ഡോ.കെ.ജി.ബാലകൃഷ്ണൻ
എന്റെ ഉൾക്കനവുകളുടെനേർമിഴിവിലേയ്ക്ക്
ഇളംകാറ്റേ,
നീപോലും എത്തിനോക്കുന്നത്
എന്നെ വീർപ്പുമുട്ടിക്കുന്നു.
നീളമെന്ന നേർവരയുടെ
പൊരുളെഴായ്മ
തീരാക്കറക്കത്തിന്റെ ന്യൂനമർദ്ദത്തിലേയ്ക്ക്
എന്നെ വലിച്ചിഴയ്ക്കുന്നു
ഞാൻ,
ഈയറിവുകേടിൽ
അപ്പൂപ്പൻ താടി;
പാറിക്കളിക്കുന്ന
വെറുതെ
നീതുപ്പുന്ന നഞ്ചുമുഴുവൻ
പൊൻപതക്കമാക്കാൻ
വാതാവരണത്തിനും
പാരാവാരത്തിനും
തലയിലെഴുത്ത്
കൈലാസത്തിന്റെ കെറുവിൽ
അവന്റെ ആട്ടം
നാഴികമണിയുടെ
ടിക് ടിക്;
നേരം.
ഇപ്പോൾ നേരം നേര്.
നേരിനു നേരെ കണ്ണടയ്ക്കുന്നത്
നെറിവു കേട്.
ഇതാ വരുന്നു, സുനാമിത്തിര;
ഫുകുഷിമയുടെ പാഠം
പുതിയ പൂവിരിയുന്നതും കാത്ത്
പൂമ്പാറ്റയുടെ പാട്ട്
കുഞ്ഞോളമായി, ഇളംകാറ്റേ
നിന്നെയിക്കിളിയിടുന്നോ!
നീയെന്റെ വേവിൽ
തേൻപുരട്ടുന്നോ!
നാവിൽ ഒരുതുള്ളി
നീർപകരുന്നോ!
ഇപ്പോൾ നിന്റെ വരവ്
എനിക്ക് ഒരു കണം നറുകനിവ്.