8 Jul 2011

കാഴ്ചയുടെ ചാരുതകൾക്കപ്പുറം

  


ജോസ് പനച്ചിപ്പുറം
ജോസ് പനച്ചിപ്പുറം

സഞ്ചാരിഭാവം ക്ഷണികമാണെങ്കിൽ എ.ക്യു.മഹ്ദിയിലുള്ളത്‌ സഞ്ചാരിഭാവമല്ല, സഞ്ചാരഭാവമാണെന്നു പറയണം. അതിന്റെ തുടക്കം സംഗീതത്തിൽ നിന്നാണെന്നു ഞാനോർക്കുന്നു.
 കൊല്ലം ചിന്നക്കടയിലെ ഹൗസ്‌ ഓഫ്‌ മ്യൂസിക്കിൽ ജീവിതരാഗങ്ങൾക്കു ശ്രുതിയിട്ട മഹ്ദിയുടെ മനസ്സ്‌ പുതിയ താളങ്ങളിലേക്കും പുതിയ ആകാശങ്ങളിലേക്കും പറന്നുയരാൻ കൊതിച്ചു.
 അതിൽ നിന്നാണ്‌ മഹ്ദിയിലെ സഞ്ചാരിയുടെ തുടക്കം എന്നു ഞാൻ വിചാരിക്കുന്നു. ജീവിതയാത്ര എന്ന ഭാഷാ സംയോജനത്തിനു യാത്രാപരമ്പരകൾകൊണ്ട്‌ അടിവരയിടുകയാണ്‌ അദ്ദേഹമിപ്പോൾ.


 നിരന്തരമായ യാത്രകൾ, പുതിയ ലോകങ്ങളിലേക്ക്‌, അവനൽകുന്ന നവംനവങ്ങളായ കാഴ്ചകളിലേക്ക്‌, ആ കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന സംസ്കാരങ്ങളിലേക്ക്‌. ഓരോ യാത്ര കഴിയുമ്പോഴും മനസ്സ്‌, ജീവിതം, പുതിയ അനുഭൂതികളിൽ കുളിച്ചുകയറുന്നു.
 സാധാരണക്കാർക്ക്‌ ഈ അനുഭവം തികച്ചും സ്വകീയവും അൽപായുസ്സുമായി അസ്തമിച്ചുപോകുന്നു. ഓരോ യാത്രയും അതലസ്പർശിയായ ഒരനുഭവമായി ഏറ്റുവാങ്ങുന്നവൻ കലാകാരനാണ്‌. എല്ലാ നല്ല കലാകാരന്മാരും ആശയവിനിമയത്തിന്റെ ദിവ്യമായ അഗ്നികൊണ്ടു നടക്കുന്നവരാണ്‌. മഹ്ദിയിലെ കലാകാരൻ സഞ്ചാരാനുഭവങ്ങൾ നമുക്കു കൈമാറി നിർവഹിക്കുന്നത്‌ ഈ അഗ്നിദൗത്യംതന്നെ.



 ഈജിപ്റ്റ്‌, ശ്രീലങ്ക, നേപ്പാൾ യാത്രകളിലെ ചാരുതകളാണ്‌ മഹ്ദിയുടെ ഈ പുസ്തകം വായനക്കാരുമായി പങ്കുവയ്ക്കുന്നത്‌.
 ചരിത്രത്തെക്കാൾ ഉയരത്തിൽ സത്യമായി നിൽക്കുന്ന പിരിമിഡുകളുടെ ഭൂമിയായ ഈജിപ്റ്റിൽ തുടങ്ങുന്നു ഈ യാത്രാനുഭവത്രയം. 
 മഹ്ദിയുടെ യാത്രാവിവരണത്തിന്‌ ചരിത്രത്തിന്റെ പാറകൾ എന്നും അടിത്തറയായിട്ടുണ്ട്‌. കാഴ്ചകളങ്ങനെ കണ്ടും പറഞ്ഞും പോകുന്നതല്ല അദ്ദേഹത്തിന്റെ രീതി. നന്നായി ഗൃഹപാഠം ചെയ്തിട്ടാണ്‌ അദ്ദേഹം സഞ്ചാരത്തിനു പുറപ്പെടുക. ആ ഗൃഹപാഠങ്ങളുടെ ബലം എഴുത്തിലുമുണ്ട്‌.
 മഹ്ദി പിരിമിഡുകൾ അവതരിപ്പിക്കുന്നത്‌ ഈ രീതിക്കു ണല്ലോരു ഉദാഹരണമാണ്‌. പിരിമിഡുകളുടെ രൂപകൽപന, നിർമ്മാണശാസ്ത്രം എന്നിവയിൽ തുടങ്ങി ഈജിപ്റ്റോളജിയിലെത്തുന്ന വിവരണങ്ങൾ വായനയ്ക്ക്‌ അസാധാരണമായൊരു അന്വേഷണബലം നൽകുന്നു.
 'മം' എന്ന പേർഷ്യൻ ധാതുവിൽനിന്നാണ്‌ 'മമ്മി' എന്ന പദമുണ്ടായത്‌ എന്നതുതന്നെ എനിക്കൊരു പുതിയ അറിവായിരുന്നു.


 സഞ്ചാരങ്ങൾക്കു മുമ്പ്‌ എഴുത്തു വഴിപ്പെട്ടുകിട്ടിയ മഹ്ദിയുടെ യാത്രാവിവരണത്തിന്‌ ആകർഷകമായ കഥാകഥന സ്വഭാവമാണുള്ളത്‌. 
 ലക്സറിൽ നിന്ന്‌ അസ്വാനിലേക്ക്‌ നെയിൽ നദിയിലൂടെയുള്ള കപ്പൽ യാത്രക്കിടയിൽ കണ്ടുമുട്ടിയ വസ്ത്രവിൽപ്പനക്കാരായ കുട്ടികളെ അദ്ദേഹം അവതരിപ്പിക്കുമ്പോൾ അതിലുള്ളത്‌ കഥയുടെ സൗന്ദര്യംതന്നെയാണ്‌. കപ്പലിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക്‌ വള്ളത്തിൽനിന്നു വസ്ത്രങ്ങൾ എറിഞ്ഞുകൊടുത്താണ്‌ കച്ചവടം. പണം വള്ളത്തിലേക്ക്‌ തിരിച്ച്‌ എറിഞ്ഞുകൊടുക്കുന്നു.


ഇനി മഹ്ദിയുടെ വാക്കുകൾ:
"ഞങ്ങൾക്കു വസ്ത്രങ്ങൾ തന്ന വള്ളത്തിലെ കൗമാരപ്രായം കഴിഞ്ഞ ആ അറബിക്കുട്ടി, വേണ്ടെന്നു ഞാൻ വിലക്കിയിട്ടും വീണ്ടും തുണികൾ എറിഞ്ഞുതരാൻ മുതിർന്നു. ഞാൻ തടയുന്നതിനിടെ, വെള്ളയിൽ പച്ചയും നീലയും ക്രോസ്‌ വരകളുള്ള മനോഹരമായ ഒരു ഡബിൾസൈഡ്‌ ബെഡ്ഷീറ്റ്‌ ഞങ്ങൾക്കു മുമ്പിൽ വന്നു വീണു.
 പെട്ടെന്നാണ്‌ കപ്പൽ നീങ്ങിത്തുടങ്ങിയത്‌. ഇതിനകം ലോക്കിന്റെ പിൻഷട്ടർ ഞങ്ങളുടെ കപ്പൽ പ്രവേശിക്കാനായി തുറന്നുകഴിഞ്ഞിരുന്നു. കപ്പൽ ലോക്കിനുള്ളിലേക്കു പ്രവേശിച്ചു തുടങ്ങി. അപ്രതീക്ഷിതമായ ഈ നീക്കം മൂലം ബെഡ്ഷീറ്റ്‌ തിരികെ എറിഞ്ഞുകൊടുക്കാൻ എനിക്കായില്ല. തങ്ങളുടെ കൊതുമ്പുവള്ളം തുഴഞ്ഞുകൊണ്ട്‌ ഞങ്ങൾക്കു പിന്നാലെ പാഞ്ഞുവരാൻ കിണഞ്ഞുശ്രമിച്ചുവേങ്കിലും  കപ്പലിന്റെ വേഗംകാരണം അവർക്കു ഞങ്ങളെ സമീപിക്കാൻ കഴിയില്ല. ഇപ്പോൾ ഞങ്ങളുടെ കപ്പലുമായുള്ള വള്ളത്തിന്റെ അകലം വല്ലാതെ വർദ്ധിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ഞങ്ങളാ തുണിക്കെട്ട്‌ എറിഞ്ഞു കൊടുത്താലും കിട്ടാത്തവിധം ഏറെ പിന്നിലായിപ്പോയിരിക്കുന്നു അവരപ്പോൾ.
 എനിക്കും ഭാര്യയ്ക്കും വല്ലാത്ത വിഷമം തോന്നി. സഹയാത്രികരും ഖേദം പ്രകടിപ്പിച്ചു. അപ്പോഴും ആ കൗമാരപ്രായക്കാർ ഞങ്ങളെ സമീപിക്കാനായി ആഞ്ഞു തുഴഞ്ഞുകൊണ്ടിരുന്നു. പക്ഷേ അവർക്കു  ഞങ്ങളുടെയടുത്തെത്താൻ കഴിഞ്ഞില്ല. ഒടുവിൽ ആ ചെറുപ്പക്കാരൻ അറബിക്കുട്ടി ഉറക്കെ എന്തോ വിളിച്ചുപറഞ്ഞ്‌ കൈകൾ വീശിക്കാട്ടി. എന്താണവൻ പറഞ്ഞതെന്നത്‌, അറബിയിലായിരുന്നതിനാൽ മനസ്സിലായുമില്ല. 
 ഇതിനകം ലോക്കിനുള്ളിൽ പ്രവേശിച്ച കപ്പലിനു പിന്നിലെ കൂറ്റൻ ഉരുക്കു ഷട്ടർ അടഞ്ഞു കഴിഞ്ഞിരുന്നു. 
 ഇനിയിപ്പോൾ ഞങ്ങൾക്കാ അറബിക്കുട്ടികളെ കാണാനാവില്ല. ഞങ്ങൾക്കും അവർക്കുമിടയിൽ വലിയൊരു ഇരുമ്പുമറയുണ്ടായിരിക്കുന്നു. ഇനി എന്താണു ചെയ്യുക...?


 ഇതൊക്കെ ശ്രദ്ധിച്ചുകൊണ്ട്‌ നിർവികാരഭാവത്തിൽ നിൽക്കുകയായിരുന്നു ബോബ്‌ (ഗൈഡ്‌). അയാളാണ്‌ വള്ളക്കാരൻ കൈവീശിപ്പറഞ്ഞ അറബി വാക്കുകൾ പരിഭാഷപ്പെടുത്തിത്തന്നത്‌. ആ അറബിക്കുട്ടി പറഞ്ഞത്‌ ഇതായിരുന്നുവത്രെ.
 സാരമില്ല സർ... ഇത്‌, ഈജിപ്റ്റിന്റെ വക ഒരു സമ്മാനമായി നിങ്ങൾക്ക്‌ ഇരിക്കട്ടെ."
 കുറഞ്ഞ വാക്കുകൾകൊണ്ട്‌ ആഴത്തിൽ ചിത്രണം ചെയ്യപ്പെട്ട ആ കൊതുമ്പുവള്ളം അകന്നകന്നു പോകുന്നത്‌ ഇപ്പോഴും എന്റെ മനസ്സിലുണ്ട്‌. 

 
 ഇത്തരം കഥാപാത്രങ്ങളുടെ സാന്നിധ്യം മഹ്ദിയുടെ യാത്രാവിവരണത്തിനു നൽകുന്ന ദൃശ്യബലം ചെറുതല്ല.
 ശ്രീലങ്ക യാത്രയ്ക്കിടയിൽ സൗജന്യ കാർയാത്ര സമ്മാനിച്ച രാഹുൽ എന്ന ചെറുപ്പക്കാരനും ഇതുപോലൊരു കഥാപാത്രമാണ്‌. തന്നെയുമല്ല, ആ കഥാപാത്രത്തിൽ നിന്ന്‌ കൗതുകകരമായ ഒരു കേരളദൃശ്യത്തിലേക്ക്‌ അദ്ദേഹം വരമൊഴിക്യാമറ തിരിച്ചുവയ്ക്കുകയും ചെയ്യുന്നു.


 "കൊല്ലത്തുനിന്നു കോട്ടയത്തേക്കു പോവുകയായിരുന്നു. ഒറ്റയ്ക്കാണ്‌. ഞാൻ തന്നെ ഡ്രൈവ്‌ ചെയ്യുന്നു. സമയം രാവിലെ ഒമ്പതുമണി. കൊട്ടാരക്കര വഴിയാണു യാത്ര. എം.സി.റോഡിൽ എത്തുംവരെ ലിഫ്റ്റ്‌ നൽകാൻ പറ്റിയ ആരെയും വഴിയിൽ കാണാത്തതിനാൽ നല്ല വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.



 കൊട്ടാരക്കരനിന്ന്‌ കോട്ടയം റൂട്ടിലേക്കു തിരിഞ്ഞു. അധികദൂരം പിന്നിട്ടില്ല, വഴിയിൽ ചെറിയൊരു ബസ്സ്റ്റോപ്പിനു മുമ്പിൽ ഒരു മദ്ധ്യ വയസ്കൻ കയ്യിലൊരു ബാഗുമായി നിൽക്കുന്നു. ഞാൻ കാർ നിർത്തി.



 ഇത്തരം സന്ദർഭങ്ങളിൽ, ഫ്രണ്ട്ഡോർ അകത്തുനിന്നു മെല്ലെ പുറത്തേക്കു തുറന്നുപിടിച്ച്‌ 'വരുന്നെങ്കിൽ കയറിക്കൊള്ളു' എന്ന രണ്ടു വാക്കു മാത്രമേ ഞാൻ പറയാറുള്ളൂ. ഇതുവരെ ഒരു വഴിയാത്രക്കാരനും മടിച്ചില്ല. കയറിക്കഴിഞ്ഞ്‌ കാറിന്റെ മുൻസീറ്റിലിരുന്ന്‌, ഡ്രൈവ്‌ ചെയ്യുന്ന അജ്ഞാതനും ദയാലുവുമായ എന്നെ വിസ്മയത്തോടെ പകച്ചുനോക്കുന്നത്‌ ഇടക്കണ്ണുകൊണ്ട്‌ രസകരമായി ഞാൻ ശ്രദ്ധിക്കാറുണ്ട്‌. അതൊക്കെക്കഴിഞ്ഞിട്ടാവും പരസ്പരമുള്ള സംഭാഷണം. ഒത്തിരിപ്പോർക്കു ഞാനിങ്ങനെ ലിഫ്റ്റ്‌ നൽകിയിട്ടുണ്ട്‌. ഡോക്ടർമാർ, എൻജിനിയേഴ്സ്‌, അധ്യാപകർ, വിദ്യാർത്ഥികൾ, കർഷകർ ഒക്കെ എന്റെ കാറിൽ വ്യത്യസ്ത സമയങ്ങളിൽ സൗജന്യസവാരി നടത്തിയിട്ടുണ്ട്‌. രണ്ടു കൂട്ടർ ഒഴികെ മനഃപൂർവ്വമല്ല, അങ്ങനെയാണ്‌ ഇന്നോളം സംഭവിച്ചിട്ടുള്ളത്‌, രാഷ്ട്രീയക്കാരും പോലീസുകാരും. 
 കോട്ടയം റൂട്ടിലേക്കു വണ്ടി ഓടിത്തുടങ്ങി. എനിക്കൊരു കൂട്ടിനും ബോറടി ഒഴിവാക്കാനും അൽപം പ്രാദേശിക നാട്ടുവർത്തമാനം കേൾക്കാനും ഒപ്പം എന്റെ ഇരയ്ക്ക്‌ ഒരു സൗജന്യസവാരിക്ക്‌ അവസരം ഒരുക്കാനുമാണല്ലോ വഴിയിൽ വണ്ടിനിർത്തി ഞാനീ സാഹസം ചെയ്യാറ്‌. 

 
 ഇവിടെ എനിക്കു തെറ്റുപറ്റി. സംഭാഷണത്തിന്‌ അത്യധികമായ ലുബ്ധ്‌ കാട്ടുന്ന ഒരു ഇരയാണെനിക്കു കിട്ടിയിരിക്കുന്നതെന്നു ബോധ്യമാകാൻ ഏറെ സമയം വേണ്ടിവന്നില്ല. എന്റെ മോഹഭംഗം ചെറുതൊന്നുമായിരുന്നില്ല. 
 കഷ്ടിച്ച്‌ അയാളിൽ നിന്ന്‌ ഞാനിത്രയും മനസ്സിലാക്കി. ആളൊരു പ്രൈമറി സ്കൂൾ അധ്യാപകനാണ്‌. പേര്‌ ഗീവർഗീസ്‌, വീട്‌ കൊട്ടാരക്കര. അടൂർ ഉള്ള ഒരു സ്കൂളിലാണ്‌ പഠിപ്പിക്കുന്നത്‌. എന്നും ബസ്സിൽ പോയിവരുന്നു.
 തീർത്തു വിവരണം. ഇനിയൊന്നും അയാൾക്കു പറയാനില്ല. പറയാൻ വായ്‌ തുറക്കാൻ താത്പര്യവുമില്ല.
 പേരിനു തൊട്ടുമുമ്പിലെ 'ഗീ' ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. വെജിറ്റേറിയൻ റസ്റ്ററന്റുകളിൽ ദോശ എന്ന പദത്തിനു മുമ്പിൽ (ഗീ-നെയ്യ്‌) ചേർക്കുന്നതുപോലെ ഒരു വിശേഷണപദമാണോ വർഗീസ്‌ സാറിന്റെ പേരിന്റെ തുടക്കത്തിലെ ഈ 'ഗീ' എന്നു രസകരമായി മനസ്സിൽ ചിന്തിച്ചുകൊണ്ട്‌, ഞാനും മൗനവ്രതം ആചരിച്ച്‌ ഡ്രൈവിംഗിൽ മാത്രം ശ്രദ്ധ ചെലുത്തി വണ്ടി ഓടിച്ചുകൊണ്ടിരുന്നു.



 സ്വതവേ വാചാലനായ എനിക്ക്‌, കാറിനുള്ളിൽ ഗീവർഗീസ്‌ സൃഷ്ടിച്ച നിശബ്ദത അസ്സഹനീയമായി തോന്നി. ഉള്ളിലെ ദേഷ്യം കൂടി കൊണ്ടാവാം നല്ല സ്പീഡിൽ വന്ന ഞാൻ റോഡിലെ ഒരു ചെറിയ ഗട്ടർ കണ്ടപ്പോൾ ബ്രേക്ക്‌ അമർത്തിച്ചവിട്ടിയത്‌. കരഞ്ഞുകൊണ്ട്‌ ടയർ ഉരഞ്ഞ്‌ വണ്ടി അൽപം നിന്നിട്ട്‌ വീണ്ടും മുന്നോട്ടു നീങ്ങി. പെട്ടെന്നുള്ള ബ്രേക്കിന്റെ ആഘാതത്താൽ മുന്നോട്ടു കുനിഞ്ഞിരുന്ന ഗീവർഗീസ്‌ സാറിന്റെ നെറ്റി കാറിന്റെ ഡാഷ്‌ ബോർഡിൽ ഭംഗിയൊന്നു മുട്ടുകയും ചെയ്തു. എന്നിട്ടും ആ സ്കൂളധ്യാപകൻ ഒരു ചെറിയ ഞരക്കം പുറപ്പെടുവിക്കുകയോ തട്ടിയ നെറ്റിത്തടം ഒന്നു തടവുകയോപോലും ചെയ്തില്ല. ബഹുജനം പലവിധം, ശാന്തസ്വഭാവത്തിന്‌ അവാർഡ്‌ നൽകാം ഈ മനുഷ്യന്‌, അതോ നിസംഗതയ്ക്കോ? 

 
 സഡൻ ബ്രേക്ക്‌ ചെയ്ത്‌ ആ നിഷ്കളങ്കനെറ്റി മുട്ടിച്ചപ്പോൾ അത്രയെങ്കിലും ചെയ്തുവല്ലോ എന്ന ക്രൂരമായ സാഡിസ്റ്റ്‌ ആശ്വാസമാണ്‌ മനസ്സിനു കുളിർമ നൽകിയത്‌. വെറുതെയല്ല എന്റെ പാവം ഭാര്യ ഉപദേശിക്കാറുള്ളത്‌, ഒരു പരിചയവും ഇല്ലാത്തവരെ കാറിൽ കയറ്റരുതെന്ന്‌. എന്നാൽ അവളുണ്ടോ അറിയുന്നു. നിഷ്ക്രിയത്വത്തിന്റെ മൂർത്തീഭാവവും ശാന്തഗംഭീരനുമായ ഒരു സ്കൂളധ്യാപകനോട്‌, അയാളുടെ നിസ്സംഗഭാവത്തെച്ചൊല്ലി മാത്രമാണ്‌ തന്റെ ഭർത്താവിനു പരാതിയെന്ന്‌. 


 
 ഗീവർഗ്ഗീസ്‌ കണ്ണും ചിമ്മി മൗനിയായി ഇരിക്കുകയാണ്‌. കാർ അടൂരിനടുത്തെത്താറായി. ഒരു വളവ്‌ തിരിയവേ വർഗീസ്‌ സാറിൽനിന്ന്‌ ഒരു നേർത്ത മൊഴി കേട്ടു. തീരെ ശബ്ദം താഴ്ത്തി അദ്ദേഹം പറഞ്ഞു. 
'എനിക്ക്‌ ദാ അവിടെയാണിറങ്ങേണ്ടത്‌...'
 റോഡിന്റെ ഇടതുവശത്ത്‌ അൽപം ദൂരെ ഒരു സ്കൂൾ കെട്ടിടം ദൃഷ്ടിയിൽ പെട്ടു. ഈ വിദ്യാലയത്തിലെ അധ്യാപകനായിരിക്കണം ഇദ്ദേഹം. സ്കൂളിനടുത്ത്‌ ഞാൻ കാറ്‌ നിർത്തി. സാവധാനം വളരെമെല്ലെ, ഗീവർഗീസ്‌ പുണ്യാളൻ പുറത്തിറങ്ങി.
 ഇനിയാണ്‌ രസകരമായ ഒരു സംഭവം അരങ്ങേറുന്നത്‌. 
 കാറിന്റെ ഡോറടയും മുമ്പുതന്നെ, പോക്കറ്റിൽനിന്നു നേരത്തെ തന്നെ എടുത്തു കരുതി വച്ചിരുന്നതാവണം. ഒരു 20രൂപാ നോട്ട്‌ അദ്ദേഹം എനിക്കു നേരെ നീട്ടി.



 "ഇതാ, ഫാസ്റ്റ്‌ പാസഞ്ചറിൽ വന്നാൽ 16 രൂപയാണ്‌ ചാർജ്ജ്‌, ഏതായാലും ഒരു കാറല്ലേ 20 രൂപ ഇരിക്കട്ടെ..."
 തെല്ലൊരു ഇളിഭ്യഭാവത്തിലായി ഞാൻ. രൂപയൊന്നും വേണ്ട എന്നു പറയും മുമ്പുതന്നെ അദ്ദേഹം ആ കറൻസിനോട്ട്‌ താൻ ഇരുന്നു സഞ്ചരിച്ച മുൻസീറ്റിൽതന്നെ ഇട്ടിട്ട്‌ നടന്നു കഴിഞ്ഞിരുന്നു. ഒരു നന്ദി വാക്കുപോലും ആ മനുഷ്യൻ ഉരിയാടിയില്ല. എന്തിനു നന്ദി, യാത്രക്കൂലി ഇട്ടു തന്നിട്ടല്ലേ മൂപ്പർ പോയിരിക്കുന്നത്‌, പിന്നെ കടപ്പാടിന്റെ പ്രശ്നമെന്ത്‌?
 നർമത്തിൽ ചാലിച്ച ഇത്തരം നിരീക്ഷണങ്ങൾ പുസ്തകത്തെ സഞ്ചാര സാഹിത്യത്തിന്റെ സാധാരണത്വത്തിൽനിന്ന്‌ ഏറെ ഉയർത്തി നിർത്തുന്നു. യാത്രാവർണ്ണനകൾക്കിടയിൽ സ്ഥലങ്ങളുടെ സവിശേഷതകളെ കേരളവുമായി താരതമ്യപ്പെടുത്തുന്നരീതി മഹ്ദിയുടെ രചനയുടെ സാമൂഹികശാസ്ത്രപരമായ പ്രത്യേകയാണെന്നു പറയാം.
 മാലിന്യമില്ലാത്ത നെയിൽ നദിയുമായി താരതമ്യം ചെയ്താൽ നമ്മുടെ മലിനനദികളുടെ സ്ഥിതി, കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ദയനീയാവസ്ഥ, കൊച്ചിയിലെ ഗതാഗതക്കുരുക്ക്‌ ഇവയൊക്കെ ഗ്രന്ഥകാരന്റെ വിമർശനനോട്ടത്തിനു വിധേയമാകുന്നു.



 ഈജിപ്റ്റിലെ മമ്മികളെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണം കണ്ടെത്തിയതു നോക്കൂ:
 "മൂവായിരം കൊല്ലം മുമ്പും പുരോഹിതരിൽ വഞ്ചകരും മായം ചേർക്കുന്നവരും ഉണ്ടായിരുന്നുവേന്നു തെളിഞ്ഞിട്ടുണ്ട്‌. എ.ക്ലാസ്സ്‌ മമ്മീകരണ വേലയുടെ പ്രതിഫലം വാങ്ങി, അവർ ശവത്തിന്റെ ഉദരത്തിൽ ചപ്പുചവറുകൾ നിറച്ചുകൊടുത്തിരുന്നു. ഒന്നാംകിടയിലുള്ളതെന്നു രേഖപ്പെടുത്തപ്പെട്ട ചില മമ്മികളെ ഇംഗ്ലണ്ടിൽ വച്ച്‌ എക്സ്‌റേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ കന്മദത്തിനു പകരം ഉള്ളിൽ കണ്ടത്‌ രോമങ്ങളും കപ്പച്ചണ്ടിയും വിറകുകൊള്ളിയും മറ്റുമായിരുന്നു."



 നർമ്മത്തിന്റെയും സാമൂഹിക വിമർശനത്തിന്റെയും അടിയൊഴുക്കുണ്ടായിരിക്കുമ്പോഴും മഹ്ദി ദുഃഖിതരുടെയും വേദനിക്കുന്നവരുടെയും കൂടെയാണെന്നാണ്‌ ഈ പുസ്തകത്തിലെ വരികൾക്കിടയിൽ നിന്നു ഞാൻ വായിച്ചെടുത്തത്‌.
 ശ്രീലങ്കയിലെ ആനകളുടെ അനാഥാലയത്തെക്കുറിച്ചെഴുതുമ്പോൾ, മഹ്ദി കരുണാർദ്രനാകുന്നുതു നോക്കൂ:
 " ഇവിടെ ഈ സംഘത്തിൽ, ഞാൻ രണ്ടു ദുരന്തകഥാപാത്രങ്ങളെ കണ്ടു. എൽ.ടി.ടി.ഇക്കാർ കാട്ടിൽ ഒളിച്ചുവച്ച കുഴിബോംബു പൊട്ടി ഒരു മുൻകാൽ മുറിഞ്ഞുപോയ സാമ എന്ന ഒരു പത്തു വയസ്സുകാരൻ മുടന്തി ഏന്തിവലിഞ്ഞ്‌ മറ്റ്‌ ആനകളോടൊപ്പം നടന്നു നീങ്ങാൻ ബദ്ധശ്രമം നടത്തുന്നു. മറ്റൊരു കാഴ്ച, ഒരു അന്ധനായ കരിവീരന്റേതാണ്‌. തലയെടുപ്പുള്ള ഒരു വലിയ ആന. അവനു പ്രായം 75. ആനക്കൊമ്പു വേട്ടക്കാർ എയർ പിസ്റ്റൽകൊണ്ടു വെടിവെച്ച്‌ അതിന്റെ രണ്ടു കണ്ണുകളും തകർത്തുകളഞ്ഞു. അതിനെ കൊന്ന്‌, കൊമ്പുകൾ ഊരിയെടുക്കുക എന്നതായിരുന്നു ആ ദുഷ്ടന്മാരുടെ ലക്ഷ്യം. പക്ഷേ, വനപാലകർ തക്കസമയത്ത്‌ ഇടപെട്ടതിനാൽ രാജ എന്നു പേരുള്ള കരിവീരന്‌ കണ്ണുകൾ മാത്രമേ നഷ്ടമായുള്ളു.



 ഞാൻ ഉത്കണ്ഠാപൂർവ്വം ശ്രദ്ധിച്ചു. ആനകളുടെ പൊതുപ്രകടനജാഥയിൽ ഈ അന്ധന്‌ ഒപ്പം നടന്നെത്താനാവുന്നില്ല. ഒരു പ്രത്യേക സമയത്ത്‌, ജാഥയിൽ പങ്കെടുക്കാതെ, പരിശീലനം സിദ്ധിച്ച ചില പാപ്പാന്മാരുടെ ശബ്ദനിയന്ത്രണത്തിൽ ആ സാധുമൃഗം നടന്നു നീങ്ങുന്നതു കണ്ടപ്പോൾ ശരിക്കും എന്റെ കണ്ണുകൾ നനഞ്ഞുപോയി. പലപ്പോഴും നടക്കുന്നതിനിടെ അവന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. എന്റെ അടുത്തുകൂടി അതു കടന്നുപോയപ്പോൾ ഞാൻ സൂക്ഷിച്ചുനോക്കി. കണ്ണുകളുടെ സ്ഥാനത്ത്‌ കൃഷ്ണമണികളില്ല. ചലിക്കുന്ന രണ്ടു മാംസഗോളങ്ങൾമാത്രം. ഈ പ്രപഞ്ചത്തിലെ ഒരു വന്യസൗന്ദര്യവും ആ മൃഗത്തിനു കാണാൻ ഭാഗ്യമില്ല. തീർത്തും ദയനീയമായ ഒരനുഭവം.
 ബ്രിട്ടീഷുകാർ ശ്രീലങ്കയിൽ (പഴയ സിലോൺ) നിർമ്മിച്ച ആദ്യ നഗരമായ കാൻഡിയിലേക്കും, നമ്മുടെ മൂന്നാറിനെയും പീരുമേടിനെയുമൊക്കെ ഓർമ്മിപ്പിക്കുന്ന നുവാര എലിയയിലേക്കുമുള്ള മഹ്ദിയുടെ യാത്രകൾ 1987 ൽ ഇതേ സ്ഥലങ്ങൾ സന്ദർശിച്ചതിന്റെ ഓർമ്മകൾ എന്റെ മനസ്സിലേക്കു കൊണ്ടുവന്നു. അതൊന്നും എഴുതിവയ്ക്കാൻ എനിക്കു കഴിഞ്ഞില്ലെങ്കിലും.
 ഈ പുസ്തകത്തിൽ ഏറ്റവും കുറച്ചു ഭാഗം മാത്രം നീക്കിവയ്ക്കപ്പെട്ടിട്ടുള്ളത്‌ നമ്മുടെ തൊട്ട്‌ അയൽരാജ്യമായ നേപ്പാളിനുവേണ്ടിയാണ്‌. നേപ്പാളിന്റെ സഹസ്രാബ്ദങ്ങൾക്കു മുമ്പു തുടങ്ങുന്ന ചരിത്രത്തിലേക്കു മഹ്ദി എത്തിനോക്കുന്നുണ്ടെങ്കിലും അവിടുത്തെ സമകാലിക കാഴ്ചകളിലേക്ക്‌ ഏറെ കടന്നുപോകുന്നില്ല.
 അയൽപക്കമായതുകൊണ്ടാണോ?



 എവറസ്റ്റ്‌ ഓരോ വർഷവും അൽപാൽപം വളർന്നുകൊണ്ടിരിക്കുന്നു എന്നുപറയുന്നതുപോലെ, നേപ്പാൾ ചിന്തകൾ നമ്മുടെ മനസ്സിലിരുന്ന്‌ കുറേശ്ശെ വളർന്നുകൊള്ളട്ടെ എന്ന്‌ അദ്ദേഹം വിചാരിച്ചതുമാവാം.
 അങ്ങനെ വളരാനുള്ളതൊക്കെയാണ്‌ ഈ പുസ്തകത്തിൽ മഹ്ദി നട്ടുപിടിപ്പിച്ചിട്ടുള്ളത്‌. 
 മഹ്ദി സഞ്ചരിച്ച ദേശങ്ങളുടെ പട്ടിക വായിക്കുമ്പോൾ ഒരു കാര്യം വ്യക്തം.
 ഇനിയുമെത്രയോ യാത്രാനുഭവങ്ങൾ അദ്ദേഹം നമുക്കായി കരുതിവച്ചിരിക്കുന്നു!
നമുക്കു കാത്തിരിക്കാം. 
(ഇ.ക്യു. മഹ്ദിയുടെ 'യാത്രയിലെ ദൃശ്യചാരുതകൾ' എന്ന പുസ്തകത്തെപ്പറ്റി)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...