ആത്മായനങ്ങളുടെ ഖസാക്കിൻ്റെ ജനിതകം: എൻ്റെ സറിയലിസ്റ്റിക് അന്ത:കരണ വേദാന്തങ്ങൾ
എം കെ ഹരികുമാർ
" പുഷ്പങ്ങൾക്ക് ചുവട്ടിൽ നിന്ന് മണ്ണിൻ്റെ ചവപ്പ് കണ്ടെത്താം. അതിൽ നിന്ന് പിന്നെയും താഴോട്ടു പോകാം. അങ്ങനെ പരേതരുടെ തലയോട്ടികളിലേക്ക് ,മൃത്യുവിൻ്റെ വളക്കൂറുള്ള നിശ്ചലതകളിലേക്ക് ,ചെമ്പകത്തിൻ്റെ ആഭരണപ്പുരയിലേക്ക് മനസ്സ് പറന്നു ചെല്ലുന്നു."
ആത്മായനങ്ങളുടെ ഖസാക്ക്, പ്രസാദത്തിൻ്റെ പാദങ്ങൾ ,പേജ് 83
'ആത്മായനങ്ങളുടെ ഖസാക്ക് ' എൻ്റെ വിദ്യാഭ്യാസകാല വിപ്ളവമാണ്.ഒരു അനക്കാദമിക്ക് ,സ്വതന്ത്ര, ആത്മാന്വേഷണ കുതൂഹലം. ഇങ്ങനെയൊരു പുസ്തകമെഴുതാൻ ഒരു വ്യവസ്ഥിതിയുടെയും സമ്മതപത്രം ആവശ്യമില്ല .ഇത് എഴുതിയ ഉടനെ മലയാള സാഹിത്യകാരന്മാരുടെയും വിമർശകരുടെയും മേശപ്പുറത്ത് വച്ച് ഒരു ശീട്ട് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ കൃതി എൻ്റെ കലാനുഭവമാണ് ,സാഹിത്യാനുഭവമാണ്. എൻ്റെ വൈയക്തികമായ ദാർശനിക ,ആത്മീയ സമസ്യകളെ ഞാൻ അനുഭവിച്ച രീതിയിൽ ,അതിൻ്റെ കാവ്യപരമായ ഗാഢതയിൽ ,നിഗൂഢമായ ഉന്മാദങ്ങളിൽ തുറന്നു വിടുകയാണ് ചെയ്തത്. ഇത് കലാശാലയിൽ പഠിപ്പിക്കുന്ന സാഹിത്യവിമർശനം എന്ന നിർമ്മിതിയല്ല .ഇത് അവരുടെ ഉപന്യാസങ്ങളിൽ കാണുന്ന മട്ടിലുള്ള കാര്യകാരണങ്ങളുടെ ഒരു സ്ഥൂല വിവരണമല്ല. ഇത് എൻ്റെ ഭാഷാനുഭവത്തിൻ്റെ കലാചരിത്രമാണ്. വിമർശനം എന്ന അതിപ്രകടനാത്മകമായ ഭാവമല്ല ഇതിനുള്ളത്. ഇത് ഞാനാണ് ,എൻ്റെ ബോധധാരയാണ് ,സറിയലിസ്റ്റിക് അന്ത:കരണ വേദാന്തങ്ങളാണ്.
1984 ലാണ് 'ആത്മായനങ്ങളുടെ ഖസാക്ക് 'പുറത്ത് വന്നത്.ഇതിന് ഒരു യൂണിവേഴ്സിറ്റിയോടും കടപ്പാടില്ല ;അധ്യാപകരോടും.ഇത് ഒരു പ്രമുഖ പത്രപ്രവർത്തകൻ വായിച്ചു .പ്രതികരണം ഇതായിരുന്നു: ഒന്നും മനസിലായില്ല !ഒരു കോളജ് അധ്യാപകൻ വായിച്ചു.പ്രതികരണം ഇങ്ങനെ: ഒന്നും വ്യക്തമായില്ല!. നൂറ് പേജുള്ള ആ പുസ്തകത്തിൽ നിന്ന് ഒന്നും ഗ്രഹിക്കാനായില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അവർ പരിചയിച്ച മാതൃകയിലുള്ള ഒരു പ്രബന്ധമല്ലല്ലോ ഇത് .അവരുടെ ലാക്ഷണിക പ്രബന്ധങ്ങളിൽ കാണുന്നത് ഗുണദോഷ വിചാരവും മൂല്യനിർണയവുമാണ്,കലാനുഭവമല്ല .അതുകൊണ്ട് അവർക്ക് മനസ്സിലായില്ല.അതുകൊണ്ടെന്താണ്? അവർ വായിക്കേണ്ടതില്ല. അവരെ ഉദ്ദേശിച്ചല്ല ഞാൻ ഇതെഴുതിയത്. ഇത് എൻ്റെ സ്വാതന്ത്ര്യത്തിൻ്റെ പ്രാണസ്വരമാണ്.
വിമർശനം എന്ന വാക്ക് ഈ കൃതിയുടെ കാര്യത്തിൽ പോരാതെ വരും. ഇത് കവിതയിലേക്കാണ് നയിക്കുന്നതെന്ന് ഒരു വായനക്കാരൻ പറഞ്ഞത് എത്രയോ സത്യമാണ്! ഏതൊരു രചനയും അതിൻ്റെ ആത്യന്തിക അനുഭൂതിയിൽ കവിതയിലെത്തിച്ചേരും ;സാഹിത്യമാകാതെ അത് നിലനില്ക്കില്ല .
ഒരു സാഹിത്യകൃതിയെ മാധ്യമമാക്കി എഴുതുന്നതു കൊണ്ട് ഒരാളുടെ കവിത അന്യമാകേണ്ടതില്ല. 'ആത്മായനങ്ങളുടെ ഖസാക്കി'ലെ ഒരു ഭാഗം :
"കൈ നീട്ടിയാൽ ജലം കൈത്തലത്തിൽ നിറയുന്നു. വർഷപാതത്തിൻ്റെ സംഗീതം സിരകളിലാകെ പൂക്കുന്നു. വരാനിരിക്കുന്ന അറിവിനായി ധാതുവിൽ നിന്നും ഇരുമ്പിൽ നിന്നും ആയുസ്സിൻ്റെ കല്പങ്ങളെ വളർത്തിയെടുക്കുന്നു." (സൗന്ദര്യത്തിൻ്റെ വിചാരവസ്ത്രം " (പേജ് 31).
ഇത് ഞാൻ യുക്തികൊണ്ട് വിശദീകരിച്ചാൽ ,പിന്നെ അതിലൊന്നും ശേഷിക്കില്ല. ഇത് ഒരു ഗവേഷണമല്ല. ഉള്ളിൽ സംഭവിക്കുന്ന ഒരു വികാരവിനിമയമാണ്; അത് എന്നോടു തന്നെയാണ്.അതിൽ നിന്ന് ഞാൻ ഗ്രഹിച്ചതെന്താണ് ?ചിലപ്പോൾ ഒരു വലിയ മലയുടെ മുകളിൽ ഒറ്റയ്ക്ക് നില്ക്കുന്ന വൃക്ഷം എന്നെ പ്രബുദ്ധനാക്കുന്നു. ഇക്കാര്യത്തിൽ വൃക്ഷം നിസ്സഹായമാണ്. ഞാനാകട്ടെ അവിചാരിതമായ ഒരു പാതയിലൂടെ യാത്ര തുടരുകയാണ്.
നോവലിലെ കഥാപാത്രങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ ഇവയെല്ലാം യാഥാർത്ഥ്യം തന്നെയാണ്. വായനക്കാരനുമായി സംവദിക്കുന്നതെല്ലാം യഥാർത്ഥമാണ്.ഇത് ഒരു മനസിൻ്റെ ആവശ്യകത അറിയിക്കുന്നുണ്ട്. നമ്മുടെ ജീർണമായ പരിതസ്ഥിതിയിൽ നിന്ന് മോചനം നേടുന്ന ഒരു സ്വപ്നസമാന നിമിഷത്തിൽ കൗമാര ഭാവനകൾ വീണ്ടും തളിർക്കുകയാണ്. നോവൽ ചിത്രങ്ങൾ വിമർശകൻ്റെ യാഥാർത്ഥ്യമായി അംഗീകരിച്ചു കൊണ്ട് ഞാൻ എഴുതി:
"ദു:ഖം വിഴുങ്ങിയ വാക്കുകൾ ,അമ്മയുടെ സ്വപ്നം നിറഞ്ഞ മിഴികൾ .കിനാവുകളും കാറ്റുലയ്ക്കാത്ത പച്ചിലകളും കായ്ക്കുന്ന രാത്രി .അമ്മയുടെ വാക്കുകളിൽ അനൈഹികമായൊരു പ്രേരണയുടെ ഇരയായിത്തീർന്ന മകൻ്റെ കാല്പാടുകൾ തെളിഞ്ഞു നില്ക്കുന്നു. ദു:ഖം നിശ്ശബ്ദതയുടെ സമീപമെത്തിച്ചേരുന്നു. നോക്കുക ,ദു:ഖം നിശ്ശബ്ദതയുടെ മാതാവാണ്. "(അധോമുഖമായ പ്രമാണങ്ങൾ ,പേജ് 39).
നോവലിൽ നിന്നുള്ള അനുഭവങ്ങളുടെ പരാവർത്തനമല്ലിത്. നോവലല്ല വായിക്കന്നത് ;പ്രകൃതിയെയാണ്. ഖസാക്കിലെ രവി കഥാപാത്രല്ല ,നമ്മുടെ അടുത്തുള്ള ഒരു യുവാവാണ്. അത് യഥാർത്ഥമാണ്. നമ്മൾ അയാളോട് സംസാരിക്കുന്നത് ഉള്ളിലാണ്. അങ്ങനെ പ്രകൃതിയോടുള്ള ബന്ധം പുതുക്കപ്പെടുകയാണ്. നമ്മൾ വായിച്ച് ഉൾക്കൊള്ളുന്ന കൃതികൾ യഥാർത്ഥമായി കാണണം. അപ്പോൾ അതിനെക്കുറിച്ച് അന്തരംഗത്തിൽ കൂടുതൽ ചിത്രങ്ങൾ ഉയർന്നു വരും.
മറ്റൊരു ഭാഗം ഉദ്ധരിക്കാം:
"തണലിൻ്റെ ദിവ്യശരീരത്തിലേക്ക് താമസം മാറ്റിയ മനുഷ്യൻ്റെ ദു:ഖങ്ങളെ നാം അനുഭവിക്കുന്നു. മൗനത്തിൻ്റെ മുഖത്ത് വീണ പാടുകൾ ഗ്രാമ്യമായ ആതുരത കളുടെ നൈർമ്മല്യമാകുന്നു. ഓരോ വൈകാരിക സംഘർഷത്തിൻ്റെയും ചുവട്ടിൽ പൊഴിഞ്ഞുകിടക്കുന്ന സ്വച്ഛമായ ദു:ഖഭ്രമങ്ങളുടെ പൂക്കളിൽ മനുഷ്യൻ ആർത്തിയോടെ പങ്കെടുക്കുകയാണ്. വിരഹത്തിൻ്റെ സാന്ത്വനം എന്നത് ദു:ഖത്തിൻ്റെ പരിശുദ്ധമായ ശരീരത്തിലുണ്ട്.വിഷാദത്തിൻ്റെ തനുവിൽ വിളഞ്ഞു കിടക്കുന്ന മനസ്സിൻ്റെ ദിവ്യവചനങ്ങളെ തൊട്ടറിയുക." (സ്വച്ഛമായ ദുഃഖഭ്രമങ്ങൾ ,പേജ് 44).
ഇതിൻ്റെ അർത്ഥമെന്താണെന്ന് തിരയുന്ന അധ്യാപകർ ഉണ്ടായേക്കാം. എന്നാൽ ഇത് വായിച്ചിട്ട് നിലമ്പൂരിൽ നിന്നുള്ള ഒരു യുവാവ് ഒരിക്കൽ എന്നെ വിളിച്ചതോർക്കുന്നു. ആ യുവാവ് പറഞ്ഞത് ഇതാണ് കലാനുഭവം എന്നാണ്. അഗാധമായ ചിലത് നമ്മുടെ ആന്തരിക ഇന്ദ്രിയങ്ങളിലൂടെ കടന്നുപോകുന്നു. അത് എന്തിനാണ് കൂടുതൽ വിവരിക്കുന്നത്. ? എനിക്ക് വിവരിക്കാനാവാത്ത ചില അനുരണനങ്ങൾ മനസിലുണ്ടായിരുന്നു.അത് എന്താണെന്ന് കണ്ടുപിടിക്കാനാണ് ഞാൻ എഴുതുന്നത് .അപാരമായ ഒരു കാഴ്ചയിലേക്ക് സഞ്ചരിക്കുകയാണ്.അത് എനിക്ക് കച്ചവടഭാഷയിൽ എഴുതാൻ കഴിയില്ല .
'ആത്മായനങ്ങളുടെ ഖസാക്ക് ' വർഷങ്ങൾക്ക് ശേഷം വായിച്ചപ്പോൾ ചില നിറക്കൂട്ടുകളാണ് മനസ്സിലേക്ക് വന്നത്. അത് മനസിൻ്റെ ഛായാചിത്രം പോലെ തോന്നി. ഈ പുസ്തകത്തെപ്പറ്റി ഗവേഷണം നടത്താൻ വരുന്ന കുട്ടികളെ യുക്തിവാദികളായ ,കാര്യകാരണ വാദികളായ ,പ്രായോഗികവാദികളായ ചില അദ്ധ്യാപകർ നിരുൽസാഹപ്പെടുത്തുകയാണ്. അവർ ചതുരവടിവ് ,ഉപരിപ്ളവ ,സോദ്ദേശ്യ ഫ്രെയിമുകൾ ഏറ്റെടുത്ത് പ്രചാരണം നടത്തുന്നവരാണ്.
ഫ്രഞ്ച് ഇംപ്രെഷണസ്റ്റ് പെയിൻററായ ഹെൻറി മാറ്റിസിൻ്റെ ചിത്രങ്ങൾ എങ്ങനെയാണ് മനസിലാക്കുന്നത്.? മനസിലാകലിന് അതേപോലെ ഒരു മുൻ അനുഭവം വേണം. അത് ഇല്ലല്ലോ. ആ ചിത്രം മാത്രമാണ് മുന്നിലുള്ളത്. അത് വിനിമയം ചെയ്യുന്നത് വ്യവസ്ഥാപിതമായ ചട്ടപ്ര കാരമല്ല. ആ ചിത്രങ്ങൾ അതിൻ്റെ തന്നെ ഉള്ളടക്കം സൃഷ്ടിക്കുകയാണ്. ഇത്തരം ആവിർഭാവങ്ങൾ വാക്കുകളിലൂടെയും പകരേണ്ടി വരും. അത് കലയുടെ ഉന്മത്തമായ നിമിഷമാണ്.
വീണ്ടും 'ആത്മായനങ്ങളുടെ ഖസാക്കി'ൽ നിന്ന് :
" പ്രാണയാനങ്ങൾ അജ്ഞാതമായ ശ്വസനങ്ങളിലൂടെ ,ലോകത്തിൻ്റെ ഇടുക്കുകളിലൂടെ മിന്നി മിന്നി പോകുകയാണ്. അവയുടെ യാത്രകളിലത്രയും ഉൾഭീതിയും ജലകണങ്ങളും ഭൗതിക സ്പർശങ്ങളും കത്തി നില്ക്കുന്നു"
.( ഇരുണ്ടപ്രവാസം, പേജ് 63)
എന്താണ് എനിക്ക് ഇതിൽ വിശദീകരിക്കാനുളളത് ? അത് മനസിൽ നിന്നാണ് വന്നിട്ടുള്ളത്. ഒരു തരത്തിലുള്ള മുന്നൊരുക്കങ്ങളുമില്ലാത്ത ഭാഷയാണിത്. ഇതിൽ വ്യാഖ്യാനിക്കാവുന്ന എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത് എഴുതേണ്ട കാര്യം തന്നെയില്ല. വ്യാഖ്യാനമായിരിക്കും ശേഷിക്കുക. വ്യാഖ്യാനവും വിശകലനവും രണ്ട് ശക്തമായ വ്യവസ്ഥാപിത സംവിധാനങ്ങളാണ്. അതിനു കൊട്ടാരത്തിലുള്ളതുപോലെ പാറാവുകാരും നോക്കി നടത്തിപ്പുകാരുമുണ്ട്. എൻ്റെ പുസ്തകത്തിന് ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമില്ല .
ഒരു സാഹിത്യകൃതിയെ വ്യാഖ്യാനിക്കരുതെന്ന് നമുക്ക് പറയാനാവില്ല. അത് ഒരാളുടെ ആവശ്യമാണ്. എന്നാൽ ആർക്കു വേണ്ടി വ്യാഖ്യാനിക്കണം എന്ന് അറിഞ്ഞിരിക്കണം. വ്യാഖ്യാനിക്കുമ്പോൾ ,അതിൻ്റെ സ്വഭാവമനുസരിച്ച് കലാംശം ചോർന്നു പോയേക്കാം.കാരണം ശുദ്ധവും കലാത്മകവുമായ ഒന്നിനെയാണ് നാം വ്യാഖ്യാനിക്കുന്നത്.
മറ്റൊരു ഭാഗം:
"ജൈവസ്മൃതിയുടെ ആരവം കേൾക്കുകയാണ്. കാലം സരളമായ പാഠം പഠിക്കുകയാണ്. കാലത്തിൻ്റെ കാലിലെ വ്രണം നൊന്തോ" ?(മഹത്തായ അന്തർധാരകൾ ,പേജ് 51)
ഈ ആരവം ഒരു കൃതിയിൽ നിന്നു മാത്രമുള്ളതല്ല .സകല ജൈവലോകത്തിൻ്റെയും ചരിത്രത്തിൽ നിന്ന് ,അജ്ഞാതത്വത്തിൽ നിന്ന് അത് ശ്രവിക്കേണ്ടതാണ്. മനസിൻ്റെ അധോതലത്തിനുള്ളിലേക്ക് ഖനനം ചെയ്താൽ അത് ലഭിച്ചേക്കും.എന്നാൽ വളരെ അപൂർവ്വം അവസരങ്ങളിൽ അത് സ്വാഭാവികമായി മനസിൻ്റെ സമതലങ്ങളിലേക്ക് ഉയർന്നു വരുന്നു. ജ്ഞാനത്തിൻ്റെ സാരസ്വതം പോലെ അത് പവിത്രമായിത്തീരുന്നു.
ഒരിടത്ത് ഇങ്ങനെ വായിക്കാം:
" പ്രാണയാത്രകളുടെ ശിഥില സ്മരണകളിലൂടെ എന്നോ വാർന്നു പോയ കിനാവിൻ്റെ കാമുകി ,ക്ഷണനേരത്തേക്ക് തിരിച്ചെത്തുകയാണ്.പെൺകൂട്ടിൻ്
(പ്രാണയാനങ്ങളുടെ സുരതസംഗീതം, പേജ് ,55).
ഈ ബാല്യകൗമാര സ്മൃതികൾ 'ഖസാക്കിൻ്റെ ഇതിഹാസ 'ത്തിലുള്ളതല്ല. അത് എൻ്റേതാണ്. എൻ്റെ ആത്മവനാന്തരത്തിലെ ജീവിതമാണത്. നോവലിൻ്റെ പാരായണത്തെ വ്യക്തിപരമായ കണ്ടെത്തലായി പുനരാവിഷ്കരിക്കാൻ ഞാൻ എൻ്റെ നഷ്ടസ്മൃതികളിലേക്ക് തന്നെ തിരിച്ചു പോയി. വായനയും അതിനെക്കുറിച്ചുള്ള ചിന്തയും ഒരു വ്യക്തിയെ എത്രമാത്രം അഗാധമായി അയാളിലേക്ക് തന്നെ തിരിച്ചെത്തിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നുണ്ട് .
'ആത്മായനങ്ങളുടെ ഖസാക്ക് ' എന്നിലേക്കു തന്നെ തിരിച്ചുവിട്ട യാത്രയാണ്.അത് ഒരു വിമർശകൻ എന്ന നിലയിൽ എന്നെത്തന്നെ നിർവ്വചിക്കുകയാണ്. എൻ്റെ ആത്മബോധത്തിൻ്റെ സൗന്ദര്യാത്മക സമസ്യകൾ അതിൽ ചിതറിക്കിടക്കുകയാണ്.
*എൻ്റെ 'ആത്മായനങ്ങളുടെ ഖസാക്ക് ' (1984) എന്ന കൃതിയുടെ മുപ്പത്തിയാറാം വർഷമാണിത്. അതിൻ്റെ പശ്ചാത്തലത്തിൽ ഈ കൃതി എങ്ങനെ പിറന്നു ,അതിൻ്റെ സൗന്ദര്യ മൂല്യങ്ങൾ എന്തെല്ലാം തുടങ്ങിയ വിഷയങ്ങൾ ആരായുന്ന ഒരു പുതിയ പുസ്തകം വരുന്നു: 'ആത്മായനങ്ങളുടെ ഖസാക്കിൻ്റെ ജനിതകം' .അതിൻ്റെ ഭാഗമാണ് മുകളിൽ കൊടുത്ത ലേഖനം .
എം.കെ.ഹരികുമാർ
BACK TO HOME