ഉള്ളിലേക്കുള്ള സഞ്ചാരങ്ങൾ
ഡോ ടി എം മാത്യു
പ്രപഞ്ചത്തോടു ചേർന്നുനിന്നു ചിന്തിച്ചാൽ മറ്റു ജീവജാലങ്ങളേ പോലെ പരിമിതമായ അസ്തിത്വത്തിലാണ് മനുഷ്യനും ജീവിക്കുന്നത്. വളരെ പരിമിതമായ ബുദ്ധി, പരിമിതമായ ജീവിത കാലയളവ്, ആഗ്രഹങ്ങളുടെയും കൈവരിക്കാവുന്നതിൻ്റേയും പരിമിതി തുടങ്ങിയ നിലകളിൽ മനുഷ്യജീവിതം അത്ര അഹങ്കരിക്കാവുന്നതൊന്നുമല്ല.
ഈ പരിമിതി ദാർശനികമനസ്സുകൾ തിരിച്ചറിയുന്നു. മനുഷ്യൻ്റെ സത്താപരമായ സാധ്യതകളിലേക്ക് സഞ്ചരിച്ച് ജീവിതത്തിൻ്റെ ഭൗതിക പരിമിതികളെ മറികടക്കുന്നവരാണ് ദാർശനികർ.കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളിയുടെ ജീവിതത്തെ പൊളിച്ചെഴുതിയ ശ്രീ നാരായണഗുരു എന്ന ദാർശനിക മനുഷ്യൻ്റെ ജീവിതത്തേയും സാഹിത്യത്തേയും മനന വ്യാപാരങ്ങളേയും ധ്യാനവിഷയമാക്കിയ നോവലാണ് പ്രശസ്ത സാഹിത്യ വിമർശകനായ എം.കെ ഹരികുമാർ എഴുതിയ ശ്രീനാരായണായ. സാധാരണ ജീവചരിത്ര നോവലുകൾ ചരിത്ര പുരുഷന്മാരുടെ സാമൂഹിക സ്വത്വത്തേയും സാമൂഹിക ഇടപെടലുകളേയും പ്രശ്നവത്ക്കരിക്കുകയാണ് ചെയ്യുന്നത്.
യഥാതഥബാഹ്യചിത്രീകരണത്തിലൂടെ കഥയവതരിപ്പിക്കുന്ന രീതിയാണ് പൊതുവേ ജീവചരിത്ര നോവലുകളിൽ സ്വീകരിച്ചു കാണുന്നത്. എന്നാൽ ഗുരുവിൻ്റെ ദാർശനികമനസ്സ് സഞ്ചരിച്ച അതിഭൗതികമായ പ്രപഞ്ചാവബോധത്തെ കണ്ടെത്തുകയാണ് നാരായണായ എന്ന നോവലിലൂടെ ആവിഷ്ക്കരിക്കുന്നത്. മിസ്റ്റിക്കായ ഒരഭിവീക്ഷണവും സർവ്വ ചരാചരാങ്ങളുടേയും പരസ്പരാശ്രിതത്വത്തേയുമാണ് ഗുരുവിൻ്റെ ജീവിതത്തെ മുൻനിർത്തി നോവലിസ്റ്റ് കണ്ടെത്തുന്നത്. ഉള്ളിലേക്ക് മടങ്ങുന്നതു വഴി സർവ്വജീവിവർഗ്ഗങ്ങളുടേയും ഏകത്വത്തെ നോവലിസ്റ്റ് കണ്ടെത്തുന്നു.ഗുരുവിലൂടെ സമഗ്രതയെ ആശ്ലേഷിക്കുന്ന സൂക്ഷ്മാനുഭവങ്ങളുടെ അനുഭൂതി വാക്കിലേക്ക് ആവാഹിക്കുന്നു. ഒട്ടും കൃത്രിമത്വമില്ലാതെ വ്യത്യസ്തമായ സത്യാന്വേഷണം നിർവഹിക്കുന്നുണ്ട് ഈ നോവൽ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാനസിക ജീവിതം പരിണമിച്ചു കൊണ്ടിരിക്കുന്നു. ഒന്നും സ്ഥിരമായി നിൽക്കുന്നില്ല. " ഇന്ന് കാണുന്ന സത്യം നാളെ ഉണ്ടാകില്ല. അപ്പോൾ നാം നാളെയുടെ സത്യത്തെ തേടണം. എവിടെയാണോ അതുള്ളത് അവിടേക്ക് പോകേണ്ടി വരും... സത്യം എപ്പോഴും നമ്മോടൊപ്പം സ്ഥിരമായിരിക്കില്ല. അത് നമ്മളിൽ നിലനിൽക്കാത്തത്, നാം ഓരോ മാത്രയും നമ്മിൽ നിന്നു തന്നെ മഞ്ഞു പോകുന്നതുകൊണ്ടാണ്. അതിനാൽ നമ്മെ നിലനിർത്താൻ നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു." (പേജ്. 101).
നോവലിൻ്റെ ആഖ്യാനം
പുതിയ തത്ത്വചിന്തയുടെ കണ്ടെത്തലായിത്തീരുന്നു.ഗുരു വിചാരങ്ങളിൽ നിന്നും
അംഗീകൃത തത്ത്വചിന്താപദ്ധതികളിൽ നിന്നും മുന്നോട്ട് സഞ്ചരിക്കുന്നു. പുതിയ
കാലത്തിൻ്റെ അദ്വൈതത്തെ അഭിമുഖീകരിക്കുന്നു. അതു കൊണ്ടു തന്നെ ഇത്
നിലനില്ക്കുന്ന നോവൽ രീതികളോടു് ഇണങ്ങിപ്പോകുന്ന രചനയാണെന്ന് പറയാനാവില്ല.
സംഭവപരമ്പരകൾക്ക് ഈ നോവലിൽ വലിയ സ്ഥാനമില്ല.അനുക്ഷണ വികസ്വരമായ
വിചാരങ്ങളിലൂടെയുള്ള യാത്രയാണിത്.ഈയാത്രക്കിടയിൽ എവിടെയെങ്കിലും വച്ച് നാം
നമ്മെ കണ്ടെത്തും.. അതാണ് നാരായണായ നമ്മിൽ അവശേഷിപ്പിക്കുന്നത്.ഉള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ സംഭവിക്കുന്ന ജൈവമായ സ്വരലയവും ഏകതാനതയുമാണ് ഈ നോവലിനെ ഹൃദ്യമാക്കുന്നത്.
--