8 Jul 2011

അന്തിനേരത്തെ വാക്ക്‌



ദേശമംഗലം രാമകൃഷ്ണൻ








അന്തിയിൽ കേറിവന്നൊരുവാക്കിൽ
തരിച്ചുനിൽക്കുന്നുഞ്ഞാൻ
അന്തിനുരയ്ക്കുമ്പോൾ
ഒന്നുകരുതിയേ
എന്തുമെറിയാവൂ
മർമ്മങ്ങളിലതുപാഞ്ഞുകുത്തും
നിരീച്ചിരിക്കാതെ.

എങ്കിലോ
അന്തിത്തിരിയുടെ വെട്ടം
പാട്ടുപായ്യാരങ്ങൾ
നെഞ്ചത്തുഴിഞ്ഞുശരംതൊടുത്തീടും
ശകാരശാപങ്ങളും
എത്താതിരിക്കില്ലങ്ങു
നമ്മളെയുറ്റു
നോക്കിഇരിക്കുമൊരുടുഃഖിതാത്മാവിൽ
സന്ധ്യയായാലോർത്തുനടക്കണംവല്ല
കുണ്ടുകുഴിയിലിടറി വീണീടുമേ
തന്തയെ തള്ളയെയോർത്തുനടക്കെടോ
തൊന്തരവൊന്നും മനസ്സിൽ കരുത്തൊലാ.

സന്ധ്യക്കു കേറിവന്നൊരുവാക്കിൽ
എന്തായിരിക്കുമെനിക്കറിയില്ല
നാക്കത്തു തോന്നിയതു
സന്ധിസമാസമായ്‌
നാരായണനരക
ഭൂതവചനങ്ങളായ്‌
നാഡികൾ നന്നായ്‌
തിരുമ്മിത്തുടിക്കെ
വാളും ചിലമ്പും തെറിച്ചുമലർന്നടി-
ച്ചാഞ്ഞുമറിയുമൊരു
കോമരം തന്നെ ഞാൻ
സന്ധ്യക്കു വന്നൊരു
വാക്കുകളാകയാൽ
ഉണ്ടായിരിക്കുമിതിൽ
എത്രയോ പുലരികൾ മഞ്ഞളാടി-
ക്കയറി വരുന്നതിൻ കാഴ്ചകൾ
നട്ടുച്ച ക്കെട്ടിപ്പിടിച്ചു
പൊള്ളിച്ചതിൻ ചൂടുകൾ
ഉണ്ടായിരിക്കുമിതിൽ
എത്രയോ രാത്രികൾ
കൂട്ടിക്കഴിഞ്ഞുപിരിഞ്ഞു
തിരിച്ചുവന്നപ്പോഴേ
വീണ്ടും പിരിയാൻ വിധിച്ച മനസ്സുകൾ
മാറിനിന്നൊക്കെ
ഒളിഞ്ഞുനോക്കിക്കൊണ്ടു
ഞാനേ ജീവിക്കണ-
മെന്നുള്ളൊരിച്ഛയാൽ
ഭ്രാന്തം നുരചിന്നി
കാന്തം ചുഴികുത്തി
യാളുന്നൊരെന്നെയും
എല്ലാമൊരുകട്ടപ്പുക
നിന്റെ പ്രേമവുമെന്നു
വിലപിച്ചുരുകുന്ന നിന്നെയും
ഇന്നിനിപിരിയാൻ
അനുവദിച്ചേയ്ക്കുമോ
സന്ധ്യ-ത്രിസന്ധ്യ-
വന്നെത്തിയല്ലോ
ഇന്നിനിപറയുവാൻ പറ്റുമോ
ഒന്നുമേയോർത്തുവെച്ചില്ല
അതുനേരോ നുണയോ
ശരിയാണ്‌ സന്ധ്യക്കു
കള്ളം പറയാതിരിക്കണം
സന്ധ്യക്കു പറയുവാൻ
വന്നൊരു വാക്കുകൾ
ഇന്നിനി പറയണോ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...