശ്യമുണ്ട്. ഇതിനു കാര്യക്ഷമമായി പ്രവർത്തിയ്ക്കുന്നൊരു ഓഹരിവിപണി അനുപേക്ഷണീയം.
ഓഹരിവിപണി ഉയരുന്നതെപ്പോൾ, തളരുന്നതെപ്പോൾ? വളരാൻ സാദ്ധ്യതയുണ്ടെന്നു വിശ്വസിച്ചുകൊണ്ടു ഭൂരിപക്ഷം നിക്ഷേപകർ ഉയർന്ന വിലയ്ക്കും ഓഹരികൾ വാങ്ങാൻ തയ്യാറാകുമ്പോൾ വിപണിയുയരുന്നു. വളർച്ചയ്ക്കു പകരം തളർച്ചയ്ക്കാണു സാദ്ധ്യതയെന്നു ഭൂരിപക്ഷം നിക്ഷേപകർ വിശ്വസിയ്ക്കുകയും, അവർ താഴ്‌ന്ന വിലയ്ക്കു പോലും തങ്ങളുടെ ഓഹരികൾ വിറ്റൊഴിയുകയും ചെയ്യുമ്പോൾ വിപണി ഇടിയുന്നു. ബാങ്കുനിക്ഷേപത്തിലെ നഷ്ടസാദ്ധ്യത പൂജ്യം ശതമാനമാണെന്നു തന്നെ പറയാം. ഓഹരിനിക്ഷേപത്തിലെ നഷ്ടസാദ്ധ്യതയാകട്ടെ നൂറുശതമാനവും. ഓഹരിനിക്ഷേപത്തിലെ ഉയർന്ന നഷ്ടസാദ്ധ്യത കണക്കിലെടുത്ത്, ഓഹരി എപ്പോൾ വാങ്ങണമെന്നും എപ്പോൾ വിൽക്കണമെന്നും തീരുമാനിയ്ക്കാനും, ആ തീരുമാനങ്ങൾ നടപ്പിലാക്കാനുമുള്ള സ്വാതന്ത്ര്യം സർക്കാരുകൾ നിക്ഷേപകർക്കു നൽകിയേ തീരൂ. ഇത് ഓഹരിനിക്ഷേപകരുടെ മൗലികാവകാശമായിത്തന്നെ കണക്കാക്കണം.
2003 മുതൽ 2007 വരെ ചൈനയിലെ മൊത്ത ആഭ്യന്തര ഉല്പാദനം പത്തു ശതമാനത്തിലേറെയായിരുന്നു. 2007ൽ അസൂയാവഹമായ 14.2 ശതമാനത്തിലെത്തിയിരുന്ന മൊത്ത ആഭ്യന്തര ഉല്പാദനം 2015 ആയപ്പോഴേയ്ക്കു നേർപകുതിയായി: 7.1 ശതമാനം. 2016ലും 2017ലും അതു വീണ്ടും കുറയുമെന്നാണു ലോകബാങ്കു പറയുന്നത്. ചൈനീസ് സമ്പദ്‌വ്യവസ്ഥ 2016ൽ ഏഴു ശതമാനം വളരുമെന്നു ചൈനീസ് സർക്കാർ പറയുന്നുണ്ടെങ്കിലും, യഥാർത്ഥ വളർച്ച മൂന്നു ശതമാനത്തേക്കാൾ കൂടുതലുണ്ടാവില്ലെന്നു ചില വിദേശനിരീക്ഷകർ അഭിപ്രായപ്പെട്ടിരിയ്ക്കുന്നു. അമേരിക്കയിലെ കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ജീ ഡീ പി വളർച്ചാനിരക്കുകളും ഇവിടെ പ്രസക്തമായിരിയ്ക്കും: 2011: 3.64%, 2012: 3.24%, 2013: 4.05%, 2014: 3.88%.
ഓഹരിനിക്ഷേപകർ വളർച്ചക്കുറവിനെപ്പറ്റി അറിയുന്നത് ഇടയ്കിടെ വെളിപ്പെടുന്ന കണക്കുകളിലൂടെയാണ്. കണക്കുകളിൽ പ്രതിഫലിയ്ക്കുന്ന തളർച്ചയ്ക്കനുസരിച്ച് ഓഹരിവിപണിയും തളരുന്നു. അതു സ്വാഭാവികം മാത്രം. ചൈനയിലും അതു സംഭവിച്ചു. 2015 ജൂൺ മുതലുള്ള ഏഴു മാസത്തിനിടയിൽ ചൈനീസ് ഓഹരിവിപണി നാല്പതു ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. പക്ഷേ, 2016 ജനുവരിയിലെ ഓഹരിവിപണിത്തകർച്ചയ്ക്കിടയാക്കി
ജനുവരി മാസത്തിൽ ചൈനീസ് സർക്കാർ സ്വീകരിച്ച നടപടി ഏതാണ്ടിതുപോലുള്ളതായിരുന്നു. ഓഹരിവിപണി അധികമിടിയാതിരിയ്ക്കാൻ വേണ്ടി, അല്പമിടിയുമ്പോഴേയ്ക്കു കച്ചവടം നിറുത്തി, വിപണി അടച്ചുപൂട്ടും! ഇതായിരുന്നു ചൈനീസ് സർക്കാരിന്റെ നടപടി. ജനുവരി നാലിനാണു പുതിയ നിയമം നിലവിൽ വന്നത്. ചൈനീസ് ഓഹരിവിപണിയുടെ മുഖ്യസൂചികയായ “സി എസ് ഐ 300” (ചൈന സെക്യൂരിറ്റീസ് ഇൻഡക്സ്) അഞ്ചു ശതമാനമിടിഞ്ഞാൽ, ചൈനയിലെ ഓഹരിവിപണികളൊന്നടങ്കം പതിനഞ്ചു മിനിറ്റു നേരത്തേയ്ക്കു കച്ചവടം നിറുത്തുന്നു. കച്ചവടം പുനരാരംഭിയ്ക്കുമ്പോൾ സൂചിക വീണ്ടും രണ്ടു ശതമാനം കൂടിയിടിഞ്ഞ്, ആകെ ഇടിവ് ഏഴു ശതമാനം തികഞ്ഞാൽ, അന്നത്തെ കച്ചവടം അവിടെവച്ച് അവസാനിപ്പിയ്ക്കുന്നു.
ഈ നിയമം നടപ്പിലായ ജനുവരി നാലിനു തന്നെ വിപണി ഏഴു ശതമാനം ഇടിയുകയും കച്ചവടം നിറുത്തുകയും ചെയ്യേണ്ടി വന്നു. നാലാം തീയതിയുണ്ടായ ഈ ഇടിവ് സാവധാനമാണുണ്ടായത്. ചൈനയിലെ ഓഹരിക്കച്ചവടസമയം ഒമ്പതര മുതൽ മൂന്നു വരെയാണ്. ജനുവരി നാലാം തീയതി, കച്ചവടസമയം ഏകദേശം കഴിയാറായപ്പോഴാണ് ഇടിവ് ഏഴു ശതമാനം തികഞ്ഞതും കച്ചവടം നിറുത്തേണ്ടി വന്നതും.
ജനുവരി നാലാം തീയതിയിലേതിൽ നിന്നു വ്യത്യസ്തമായിരുന്നു, ഏഴാം തീയതിയിലെ സ്ഥിതി. ഇടപാടുകൾ തുടങ്ങി പതിമൂന്നു മിനിറ്റു കഴിഞ്ഞപ്പോഴേയ്ക്ക് വിപണി അഞ്ചു ശതമാനമിടിഞ്ഞു, കച്ചവടം നിലച്ചു. പതിനഞ്ചു മിനിറ്റിനു ശേഷം കച്ചവടം പുനരാരംഭിച്ചപ്പോൾ, തങ്ങളുടെ ഓഹരികൾ കിട്ടുന്ന വിലയ്ക്കു വിറ്റഴിയ്ക്കാൻ വേണ്ടി ഉത്കണ്ഠയോടെ കാത്തുനിൽക്കുകയായിരുന്ന നിക്ഷേപകർ, അവ വിറ്റഴിയ്ക്കാൻ തിരക്കു കൂട്ടി. ഒരു മിനിറ്റിനുള്ളിൽ വിപണി രണ്ടു ശതമാനം കൂടിയിടിഞ്ഞ്, ആകെയിടിവ് ഏഴു ശതമാനം തികയുകയും, വിപണി അന്നത്തേയ്ക്ക് അടച്ചുപൂട്ടുകയും ചെയ്തു. അങ്ങനെ, ജനുവരി ഏഴാം തീയതി ചൈനീസ് ഓഹരിവിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ കച്ചവടദിനമായിത്തീർന്നു: ആകെ പതിനാലു മിനിറ്റ്! ചൈനീസ് സുനാമി മൂലം ഹോങ്കോങ്ങിലെ സൂചികയായ ഹാങ്സെങ്ങ് 647 പോയിന്റും നമ്മുടെ സെൻസെക്സ് 554 പോയിന്റും ജർമ്മനിയുടെ ഡാക്സ് 234 പോയിന്റും അമേരിക്കയുടെ ഡൗജോൺസ് 392 പോയിന്റും ഇടിഞ്ഞു.
ഏഴു ശതമാനമിടിയുമ്പോഴേയ്ക്കു വിപണി അടച്ചുപൂട്ടുന്ന ചൈനയുടെ നയത്തെ ലോകമെമ്പാടുമുള്ള നിരീക്ഷകർ നിശിതമായി വിമർശിച്ചു. അഞ്ചു ശതമാനമിടിഞ്ഞയുടൻ, ഏഴു ശതമാനമിടിവിലേയ്ക്കു നിക്ഷേപകരെ വലിച്ചടുപ്പിയ്ക്കുന്ന, ഓഹരികൾ ഭ്രാന്തമായി വിറ്റഴിയ്ക്കാൻ അവരെ പ്രേരിപ്പിയ്ക്കുന്ന, അദൃശ്യമായൊരു കാന്തസമാനശക്തി രംഗത്തുവരുന്നെന്നും, അതുകൊണ്ടു രണ്ടു ശതമാനമിടിവു കൂടി സംഭവിച്ച്, ഏഴു ശതമാനമിടിവു തികയാനുള്ള സാദ്ധ്യത വളരെക്കൂടുതലാണെന്നും അവർ നിരീക്ഷിച്ചു. ഇടിവ് അഞ്ചു ശതമാനത്തിൽ നിന്ന് ഏഴിലേയ്ക്കെത്താൻ ജനുവരി ഏഴിനു കേവലം ഒരു മിനിറ്റു മാത്രമേ വേണ്ടിവന്നുള്ളൂ എന്ന കാര്യവും അവർ ചൂണ്ടിക്കാണിച്ചു. ഈ നയം തുടർന്നാൽ, ഇനിയുമിതു സംഭവിയ്ക്കാനാണിടയെന്ന് അവർ മുന്നറിയിപ്പു നൽകി.
സൂചിക ഒരു നിശ്ചിതശതമാനം ഇടിയുകയോ ഉയരുകയോ ചെയ്താൽ കച്ചവടം നിറുത്തുന്ന സംവിധാനത്തിനു “സർക്യൂട്ട് ബ്രേക്കർ” എന്നാണു പറയുന്നത്. സർക്യൂട്ട് ബ്രേക്കറിനു തുല്യമായ മലയാളപദം കാണാനിടയായിട്ടില്ല. നമുക്ക് ഒന്നുരണ്ടെണ്ണമുണ്ടാക്കാം: “വിപണിവിരാമം”, “വിപണനവിരാമം”. ഓഹരിവിപണിയുമായി അല്പമെങ്കിലും പരിചയമുള്ളവർക്കു “സർക്യൂട്ട് ബ്രേക്കർ” ആയിരിയ്ക്കും പരിചിതം; “വിപണിവിരാമ”വും “വിപണനവിരാമ”വും അപരിചിതവും. അതുകൊണ്ട് ഈ ലേഖനത്തിൽ “സർക്യൂട്ട് ബ്രേക്കർ” തുടർന്നുമുപയോഗിയ്ക്കുന്നു.
സർക്യൂട്ട് ബ്രേക്കറിന്റെ ചരിത്രമൊരല്പം: 1987 ഒക്ടോബർ പതിനഞ്ചാം തീയതി വ്യാഴാഴ്ച കുവൈറ്റിൽ നിന്നുള്ള എണ്ണ നിറയ്ക്കുകയായിരുന്ന “സൺഗറി”യെന്ന അമേരിക്കൻ എണ്ണക്കപ്പലിനു നേരേ ഇറാൻ സിൽക്ക്‌വേം എന്ന മിസ്സൈൽ പ്രയോഗിച്ചു. പിറ്റേന്ന്, വെള്ളിയാഴ്ച, കുവൈറ്റിന്റെ സമുദ്രാതിർത്തിയ്ക്കുള്ളിൽ അമേരിക്കൻ പതാക വഹിച്ചിരുന്ന “സീ ഐൽ സിറ്റി”യെന്ന വാണിജ്യക്കപ്പലിനു നേരേയും ഇറാൻ മിസ്സൈൽ പ്രയോഗിച്ചു; പതിനെട്ടു ജീവനക്കാർക്കു പരിക്കു പറ്റി. തിങ്കളാഴ്ച, ഒക്ടോബർ പത്തൊമ്പതാം തീയതി, അമേരിക്കയിലെ മുഖ്യ ഓഹരിവിലസൂചികയായ ഡൗജോൺസ് ഇൻഡസ്ട്രിയൽ ആവരേജ് 22.61 ശതമാനമിടിഞ്ഞു. “കറുത്ത തിങ്കളാഴ്ച” - “ബ്ലാക്ക് മൺഡേ” – എന്ന് ആ തിങ്കളാഴ്ച കുപ്രസിദ്ധി നേടി. ഒക്ടോബർ അവസാനമായപ്പോഴേയ്ക്ക് അമേരിക്ക, ബ്രിട്ടൻ, ക്യാനഡ, ആസ്ട്രേലിയ, ഹോങ്കോങ്ങ്, സ്പെയിൻ എന്നിവിടങ്ങളിലെ ഓഹരിവിപണികൾ 22 ശതമാനം മുതൽ 45 ശതമാനം വരെ ഇടിയുകയും ചെയ്തു.
ഇത്തരം ഭീമമായ ഇടിവുകൾ എങ്ങനെയൊഴിവാക്കാനാകുമെന്ന് അമേരിക്കൻ സർക്കാർ ചിന്തിച്ചു. ഇതേപ്പറ്റി പഠിച്ച്, ശുപാർശകൾ നൽകാൻ അന്നത്തെ അമേരിക്കൻ ട്രഷറി സെക്രട്ടറി (ധനകാര്യമന്ത്രി) ആയിരുന്ന നിക്കൊളാസ് ബ്രാഡിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി നിയോഗിയ്ക്കപ്പെട്ടു. ആ കമ്മിറ്റിയുടെ ശുപാർശയായിരുന്നു, സർക്യൂട്ട് ബ്രേക്കറുകളെന്നു പിൽക്കാലത്തറിയപ്പെട്ട വിപണനവിരാമങ്ങൾ. അമേരിക്കൻ ഓഹരിവിപണിയിൽ മൂന്നു തലങ്ങളുള്ള സർക്യൂട്ട് ബ്രേക്കറുകൾ നിലവിലുണ്ട്: ഏഴു ശതമാനം, പതിമൂന്നു ശതമാനം, ഇരുപതു ശതമാനം. ഏഴു ശതമാനമിടിഞ്ഞാൽ, വിപണി പതിനഞ്ചു മിനിറ്റു നേരത്തേയ്ക്കു നിശ്ചലമാകുന്നു. ഇടിവു പതിമൂന്നു ശതമാനമാകുമ്പോഴും അങ്ങനെ തന്നെ. 3:25നു ശേഷമാണിതു സംഭവിയ്ക്കുന്നതെങ്കിൽ കച്ചവടം നിലയ്ക്കുകയില്ല. (അമേരിക്കൻ ഓഹരിവിപണി ഒമ്പതര മുതൽ നാലു മണി വരെയാണു പ്രവർത്തിയ്ക്കുന്നത്.) ഇരുപതു ശതമാനം ഇടിവുണ്ടായാൽ അന്നത്തെ കച്ചവടം അതോടെ അവസാനിയ്ക്കുന്നു. എസ് ആന്റ് പി 500 (“സ്റ്റാൻഡേർഡ് ആന്റ് പുവർ 500”) എന്ന സൂചികയെയാണ് ഇതിനാധാരമാക്കിയിരിയ്ക്കുന്നത്. ഒരു മാസത്രയത്തിനു മുമ്പുള്ള മാസത്തിലെ പ്രതിദിനശരാശരിയെ അതിന്റെ ഏറ്റവുമടുത്ത അമ്പതിന്റെ ഗുണിതമാക്കിക്കിട്ടുന്ന തുകയായിരിയ്ക്കും ആ മാസത്രയത്തിനുള്ള അടിസ്ഥാനം.
ചൈന 2016 ജനുവരി മാസത്തിലേർപ്പെടുത്തിയ, “കച്ചവടമവസാനിപ്പിയ്ക്കാൻ 5%+2% വിലചലനം മതി”യെന്ന നിയമത്തെ വിമർശിച്ചവരുടെ കൂട്ടത്തിൽ സർക്യൂട്ട് ബ്രേക്കറുകളുടെ ഉപജ്ഞാതാവായ നിക്കൊളാസ് ബ്രാഡിയുമുണ്ടായിരുന്നു. സർക്യൂട്ട് ബ്രേക്കറുകൾ വിപണിയെ ഉചിതമായി പ്രതിഫലിപ്പിയ്ക്കുന്നവയായിരിയ്
ലോകാഭിമതം മാനിച്ചു തിരുത്തൽ നടപടിയെടുക്കാൻ ചൈനയൊട്ടും അമാന്തിച്ചില്ല; അവർ ജനുവരി ഏഴാം തീയതി രാത്രി തന്നെ, സർക്യൂട്ട് ബ്രേക്കറുകൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ഓഹരിവിപണികൾ അല്പം ശാന്തമായിട്ടുണ്ടെങ്കിലും, ചൈനീസ് സുനാമിയുടെ അലയടികൾ ഇടയ്ക്കിടെ വന്നുകൊണ്ടിരിയ്ക്കാനാണിട.
സർക്യൂട്ട് ബ്രേക്കറുകൾ ഇന്ത്യയിലെ ഓഹരിവിപണിയിലും നിലവിലുണ്ട്. അവയ്ക്കും മൂന്നു തലങ്ങളുണ്ട്. അമേരിക്കയിലെ സർക്യൂട്ട് ബ്രേക്കറുകൾ 7%, 13%, 20% എന്നിവയാണെങ്കിൽ, ഇന്ത്യയിലേത് അല്പം കൂടി വിസ്തൃതമാണ്: 10%, 15%, 20% എന്നിവയാണവ. അമേരിക്കയിൽ എസ് ആന്റ് പി 500 എന്ന ഒരു സൂചിക മാത്രമാണ് ഇതിനായി കണക്കിലെടുക്കുന്നതെങ്കിൽ, ഇന്ത്യയിൽ ഒരേ സമയം രണ്ടു സൂചികകൾ കണക്കിലെടുക്കുന്നു: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ “നിഫ്റ്റി 50” എന്ന സൂചികയും, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സെൻസെക്സ് എന്ന സൂചികയും. ഇവയിലേതെങ്കിലുമൊന്ന്, മുൻ ദിവസത്തേക്കാൾ പത്തു ശതമാനമിടിഞ്ഞാൽ, കച്ചവടം നാല്പത്തഞ്ചു മിനിറ്റു നേരത്തേയ്ക്കു നിലയ്ക്കുന്നു. ഒരു മണിയ്ക്കും രണ്ടരയ്ക്കുമിടയിലാണിതു സംഭവിയ്ക്കുന്നതെങ്കിൽ പതിനഞ്ചു മിനിറ്റു സമയം മാത്രമേ കച്ചവടം നിലയ്ക്കുകയുള്ളൂ. രണ്ടരയ്ക്കു ശേഷമാണെങ്കിൽ കച്ചവടം നിലയ്ക്കുകയേയില്ല. ഒമ്പതേകാൽ മുതൽ മൂന്നര വരെയാണു ഇന്ത്യൻ വിപണിയിലെ കച്ചവടസമയം.
സൂചികയിൽ പതിനഞ്ചു ശതമാനമിടിവുണ്ടായാൽ ഒന്നേമുക്കാൽ മണിക്കൂർ നേരം കച്ചവടം നിലയ്ക്കും. ഒരു മണിയ്ക്കും രണ്ടു മണിയ്ക്കുമിടയിലാണിതു സംഭവിയ്ക്കുന്നതെങ്കിൽ, 45 മിനിറ്റു മാത്രമേ കച്ചവടം നിലയ്ക്കൂ. എന്നാൽ, രണ്ടു മണിയ്ക്കു ശേഷമാണു പതിനഞ്ചു ശതമാനം തികയുന്നതെങ്കിൽ അന്നത്തെ കച്ചവടം അതോടെ അവസാനിയ്ക്കും. സമയത്തെ ആധാരമാക്കുന്ന ഇത്തരം വ്യതിരേകങ്ങളൊന്നും ഇരുപതു ശതമാനമിടിവിന്റെ കാര്യത്തിലില്ല; സൂചിക ഇരുപതു ശതമാനമിടിഞ്ഞാൽ അന്നത്തെ കച്ചവടം ആ നിമിഷമവസാനിയ്ക്കും.
സർക്യൂട്ട് ബ്രേക്കറുകൾ ഇന്ത്യയിലാദ്യമായി 2001ൽ നിലവിൽ വന്നപ്പോൾ, മുൻ മാസത്രയത്തിന്റെ ഒടുവിലത്തെ നിലയായിരുന്നു അടിസ്ഥാനമായെടുത്തിരുന്നത്. 2013ൽ നിലവിൽ വന്ന ഭേദഗതിയോടെ, മുൻ മാസത്രയത്തിന്റേതിനു പകരം മുൻ ദിനത്തിന്റെ ഒടുവിലത്തെ നില അടിസ്ഥാനമായിത്തീർന്നു.
ഇന്ത്യൻ വിപണി പത്തു ശതമാനവും പതിനഞ്ചു ശതമാനവും ഒന്നിലേറെത്തവണ ഇടിഞ്ഞിട്ടുണ്ട്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ ഒരു മുന്നണിയ്ക്കും ഭൂരിപക്ഷമില്ലായിരുന്നു. ഇടതുപക്ഷകക്ഷികൾ കോൺഗ്രസ്‌മുന്നണിയെ പിന്തുണയ്ക്കുമെന്നു വെളിപ്പെട്ടത് ഒരു വെള്ളിയാഴ്ചയായിരുന്നു; മെയ് പതിന്നാലാം തീയതി. അന്നു വിപണിയുടെ 8.8 ശതമാനം ഇടിഞ്ഞു. അടുത്ത ദിവസം, അന്നത്തെ മാർക്സിസ്റ്റുപാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിംഗ് സുർജീത് ഒരു പ്രസ്താവന നടത്തി; കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികൾ വിൽക്കാൻ വേണ്ടി രൂപീകരിയ്ക്കപ്പെട്ടിരുന്ന വകുപ്പ് (ഡിപ്പാർട്ട്മെന്റ് ഫോർ ഡിസിൻവെസ്റ്റ്മെന്റ്) അടച്ചുപൂട്ടുമെന്നായിരുന്നു, പ്രസ്താവന. പത്തു ശതമാനം ഇടിവോടെയാണു തുടർന്നുള്ള തിങ്കളാഴ്ച, മെയ് പതിനേഴാം തീയതി, വിപണി തുറന്നത്! കച്ചവടമുടൻ താത്കാലികമായി നിലച്ചു. അന്ന് അര മണിക്കൂർ മാത്രമായിരുന്നു, ആദ്യതലവുമായി ബന്ധപ്പെട്ടു നിലവിലുണ്ടായിരുന്ന വിപണനവിരാമം. അരമണിക്കൂറിനു ശേഷം കച്ചവടം പുനരാരംഭിച്ചയുടൻ അഞ്ചു ശതമാനം കൂടിയിടിഞ്ഞു. തുടർന്നു രണ്ടു മണിക്കൂർ വിരാമം.
കച്ചവടം പുനരാരംഭിച്ചയുടൻ 18.3 ശതമാനത്തിലെത്തിയ ഇടിവ് ഇരുപതു ശതമാനത്തിലേയ്ക്കെത്തിയില്ല. ശതമാനക്കണക്കനുസരിച്ച്, ഇന്ത്യയിൽ ഓൺലൈൻ കച്ചവടം തുടങ്ങിയ ശേഷം നേരിട്ട ഏറ്റവും വലിയ ഇടിവ് ഇതായിരുന്നു. അതിനിടയിൽ മൻമോഹൻ സിംഗ് ടീവിയിൽ പ്രത്യക്ഷപ്പെട്ടു. ഉടൻ വിപണി ഉയരാൻ തുടങ്ങി. മൻമോഹൻ സിംഗാണു പ്രധാനമന്ത്രിയാകാൻ പോകുന്നതെന്ന കാര്യം അപ്പോഴേയ്ക്കു വ്യക്തമായിക്കഴിഞ്ഞിരുന്നു. ഇന്ത്യ ഭാവിയിൽ നേടാൻ പോകുന്ന സാമ്പത്തികവളർച്ചയെപ്പറ്റി മൻമോഹൻ സിംഗ് ഉറപ്പു നൽകി. അതോടൊപ്പം പൊതുമേഖലാസ്ഥാപനമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഹരികൾ വാങ്ങാനും തുടങ്ങി. അന്നു കച്ചവടം അവസാനിച്ചപ്പോഴേയ്ക്ക് ഇടിവു പതിനെട്ടു ശതമാനത്തിൽ നിന്നു പന്ത്രണ്ടു ശതമാനമായി കുറഞ്ഞിരുന്നു. തുടർന്നുള്ള രണ്ടു ദിവസം വിപണി ഉയരുകയും ചെയ്തു.
പോയിന്റടിസ്ഥാനത്തിൽ, ഒരു കച്ചവടദിനത്തിനിടയിലെ ഏറ്റവും വലിയ ഇടിവുണ്ടായത് 2008 ജനുവരി ഇരുപത്തിരണ്ടിനായിരുന്നു. അന്നത്തെ കച്ചവടത്തിനിടയിൽ സെൻസെക്സ് 2272.93 പോയിന്റ് ഇടിഞ്ഞിരുന്നു. പോയിന്റടിസ്ഥാനത്തിൽ ഭീകരമെങ്കിലും, ശതമാനക്കണക്കിൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലിതു 12.91 ശതമാനം മാത്രമായിരുന്നു. നിഫ്റ്റിയിൽ 14.6 ശതമാനവും. അന്നും വിപണിയിൽ താത്കാലിക വിരാമം സംഭവിച്ചിരുന്നു. ആ ദിവസങ്ങളിലെ ഇടിവ് ആഗോളവ്യാപകമായിരുന്നു. അമേരിക്ക സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലമരുന്നെന്ന ഭീതിയായിരുന്നു ഇടിവിനുള്ള കാരണം. ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരം അന്നു നടത്തിയ പത്രസമ്മേളനത്തിൽ നിന്നു വിപണിയ്ക്കല്പം ധൈര്യം കിട്ടി. കച്ചവടസമയം തീർന്നപ്പോഴേയ്ക്ക് ഇടിവ് 5.94 ശതമാനമായി കുറയുകയും ചെയ്തു.
ഒരു കച്ചവടദിനത്തിനിടയിലെ ഏറ്റവും വലിയ ഇടിവുണ്ടായതു 2008 ജനുവരി ഇരുപത്തിരണ്ടിനായിരുന്നെങ്കിൽ, സൂചികകളുടെ അവസാനത്തുകകളിലെ ഏറ്റവും വലിയ ഇടിവുണ്ടായത് 2015 ആഗസ്റ്റ് ഇരുപത്തിനാലിനായിരുന്നു: 1624.51 പോയിന്റ്. പക്ഷേ, ശതമാനക്കണക്കിലത് 5.94% മാത്രമായിരുന്നു.
പത്ത്, പതിനഞ്ച്, ഇരുപത് എന്നീ ശതമാനങ്ങളിലുള്ള സർക്യൂട്ട് ബ്രേക്കറുകൾ വിലത്തകർച്ചയിൽ മാത്രമാണു സജീവമാകുന്നതെന്ന് ആരെങ്കിലും ധരിച്ചുപോയിട്ടുണ്ടെങ്കിൽ ആ ധാരണ തിരുത്തുക തന്നെ വേണം. സൂചികയിലുണ്ടാകുന്ന ഉയർച്ചയ്ക്കും അവ ബാധകം തന്നെ. വിപണി ഉയരുന്നതു നിക്ഷേപകർക്കും രാഷ്ട്രത്തിനുമെല്ലാം ഗുണകരമാണെങ്കിലും, അതു തടയുന്നതിൽ യുക്തി കാണാനാവില്ലെങ്കിലും, സർക്യൂട്ട് ബ്രേക്കറുകൾ ഇരുതലവാളുകളായാണു സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്
ഇതും ഇന്ത്യൻ ഓഹരിവിപണിയിൽ ഒരിയ്ക്കൽ സംഭവിച്ചിരുന്നു. 2009 മെയ് പതിനെട്ടാം തീയതി. ആയിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വെളിവായ ഉടനായിരുന്നു, അത്. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള മുന്നണി വീണ്ടും അധികാരത്തിൽ വരുമെന്നു വ്യക്തമായ ദിവസം. രാവിലെ വിപണി തുറന്നതു തന്നെ പത്തു ശതമാനത്തിലേറെ ഉയർന്നുകൊണ്ടായിരുന്നു. ഉടൻ ആദ്യതലത്തിലെ വിരാമമുണ്ടായി. കച്ചവടം പുനരാരംഭിച്ചയുടൻ സൂചികയിലെ ഉയർച്ച പതിനഞ്ചു ശതമാനത്തിലെത്തി. രണ്ടു മണിക്കൂർ വിരാമത്തിനു ശേഷം കച്ചവടം പുനരാരംഭിച്ചപ്പോൾ നിഫ്റ്റി വീണ്ടുമുയർന്ന് ഇരുപതു ശതമാനത്തിലെത്തുകയും അന്നത്തെ കച്ചവടം അതോടെ അവസാനിയ്ക്കുകയും ചെയ്തു. മറ്റാരിലുമില്ലാതിരുന്ന വിശ്വാസം ഓഹരിവിപണിയ്ക്കു മൻമോഹൻ സിംഗിൽ അന്നുണ്ടായിരുന്നെന്നു വ്യക്തം.
ഇതുവരെയുള്ള പരാമർശം മുഴുവൻ ഓഹരിവിലസൂചിക ഒരു നിശ്ചിതശതമാനം ഉയരുകയോ താഴുകയോ ചെയ്യുമ്പോൾ കച്ചവടം നിലയ്ക്കാനിടയാക്കുന്ന സർക്യൂട്ട് ബ്രേക്കറുകളെപ്പറ്റിയായിരുന്നു. ഇവയ്ക്കു പുറമേ, ഓരോ ഓഹരിയിലും ഒരു ദിവസത്തിനിടയിലുണ്ടാകാവുന്ന ഉയർച്ചയ്ക്കും താഴ്‌ചയ്ക്കും പരിധിയുണ്ട്. ഏതാനും ഉദാഹരണങ്ങളിലൂടെ ഇതെളുപ്പം മനസ്സിലാക്കിയെടുക്കാം. യൂണിവേഴ്‌സൽ കേബിൾസ് ലിമിറ്റഡ് എന്ന ഒരോഹരി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വിപണനം ചെയ്യപ്പെടുന്നുണ്ട്. അതിന്റെ വിലയിൽ ഒരു ദിവസമുണ്ടാകാവുന്ന ഉയർച്ചയ്ക്കും താഴ്‌ചയ്ക്കും അഞ്ചു ശതമാനമെന്ന പരിധി ഇപ്പോഴുണ്ട്. കഴിഞ്ഞ ദിവസത്തെ അതിന്റെ അവസാനവില 90.15 രൂപയായിരുന്നു. അടുത്ത ദിവസത്തെ കച്ചവടത്തിൽ ഇതിനനുവദനീയമായിട്ടുള്ള പരമാവധി ഉയർച്ചയും താഴ്‌ചയും അഞ്ചു ശതമാനം വീതമാണ്. ഇതനുസരിച്ച്, അടുത്ത ദിവസം അതിന് 94.65 രൂപ വരെ ഉയരുകയോ, 85.65 രൂപ വരെ താഴുകയോ ചെയ്യാം. ഉയർന്ന പരിധിയ്ക്ക് അപ്പർ പ്രൈസ് ബാൻഡ് എന്നും താഴ്‌ന്ന പരിധിയ്ക്കു ലോവർ പ്രൈസ് ബാൻഡ് എന്നും പറയുന്നു. ഒരു ദിവസത്തെ അവസാനവിലയ്ക്കനുസൃതമായിരിയ്ക്കു
മോസർ ബേയർ എന്ന ഒരോഹരി നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ വിപണനം ചെയ്യപ്പെടുന്നുണ്ട്. അതിനിപ്പോൾ പ്രതിദിനം അനുവദനീയമായിട്ടുള്ളതു പത്തു ശതമാനം ഉയർച്ചയും താഴ്‌ചയുമാണ്. മോസർ ബേയറിന്റെ കഴിഞ്ഞ ദിവസത്തെ അവസാനവില 13.35 രൂപയായിരുന്നു. പത്തുശതമാനമനുസരിച്ചുള്ള അതിന്റെ ഉയർന്ന പരിധി 14.65 രൂപയും താഴ്‌ന്ന പരിധി 12.05 രൂപയുമാണ്.
ത്രിവേണി എഞ്ചിനീയറിംഗ് ആന്റ് ഇൻഡസ്ട്രീസ് എന്ന ഒരോഹരിയും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൽ വിപണനം ചെയ്യപ്പെടുന്നുണ്ട്. അതിനു പ്രതിദിനം 20 ശതമാനം ഉയർച്ചയും താഴ്‌ചയും അനുവദിയ്ക്കപ്പെട്ടിട്ടുണ്ട്. അതിന്റെ കഴിഞ്ഞ ദിവസത്തെ അവസാനവില 53.45 രൂപയായിരുന്നു. ഇതനുസരിച്ച്, അതിന് അടുത്ത ദിവസം പരമാവധി 64.10 രൂപ വരെ ഉയരുകയും 42.80 വരെ താഴുകയും ചെയ്യാം.
പരമാവധി പ്രതിദിനവിലചലനം അഞ്ച്, പത്ത്, ഇരുപത് ശതമാനങ്ങളാക്കി നിജപ്പെടുത്തിയിരിയ്ക്കുന്ന ഓഹരികളുടെ ഉദാഹരണങ്ങളാണു മുകളിൽ കൊടുത്തിരിയ്ക്കുന്നത്. വെറും രണ്ടു ശതമാനം മാത്രം ചലനം അനുവദിയ്ക്കാനും സ്റ്റോക് എക്സ്ചേഞ്ചുകൾക്ക് അധികാരമുണ്ടെങ്കിലും, അത്തരം ഓഹരികൾ നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലെ പട്ടികയിലിപ്പോൾ കാണുന്നില്ല.
പ്രതിദിനവിലചലനത്തിന് രണ്ട്, അഞ്ച്, പത്ത്, ഇരുപത് എന്നീ ശതമാനങ്ങളിൽക്കവിയാത്ത പരിധികൾ അനുവദിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഓഹരികളോടൊപ്പം, ഇത്തരം യാതൊരു പരിധിയും നിഷ്കർഷിച്ചിട്ടില്ലാത്ത ഓഹരികളും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലുമുണ്ട്. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസ് (അവധിവ്യാപാരം) എന്ന വിഭാഗവുമായി ബന്ധമുള്ള ഓഹരികളാണിവ. കച്ചവടം ഏറ്റവുമധികം നടക്കുന്നതും ഇത്തരം ഓഹരികളിലാണ്. ഒരു ദിവസം എത്ര ശതമാനം വേണമെങ്കിലും ഉയരുകയും താഴുകയും ചെയ്യാൻ ഇവയ്ക്കാകും. ഒരുദാഹരണം പറയാം. ഇക്കൂട്ടത്തിലുൾപ്പെട്ടിരുന്ന ഒരോഹരിയായിരുന്നു സത്യം കമ്പ്യൂട്ടർ. 2009 ജനുവരിയിലതു വെറും രണ്ടു ദിവസം കൊണ്ടു 96 ശതമാനമിടിഞ്ഞ്, 180 രൂപയിൽ നിന്ന് ആറു രൂപയിലേയ്ക്കു കൂപ്പുകുത്തി. ഉയർച്ചയ്ക്കും താഴ്‌ചയ്ക്കും യാതൊരു പരിധിയുമില്ലാത്ത ഓഹരികൾ വൻ തോതിലുള്ള ഇത്തരം വിലചലനങ്ങൾക്കു വിധേയമായേയ്ക്കാമെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. സത്യം കമ്പ്യൂട്ടർ പിൽക്കാലത്തു ടെക്ക് മഹീന്ദ്രയിൽ ലയിച്ചു.
നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ഏറ്റവുമധികം വിപണനം ചെയ്യപ്പെടുന്ന ഓഹരികളിൽ ഭൂരിഭാഗവും പ്രതിദിനവിലചലനത്തിനു പരിധികൾ നിഷ്കർഷിച്ചിട്ടില്ലാത്തവയാണെന്
ഇന്ത്യയിലേതിൽ നിന്നു വ്യത്യസ്തമായി, ചൈനയിലെ സ്റ്റോക് എക്സ്ചേഞ്ചുകളിൽ വിപണനം ചെയ്യപ്പെടുന്ന ഓരോ ഓഹരിയിലേയും പരമാവധി പ്രതിദിനവിലചലനം പത്തു ശതമാനമായി നിജപ്പെടുത്തിയിരിയ്ക്കുന്നു. അവിടത്തെ ഒരോഹരിയ്ക്കും ഒരു ദിവസം പത്തു ശതമാനത്തിലേറെ ഉയരാനോ താഴാനോ ആവില്ല. “ഓഹരികൾ കൂച്ചുവിലങ്ങിൽ” എന്നു വേണം പറയാൻ. പലപ്പോഴും തങ്ങളുടെ ഓഹരികൾ വിൽക്കാനാകാതെ കുഴങ്ങുന്ന നിക്ഷേപകർക്ക് ഓഹരികളെപ്പോലെ തങ്ങളും കൂച്ചുവിലങ്ങിലാണെന്നു തോന്നിപ്പോയാൽ അതിശയിയ്ക്കാനില്ല. ക്രയവിക്രയങ്ങൾ അസാദ്ധ്യമാക്കുന്ന, കടുത്ത നിയന്ത്രണങ്ങൾ ചൈനയിലെ ഭരണവ്യവസ്ഥയുടെ തന്നെ പ്രതിഫലനമാണ്. ജനാധിപത്യമല്ല, ചൈനയിൽ നിലവിലിരിയ്ക്കുന്നത്. ചൈനയിലെ പൗരന്മാർക്ക്, അവിടത്തെ ഓഹരികളെപ്പോലെ തന്നെ, താരതമ്യേന, പരിമിതമായ സ്വാതന്ത്ര്യമേയുള്ളു.
ആവശ്യവും (ഡിമാന്റ്) ലഭ്യതയും (സപ്ലൈ) സ്വാഭാവികരീതിയിൽ തുല്യമാകേണ്ടൊരു വിപണിയാണ് ഓഹരിക്കമ്പോളം. അതു സർക്കാരിന്റെ സമ്മർദ്ദമോ ഇടപെടലോ കൂടാതെ തന്നെ സാദ്ധ്യമാകുകയും വേണം. വിപണിയിൽ കുറ്റകൃത്യങ്ങൾ തടയാനും കുറ്റകൃത്യങ്ങൾ ചെയ്തവരെ പിടികൂടി ശിക്ഷിയ്ക്കാനും മാത്രമേ സർക്കാരുകളിടപെടാവൂ. ഓഹരിവിലകളെ സർക്കാർ നിയന്ത്രിയ്ക്കുന്നതു ഫുട്ബോളിലെ ഗോളടിയും ഗോൾ തടയലും റഫറിയുടെ ഇച്ഛാനുസരണമാകുന്നതിനു തുല്യമാകും. ചൈനീസ് സർക്കാരിന്റെ ഇത്തരമിടപെടലുകൾ ഓഹരിവിപണിയ്ക്കു വലുതായ ദോഷം ചെയ്തിട്ടുണ്ടെന്നു കഴിഞ്ഞ എട്ടു മാസക്കാലത്തെ സംഭവങ്ങൾ തെളിയിച്ചിരിയ്ക്കുന്നു. ചൈനയെപ്പറ്റിയുള്ള പഠനങ്ങൾക്കായി ജർമനിയിലെ ബെർലിനിൽ സ്ഥാപിയ്ക്കപ്പെട്ടിരിയ്ക്കുന്ന മെർക്കേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ സെബാസ്റ്റ്യൻ ഹെയിൽമാന്റെ വാക്കുകളിവിടെ പ്രസക്തമാണ്:
“ചൈനയുടെ ഓഹരിവിപണിയെ ഒരുതരം ചൂതാട്ടക്കളമായാണ് ലോകമെക്കാലവും വീക്ഷിച്ചുപോന്നിട്ടുള്ളത്. ഇപ്പോഴാണെങ്കിൽ അതിന്റെ നടുവൊടിയുകയും ചെയ്തിരിയ്ക്കുന്നു. അവിടം ഊഹക്കച്ചവടക്കാർക്കു പോലും അപകടകരമായ ഒരിടമായിത്തീർന്നിരിയ്ക്കുന്നു.
_____________________________
ലേഖകൻ: സുനിൽ എം എസ്, മൂത്തകുന്നം