ജനിക്കണം എനിക്കൊരു ഉണ്ണിയായി,
പെരും തലയും വളഞ്ഞുവളരാത്ത
കൈകളുമുള്ള കുഞ്ഞിനെപ്പെറ്റ
അമ്മയുടെ ഉണ്ണിയായി.
അവര്‍ക്ക് താലോലിക്കാന്‍,
അവര്‍ക്ക് വായ്ക്കരിയിടുവാന്‍.
പഠിക്കണം എനിക്കവന്‍റെ ക്ളാസ്സില്‍,
തലയറുത്തു വീണ മാഷിന്‍റെ ജഡം
കണ്ടു മരവിച്ച അവന്‍റെ ക്ളാസില്‍,
അവനോടൊപ്പം ഭയമില്ലാതെ പഠിക്കാന്‍
പാടാന്‍, ആടാന്‍...
ഭരിക്കണം ഒരു ജനതയെ,
നീതിബോധമുള്ള ഒരു
തലമുറയെ വാര്‍ത്തെടുക്കാന്‍,
അതിനായി മാതൃക കാട്ടാന്‍
ആരുമില്ലായെങ്കില്‍ക്കൂടി.
വേള്‍ക്കണമൊരുവളെ,
അസുരവിത്തുകളേറ്റു വാങ്ങി
മരിച്ച ഒരുവളെ,
സ്നേഹിക്കണം അവളെ,
മരണത്തോളം.
ചിരിക്കണമൊരുപാട്.
ചിരിപ്പിക്കണം ഒത്തിരി,
ഉള്ളില്‍ കരയാത്ത ഒരു
കോമാളിയാവാണം.
നടക്കണമൊരുപാട്
പുകവമിക്കാത്ത വഴികളില്‍,
പുഴുവരിക്കാത്ത ചോലകളില്‍,
പ്രാണനുരുകാത്ത രാത്രികളില്‍....
നഗ്നപാദനായി
മരിക്കണം അവനെപ്പോലെ,
ആരുമറിയാതെ, ഒരു പീടികത്തിണ്ണയില്‍,
’ഒസ്യത്തിലില്ലാത്ത പൂ നെഞ്ചില്‍
ചൂടിക്കൊണ്ട്",
ജീവിതത്തിന്‍റെ നിലയ്ക്കാത്ത
പ്രഹേളികക്കവസാനമായി,
മരിക്കുവാന്‍ മനുഷ്യന്‍ വാങ്ങുന്ന
ചിലവുകളില്ലാതെ.