ജോർജ്ജ് ജോസഫ്
പണത്തൂക്കത്തിനൊപ്പം പ്രതിവർത്തിക്കുന്ന ഒരു സമൂഹം-കാലത്തിന്റെ ഈ പരിണാമത്തെ എങ്ങനെ ഉൾക്കൊള്ളുമെന്ന കടുത്ത ആശങ്ക ഇന്നത്തെ ശരാശരി മനുഷ്യന്റെ മുഖത്തു കാണാം. പണാധിഷ്ഠിതമായ ഒരു സമൂഹത്തിന്റെ അടിസ്ഥാന മനഃശ്ശാസ്ത്രം ആർത്തിയാണ്. ഇന്ന് മലയാളി ആർത്തിക്ക് അടിമയാണ്. ധനത്തോടും ആഭരണത്തോടും ഭക്ഷണത്തോടും ലഹരി പദാർത്ഥങ്ങളോടും എന്തിനേറെ സെക്സിനോടുമുള്ള ദുര മുഴുത്ത ഈ സമൂഹം അതിന്റെ തകർച്ചയുടെ അന്തിമ ദശയിലാണ്. തകർച്ച പൂർണമാകുന്നതിന്റെ നാളും പക്കവും മാത്രമേ ഇനിക്കുറിക്കേണ്ടതുള്ളു.ബൈബിളിൽ സൊദോം-ഗോമോറ എന്നീ പട്ടണങ്ങളെ ആകാശത്ത് നിന്ന് തീയും ഗന്ധകവും വർഷിച്ച് ദൈവം നശിപ്പിക്കുന്ന കഥയുണ്ട്. ആ പ്രദേശമാണ് ഇന്നത്തെ ചാവുകടൽ .അക്കാലത്ത് ഈ പട്ടണളിലെ ജനങ്ങൾ ആർത്തിപൂണ്ടവരായിരുന്നു. സ്വസുഖത്തിനായി എന്തും ചെയ്യാൻ മടിക്കാത്തവർ. ഈ പട്ടണത്തിൽ പരമസാധുവായ, നല്ല മനുഷ്യനായ ലോത്തും വസിക്കുന്നുണ്ട്. പട്ടണങ്ങളെ നശിപ്പിക്കരുതെന്ന് ലോത്ത് യഹോവയോടപേക്ഷിക്കുന്നു. ലോത്തിനെയും ഭാര്യയെയുമല്ലാതെ മറ്റൊരു നല്ല മനുഷ്യനെ കാണിച്ചു തരാമോ എന്ന് ദൈവം പലകുറി ചോദിക്കുന്നു. ലോത്ത് പരാജിതനാവുന്നു. ഒടുവിൽ രക്ഷപ്പെടാൻ ദൈവം അവസരം നൽകിയ ലോത്തിനും ഭാര്യയ്ക്കും പിന്നിൽ സൊദോമും ഗോമോറയും കത്തിയമരുന്നു.
ഈ കഥയിലെ (സംഭവമാണോ എന്ന് വ്യക്തമല്ലാത്തതിനാൽ) അവസ്ഥയിലേക്ക് കേരളം മെല്ലെ പദമൂന്നുകയാണ്. പാവന കൃത്യമായി കണ്ടിരുന്ന വിദ്യാദാനം ഇന്ന് വമ്പൻ ബിസിനസ് രംഗം. ദേവവൃത്തിയായി കരുത്തിയ വൈദ്യം ഇന്ന് മാഫിയാ ബിസിനസ്. പണത്തിനുവേണ്ടി എന്തു തന്തയില്ലായ്മയും പറയാനും പ്രവർത്തിക്കാനും മടിയില്ലാത്ത വണിക്കുകൾ മുതൽ വൈദീകർ വരെ.
സർക്കാരിന് അവകാശപ്പെട്ട സീറ്റുകളിൽ ലിസ്റ്റ് നൽകാൻ ഏതാനും ആഴ്ച വൈകിയെന്നാൽ അതിനർത്ഥം ആ സീറ്റുകളിൽ തങ്ങൾക്ക് യഥേഷ്ടം ആളെവയ്ക്കാമെന്നാണോ? അങ്ങനെയെങ്കിൽ അയൽപക്കത്ത് ഗൾഫുകാരൻ വാങ്ങിച്ചിട്ട് പത്തുവർഷമായിട്ടും തിരിഞ്ഞുനോക്കാത്ത ഭൂമി എന്റേതെന്ന് അവകാശപ്പെടാമല്ലോ? ലിസ്റ്റ് വൈകിയെന്ന കാരണത്താൽ സീറ്റുകൾ സ്വന്തമാകുന്നില്ല. അങ്ങനെ സ്വന്തമാകുന്നതിന്റെ പേരാണ് പകൽക്കൊള്ള.
സ്വാശ്രയ സ്ഥാപനങ്ങൾ തങ്ങളുടെ പണം കൊണ്ടുണ്ടാക്കിയതാണെന്ന് വാദിച്ചുറപ്പിക്കുന്നവരുണ്ട്. ശരിയാണ്. തർക്കിക്കുന്നില്ല. ഏതാനും സംശയങ്ങൾ ഉന്നയിക്കുന്നു.
* അങ്ങോട്ടേയ്ക്കുള്ള റോഡുകൾ ആരുടേതാണ്?
* അവയുടെ അറ്റകുറ്റപ്പണിക്ക് പണം മുടക്കുന്നതാര്?
* വൈദ്യുതി നൽകുന്നതാരാണ്?
* ടെലിഫോൺ, ഇന്റർനെറ്റ്, ഫാക്സ് സൗകര്യങ്ങൾ സ്വന്തം പണംകൊണ്ട് നടക്കുന്നതാണോ?
* ശുദ്ധജലം ആർ നൽകുന്നു?
* പ്രസ്തുത സ്ഥാപനങ്ങളിൽ ക്രമസമാധാന പ്രശ്നമുണ്ടായാൽ ഇടപെടുന്നത് തറവാട്ടു വക പോലീസാണോ?
സാമൂഹ്യമായ ജീവനം എന്നു പറയുന്നതിതാണ്. പണവും കെട്ടിടവും കിടക്കയും പെട്ടിയുമുണ്ടായാൽ എല്ലാം നടക്കുമെന്ന് കരുതുന്ന അച്ചന്മാരും ബിഷപ്പുമാരും സമൂഹം എന്നൊരു സാധനത്തെക്കുറിച്ച് മിനിമം അറിവ് നേടിയിരിക്കണം. ഇതിനെക്കുറിച്ച് ശ്രേഷ്ഠമായ ധാരണകളുള്ളവരായിരുന്നു ഇവരുടെ മുൻഗാമികൾ. അതായിരുന്നു പള്ളിയും പള്ളിക്കൂടവും ഒരുമിച്ച് പ്രവർത്തിക്കാൻ കാരണമായിരുന്നത്. ആനപ്പുറത്തിരുന്ന പിതാവിന്റെ ആസനത്തിലെ തഴമ്പ് മകനുണ്ടാകില്ല. അതിനെക്കുറിച്ച് ഊറ്റം പറഞ്ഞ് എന്തും ചെയ്യാമെന്ന് മകൻ വ്യാമോഹിച്ചാൽ ഹാ കഷ്ടം! എന്നല്ലാതെ എന്തുപറയാൻ.
ലോത്തിന്റെ പട്ടണത്തിൽ പുരോഹിതന്മാർക്ക് ഒരു കുറവുണ്ടായിരുന്നില്ല. ഒരുത്തനും രക്ഷപ്പെട്ടതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നില്ല.
പരമ്പരാഗത ബൈബിൾ വെട്ടിച്ചുരുക്കി ഗുളിക പരുവത്തില് തങ്ങൾക്കാവശ്യമുള്ളത് മാത്രം വിശ്വാസികളുടെ വായിൽ തിരുകുന്നവർ വല്ലപ്പോഴുമെങ്കിലും പഴയനിയമത്തിലെ സൊദോം ഗോമോറയെയും ലോത്തിനെയും ഓർക്കുക. എന്നിട്ട് ചാവുകടലിലേക്കും മനസിനെ നയിക്കുക. ഇരുട്ടറകളിൽ അൽപം വെളിച്ചം കയറട്ടെ! കുറഞ്ഞപക്ഷം ക്രൂശിതനായ ആ മനുഷ്യന്റെ പേര് ഉച്ചരിക്കാതിരിക്കുക. സ്വാശ്രയ പാപങ്ങളുടെ ഭാണ്ഡക്കെട്ടിന്റെ ഭാരം അൽപമെങ്കിലും കുറയും.